പെസഹാ ആചരണം.

മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ. ലോകത്ത് നമുക്ക് മാത്രം ഉള്ള ഒരു പാരമ്പര്യമാണിത്. കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും, ഒരു ക്രിസ്ത്യൻ സമൂഹത്തിലും ഇപ്രകാരമുള്ള ഒരാചരണം ഇല്ല.

ഭവനത്തിലെ പരിശുദ്ധ കുർബാന ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിലെ അപ്പം മുറിക്കൽ ശുശ്രൂഷ…..

കുടുംബ നാഥൻ പുരോഹിതൻ ആകുന്ന സമയം…..

പല പുത്തൻ കൂർ സഭകളിലും കാലക്രമേണ അന്യംനിന്ന് പോയ വീട്ടിലെ പെസഹാ ആചരണം പഴയ കൂറിൽ പെട്ട സീറോ മലബാർ സഭയിലെ വിശ്വാസികൾ ഇന്നും അഭംഗുരം നിലനിർത്തുന്നു. നസ്രാണികളെ വ്യത്യസ്തരാകുന്ന വളരെ പുരാതനമായ ഒരു പാരമ്പര്യമാണിത്.

ഇത് നമ്മുടെ പൗരാണികതയുടെയും, നമ്മുടെ പൂർവ്വികരുടെ വിശ്വാസ തീക്ഷ്ണതയുടെയും പ്രതീകമാണ്. പുളിപ്പില്ലാത്ത അപ്പം പുഴുങ്ങുന്നത് ഗൃഹനാഥയും പാല് തയാറാക്കുന്നത് കുടുംബ നാഥനുമാണ്.

പഴയ കുടുംബങ്ങളിൽ ഒക്കെ കുടുംബ നാഥൻ അടുക്കളയിൽ പാചകം ചെയ്യുന്നത് ആണ്ടുവട്ടത്തിൽ ഈ ഒരു അവസരത്തിൽ മാത്രമാണ്. സ്ത്രീകൾ ഒരിക്കലും പാല് തയാറാക്കില്ല. വിശുദ്ധിയോടെയാണ് എല്ലാ കുടുംബങ്ങളിലും ഇതിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. ഇതിനായി പ്രത്യേകം പാത്രങ്ങൾ പോലും നമ്മുടെ കുടുംബങ്ങളിൽ വാങ്ങുന്നു, ഇതൊക്കെ പെസഹാ ആചരണത്തിന് നമ്മൾ കൊടുക്കുന്ന പ്രാധാന്യമാണ് പ്രകടമാക്കുന്നത്.

ഇത് ഒരിക്കലും പള്ളിയിലല്ല ചെയ്യേണ്ടത്, കുടുംബ കൂട്ടായ്മകളിലും അല്ല, അയൽക്കാർ ഒന്നിച്ച് കൂടിയുമല്ല, പിന്നെയോ അത് കുടുംബത്തിൽ തന്നെയാണ് നടത്തേണ്ടത്.

അപ്പനും അമ്മയും മക്കളും കൊച്ചുമക്കളും ചേർന്നുള്ള പെസഹാ ആചരണം…..

അപ്പം മുറിക്കുന്ന വീട്ടിൽ താമസിച്ചിരുന്ന വീട്ടിലെ ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ചാൽ ആ വർഷം വീട്ടിൽ അപ്പം പുഴുങ്ങില്ല, കാരണം അപ്പം പുഴുങ്ങുന്നത് അവരുടെ കടമയായിരുന്നല്ലോ. പക്ഷേ പാല് കാച്ചും. വീട്ടിലേക്കുള്ള അപ്പം അയൽപക്കത്തെ വീട്ടുകാർ ഉണ്ടാക്കി കൊണ്ടുവന്ന് കൊടുക്കും. കുരിശപ്പം എന്ന പുളിപ്പില്ലാത്ത അപ്പവും പാലും മാമ്മോദീസാ സ്വീകരിക്കാത്ത അക്രൈസ്തവർക്ക് ഒരിക്കലും കൊടുക്കാൻ പാടില്ല. അപ്പം തയാറാക്കുമ്പോഴും പാല് കാച്ചുമ്പോഴും അതിൽ ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് സ്ലീവായുടെ ആകൃതിയിൽ പ്രത്യേകം പ്രത്യേകം വയ്ക്കാറുണ്ട്.

അപ്പം മിച്ചം വന്നാൽ അത് ദുഃഖ വെള്ളിയാഴ്ച ഭക്ഷിക്കും. ഇത് ഉപവാസത്തിൻ്റെ ലംഘനമാകുന്നില്ല. മിച്ചം വരുന്നതിൽ ഒരു കഷ്ണം വ്യാഴാഴ്ച വൈകിട്ട് ശുശ്രൂഷയ്ക്ക്‌ ശേഷം പാലിൽ ഇട്ട് വയ്ക്കുകയും ചെയ്യും.

ചിലയിടങ്ങളിൽ അപ്പം മുറിക്കുന്നതിന് മുൻപ് കുരുത്തോല സ്ലീവ എടുത്ത് മാറ്റി അവിടെ ഉപ്പുകല്ലു കൊണ്ട് കുരിശ് വരയ്ക്കും. കുടുംബങ്ങളിൽ ഈ ശുശ്രൂഷ കഴിഞ്ഞ് അന്നേദിവസം ഇതിനുപയോഗിച്ച പാത്രങ്ങൾ കഴുകുകയും ചെയ്യാറില്ല.

ഇണ്ടറി അപ്പവും കുരിശപ്പവും.

ആവിയിൽ പുഴുങ്ങി എടുക്കുന്നതാണ് ഇണ്ടറി എന്ന് പറയുന്നത്. INRI എന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. വാക്കുകൾ കാലക്രമേണ മാറി വന്നതാകാം. (ആവിയിൽ പുഴുങ്ങി എടുക്കുന്ന ഇഡലിയുമായി ഇണ്ടറി എന്ന വാക്കിനുള്ള സാമ്യം ശ്രദ്ധിക്കുക, ഇപ്പോഴും ചിലയിടങ്ങളിൽ ഇട്ടലി എന്ന് പറയുന്നുണ്ട് ഇഡലിക്ക്‌).

അപ്പം പുഴുങ്ങാൻ മാവ് കുഴയ്‌ക്കുമ്പോൾ ആദ്യം കുരിശപ്പം ഉണ്ടാക്കുവാനുള്ള മാവ് എടുക്കുന്നു. ഇതാണ് പ്രധാന അപ്പം. ഇതിലാണ് കുരുത്തോല ഉപയോഗിച്ച് കുരിശ് വയ്ക്കുന്നത്. മുറിക്കാനുള്ള അപ്പവും ഇത് തന്നെ.

ബാക്കിയുള്ള മാവിൽ ശർക്കര ചേർത്തോ ചേർക്കാതയോ വാഴയിലയിൽ പൊതിഞ്ഞ് അടപോലെ ആവിയിൽ പുഴുങ്ങി ഉണ്ടാക്കുന്നത് ഇണ്ടറിയപ്പം. കുരിശപ്പം ഒരു വീട്ടിൽ ഒരെണ്ണം മാത്രമേ ഉണ്ടാക്കൂ, അയൽപക്കത്ത് കൊടുക്കണം എങ്കിൽ കൂടുതൽ ഉണ്ടാക്കും. ഇണ്ടറിയപ്പം കൂടുതൽ എണ്ണം ഉണ്ടാക്കാറുണ്ട്. അക്രൈസ്തവരായ അയൽവാസികൾക്ക് ഈ ഇണ്ടറിയപ്പം കൊടുക്കാറുണ്ട്. ഇണ്ടറിയപ്പം മിച്ചം വരുന്നത് ചിലയിടങ്ങളിൽ വെയിലത്ത് ഉണങ്ങി എടുത്ത് പിന്നീട് കഴിക്കാറുണ്ട്.

ഇതിൽ നിന്നും വ്യത്യസ്തമായി പ്രധാന അപ്പം ഉരുളിയിൽ വച്ച് ചുട്ടെടുക്കുന്ന രീതിയും നസ്രാണികൾക്കിടയിലുണ്ട്. അതിനും ഇണ്ടറി അപ്പം എന്ന് തന്നെ പറയുന്നു.

അപ്പം മുറിക്കുന്നത് വീട്ടിലെ കുടുംബ നാഥനാണ്, തറവാട്ടിൽ നിന്നും മറ്റും ഒന്നിച്ച് ചേർന്ന് മുറിച്ചാൽ പോലും, അപ്പം മുറിക്കുന്ന വീട്ടിൽ താമസിക്കുന്ന കുടുംബ നാഥനാണ് ആ വീട്ടിലെ അപ്പം മുറിക്കേണ്ടത്. അപ്പം പതിമൂന്ന് കഷ്ണമായി മുറിക്കണം (ഈശോ + 12 ശ്ലീഹൻമാർ). ആവശ്യമെങ്കിൽ കൂടുതൽ പിന്നീട് മുറിക്കും. അപ്പം മുറിക്കേണ്ടത് പുരുഷന്മാരാണ്, സ്ത്രീകൾ ഒരിക്കലും ഈ അപ്പം മുറിക്കാൻ പാടില്ല. കുടുംബ നാഥൻ വീട്ടിലെ പ്രായം കൊണ്ട് മൂത്തവർ തുടങ്ങി ഇളയവർ വരെ പുരുഷന്മാർക്ക് ആദ്യവും അതിന് ശേഷം സ്ത്രീകൾക്കും ഇതേപോലെ പ്രായക്രമത്തിലും കൊടുക്കുന്നു.

ചിലയിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് അന്ധവിശ്വാസങ്ങളുമുണ്ട്.

അവയിൽ ചിലത് ഇവയാണ്;

കുരിശപ്പം ഉണ്ടാക്കുമ്പോൾ അത് വിണ്ടുകീറി പോയാൽ വീട്ടിൽ ദൗർഭാഗ്യം വരുന്നു, മരണം നടക്കും എന്നൊക്കെ.

പ്രാദേശികമായി ഒത്തിരി വ്യത്യാസങ്ങൾ ഇങ്ങനെ കാണാം.

വേറെ ഒരു അന്ധവിശ്വാസമാണ് കുരിശപ്പത്തിൽ ഒരു മഞ്ഞൾചുക്കിന്റെ ചെറിയ കഷ്ണം ഒളിച്ച് വയ്ക്കും, മാവ് കുഴയ്‌ക്കുമ്പോൾ തന്നെ. അപ്പം മുറിക്കുമ്പോൾ ഇത് കിട്ടുന്നവർ ഭാഗ്യവാൻ.

ഈ അന്ധവിശ്വാസങ്ങൾ ഒക്കെ മാറ്റിവച്ച് കർത്താവിൻ്റെ പെസഹാ നമുക്ക് ആചരിക്കാം….

ചില ഭാഗങ്ങളിൽ പാല് കാച്ചുമ്പോൾ പാലിൽ പഴം വട്ടത്തിൽ അരിഞ്ഞ് ചേർക്കും.

അങ്ങനെ പ്രാദേശിക വ്യത്യാസങ്ങൾ ഒരുപാട് ഉണ്ട്.

ബേക്കറിയിൽ ആരേലും ഒക്കെ ചവിട്ടിക്കുഴച്ച് ഉണ്ടാക്കുന്ന റൊട്ടിയുടെ പുറകേ പോകാതെ നമ്മുടെ മഹത്തായ പാരമ്പര്യം നമുക്ക് സംരക്ഷിക്കാം……

മാതാപിതാക്കളിൽ നിന്ന് അടുത്ത തലമുറ ഇവ തയാറാക്കുന്നത് കണ്ടുപഠിക്കട്ടെ,

വരും തലമുറകൾക്ക് കൈമാറട്ടെ……..

ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

മാർത്തോമാനസ്രാണി ഭവനങ്ങളിലെ പെസഹാ ആചരണം/ അപ്പം മുറിയ്ക്കൽ ശുശ്രൂഷ

മാർത്തോമാ നസ്രാണികളുടെ യഹൂദബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം നസ്രാണിഭവനങ്ങളിൽ നടത്തപ്പെടുന്ന അപ്പം മുറിക്കൽ ശുശ്രൂഷ. ക്രൈസ്തവലോകത്ത് ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും ഇപ്രകാരമുള്ള ഒരാചരണം ഇല്ല. വീട്ടിലെ പെസഹാ ആചരണം പല പുത്തൻകൂർ സഭകളിലും കാലക്രമേണ അന്യംനിന്ന് പോയെങ്കിലും, പഴയകൂറിൽപെട്ട സീറോ മലബാർ സഭയിലെ കുടുംബങ്ങൾ ഈ പാരമ്പര്യം ഇന്നും അഭംഗുരം തുടർന്നുവരുന്നു. നസ്രാണികളെ വ്യത്യസ്തരാകുന്ന വളരെ പുരാതനമായ ഒരു പാരമ്പര്യമാണിത്. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിന്റെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യക്രൈസ്തവ സമൂഹത്തിന് യഹൂദബന്ധമുണ്ടായിരുന്നുവെന്നുമുള്ള പാരമ്പര്യത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.

കുടുംബനാഥന്റെ നേതൃത്വം

പാരമ്പര്യമനുസരിച്ച് പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാന വായനയായി പതിവ്.

ഇതിന്റെ തുടർച്ചയെന്നോണം ഇന്നും പല നസ്രാണി കുടുംബങ്ങളിലും അപ്പത്തിന് കുഴയ്ക്കുന്നതും പാല് തയാറാക്കുന്നതും കുടുംബനാഥന്മാരാണ്.

(മുൻകാലങ്ങളിൽ നസ്രാണി കുടുംബനാഥൻമാർ അടുക്കളയിൽ പാചകം ചെയ്യുന്നത് ആണ്ടുവട്ടത്തിൽ ഈ ഒരു അവസരത്തിൽ മാത്രമാണ്.)

തയ്യാറെടുപ്പുകൾ

ആന്തരികവും ബാഹ്യവുമായ വിശുദ്ധിയോടെയാണ് നസ്രാണി കുടുംബങ്ങൾ ഇതിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. അമ്പത് നോമ്പെടുത്തും, പെസഹാക്കാല കുമ്പസാരം നടത്തിയും ആത്മീയമായി ഒരുങ്ങുന്ന നസ്രാണികൾ ബാഹ്യമായ ശുദ്ധി ഉറപ്പാക്കുന്നതിലും കർക്കശമായ നിഷ്ഠ പുലർത്തിയിരുന്നു. അപ്പം ഉണ്ടാക്കുന്നതിനു മുന്നോടിയായി വീട്‌ അടിച്ചുവാരി കഴുകി വൃത്തിയാക്കി, (പണ്ട് കാലങ്ങളിൽ ചാണകം മെഴുകിയ ഭവനങ്ങൾ ഒക്കെ പെസഹായോടനുബന്ധിച്ചു വീണ്ടും മെഴുകി വൃത്തിയാക്കുന്ന പതിവ് ഉണ്ടായിരുന്നു) ശേഷം കുളിച്ചു ദേഹശുദ്ധി വരുത്തിയാണ് കുടുംബനാഥന്റെ നേതൃത്വത്തിൽ അപ്പവും പാലും

ഉണ്ടാക്കുന്ന കർമ്മം പ്രാർത്ഥനാപൂർവ്വം ആരംഭിക്കുക. ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല്പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിന്റെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ്പ്പോഴും പുതുതായി ഒരുക്കുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. ഏകാഗ്രതയോടെ പ്രാർത്ഥനാരൂപിയിൽ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം.

കുരിശപ്പം

സാധാരണയായി കുരിശപ്പം ഒരു വീട്ടിൽ ഒരെണ്ണം മാത്രമേ ഉണ്ടാക്കൂ. കുടുംബനാഥന്റെ മരണംമൂലം അപ്പം പുഴുങ്ങാൻ മുടക്കം ഉള്ള ഏതെങ്കിലും അയൽപക്കത്ത് കൊടുക്കേണ്ട അവസരത്തിൽ ആവശ്യാനുസരണം കൂടുതൽ ഉണ്ടാക്കും. പ്രസ്തുത അപ്പത്തിന്മേൽ മാത്രം ഓശാന ഞായറാഴ്ച വെഞ്ചരിച്ച കുരുത്തോല കൊണ്ട് സ്ലീവാ ഉണ്ടാക്കി മുകളിലായി നിക്ഷേപിക്കും. പാല് കാച്ചുമ്പോഴും ആശീർവദിച്ച കുരുത്തോല മുറിച്ച് സ്ലീവായുടെ ആകൃതിയിൽ പാലിൽ നിക്ഷേപിച്ച് അതിനെ പവിത്രമാക്കുന്നു.

ആർക്കൊക്കെ ഭക്ഷിക്കാം

അങ്ങേയറ്റം പവിത്രമായി കരുതുന്നതുകൊണ്ട് കുരിശപ്പം എന്ന പുളിപ്പില്ലാത്ത അപ്പവും പാലും മാമ്മോദീസാ സ്വീകരിക്കാത്ത അക്രൈസ്തവർക്ക് ഒരിക്കലും കൊടുത്തിരുന്നില്ല. എങ്കിലും, സമീപത്തെ അക്രൈസ്തവ ഭവനങ്ങളിലേയ്ക്ക് കുരിശ് വയ്ക്കാതെ പുഴുങ്ങിയെടുക്കുന്ന ഇൻട്രി അപ്പവും ചെറുപഴവും നൽകുന്ന പതിവ് നസ്രാണികളുടെ ഇടയിൽ ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും ആ നല്ല പതിവ് ഇന്നും തുടരുന്നു.

കാർമ്മികൻ

അപ്പം മുറിക്കുന്നത് വീട്ടിലെ കുടുംബനാഥനാണ് (കുടുംബത്തിലെ തലമുതിർന്ന പുരുഷൻ), തറവാട്ടിൽ നിന്നും മറ്റും ഒന്നിച്ച് ചേർന്ന് മുറിച്ചാൽ പോലും, അപ്പം മുറിക്കുന്ന വീട്ടിൽ താമസിക്കുന്ന കുടുംബനാഥനാണ് ആ വീട്ടിലെ അപ്പം മുറിക്കേണ്ടത്. യഹൂദരുടെ പെസഹാ ആചരണത്തിന്റെ മാതൃകയിൽ ചിട്ടപ്പെടുത്തപ്പെട്ടതിനാൽ സാധാരണഗതിയിൽ സ്ത്രീകൾ ഒരിക്കലും അപ്പം മുറിയ്ക്കൽ കർമ്മത്തിന് കാർമ്മികത്വം വഹിയ്ക്കാറില്ല. കുടുംബനാഥന്റെ അഭാവത്തിൽ കുടുംബത്തിലെ മൂത്തമകൻ പ്രസ്തുത ചുമതല നിർവഹിക്കുന്നു. കാരണം, അപ്പം മുറിയ്ക്കുന്ന വ്യക്തി ഈശോയെ പ്രതിനിധാനം ചെയ്യുന്നു. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ കുരിശപ്പം മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെത്തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കണം. പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിൻറെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി ഈശോ ചിലവഴിച്ച നിമിഷങ്ങളെയും തൻറെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബനാഥൻ കുടുംബാംഗങ്ങളെ ഓർമ്മിപ്പിക്കുന്ന വിശ്വാസക്കൈമാറ്റത്തിന്റെ ഒരപൂർവ്വ അവസരമാണിത്.

മുറിക്കേണ്ട വിധം

സായാഹ്നത്തിൽ കുടുംബപ്രാർത്ഥന കഴിഞ്ഞ്, കുടുംബാംഗങ്ങൾ അപ്പവും പാലും സജ്ജമാക്കിയിരിക്കുന്ന മേശയ്ക്ക് ചുറ്റും ഒരുമിച്ചു കൂടുന്നു. അപ്പോൾ കുടുംബാംങ്ങളിൽ ഒരാൾ പുറപ്പാട് പുസ്തകത്തിൽ നിന്ന് പെസഹാ ആചാരണത്തെ പ്രതിപാദിയ്ക്കുന്ന ഭാഗം വായിക്കുന്നു. കുടുംബാംങ്ങൾ ധ്യാനപൂർവ്വം അത് ശ്രവിയ്ക്കുന്നു. ‘സുവിശേഷ വെളിച്ചത്താൽ’ എന്ന ഗാനം കുടുംബാംഗങ്ങൾ ആലപിച്ചതിനു ശേഷം കുടുംബനാഥൻ ഈശോയുടെ അന്ത്യത്താഴത്തെ പ്രതിപാദിയ്ക്കുന്ന സുവിശേഷഭാഗം വായിക്കുന്നത് കുടുംബാഗങ്ങൾ നിന്നുകൊണ്ട് ശ്രദ്ധപൂർവം ശ്രവിയ്ക്കുന്നു. (പല പുരാതന കുടുംബങ്ങളിലും സുവിശേഷവായനയ്ക്ക് പകരം പുത്തൻ പാനയിലെ പത്താം പാദത്തിലെ ‘പുളിയാത്തപ്പം’ കുടുംബാംഗങ്ങൾ ഇരു ഗണമായി ഭക്തിപൂർവ്വം വായിച്ച് നമ്മുടെ കർത്താവിന്റെ അന്ത്യഅത്താഴ അനുസ്മരണം നടത്തി അപ്പം മുറിയ്ക്കുന്ന പതിവാനുള്ളത്.) സുവിശേഷഗ്രന്ഥം അടച്ച് ചുംബിച്ച് പൂജ്യമായി മേശമേൽ തിരികൾക്ക് മദ്ധ്യേ പ്രതിഷ്ഠിച്ചതിനു ശേഷം കുടുംബനാഥൻ കുരിശപ്പത്തിന്റെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോലകൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. 13 കഷ്ണമായി മുറിയ്ക്കുന്നത് ഈശോയേയും ശിഷ്യന്മാരേയും അനുസ്മരിച്ചാണ് (ഈശോ + 12 ശ്ലീഹൻമാർ). ആവശ്യമെങ്കിൽ കൂടുതൽ പിന്നീട് മുറിക്കും.

വിതരണക്രമം

കുടുംബനാഥൻ വീട്ടിലെ പ്രായം കൊണ്ട് മൂത്തവർ തുടങ്ങി ഇളയവർ വരെ പുരുഷന്മാർക്ക് ആദ്യവും, അതിന് ശേഷം സ്ത്രീകൾക്കും ഇതേപോലെ പ്രായക്രമത്തിലും കൊടുക്കുന്നു. ചിലയിടങ്ങളിൽ പ്രായം മാത്രമാണ് വിതരണത്തിൽ മാനദണ്ഡമാക്കാറ്.

അപ്പം സ്വീകരിയ്ക്കേണ്ട വിധം

ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് പാലിൽ മുക്കി തരുന്ന കുരിശപ്പം സ്വീകരിക്കുന്നത്. ശേഷം പാലും അപ്പവും പഴങ്ങളും ആവശ്യാനുസരണം ഭക്ഷിയ്ക്കുന്നു.

മുടക്കം

അപ്പം മുറിക്കുന്ന ഭവനത്തിലെ ഗൃഹനാഥൻ മരിച്ചാൽ മാത്രം (ഇന്ന് മിക്കവാറും എല്ലാ നസ്രാണി ഭവനങ്ങളിലും കുടുംബത്തിൽ തലേ വർഷത്തെ പെസഹാ ആചാരണത്തിന് ശേഷം ആരെങ്കിലും മരണമടഞ്ഞിട്ടുണ്ടെങ്കിൽ അപ്പം പുഴുങ്ങാറില്ല) ആ വർഷം വീട്ടിൽ അപ്പം പുഴുങ്ങില്ല,പക്ഷേ പാല് കാച്ചും. കാരണം അപ്പം പുഴുങ്ങുന്നത് അദ്ദേഹത്തിന്റെ കടമയായിരുന്നല്ലോ.കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിന്റെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്. അപ്പം പുഴുങ്ങാൻ മുടക്കുള്ള വീട്ടിലേക്കുള്ള കുരിശപ്പവും ഇണ്ടറിയപ്പവും അയൽപക്കത്തെ വീട്ടുകാർ ഉണ്ടാക്കി കൊണ്ടുവന്ന് കൊടുക്കും.

കുരിശുമരണത്തിനു മുൻപ് സെഹിയോൻ ഊട്ടുശാലയിൽ വച്ച് ഈശോ തന്റെ ശിഷ്യന്മാരോടൊപ്പം പെസഹാ ഭക്ഷിച്ചതിന്റെ ഗാർഹിക അനുസ്മരണമാണ് പെസഹാവ്യാഴാഴ്ച സായഹ്നത്തിൽ നസ്രാണിക്കുടുംബങ്ങളിൽ നടത്തപ്പെടുന്ന ഈ കർമ്മം. തന്മൂലം, ഇത് ഒരിക്കലും പള്ളിയിലൊ (അന്ത്യത്താഴത്തിന്റെ കൗദാശിക പുനരാവിഷ്കാരമാണല്ലോ വിശുദ്ധ കുർബാന. ഓരോ കുർബാനയിലും കർത്താവ് നമുക്ക് പെസഹാ ഭക്ഷണവും ഒരുക്കുന്നു), കുടുംബ കൂട്ടായ്മകളിലൊ അല്ല, കുടുംബത്തിൽ തന്നെയാണ് നടത്തേണ്ടത്. അപ്പനും അമ്മയും മക്കളും കൊച്ചുമക്കളും ചേർന്നുള്ള പെസഹാ ആചരണം. ഗാർഹിക സഭയായ കുടുംബത്തിൽ വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം.

പെസഹാ ഭക്ഷണാനന്തരം, ഈശോയുടെ ഗദ്സേമനിയിലെ പ്രാര്‍ത്ഥനയും, രക്തം വിയര്‍ക്കലും പടയാളികള്‍ അവി

ടുത്തെ ബന്ധിച്ചതുമായ സംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ടും

അതിനിടയാക്കിയ സ്വന്തം പാപങ്ങളിന്മേല്‍ അനുതപിച്ചുകൊണ്ടും

രാത്രിമുഴുവന്‍ പ്രാര്‍ത്ഥനയിലും വിശുദ്ധഗ്രന്ഥ പാരായണത്തിലും

സങ്കീര്‍ത്തനാലാപത്തിലും ചിലവഴിക്കുന്ന പതിവും മാര്‍തോമാനസ്രാണികളുടെയിടയിലുണ്ടായിരുന്നു.

പ്രായോഗികതയുടെ പേരിൽ പെസഹാ അപ്പം മുറിക്കലിന്റെ ഗാർഹിക മാനങ്ങളെ നമുക്ക് മറന്നുകളയാതിരിക്കാം.

നിങ്ങൾ വിട്ടുപോയത്