“പൈതലാം യേശുവേ ഉമ്മവെച്ചുമ്മവെച്ചുണർത്തിയ…” മൂന്നര ദശാബ്ദമായിട്ടും ഇന്നും അനുവാചക മനസിൽ നിത്യനൂതനമായി മുഴങ്ങുന്ന ഒരുക്രിസ്തീയ ഭക്തിഗാനമാണിത്.

യേശുദാസിൻ്റെ തരംഗിണി 1984-ൽ ഇറക്കിയ ‘സ്നേഹപ്രവാഹം’ എന്ന ക്രൈസ്തവ ഭക്തിഗാന ആൽബത്തിനു വേണ്ടി ചിത്ര പാടിയ ഗാനമാണല്ലോ ഇത്. അക്കാലത്ത്, ആലുവ മംഗലപ്പുഴ സെമിനാരിയിൽ ബ്രദറായിരുന്ന ഫാദർ ജോസഫ് പാറാംകുഴിയാണ് ഇതിന്റെ രചന നിർവഹിച്ചത്. (ഇദ്ദേഹം പിന്നീട് നെയ്യാറ്റിൻകരരൂപതയിൽ വൈദികനായി പ്രവർത്തിച്ചിരുന്നു.) ആലുവ സെമിനാരിയിലെ അധ്യാപകൻകൂടിയായ ഫാദർ ജസ്റ്റിൻ പനയ്ക്കൽ ഇതിന് മാസ്മരിക ഈണവും നല്കി! നേരത്തെ സൂചിപ്പിച്ചതുപോലെ, പിറന്നിട്ട് മുപ്പത്തിയേഴു വർഷം കഴിഞ്ഞിട്ടും ഇന്നും ജാതി-മത ഭേദമെന്യേ എല്ലാ സംഗീതം പ്രേമികളുടെ കാതുകളിൽ ഈ പാട്ട് തേൻമഴയായ് പെയ്തിറങ്ങുകയാണ് ….

🎶

എന്നാൽ ഈ ഗാനത്തിന്റെ പശ്ചാത്തല സംഗീതം ശ്രദ്ധിച്ചിട്ടുണ്ടോ? വരികളുടെഈണത്തിനെ മറികടക്കാതെ തന്നെ മനോഹരമായ പശ്ചാത്തല സംഗീതം പകർന്ന ആ പ്രതിഭയെക്കുറിച്ച് മിക്കവർക്കും അറിവുണ്ടാകാനിടയില്ല. ആഗാനമുൾപ്പെടെ, ജസ്റ്റിൻ പനക്കൽ അച്ചന്റെ എല്ലാ ഗാനങ്ങൾക്കും തന്നെ പശ്ചാതലത്തിൽ, ഈ പ്രതിഭയുടെ ശ്രുതിമധുരം തുടിക്കുന്നുണ്ട്; തീർന്നില്ല, എക്കാലത്തെയും സൂപ്പർ ഹിറ്റായ മലയാള സിനിമാ പാട്ടായ “അല്ലിയാമ്പൽകടവി”ലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ ഒപ്പവും ഇദ്ദേഹത്തിന്റെ ഓർക്കസ്ട്രേഷൻ സ്പർശം ഉണ്ടായിരുന്നു. സിനിമാ പാട്ടുകളിലല്ല; ജോബ് മാസ്റ്റർ സംഗീതം ചെയ്ത മിക്ക കൃസ്തീയ ഭക്തിഗാനങ്ങൾക്കും ആണെന്ന് മാത്രം. ഇപ്പറഞ്ഞ ഭക്തി ഗാനങ്ങൾക്കെല്ലാം ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച ആ പ്രതിഭ കൊച്ചിയുടെ സംഗീത പാരമ്പര്യത്തിലെ കണ്ണിയായ #റെക്സ്#ഐസക്സ്.

🎶

സംഗീതജ്ഞനായിരുന്ന ജോ ഐസക്സിന്റെയും എമിൽഡയുടെയും മക്കളിൽ രണ്ടാമത്തെയാളാണ് റെക്സ്. പ്രശസ്ത ഗിറ്റാറിസ്റ്റും പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ സംഘത്തിലെ സ്ഥിരംഗിറ്റാറിസ്റ്റുമായിരുന്ന അന്തരിച്ച എമിൽ ഐസക്സ് അദ്ദേഹത്തിൻ്റെ മൂത്ത സഹോദരനായിരുന്നു. ഗിറ്റാറിൽ പ്രഗൽഭനായ യൂജിൻ ഐസക്സ് അദ്ദേഹത്തിന്റെ തൊട്ട് ഇളയ സഹോദരനാണ്. കൂടാതെ പ്രഗൽഭ ഗിറ്റാറിസ്റ്റ് എലോയ് ഐസക്സ്, എഫ്രേം ഐസക്സ്, സംഗീത സംവിധായകനായ എൽഡ്രിഡ്ജ് ഐസക്സ് എന്നിവരാണ് റെക്സ് ഐസക്സിന്റെ മറ്റു സഹോദരങ്ങൾ. സംഗീതത്തിനു വേണ്ടി മനസ്സർപ്പിച്ച ഒരു കുടുംബം. മലയാള സംഗീത ലോകത്ത്, വിശേഷിച്ച് കൃസ്ത്യൻ ഭക്തിഗാനങ്ങൾക്ക്, അമൂല്യ സംഭാവനയാണ് ഈ സഹോദരങ്ങൾ നൽകിയിട്ടുള്ളത്.സാധാരണയായി സാഹിത്യത്തിൽ (വരികളിൽ) ഈണം സന്നിവേശിപ്പിക്കുക മാത്രമാണ് പല സംഗീത സംവിധായകരും നേരിട്ട് നിർവഹിക്കുന്നത്. അതിന്റെ പശ്ചാതല സംഗീതം (ഓർക്കസ്ട്രേഷൻ)നിർവ്വഹിക്കുന്നത് പരിചയസമ്പന്നരായ മറ്റൊരു സംഗീത സഹായിയായിരിക്കും. നാടകഗാനങ്ങൾക്ക് സ്വയം ഓർക്കസ്ട്രേഷൻ ചെയ്തിരുന്ന ദേവരാജൻ മാസ്റ്റർ പോലും സിനിമയിൽവന്നപ്പോൾ പ്രസിദ്ധനായ ആർ.കെ.ശേഖറാണ് സഹായിയായി ഓർക്കസ്ട്രേഷൻ ചെയ്തിരുന്നത് എന്ന് പ്രസിദ്ധമാണല്ലോ. ദേവരാജന്‍ മാസ്റ്ററുടെ നാടക ഗാനങ്ങളുടെയും സിനിമാഗാനങ്ങളുടെ പശ്ചാത്തല സംഗീതങ്ങൾ താരതമ്യം ചെയ്തു കേട്ടാൽ അവയുടെ ഒരു ശൈലീ വ്യത്യാസം നമുക്ക് ബോദ്ധ്യപ്പെടും.”അല്ലിയാമ്പൽ കടവിലിലന്ന് …” ജോബ് മാസ്റ്റർ ഈണമിട്ടപ്പോൾപശ്ചാതലത്തിലെ എക്കോർഡിയന്റെ നാദവീചി ശബ്ദത്തിലുള്ള ഉൾ‍പ്പെടെയുള്ള മുഴുവന്‍ പശ്ചാത്തല സംഗീതവും തയ്യാറാക്കിയത് പി.എസ്. ദിവാകർ ആയിരുന്നു . ആ പശ്ചാതല സംഗീതം ഒഴിവാക്കി “അല്ലിയാമ്പലി’നെ നമുക്ക് ഓർമിക്കാനാകുമോ? ഒരു പാട്ടിന്റെ പൂർണ്ണ സ്വരൂപത്തിൽ, ഓർക്കസ്ട്രേഷന്റെ പ്രാധാന്യം മനസിലാക്കാനാണ് ഇതെല്ലാം സൂചിപ്പിച്ചത്. പിന്നീട് ഹിറ്റായി മാറിയ പല ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചത് സംഗീതസംവിധായകരുടെ ഒപ്പമുള്ള മറ്റു ചില സംഗീത വിദദ്ധരായിരിക്കും. എന്നാൽ ചുരുക്കം ചിലരൊഴികെ അതൊന്നും പരസ്യപ്പെടുത്താതിനാൽ സംഗീതാസ്വാദരുടെ സ്മരണയിൽ അവർ ഉൾപ്പെടാതെ പോകുന്നു.

🎶

1960-കളിൽ ആബേലച്ചന്റെ കൊച്ചിൻ കലാഭവനിലെ വയലിൻ, ഗിറ്റാർഎന്നിവയുടെ പരിശീലകനായാണ് റെക്സ് മാസ്റ്റർ രംഗത്തു വരുന്നത്. കലാഭവന്റെഓർക്കസ്ട്രയുടെ കൺഡക്ടറും അദ്ദേഹം തന്നെയായിരുന്നു. കലാഭവനിൽ വയലിൻ അധ്യാപകൻ, ഓർക്കസ്ട്ര ലീഡർ, ജനറൽ സെക്രട്ടറി, അക്കാഡമി പ്രിൻസിപ്പൽ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആബേലച്ചന്റെ ആദ്യകാലത്തെ കൃസ്തീയഭക്തിഗാനങ്ങൾക്ക് ഈണം നൽകിയ റാഫി ജോസ്, കെ.കെ.ആൻറണി എന്നിവരെ അസിസ്റ്റ് ചെയ്തത് റെക്സ്മാസ്റ്ററായിരുന്നു. 1970-ന്റെ പകുതികളിൽ അദ്ദേഹം വരാപ്പുഴ രൂപതയുടെകീഴിലുള്ള കൊച്ചിൻ ആർട്സ് & കമ്യൂണിക്കേഷൻസിലേക്ക് (സി.എ.സി) മാറുകയുണ്ടായി. 1981 വരെ അവിടെ വയലിൻ അധ്യാപകൻ, ഓർക്കസ്ട്ര ലീഡർ, എല്ലാമായി അദ്ദേഹം ജോലി ചെയ്തിരുന്നു. ആ കാലഘട്ടത്തിലാണ് അദ്ദേഹം പാശ്ചാത്യ ക്ലാസിക്ക് സംഗീത സംസ്ക്കാരത്തിന്റെ ഒരു തരംഗം കൊച്ചിയിൽ പകർത്തുന്നത്. കേരളത്തിലെ ഗാനമേളകളിലേയും കൃസ്ത്യൻ ഭക്തിഗാനങ്ങളിലേയും ഓർക്കസ്ട്രേഷൻ രീതിയിൽ വലിയൊരു മാറ്റം വരുത്തിയത് റെക്സ് മാസ്റ്ററാണ്. മലയാളികൾ അതുവരെ അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്ത പാശ്ചാത്യ സംഗീതത്തിന്റെ നൊട്ടേഷൻ സിസ്റ്റം കേരളത്തിൽ ആവിഷ്ക്കരിച്ചത് അദ്ദേഹമാണ്.കേരളത്തിലങ്ങോളമുള്ള അദ്ദേഹത്തിന്റെ ശിഷ്യൻമാരും, തദ്ദേശീയരായ മറ്റ് സംഗീത .ഗുരുക്കന്മാരിൽ നിന്ന് തങ്ങൾക്ക് ഇന്നേ വരെ പകർന്നു .കിട്ടിയിട്ടില്ലാത്ത പാശ്ചാത്യ സംഗീതത്തിന്റെ നൊട്ടേഷൻ രീതി പഠിച്ചത്റെക്സ് .മാസ്റ്ററിലൂടെയായിരുന്നു. ഇന്നത്തെ പ്രശസ്തരായ പല .വയലിനിസ്റ്റുകളുടെയും വഴികാട്ടിയും .മാതൃകയുമായും അദ്ദേഹം മാറി.

🎶

1981-ൽ ഇംഗ്ലീഷ് അധ്യാപകനായി നൈജീരിയയിലേക്ക് പോയ അദ്ദേഹം 1986-ൽ തിരിച്ചു വന്ന് തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രഭവകേന്ദ്രമായ ചെന്നൈയിൽ സ്ഥിരതാമസമാക്കി. അദ്ദേഹത്തിന്റെ ഇന്ത്യയ്ക്കകത്തും, പുറത്തുമുള്ള ശിഷ്യന്മാർ പ്രൊഫഷണൽ സംഗീതജ്ഞരായി തിളങ്ങി. ‘കൊച്ചിൻ ചേമ്പർ ഓർക്കസ്ട്ര’ രൂപീകരണശില്പികളിൽ മുഖ്യനായ പ്രദീപ് സിങ് സ്കൂൾ വിദ്യാഭ്യാസ കാലത്ത് വയലിൻ അഭ്യസിച്ചിരുന്നത് റെക്സ് മാസ്റ്ററുടെ കീഴിലാണ്.അദ്ദേഹത്തിന്റെയും ശിഷ്യൻമാരുടെയും മുന്നിട്ടിറങ്ങിയുള്ളപ്രവർത്തനം മൂലമാണ് കേരളത്തിലെ ആദ്യത്തെ ‘സ്ട്രിങ്സ് ചേമ്പർ ഓർക്കസ്ട്ര’കൊച്ചിയിൽ സ്ഥാപിക്കപ്പെട്ടത്. യേശുദാസ് തന്റെ തരംഗിണി സ്റ്റുഡിയോക്ക് വേണ്ടി 1980-കളില്‍ ഇറക്കിയകൃസ്തീയഭക്തിഗാന ആല്‍ബങ്ങളായ ‘തളിർമാല്യം’; ‘സ്നേഹപ്രവാഹം’ ‘സ്നേഹസന്ദേശം’ എന്നീആല്‍ബങ്ങളുടെ സംഗീതസംവിധാനം ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍ ആയിരുന്നു.ഫാദര്‍ ജസ്റ്റിന്‍ ഈണം പകര്‍ന്ന ഗാനങ്ങളുടെ പശ്ചാത്തലസംഗീതംതയ്യാറാക്കിയത് റെക്സ് മാസ്റ്ററായിരുന്നു. റെക്സ് മാസ്റ്റർ ഫാദർജസ്റ്റിൻ പനയ്ക്കലിന്റെ ഈണങ്ങൾക്കു വേണ്ടി തയ്യാറാക്കിയ ഓർക്കസ്ട്രേഷൻഗാനങ്ങൾക്കൊപ്പം തന്നെ ആസ്വാദക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി.’സ്നേഹപ്രവാഹ’ത്തിനു വേണ്ടി റെക്സ് മാസ്റ്റർ സൃഷ്ടിച്ച പശ്ചാത്തല സംഗീതം ആസ്വാദകർ ഒരിക്കലും മറക്കില്ല. വരികളുടെ ട്യൂണിനോട്ചേർന്നു നിൽക്കുന്ന ഈണം. പനയ്ക്കലച്ചനോടൊപ്പം, റെക്സ് മാസ്റ്ററെയും ഓർക്കാൻ ഈ ട്യൂൺ മതി. “പൈതലാം യേശുവേ” എന്ന ഗാനത്തിലെ വയലിനിൽ സൃഷ്ടിച്ച ഈണവും മറക്കാനാകാത്തതതാണ്. ജസ്റ്റിൻ പനയ്ക്കലച്ചൻ ഈണമിട്ട മൂന്നു ആൽബങ്ങളിലും ഓർക്കസ്ട്രേഷൻ റെക്സ്മാസ്റ്ററാണ് രൂപകല്പന നടത്തിയത്.ജോബ് മാസ്റ്റർക്ക് ഏറ്റവും പ്രിയപ്പെട്ട പല പാട്ടുകളുടേയും ഓർക്കസ്ട്രേഷൻ റെക്സ്മാസ്റ്ററുടെതായിരുന്നു. തന്റെ ഈണത്തിന് സർവഥാ യോജ്യമായ പശ്ചാതല സംഗീത വൃന്ദമൊരുക്കുവാൻ റെക്സ്മാസ്റ്റർ സവിശേഷമായ ഒരു ചാതുരിയുണ്ടെന്ന് ജോബ് മാസ്റ്റർ കരുതിയിരുന്നു.പക്ഷെ ഗാനരചയിതാക്കള്‍, സംഗീതസംവിധായകര്‍, ഗായകര്‍ എന്നിവരുടെ പേരുകള്‍ എല്ലാ ആല്‍ബങ്ങളും പരസ്യപ്പെടുത്തുമെങ്കിലും, ഗാനങ്ങള്‍ക്ക് പ്രത്യേക ആകര്‍ഷകത്വം പകരുന്ന ഓർക്കസ്ട്രേഷൻ നടത്തുന്നവരുടെ വിവരങ്ങൾപലപ്പോഴും ആല്‍ബങ്ങളിലെ ക്രഡിറ്റ് ഇംപ്രിന്റിൽ ഉൾപ്പെടുത്താതെ വരുന്നതിനാൽ ആസ്വാദകർ ആ സംഗീതപ്രതിഭകളെ തിരിച്ചറിയാതെ പോകുന്നു.പല പ്രമുഖ സംഗീത സംവിധായകരുടെയും ഗുരുവാണ് റെക്സ് മാസ്റ്റർ.ശിഷ്യൻമാർ പ്രശസ്തിയിലേക്ക് ഉയർന്നപ്പോൾ പോലും ഓർക്കസ്ട്രേഷൻ ഫീൽഡിൽ തന്നെ നിൽക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ ഓർക്കസ്ട്ര സംഘത്തിനൊടൊപ്പം മൂന്നു വർഷത്തിലധികം റെക്സ് മാസ്റ്റർ വയലിൻ വായിച്ചിട്ടുണ്ട്.

🎶

‘ഇന്നലെകളില്ലാതെ’ എന്ന മലയാള ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. കൂടാതെ എറണാകുളത്തെ പിൽഗ്രിംസ് കമ്യൂണിക്കേഷനു വേണ്ടിയും, ഗായിക ചിത്രയുടെ ഓഡിയോ ട്രാക്കിനു വേണ്ടിയും റെക്സ് സ്വതന്ത്രമായി ആൽബങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്.മുംബൈയിലെ സെൻറ് പോൾസ് കമ്യൂണിക്കേഷൻ വേണ്ടി ഫാദർ ഡൊമിനിക്ക് മാളിയേക്കൽ ഈണം നൽകിയ തെലുങ്ക്, തമിഴ് ആൽബത്തിൽ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തത് റെക്സ് ആണ്.പ്രസിദ്ധ ഗായകരായ എച്ച്. മെഹബൂബ്, സി.ഒ. ആൻ്റോ, സീറോ ബാബു എന്നിവരുടെ ഗാനമേളകളിൽ റെക്സ് മാസ്റ്റർ സഹകരിച്ചിട്ടുണ്ട്. 1965 കാലഘട്ടത്തിൽ യേശുദാസിൻ്റെ ആദ്യത്തെ ഗാനമേള ട്രൂപ്പിൽ റെക്സ് മാസ്റ്റർ ഉണ്ടായിരുന്നു. അതിനു ശേഷം പി.ലീല, എസ്. ജാനകി, ബി.വസന്ത, വാണി ജയറാം, പി.ജയചന്ദ്രൻ എന്നിവരുടെ കൂടെയും റെക്സ് മാസ്റ്റർ ഗാനമേളട്രൂപ്പിൽ വയലിനിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.അദ്ദേഹം ഫാദർ ജസ്റ്റിൻപനക്കലിനു വേണ്ടി ഓർക്കസ്ട്രേഷൻ നടത്തിയ ‘സ്നേഹപ്രവാഹം’ എന്ന ആൽബത്തിലെ ‘യേശുവെന്റെ പ്രാണനാഥൻ’ ‘പൈതലാം യേശുവേ, സ്നേഹ സന്ദേശം എന്ന ആൽബത്തിലെ ‘രക്ഷകാ ഗായകാ’ ,കണ്ണീരും തൈലവുമായി’ നാഥാ ഹൃദയത്തിൻ തന്ത്രികളിൽ , പാരിൽ പിറന്നു നാഥൻ, കർമല നാഥേ വാഴ്ക , ആരതി ആരതി ആരാധന എന്നീ ഗാനങ്ങളിലെല്ലാം ഗിറ്റാർ, സിത്താർ, വയലിൻ, ഫ്ലൂട്ട്, സാരംഗ്, സന്തൂർ തുടങ്ങിയ വിവിധങ്ങളായ പാശ്ചാത്യ-പൗരസ്ത്യ സംഗീത ഉപകരണങ്ങൾ എത്ര മനോഹരമായാണ്ഉപയോഗിച്ചിരിക്കുന്നത് എന്ന് ആ ഗാനങ്ങൾ കേട്ടാൽ മനസിലാകും.അതുപോലെ തന്നെ ജോബ് മാസ്റ്ററുടെ പഴയ ഗാനങ്ങൾ ശേഖരിച്ച് റെക്സ്മാസ്റ്ററുടെ ഓർക്കസ്ട്രേഷനിൽ യേശുദാസും ചിത്രയും പാടി തരംഗിണിപുറത്തിറക്കിയ ‘കൃസ്തീയ ഭക്തി ഗാനങ്ങൾ’ എന്ന ആൽബത്തിൽ ‘വചനം തിരുവചനം,”തിരുസന്നിധാനം’, ,സാദരമങ്ങെ പാവന പാദം’, ‘വാർമണി തെന്നലായ് വാ വാമഹേശ്വര’ ‘യേശുവേ രക്ഷ കാ ജീവനാഥാ’ എന്നീ ഗാനങ്ങളിലെല്ലാം പശ്ചാത്തലസംഗീതത്തിൽ റെക്സ് മാസ്റ്ററുടെ പ്രതിഭാ വിലാസം മിന്നിത്തിളങ്ങുന്നുണ്ട്.റെക്സ് മാസ്റ്റർ ഓര്‍ക്കസ് ട്രേഷന്‍ നല്‍കിയ എല്ലാ ഗാനങ്ങളുടെ പശ്ചാത്തല സംഗീതവും ഒന്നിനൊന്ന് മികച്ചതായതിനാല്‍, ഏറ്റവും മികച്ചത്ഏതെന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണ്.റെക്സ് മാസ്റ്ററുടെ പ്രത്യേകത അദ്ദേഹം ഓർക്കസ്ട്രേഷൻ നടത്തുന്ന ഓരോഗാനത്തിൻ്റെയും പശ്ചാത്തല സംഗീതത്തിൽ മറക്കാനാവാത്ത ഒരു ഈണം ( തീംമ്യൂസിക്‌) ഉണ്ടായിരിക്കും എന്നതാണ്. ‘പൈതലാം യേശുവേ’, ‘സാദരമങ്ങേപാവനപാദം’, ‘വാര്‍മണിത്തെന്നലായ് വാ വാ മഹേശാ , ‘നിത്യകവാടമേ തുറന്നാലും’, ‘നിത്യത തീർക്കുന്നനിമിഷങ്ങളേ, എന്നീ ഗാനങ്ങളിലെല്ലാം റെക്സ് മാസ്റ്ററുടെ ഈ മാജിക്‌ കാണാം.ഗിറ്റാറിലോ, ഫ്ലൂട്ടിലോ, വയലിനിലോ ആവും അത് പലപ്പോഴും വായിക്കുന്നത്.റെക്സ് മാസ്റ്ററുടെ മറ്റൊരു പ്രത്യേകത എപ്പോഴും വരികളുടെ ഈണംമുങ്ങിപ്പോകാത്ത രീതിയിലായിരിക്കും അദ്ദേഹത്തിന്റെ ഓർക്കസ്ട്രേഷൻഎന്നതാണ്. അദ്ദേഹം പശ്ചാത്തല സംഗീതം നൽകിയ ഗാനങ്ങൾ ശാന്തമായ ഒരു അന്തരീക്ഷത്തിൽ ശ്രദ്ധയോടെ കേട്ടു നോക്കൂ; നാം ആ ഗാനത്തിൽപൂർണ്ണമായും ലയിച്ചു പോകും.സാധാരണ കാലം ചെല്ലുന്തോറും പ്രതിഭകളുടെ കഴിവുകൾക്ക് കുറവ്സംഭവിക്കുന്ന ഒരു അവസ്ഥ സംഗീത മേഖലയിൽ ചിലപ്പോഴൊക്കെ കണ്ടുവരാറുണ്ട്. എന്നാൽ റെക്സ് മാസ്റ്റർ അതിലും വ്യത്യസ്തനാണ്. 1970 കളില്‍ ആബേലച്ചൻ എഴുതി ജോബ് മാസ്റ്ററും ജോര്‍ജ്ജ് മാസ്റ്ററും കൂടി ഈണം നല്‍കിയമാലാഖമാരുടെ ഭാഷയറിഞ്ഞാലും എന്ന ഗാനം ഈ അടുത്ത കാലത്ത് ജോബ്മാസ്റ്ററുടെ മകൻ അജയ് ജോസഫിന്റെ നേതൃത്തിൽ റെക്സ് മാസ്റ്ററുടെഓർക്കസ്ട്രേഷനിൽ പുനരാവിഷ്ക്കരിച്ച് സിതാര പാടിയപ്പോൾ ആസ്വാദകർക്ക് അത്ഒരു നവ്യാനുഭവമായി മാറിയിരുന്നു. യൂട്യൂബില്‍ ഈ ഗാനം കേള്‍ക്കാന്‍സാധിക്കുന്നതാണ്. മറ്റു സംഗീതസംവിധായകര്‍ക്കു വേണ്ടി . ഓർക്കസ്ട്രേഷൻ ഒരുക്കുന്നതിരക്കിനിടയിലും റെക്സ് മാസ്റ്റർ ഈണം പകർന്ന കൃസ്തിയ ഭക്തിഗാനങ്ങൾഅനവധിയുണ്ട്. ‘ആത്മാവിൽ ചൈതന്യമേ’ എന്ന ഗാനമെല്ലാം അതിനിടയിൽ നമുക്കുകിട്ടിയ മാണിക്യക്കല്ലുകളാണ്. ഭക്തിഗാനരംഗത്തുള്ള പരിചയവും സേവനവും കണക്കിലെടുത്ത് പിൽഗ്രിംസ് കമ്യൂണിക്കേഷൻ അവാർഡും സിനിമാസംഗീത രംഗത്തുള്ള സേവനങ്ങളുടെ അടിസ്ഥാനത്തിൽ മിർച്ചി മ്യൂസിക് അവാർഡും റെക്സ് മാസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്.സംഗീതാസ്വദകര്‍ക്ക് വേണ്ടി പുതുമയുള്ളഈണങ്ങള്‍ ഗാനങ്ങളുടെ പശ്ചാത്തലസംഗീതത്തില്‍ സൃഷ്ടിച്ചുകൊണ്ട് അദ്ദേഹംഇപ്പോഴും ചെന്നൈയിൽ സംഗീത ലോകത്ത് മുഴുകി ജീവിക്കുന്നു.https://www.facebook.com/468155286897112/posts/1323029291409703/https://m.facebook.com/story.php?story_fbid=899248434237007&id=100024555757137 .

(റോബിൻ ജോർജ് ) 02-01-2021

നിങ്ങൾ വിട്ടുപോയത്