സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് ഓർമിപ്പിക്കുന്നു…

ലേഖനം എഴുതിയ മോനേ സുരേഷേ.

.. കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടും ഉണ്ട്, ഇപ്പോൾ കടന്ന് പോകുന്നുണ്ട്, ഇനിയും കടന്ന് പോകുകയും ചെയ്യും...

കന്യാസ്ത്രീമാരുടെ മാറിടങ്ങളെ നോക്കി കൊതി ഊറിയും അവരുടെ ഗർഭപാത്രങ്ങളെ സങ്കല്പത്തിൽ കണ്ട് അസൂയപ്പെട്ട് വെള്ളം ഇറക്കിയിട്ടും ഒരു കാര്യവും ഇല്ല. കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാം. വയലിൽ കുത്തിവച്ചിരിക്കുന്ന ഒരു പെൺ കോലത്തെപ്പോലും കാമാസക്തിയോടെ നോക്കുന്നതാങ്കളെപ്പോലുള്ളവരുടെ ഹൃദയത്തിൻ്റെ നിറവിൽ നിന്ന് ഇത്ര പരസ്യമായി ഇത്തരം വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ താങ്കളുടെ ഭവനത്തിലുള്ള പാവപ്പെട്ട ഒരു സ്ത്രീയും അവൾ നൊന്ത് പ്രസവിച്ച രണ്ട് പെൺകുട്ടികളും എത്രമാത്രം സുരക്ഷിതരായിരിക്കും എന്ന് അല്പം വേദനയോടെ ഞാൻ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നു.

“കുഞ്ഞു സഹോദരികൾക്കായി ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്” എന്ന് വ്യാകുലപ്പെടുന്ന താങ്കൾ മറന്നു പോയ പല കാര്യങ്ങളുമുണ്ട്. ക്രൈസ്തവ സന്യസ്തരുടെ ഭവനങ്ങളിൽ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത് എന്ന് വിലപിക്കുന്ന താങ്കൾ തന്നെ അല്ലേ ഇന്ത്യൻ ഭരണഘടന തൻ്റെ പൗരൻമാർക്ക് നൽകുന്ന മൗലീക അവകാശമായ ഏത് ജീവിതാന്തസും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്..?

18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കൾക്ക് അറിയില്ലെങ്കിൽ അങ്ങ് വ്യക്തമാക്കി തരാം. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല.

ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം അവരിൽ ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസസഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറില്ല. എതെങ്കിലും സന്യാസിനി ഇങ്ങനെ ഒരു ആഗ്രഹം അവരുടെ അധികാരികളോട് തുറന്ന് പറയാൻ ഇടയായാൽ (നിർഭാഗ്യവശൽ പലരും തുറന്ന് പറയാൻ ധൈര്യം കാട്ടാതെ പലരുടെയും കൂടെ ഒളിച്ചോടുന്നത് ഞങ്ങളുടെ കുറ്റമല്ല) ആ സന്യാസസഭയുടെ അധികാരികൾ തന്നെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കുകയും മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ സ്വന്തമായി ജോലി ഇല്ലാത്തവർക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നത് അധികമാർക്കും അറിയാത്ത സത്യമാണ്.

സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല എന്ന താങ്കളുടെ ആകുലത കാണുമ്പോൾ തന്നെ അറിയാം ക്രിസ്ത്യാനി ആണെങ്കിലും ബൈബിൾ കൈ കൊണ്ട് തൊടാറില്ല എന്ന സത്യം. മത്തായി 19 ആം അധ്യായം എടുത്ത് വായിക്കുമ്പോൾ ക്രിസ്തുവിൻ്റെ വാക്കുകൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് അറിയാം സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുടെ മഹിമ. സ്ത്രീയെ ലൈംഗീക സംതൃപ്തിക്ക് വേണ്ടി മാത്രം മാറ്റി നിർത്തിയിരിക്കുന്ന തന്നെ പോലെയുള്ളവരോട് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് തുല്ല്യമാണ്… അലസന് എന്ത് അദ്ധ്വാനം! ആർത്തി പൂണ്ടവന് എന്ത് ആശയടക്കം! കാമപൂരിതന് എന്ത് ബ്രഹ്മചര്യം അല്ലേ…!!!

വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ സന്യാസിനികൾക്കായി തുറന്നു നൽകണം എന്ന് ഉപദേശിക്കുന്ന താങ്കൾ അടങ്ങുന്ന സമൂഹം അല്ലേ ആദ്യം മാറേണ്ടത്…? ഏതെങ്കിലും സന്യസ്തർ സന്യാസജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ചാൽ അത് ആഘോഷമാക്കി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പാറി പറത്തുന്ന പകൽ മാന്യന്മാർ അവരും അവരുടെ കുടുംബാഗങ്ങളും അനുഭവിക്കുന്ന നാണക്കേട് ഓർക്കാറുണ്ടോ…?

സന്യസ്തരോട് കാട്ടുന്ന ഈ പ്രത്യേകസ്നേഹം ഭയന്നാണ് പല സന്യസ്തരുടെയും സ്വന്തക്കാർ സന്യാസം ഉപേക്ഷിക്കുന്നവളുടെ മുമ്പിൽ തങ്ങളുടെ ഭവനത്തിൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഇവിടെ ആദ്യം മാറേണ്ടത് വികലമായ കാഴ്ച്ചപാടുള്ള ഒരു സമൂഹം ആണ്. സമൂഹം മാറിയാൽ വ്യക്തികളും കുടുംബങ്ങളും മാറും. കേരളത്തിൽ ഇന്നുവരെയും സ്വന്തം ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്തിട്ട് നിങ്ങൾ ആഘോഷിക്കാറുണ്ടോ…? അയ്യോ അങ്ങനെ ചെയ്താൽ അത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം ആയിപ്പോകില്ലേ എന്ന് ചിന്തിക്കുന്ന തനിക്ക് ഒക്കെ സന്യാസിനികളുടെ ജീവിതത്തിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കിയില്ലെങ്കിൽ ഒരു സുഖം ഇല്ലല്ലോ…? ഈ അസുഖത്തിന് പറയുന്ന പേര് വേറെയാണ് കേട്ടോ…

മഠങ്ങളിൽ ‘Me too’ ക്യാമ്പെയ്നുകൾക്ക് അവസരമുണ്ടാവണം എന്ന പൂതി നല്ല തമാശയാണ് കേട്ടോ… ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ‘Me too’ കഥകൾ വായിച്ച് സംതൃപ്തിയായില്ലേ…!! ഓ, ജെസ്മിയേപ്പോലുള്ളവരുടെ ഇക്കിളി കഥകൾ കുറച്ചൊന്നും അല്ലല്ലോ സുഖം തരുന്നത് എന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി… കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നോ… ജെസ്മിയേപ്പോലുള്ള ചിലർ വന്നെങ്കില്ലോ… അല്ലെങ്കിൽ ‘ആമേനും, പിന്നെ ‘ഞാനിവിടെ തനിച്ചാണേ’ എന്ന ഒന്നു രണ്ട് ‘Me too’ കൊണ്ട് അങ്ങ് സംതൃപ്തിയടയുന്നത് അല്ലേ നല്ലത്…

സന്യാസവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളെ ഓർത്ത് വേദനിക്കുന്ന താങ്കൾ എന്നെങ്കിലും അവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അങ്ങ് പറഞ്ഞ് തരാം. അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും നൂറ്റാണ്ടുകളായി ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ… ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ… ഈ യാഥാർത്ഥ്യം വ്യക്തമായി മനസിലാക്കിയ ഒരു സന്യാസിനിയും ഒരിക്കലും അലങ്കാരത്തിന് വേണ്ടി സന്യാസവസ്ത്രം ധരിക്കില്ല. ജീൻസും ടീ ഷർട്ടും ബെർമുഡയും അവർക്ക് വെറും തൃണമാണ് സഹോദരാ, തൃണം…

കന്യാസ്ത്രീകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്ന് വിലപിക്കുന്ന താങ്കളുടെ വിവരം അപാരം തന്നെ. ഒരു കന്യാസ്ത്രീയായ ഞാൻ സോഷ്യൽ മീഡിയവഴി തന്നെയാണ് താങ്കൾക്ക് മറുപടി തരുന്നതും. പിന്നെ ഒരു പച്ചയായ സത്യം പറയാം. ഒരു പെണ്ണിൻ്റെ കോലത്തെപ്പോലും ആസക്തിയോടെ നോക്കുന്ന തന്നെപ്പോലുള്ളവരുടെ മുമ്പിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സന്യസ്തർ വന്ന് പെട്ടാലുള്ള ദുരന്തം ഊഹിക്കാവുന്നത് അല്ലേ..?

ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യ വ്രതം ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം കുത്തിക്കുറിച്ചതിൽ സന്തോഷമുണ്ട്. ലോകത്തിൻ്റെ മാനദണ്ഡം അനുസരിച്ച് ജീവിക്കാൻ ആണെങ്കിൽ എന്തിന് സന്യാസം സ്വീകരിക്കണം? ലോകത്തിൽ തന്നെ അങ്ങ് ജീവിച്ചാൽ പോരെ…? ദൈവപുത്രനായ ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ് ഓരോ സന്യാസിനിയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യവ്രതം വഴി അനുഷ്ഠിക്കുന്നത്. ഒന്നും തനിക്കായി സ്വന്തമാക്കാതെ ഓരോ സന്യസ്തരുടെയും കഴിവുകളും സമയവും സമൂഹത്തിൻ്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞവർക്കായി പകുത്തു നൽകുക എന്നത്.

പത്രോസ് വിവാഹിതനായിരുന്നു, മോശയും വിവാഹിതനായിരുന്നു എന്ന് തട്ടി വിടുന്നത് കേട്ടാൽ ഓർക്കും ഈ ലോകത്തിലുള്ള കന്യാസ്ത്രീമാർ എല്ലാം അവരെ രണ്ടുപേരെയും ആണ് അനുഗമിക്കുന്നത് എന്ന്..!! ക്രിസ്ത്യൻ നാമധാരിയായ താങ്കളോട്: ശ്ശൊ ഈ പഴയ നിയമത്തിലെ മോശയെയും വിവാഹം കഴിച്ച പത്രോസിനെയും വിവാഹം കഴിക്കാത്ത പൗലോസിനെയും ഒക്കെ അങ്ങ് വെറുതെ വിടന്നേ…

കഴിഞ്ഞ 2000 വർഷമായി ലക്ഷകണക്കിന് കന്യകകൾ മരണത്തെപ്പോലും ഭയക്കാതെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് ഒരേ ഒരുവനിൽ ദൃഷ്ടിയുറപ്പിച്ചാണ്. അത് ദൈവപുത്രനും ബ്രഹ്മചാരിയുമായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ദൈവമായിരുന്നിട്ടും സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ദൈവത്തിൻ്റെ യഥാർത്ഥ സത്തയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും സ്വന്തം ജീവിതം സാക്ഷ്യമാക്കിയും ഇസ്രായേലിൻ്റെഒരറ്റം മുതൽ അങ്ങേയറ്റം വരെ ഓടിനടന്ന 33-കാരനായ ആ നസ്രായൻ ആണ് ഞങ്ങളുടെ ഹീറോയും മണവാളനും…

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ ഒന്ന് കോറിയിടുന്നു: “റോമൻ കത്തോലിക്കാസഭ എപ്പോഴും ഊർജ്ജസ്വലമായി നിലകൊള്ളുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം മൂലമാണെന്ന് ഞാൻ കരുതുന്നു…എല്ലാ ദേശങ്ങളിലും ബ്രഹ്മചര്യത്തിൽ വിശ്വസ്തരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു കൂട്ടം ആൾക്കാൻ മനുഷ്യവംശത്തിൻ്റെ സേവനത്തിനായി സ്വയം സമർപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാവർക്കും സാധ്യമല്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നെങ്കിലും ദൈവരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡന്മാരാക്കിയവരെക്കുറിച്ചല്ലേ യേശു അന്ന് പറഞ്ഞത്…” അതെ ആ മഹാത്മാവിനെപ്പോലെ ശൂദ്ധമായ മനസും ഹൃദയവും ഉള്ളവർക്ക് മാത്രമേ അപരനിലെ നന്മയെ തിരിച്ചറിയാൻ സാധിക്കൂ..

.സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Soniya Kuruvila Mathirappallil (Sr Sonia Teres) FB