പുത്തൻ കുരിശിലെ കൊടിമരം
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിക്ക് തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന്റെ ദൈവ കൃപയുടെ നാളുകൾ.
പരിമിത ഗ്രാമീണ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു, കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും കടൽ നീന്തിക്കട ന്നും ത്യാഗത്തിന്റെയും സമർപ്പണത്തി ന്റെയും കൊടുമുടികൾ നടന്നു കയറിയുമാണ് തോമസ്കുട്ടി എന്ന തനി ഗ്രാമീണ ബാലൻ തന്റെ കൗമാരത്തിൽതന്നെ തോമസ് ശെമ്മാശനും പിന്നീട് തോമസ് അച്ചനും കാലത്തിന്റെ തികവിൽ തോമസ് റമ്പാനും തോമസ് മാർ ദീവന്നാസ്യോസ് മെത്രാപ്പൊലീത്ത യും ഒടുവിൽ ബസേലിയോസ് തോമസ് പ്രഥമൻ സ്രേഷ്ട കാതോലിക്കാ ബാവയുമായി രൂപാന്തരം പ്രാപിച്ചത്. ബാവാതിരുമേനി ആരുടെയും സൗജന്യത്തിൽസഭയുടെ മേലധ്യക്ഷ പദവിയിൽ എത്തിച്ചേർന്നയാളല്ല. മറിച്ചു എതിർ പ്പുകൾക്കും പ്രതിസന്ധികൾക്കും മദ്ധ്യേ ഒഴുക്കിനെതിരെ നീന്തിയും തന്റെ വിശ്വാസ സമൂഹത്തെ നദിയിലെ ഒഴുക്കിലും മരുഭൂമിയിലെ ചൂടിലും പൊടിയിലും വീണു പോകാതെ നോക്കി സംരക്ഷിച്ചും സ്വന്തം നിർഭയത്വവും നേതൃപാടവവും സംഘാടക സാമർഥ്യ വും തെളിയിച്ചു സഭയുടെ നായക സ്ഥാനത്തെത്തിയ തികഞ ജനകീയ നായ ഒരു യഥാർത്ഥ ആത്മീയനാണ്.
ബാവാതിരുമേനി ഇളകാത്ത ഭക്തനും ഉറച്ച വിശ്വാസിയുമാണ്. തിരുമേനിയുടെ കലണ്ടറിൽ എല്ലാ വർഷവും ഉപവാസദിനങ്ങളാണു കൂടുതൽ. ആരെയും ആകർഷി ക്കുന്ന ചിരിയും ആരെയും നിരായുധരാക്കുന്ന വിനയവുമാണ് ബാവായുടെ ആയുധങ്ങൾ. താൻ നാലാം ക്ലാസ്‌വരെയും മാത്രമേ സ്കൂളിൽ പോയിട്ടുള്ളുവെന്നും പിന്നീടെല്ലാം തന്റെ ഗുരുവിന്റെ പാദത്തിങ്കലിരുന്നും പിന്നീട് സെമിനാരിയിൽ ചേർന്നും പഠിച്ചിട്ടുള്ളവ മാത്രമാണെന്നും പറയാൻ തിരുമേനി ഒരിക്കലും ഒട്ടും മടിച്ചിട്ടുമില്ല. താൻ ദൈവശാസ്ത്ര വിജ്ഞാനത്തിന്റെ ഭണ്ഡാഗാരമാണെന്നും ബാവാ ഒരിക്കലും അവകാശപ്പെട്ടുമില്ല. എന്നാൽ താൻ വിശ്വസിക്കുന്ന യേശു തമ്പുരാൻ കർത്താവിനെ താൻ തന്റെ അനുദിനാനുഭവങ്ങളിലൂടെ അറിഞ്ഞി ട്ടുണ്ടെന്നു പറയാനുള്ള ധൈര്യവും ബോധ്യവും ആർജവത്വവും എന്നും സ്രേഷ്ടബാവാ തിരുമേനി കാണിച്ചിട്ടുമുണ്ട്.
ബാവായുടെ ഭക്തിയിൽ പ്രകടനമില്ല.അതു വിശ്വാസത്തിന്റെ ബലത്തിൽതിരുമേനി ദൈവമുൻപാകെ ഉയർത്തുന്ന തന്റെ നിലവിളിയാണെന്നു ബാവാ തിരുമേനിയെ അറിയാവുന്നവർക്കൊക്കെ അറിയാം. തിരുമേനി കർതൃ പ്രാർത്ഥന ചൊല്ലുമ്പോൾ കേൾക്കുന്നവർക്കു അതൊരു അനന്യമായ അനുഭവം തന്നെയാണെന്ന് ഒരിക്കലെങ്കിലും അതു കേട്ടിട്ടുള്ളവർ സമ്മതിക്കാതിരിക്കയുമില്ല.ഹൃദയസ്പർശിയണ് ബാവായുടെ പ്രാർത്ഥനകൾ. തിരുമേനിയുടെ ആരാധനാ ശുശ്രുഷകളും വിശു ദ്ധകുർബാനയുമെല്ലാം നമ്മുടെ ഹൃദയങ്ങളെ ആത്മീയതയുടെ അതീവ വ്യത്യസ്തമായ ഒരു തലത്തിലേക്ക് നാമറിയാതെ തന്നെ കൊണ്ടുപോകു മെന്നതാണ് യാഥാർഥ്യം.
ബാവായുടെ പ്രസംഗങ്ങളും ശ്രോതാക്കളുടെ ഹൃദയങ്ങളെ തൊടുന്നവയാണ്. അതിൽ പാണ്ഡിത്യ പ്രകടനങ്ങൾക്കോ സാഹിത്യസൗന്ദര്യത്തിനോ ഒന്നും ഒരു സ്ഥാനവുമില്ല. ഹൃദയം ഹൃദയത്തോട് സംവദിക്കുന്നതാണ് സ്രേഷ്ട ബാവായുടെ പ്രസംഗ രീതി.അതു ഹൃദ്യവുമാണ്. ജീവിതത്തിലും തിരുമേനിക്കു ആരോടും പകയോ പരിഭവമോ പരാതിയോ എതിർപ്പോ ഒന്നുമില്ല.എന്നാൽ നിലപാടുകളിലെ ഭിന്നത യുടെ അടിസ്ഥാനത്തിലുള്ള എതിർ വാദങ്ങൾ ഏതു വേദിയിലും ആരുടെ സാന്നിധ്യത്തിലും തുറന്നുപറയുവാൻ മടിച്ചിട്ടുമില്ല.
സന്ദർഭവും സാഹചര്യവും പോലെ എന്നെ പരസ്യവേദികളിൽ വച്ചു സാറേ എന്നും അല്ലാത്തപ്പോൾ മോനെ എന്നുമാണ് വിളിക്കുക. രണ്ടു വിളികളിലും സ്നേഹത്തിന്റെ അടുപ്പവും ആഴവും ഒന്നു തന്നെയാണ് എന്നാണ് എന്റെ അനുഭവം.എത്രയോ തവണ ബാവാ പാലായിലെ വീട്ടിൽ വരാനും പ്രാർത്ഥിച്ചു അനുഗ്രഹിക്കാനും സന്മനസ്സ് കാണിച്ചരിക്കുന്നുവെന്നത് ഞാൻ നന്ദിയോടെ ഓർമ്മിക്കുന്നു.
ബാവാ തിരുമേനിയയുടെ തൊണ്ണൂറ്റിമൂന്നാമത് ജന്മദിനത്തിൽ പുത്തൻ കുരിശു പാത്രിയർക്കാ സെന്റർ പള്ളിയിൽ അഭിവന്ദ്യ ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട കൃതജ്ഞതാ കുർബാനയിൽ പങ്കെടുക്കാനും ഗ്രീഗോറിയോസ്തിരുമേനിയുടെ നിർദ്ദേശ പ്രകാരം പള്ളിയിൽ വച്ചു ബാവയെ കുറിച്ചു പ്രസംഗിക്കുവാനും പിന്നീട് ബാവയെ നേരിൽക്കണ്ട് അനുഗ്രഹം നേടാനും ജന്മദിനാശംസകളറിയിക്കാനും ഒപ്പം പൊന്നാട അണിയിച്ചു ഉപഹാരം സമർപ്പിക്കാനുമുള്ള അവസരവുമുണ്ടായതിൽ സന്തോഷവും അഭിമാനവുമുണ്ട്. ദൈവം തമ്പുരാൻ അവിടുത്തെ ഉള്ളം കയ്യിൽ വച്ചിരിക്കുന്ന ആൾ എന്ന നിലയിൽ ബാവാ തിരുമേനിയെ വരും നാളുകളിലും ആയുസ്സും ആരോഗ്യവും നൽകി സമൃദ്ധമായിഅനുഗ്രഹിക്കട്ടെ എന്നു ഹൃദയപൂർവംപ്രാർത്ഥിക്കുന്നു.ആയുഷ്മാൻ ഭവ!!
ഡോ. സിറിയക് തോമസ്.