ബാല്യത്തിലും കൗമാരത്തിലുമുള്ള ആറു കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ ചിലപ്പോഴൊക്കെ ഞാനുമായി സിനിമകൾ ചർച്ച ചെയ്യുമായിരുന്നു. ഇവിടെ അല്ല, എന്റെ പഠനകാലത്ത് ഓസ്ട്രേലിയയിലെ മെൽബണിൽ. വലിയ കാത്തലിക് മൂല്യങ്ങൾ പാലിച്ചിരുന്നു ആ കുടുംബം. ഒരിക്കൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു മൂവിയെ കുറിച്ചു അവരോട് പരാമർശിച്ചു. അവർ ആവശ്യപ്പെട്ടത് പ്രകാരം എന്റെ കയ്യിൽ ഉണ്ടായിരുന്ന ഡിവിഡി കൊടുക്കുകയും ചെയ്തു.
ഒരു ദിവസം കഴിഞ്ഞപ്പോഴാണ് അതിൽ അത്ര പ്രകടമല്ലാത്തതെങ്കിലും ഒരു അഡൾട് സീൻ ഉണ്ടെന്ന് ഞാൻ ഓർമ്മിച്ചത് തന്നെ. ഞാനൊന്ന് നടുങ്ങി. ഇൻഡ്യ അല്ല, ഓസ്ട്രേലിയ ആണ്. പ്രേരണ കുറ്റം മാത്രം മതി ഒന്നുകിൽ ജയിൽ, അല്ലെങ്കിൽ ഭീമമായ പിഴ. അതൊക്കെ അവർ കൊടുക്കുന്ന കേസ് പോലിരിക്കും. ഞാനുടനെ ഫോണെടുത്തു അവർക്ക് വിളിച്ചു, കുട്ടികളുമായി പടം കാണരുത് എന്നു ഓർമ്മിപ്പിച്ചു. എനിക്ക് ആശ്വാസമെന്നോണം അവർ പറഞ്ഞു, ഏത് പടവും പേരോ, സംവിധായകന്റെ പേരോ നോക്കിയല്ല അവർ കാണുന്നത് മറിച്ചു സർട്ടിഫിക്കേഷൻ നോക്കിയാണ് കാണണോ എന്നു തീരുമാനിക്കുന്നത്. അവർ അത് നോക്കിയിരുന്നു എന്നും എന്നോട് പരിഭ്രമിക്കേണ്ട എന്നും സ്നേഹത്തോടെ പറഞ്ഞു.
ഓസ്ട്രേലിയൻ ഫിലിം ആൻഡ് വിഡിയോ ഗെയിം ക്ലാസിഫിക്കേഷൻ അഥവാ റേറ്റിംഗ് മഹത്തരം ആണ്. പ്രധാനമായും ജി ജനറൽ, ആർ റെസ്ട്രിക്റ്റഡ് പിജി പേരന്റൽ ഗയിടൻസ് ആവശ്യമുള്ളത് എന്നാണ് എങ്കിലും ഓരോന്നിലും സബ് ക്ലസിഫിക്കേഷൻ ഉണ്ട്. PG 15+, PG +18 ഉണ്ട് 15 വയസുകാർ മാതാപിതാക്കളുടെ നിയന്ത്രണത്തോടെ പോലും PG 18 കാണാൻ പാടില്ല, കണ്ടാൽ മാതാപിതാക്കൾ അകത്താകും. ഓരോ കാറ്റഗറിയിലും എന്തുകൊണ്ടാണ് അവക്ക് ആ സർട്ടിഫിക്കെഷൻ കിട്ടിയത് എന്നു വ്യക്തമായി പുറംചട്ടയിലും സിനിമയുടെ ആരംഭത്തിലും എഴുതി കാണിച്ചിട്ടുണ്ടായിരിക്കും. ലൈംഗിക സീനുകൾ, അക്രമം, എനിങ്ങനെയുള്ള കാര്യങ്ങളാണെങ്കിലും അതിൽ തന്നെ മൈൽഡ്, മോഡറേറ്റ്, അഗ്രസിവ് എന്നൊക്കെ ഉപവിഭാഗങ്ങളും ഉണ്ടാവും. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കൊയേഴ്സ് ലാങ്വേജ്, അഥവാ അസഭ്യ സംഭാഷണം എന്ന കാറ്റഗറി ആണ്. സിനിമകളോ, സീരിയലുകളോ ടെലിവിഷനിൽ പ്രദര്ശിപ്പിച്ചാലും എല്ലാ കൊമേർഷ്യൽ ബ്രെക്കിന് ശേഷവും മൈൽഡ് സെക്ഷ്വൽ ആക്ടിവിറ്റി, കൊയേഴ്സ് ലങ്വേജ് എന്നൊക്കെ ആവർത്തിച്ചു എഴുതി കാണിക്കുകയും, പറയുകയും വേണം.
സിനിമകളുടെ ആസ്വാദനം, സിനിമയുടെ രാഷ്ട്രീയം എന്നിവ കേവലം കാഴ്ചയിൽ മാത്രം ഒതുങ്ങുന്നതല്ല.
സിനിമകൾ ഒഴിവാക്കുന്നതും ഒരു നിലപാട് ആണ്.ചുരുളി സിനിമ കണ്ട് അതിലെ ഭാഷയെ വിമർശിക്കുന്നവരും, സെൻസർ ബോർഡിനെ (വാസ്തവത്തിൽ അത് സെർട്ടിഫിക്കേഷൻ ബോർഡ് ആണ്) വിമര്ശിക്കുന്നവരെയും കണ്ടു. ഇത്ര കൊയേഴ്സ് ലങ്വേജ് (ഞാൻ ചിത്രം കണ്ടില്ല) ഉണ്ടെന്നു പറയുന്ന പടം കാണാതിരിക്കാനുള്ള ചോയ്സ് പ്രേക്ഷകന്റേത് മാത്രമാണ്. (കഥ മനസിലായില്ല എന്നതാണ് മറ്റൊരു വിമർശനം. കഥയില്ലായ്മ ആണ് സിനിമയുടെ യഥാർത്ഥ കഥ എന്നൊക്കെ മനസിലാക്കാൻ, അതായത് സിനിമയുടെ വിഷ്വൽ ലങ്വേജ്, മലയാളി ഇനിയും 50 വർഷം കൂടി കാത്തിരിക്കേണ്ടി വരും).
അതായത് തങ്ങളുടെ പ്രതീക്ഷക്കും, സദാചാരത്തിനും ഇണങ്ങിയവ മാത്രമാണ് നല്ല സിനിമ എന്നും, സംവിധായകർ ആ ചോദനകളെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ഉണ്ടാക്കണം എന്നും വാശിപിടിക്കുന്നത് ശരിയല്ല. നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങാത്ത കല സൃഷ്ടികളെ ഒഴിവാക്കാനുള്ള ധീരത ആണ് പ്രേക്ഷകൻ ആർജ്ജിക്കേണ്ടത്.
ചില വിഭാഗങ്ങളിലോ, ആവാസ ഇടങ്ങളിലോ ചില സാഹചര്യങ്ങളിൽ കൊണ്ടാടപ്പെടുന്ന തെറി ഭാഷാ സംസ്കാരം മുഖ്യധാരാ അഥവാ സാധാരണ ജീവിത ഇടങ്ങളിലേക്ക് സന്നിവേശിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ട്.
അസഭ്യഭാഷണം ഔപചാരിക ഇടങ്ങളിലും, കുടുംബ സദസുകളിലും, സമൂഹ്യകൂട്ടായ്മകളിൽ നിന്നും ഒഴിവാക്കപ്പെടുക തന്നെ വേണം. ഒരാൾ തെറി പറയുന്നയതിനാൽ എല്ലാരും തെറി കേട്ടോണം എന്നോ, പറഞ്ഞോണം എന്നോ ന്യായീകരിക്കുന്നതിൽ അർത്ഥമില്ല. അതു കൊണ്ടു തന്നെ തെറിയുള്ള സിനിമകൾ, അവ ഒരു സാമൂഹ്യ യാഥാർഥ്യത്തെ ചിത്രീകരിക്കുന്നു എന്നിരുന്നാലും, അത് എത്ര ഉത്തമ കലാ സൃഷ്ടി ആയിരുന്നു എന്നാലും, അവ ആസ്വദിക്കാൻ സാധിക്കുന്ന റെസ്ട്രിക്റ്റഡ് ഓടിയൻസിന് മുന്നിൽ മാത്രമേ വെക്കപ്പെടാവൂ. ബാക്കിയുള്ളവർ അതിനെ ഒഴിവാക്കുക തന്നെ വേണം.
Jose Vallikatt