ഒരിക്കലും വിശ്വസിക്കാനാവാത്ത വാർത്ത. ചെറിയാച്ചൻ (49) എത്രപെട്ടെന്ന് കടന്നു പോകുമെന്ന് ഒരിക്കലും കരുതിയില്ല. എന്ത് പറയണമെന്നറിയില്ല. …

എനിക്ക് പട്ടം തന്ന വികാരിയച്ചൻ. ഒരിക്കലും മറക്കാനാവില്ല. പട്ടം തരുന്നത് മെത്രാൻ ആണെങ്കിലും ആ പട്ടത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തത് വികാരിയായ ചെറിയാച്ചൻ ആയിരുന്നു. അതുകൊണ്ടു എനിക്ക് പട്ടം തന്ന വികാരിയച്ചൻ എന്നായിരുന്നു ഞാൻ എന്നും ചെറിയാച്ചനെ വിശേഷിപ്പിച്ചിരുന്നത്.

ഏലൂർ ഇടവകയിലെ ആദ്യ രണ്ടു പട്ടങ്ങൾ അടുത്തടുത്ത വർഷങ്ങളിൽ ആയിരുന്നു. രണ്ടും നടത്താൻ ഭാഗ്യം ലഭിച്ചത് ചെറിയാച്ചനും. എന്തോരു ആഘോഷത്തോടും വിശ്വാസ തീക്ഷ്ണ്ണതയോടും കൂടെ ആയിരുന്നു ഇടവക മുഴുവനെയും ചെറിയാച്ചൻ ഒരുക്കിയത്! മറക്കാനാവാത്ത അനുഭവം.

ആദ്യം പട്ടമേറ്റ സാബു മലയിൽ അച്ചനും ഇപ്പോൾ നമ്മോടൊപ്പം ഇല്ലെന്നത് ദുഃഖം വർധിപ്പിക്കുന്നു.

എന്റെ മൂത്ത സഹോദരനെ പോലെയാണ് എന്നും എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ അനുജൻ മരിച്ചപ്പോൾ എന്റെ കൂടെ ചേർന്ന് നിന്നതും, ഡാഡി കഴിഞ്ഞ വര്ഷം വിടവാങ്ങിയപ്പോൾ കോവിഡ് സമയത്തുപോലും പള്ളിയിൽ എത്തി ആശ്വസിപ്പിച്ചതും മറക്കാൻ ആവുന്നതെങ്ങിനെ.

അവസാനമായി ഈ കഴിഞ്ഞ ഈസ്റ്ററിനു ജാനാപ്പള്ളിയിൽ പാതിരാകുർബാനയ്ക്കു ക്ഷണിച്ചു ചെന്നപ്പോൾ കണ്ടത് അവസാനവട്ടമാകുമെന്നു ഒരിക്കലും കരുതിയില്ല.

എണ്ണിപ്പെറുക്കി പറയാൻ ഇനിയും എന്തൊക്കെ, അച്ചന്റെ കൂടെ നടന്നവർക്കെല്ലാം!ഞങ്ങളുടെ വികാരിയാകുന്നതിനു മുൻപേ ജീസസ് യൂത്തിന്റെ ഫുൾ ടൈമർ ആയിരുന്ന അച്ചൻ എന്നനിലയിൽ ചെറിയാച്ചനെ നേരത്തെ അറിയാമായിരുന്നു. യുവജനങ്ങളോടുള്ള ആ ബന്ധം എന്നും ചെറിയാച്ചൻ കാത്തു സൂക്ഷിച്ചു.

യുവജനങ്ങളുടെ ഹരമായിരുന്നു ചെറിയാച്ചൻ. ചെറിയാച്ചന്റെ ഹരം ക്രിസ്തുവും! സത്യദീപത്തിന്റെ എഡിറ്ററും, പിൽഗ്രിം കമ്മ്യൂണിക്കേഷന്റെ ഗായകനും എന്നതുമൊക്കെ മനുഷ്യസ്നേഹി എന്ന നിലയിലും ദൈവസ്നേഹി എന്ന നിലയിലുമുള്ള ചെറിയാച്ചനു താഴയേ വരൂ.

വർഷങ്ങൾക്കു മുൻപേ അധികം ആരോടും പറയാതെ തന്റെ കിഡ്‌നി പകുത്തു കൊടുത്തപ്പോൾ ചെറിയാച്ചൻ അത് തെളിയിച്ചതാണ്. അകാലത്തിൽ പൊലിഞ്ഞു പോയ ആ പുണ്യസൂനത്തിനു വിതുമ്പുന്ന ഹൃദയത്തോടെ ആദരാഞ്ജലികൾ.

പ്രിയ ചെറിയാൻ നേരേവീട്ടിൽ അച്ചാ വിട. ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.

ഫാ ജെയ്സൺ മുളേരിക്കൽ സി എം ഐ

PS: ഏതാനും ദിവസങ്ങൾക്കു മുൻപ് നടക്കാൻ ഇറങ്ങിയപ്പോൾ ഒരു സ്കൂട്ടർ തട്ടിവീണ്‌ ശിരസിൽ ഉണ്ടായ ക്ഷതത്തെ തുടർന്നാണ് അച്ചൻ മരിക്കുന്നതു.

നിങ്ങൾ വിട്ടുപോയത്