ശാസ്ത്രലോകത്തെ കത്തോലിക്ക സഭയുടെ സംഭാവനകളെ കുറിച്ച് നമ്മൾ അല്പം ഒക്കെ ബോധവാന്മാരാണെങ്കിലും അതിന്റെ വ്യാപ്തി ഏതെല്ലാം മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്ന തിരിച്ചറിവ് തീർച്ചയായും നമ്മളെ അതിശയിപ്പിക്കും. അത്തരമൊരു സംഭാവനയാണ് ഇന്നത്തെ പരിചയപ്പെടുത്തൽ. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനും, ഫ്രാൻസിസ്കൻ സന്യാസിയും, ലോകം കണ്ട മഹാനായ ചിത്രകാരനും ബഹുമുഖ പ്രതിഭയുമായിരുന്ന ലിയോനാര്ഡോ ഡാവിഞ്ചിയുടെ സഹകാരിയുമായിരുന്നു ഫാ. ലുക്കാ പാക്കിയോളി എന്ന കത്തോലിക്ക പുരോഹിതൻ. “അക്കൗണ്ടിങ്ങിന്റെയും ബുക്ക് കീപ്പിങ്ങിന്റെയും പിതാവ്” എന്നാണ് യൂറോപ്പിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.ആ ഭൂഖണ്ഡത്തിൽ ബുക്ക് കീപ്പിങ്ങിനെക്കുറിച്ചും ഡബിൾ എൻട്രി സംവിധാനത്തെക്കുറിച്ചും ഒരു കൃതി പ്രസിദ്ധീകരിച്ച രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ഡോക്യുമെന്റേഷനിൽ ജേണലുകൾ, ലെഡ്ജറുകൾ, വർഷാവസാന സമാപന തീയതികൾ, ട്രയൽ ബാലൻസുകൾ, കോസ്റ്റ് അക്കൗണ്ടിംഗ്, അക്കൗണ്ടിംഗ് എത്തിക്സ്, റൂൾ 72 (നേപ്പിയർ, ബ്രിഗ്സ് എന്നിവരേക്കാൾ 100 വർഷം മുമ്പ് വികസിപ്പിച്ചെടുത്തത്), ഡബിൾ എൻട്രി അക്കൗണ്ടിംഗ് സിസ്റ്റത്തെക്കുറിച്ചുള്ള വിപുലമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പാക്കിയോളി ഗണിതശാസ്ത്രത്തെക്കുറിച്ചും നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു, അതിലൊന്നിൽ (Tractatus mathematicus ad discipulos perusinos), വ്യാപാരി ഗണിതത്തെക്കുറിച്ച് വിവരിക്കുന്നു, അതായത് ബാർട്ടർ, എക്സ്ചേഞ്ച്, ലാഭം, മിക്സിങ് മെറ്റൽസ്, ബീജഗണിതം (Algebra) മുതലായവയെകുറിച്ച്. അക്കൗണ്ടിംഗ് രംഗത്തെ പാക്കിയോളിയുടെ പ്രവർത്തനങ്ങൾ, വ്യാപാരങ്ങൾ അവയുടെ പ്രവർത്തനങ്ങളെ നോക്കിക്കാണുന്ന രീതികളിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. തന്മൂലം വ്യാപാരമേഖലകളിലെ ലാഭവും കാര്യക്ഷമതയും ക്രമാതീതമായി വർധിച്ചു.
പ്രഗത്ഭനായ ഒരു ഗണിതശാസ്ത്ര അധ്യാപകൻ കൂടിയായിരുന്നു ഈ പുരോഹിതൻ. ഇറ്റലിയിലെ വിവിധ സർവകലാശാലകളിൽ ഗണിതശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം 1477 ൽ പെറൂജിയ സർവകലാശാലയിൽ ചേർന്നു. അവിടെ അദ്ദേഹം ഗണിതശാസ്ത്ര വിഭാഗം ചെയർമാനായി. അദ്ദേഹം ഗണിതശാസ്ത്രം പഠിപ്പിച്ച മറ്റ് സ്ഥാപനങ്ങളിൽ വെനീഷ്യൻ സാമ്രാജ്യത്തിലെ സാറ (ഇപ്പോൾ ക്രൊയേഷ്യയിലെ ജഡേര എന്നറിയപ്പെടുന്നു), നേപ്പിൾസ് സർവകലാശാല, റോം സർവകലാശാല എന്നിവ ഉൾപ്പെടുന്നു.അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വാചകം ഇപ്രകാരമാണ് : “സഹായം ലഭിക്കുന്നത് ഉണർന്നിരിക്കുന്നവനാണ് , ഉറങ്ങുന്നവനല്ല ”.വിശുദ്ധമായ ജീവിതങ്ങളും പ്രാർത്ഥിക്കുന്ന കരങ്ങളുമായി ജീവിതം മുഴുവനും കർത്താവിനു സമർപ്പിച്ച പുരോഹിതരുടെയും സമർപ്പിതരുടെയും സംഭാവനകൾ ഈ ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ട്. കത്തോലിക്ക സഭ ശാസ്ത്രത്തിനെതിരാണെന്നു ലോകം പറയുമ്പോൾ അത് അല്പം എങ്കിലും തിരുത്തികൊടുക്കാൻ ഈ വൈദികന്റെ ജീവിതവും നമ്മളെ സഹായിക്കട്ടെ.
By Juhi Elz George
കടപ്പാട്: ചർച്ച് & സയൻസ് മലയാളം