എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി നാടിൻ്റെ നന്മയ്ക്കായി കൈകോർക്കുന്ന കൂട്ടായ്മയാണ് കേരളത്തിൻ്റെ പ്രത്യേകത. കേരളത്തിന്റെ ഈ ശക്തി നമ്മളിതിനു മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്.
കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വാക്സിൻ നയം കാരണം നമ്മുടെ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തോട് വിസ്മയകരമായ ഇച്ഛാശക്തിയോടെയാണ് കേരള ജനത പ്രതികരിച്ചത്. വാക്സിൻ സംഭരിക്കുന്നതിനായി CMDRF ലേക്ക് ഇന്ന് വൈകീട്ട് നാലര വരെ ലഭിച്ച സംഭാവന 22 ലക്ഷം രൂപയാണ്.
ഇവിടെ സൗജന്യമായി വാക്സിൻ എല്ലാവർക്കും നൽകും എന്ന ഉറപ്പ് സർക്കാർ നൽകിയിട്ടും നാടിൻ്റെ നന്മയ്ക്കായി ജനങ്ങൾ ഒത്തൊരുമിച്ചു. ഇങ്ങനെയൊരു ജനത കൂടെ നിൽക്കുമ്പോൾ ഈ സർക്കാർ ഒരിക്കലും തളർന്നു പോകില്ല. എല്ലാവരോടും ഹൃദയത്തിൽ കൈകൾ ചേർത്തുകൊണ്ട് നന്ദി പറയുന്നു. നമ്മൾ ഒരുമിച്ച് ഈ മഹാമാരിയെ മറികടക്കും. നമ്മുടെ നാടിനു കാവലാകും.
മുഖ്യമന്ത്രി പിണറായി വിജയൻ