ഇന്നത്തെ സാഹചര്യത്തിൽ, വഖഫ് നിയമം നിർത്തലാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതുവരെ,
വഖഫ് നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായ അന്വേഷണത്തിനും ഗൗരവമായ ചർച്ചകൾക്കും വിധേയമാകും. അതിൽ ആരും അസ്വസ്ഥരാകേണ്ട കാര്യമില്ല.
പൊതു നിയമങ്ങളുടെയും ഭരണഘടനയുടെയും ഫ്രയിംവർക്കിനുള്ളിൽ അതാതു സമുദായത്തിനു മാത്രം ബാധകമായാണ് ഇന്ത്യയിൽ വിവിധ മത – സമുദായങ്ങളുടെ വ്യക്തി നിയമങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ ഒരു സമുദായത്തിന്റെ വ്യക്തിനിയമങ്ങൾ ഇന്ത്യൻ നിയമ വ്യവസ്ഥയിലൂടെയും സ്ഥാപനങ്ങളിലൂടെയും മറ്റു സമുദായങ്ങൾക്കും അതിലെ വ്യക്തികൾക്കും ബാധകമാക്കി നടപ്പാക്കാൻ നിയമമുണ്ടാക്കിയത് കണ്ണടച്ചാൽ തീരുന്ന ഒരു വിഷയമല്ല. ഇതിൽ ഒരു നിയമ പ്രശ്നവും ധാർമിക പ്രശ്നവും രാഷ്ട്രീയ നൈതികതയുടെ പ്രശ്നവുമുണ്ട്.
1954 ലെ വഖഫ് നിയമത്തിന്റെയും തുടർന്നു കൊണ്ടുവന്ന ഭേദഗതികളുടെയും ചരിത്രം ഇന്ത്യയിലെ വർഗീയ രാഷ്ട്രീയത്തിന്റെ വളർച്ചയുടെ ചരിത്രം കൂടിയാണ് എന്ന വസ്തുത ആർക്കും മറച്ചു വയ്ക്കാൻ കഴിയുന്നതല്ല. ഒരോ കൂട്ടി ചേർക്കലുകളും ഒരു സമുദായത്തിന്റെ
കേന്ദ്രീകൃത സമ്പത്തിന്റെയും ഭൂസ്വത്തിന്റെയും അധികാരത്തിന്റെയും ആധിപത്യത്തിന്റെയും വളർച്ചയുടെ നേർച്ചിത്രങ്ങളായി ഇന്നു ജനങ്ങൾക്കു മുൻപിൽ നിൽക്കുകയാണ്! ഇതര സമുദായങ്ങളുടെ റിലീജിയസ് ചാരിറ്റബിൾ സ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമായി, വഖഫ് സ്ഥാപനങ്ങൾക്കു മറ്റു സമുദായങ്ങളുടെയും വ്യക്തികളുടെയും സമ്പത്തിന്റെമേൽ ‘ആധിപത്യ സ്ഥാപനത്തിനു’ നിയമ പ്രാബല്യം നൽകുന്ന വകുപ്പുകൾ വഖഫ് നിയമങ്ങളിൽ കൂട്ടിച്ചേർത്ത രാഷ്ട്രീയ തീരുമാനങ്ങളാണ് ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്!
1987 ൽ ഇസ്രയേലിനെ “വഖഫാ”യി പ്രഖ്യാപിച്ച ഹമാസ്സ് ചാർട്ടറിന്റെ നിലയിലേക്ക് വഖഫ് നിയമത്തെ എത്തിച്ചതിനുപിന്നിൽ, ഇന്ത്യയിലെ സാധാരണ മുസ്ലീം സമൂഹത്തിന്റെ ബുദ്ധിയില്ല പ്രവർത്തിച്ചത് എന്നു ‘പൊളിറ്റിക്കൽ ഇസ്ലാമി’ന്റെ രീതികൾ അറിയാവുന്ന ആർക്കും വളരെ വേഗം മനസ്സിലാകും! പൊളിറ്റിക്കൽ ഇസ്ലാമിന്റെ രീതികൾ അറിയാത്തവർ ‘അനുഭവിച്ചറിയുവോളം’ യഥാർത്ഥ്യമറിയാതെ ജീവിക്കും! അങ്ങനെയുള്ളവരെ ആശയക്കുഴപ്പത്തിലാക്കിയും പ്രലോഭനങ്ങളിലൂടെ വശത്താക്കിയും വേണ്ടിവന്നാൽ ഭീഷണിപ്പെടുത്തിയും അക്രമം കാട്ടിയും ലക്ഷ്യം നേടാൻ ‘ഇസ്ലാമിസ്റ്റുകൾ’ സർവ്വ ശ്രമവും നടത്തും എന്നതും ഇപ്പോൾ ഒരു രഹസ്യമല്ല!
എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കാൻ, സ്വന്തം യുക്തിയെ പണയം വയ്ക്കാതിരിക്കുക എന്ന ഒറ്റ വഴിയേയുള്ളു! യഥാർത്ഥ്യങ്ങൾ തുറന്നു പറയേണ്ടിവരും. അതിൽ ആരും കുണ്ഠിതപ്പെടരുത്! തങ്ങൾ വിശ്വാസമർപ്പിച്ച രാഷ്ട്രീയപ്പാർട്ടികൾ ചെയ്തതെല്ലാം ശരിയായിരുന്നില്ല എന്ന തിരിച്ചറിവും തുറന്നു പറച്ചിലും ഉണ്ടാകുന്നത് അതുകൊണ്ടാണ്. അത്തരം തുറന്നു പറച്ചിലുകൾ ഫലപ്രദമാകണമെങ്കിൽ, പക്ഷേ രാഷ്ട്രീയ സത്യസന്ധതയും ആത്മാർത്ഥതയും വേണം!
സമൂഹത്തിൽ, ഇത്തരം ചില അപ്രിയ സത്യങ്ങളുടെ തുറന്നു പറച്ചിലുകൾ നടത്താൻ ക്രൈസ്തവ സമൂഹം നിർബന്ധിതമായതു 2010 ജൂലൈ 4നു ശേഷമാണ്! എന്നാൽ അങ്ങനെയല്ല, ക്രൈസ്തവർ ‘ക്രിസംഘികൾ’ ആയതുകൊണ്ടാണ് പൊളിറ്റിക്കൽ ഇസ്ലാമിനെതിരേ സംസാരിക്കുന്നത്, എന്ന ഒരു ‘പൊതുബോധം’ വിറ്റു ചിലർ കേരളത്തിൽ കുറേക്കാലം ഉപജീവനം നടത്തിയിരുന്നു!
എന്നാലിപ്പോൾ, രാഷ്ട്രീയ പാർട്ടികൾ വർഗ്ഗീയ പ്രീണനത്തിനും ജനങ്ങളെ പൊറുതിമുട്ടിക്കുന്ന നിയമ നിർമ്മാണങ്ങൾക്കും മുൻകൈയ്യെടുത്തതിന്റെ ചരിത്രം മൂടിവയ്ക്കാൻ കഴിയാത്തവിധം പുറത്തു വന്നുകൊണ്ടിരിയ്ക്കുന്നു! മുനമ്പം ഒരു പ്രതീകവും ചൂണ്ടുപലകയുമായി ജനങ്ങൾക്കു മുൻപിൽ നിൽക്കുകയാണ്! മിണ്ടാതിരിക്കുക എന്നത് ഒരു ഓപ്‌ഷനല്ലാതായിരിക്കുന്നു!
സത്യം മൂടിവയ്ക്കപ്പെടാനുള്ളതല്ല, ഭൂമിയുടെ അതിർത്തികളോളം പ്രഘോഷിക്കപ്പെടാനുള്ളതാണ് എന്നതിന്റെ പേരാണ് ‘സുവിശേഷം!’ ഒരു കല്ലറയിലും അതിനെ അധികനാൾ പൂട്ടി വയ്ക്കാൻ കഴിയില്ല എന്ന ബോധ്യം സത്യം അന്വേഷിക്കാനും പറയാനും ഒരു ക്രൈസ്തവ വിശ്വാസിയെ പ്രേരിപ്പിച്ചുകൊണ്ടിരിയ്ക്കും!
തൊടുപുഴയിൽ വെട്ടിയെറിഞ്ഞ ഒരധ്യാപകന്റെ കൈപ്പത്തി മലയാളിയുടെ മനസ്സാക്ഷിയിലേക്ക് കോരിയിട്ട തീ, ഇന്നും അവിടെത്തന്നെയുണ്ട്! പകരം രണ്ടുപേരുടെ കൈവെട്ടി അപഹാസ്യരാകാൻ ഇറങ്ങാത്തിടത്തോളം, അത്തരം അതിക്രമങ്ങളെ പ്രശ്നവൽക്കരിച്ചും വ്യാഖ്യാനിച്ചു പഠിച്ചുമാണ് മലയാളികൾ, പ്രത്യേകിച്ചു ക്രിസ്ത്യാനികൾ അവരുടെ പൊതു ബോധം വളർത്തിയെടുക്കുന്നത്!
കേരളത്തിന്റെ നിയമ സഭയിൽ, മുനമ്പത്തെ 610 കുടുംബങ്ങളുടെ ജീവിതങ്ങളെ 140 ജന പ്രതിനിധികൾ വെട്ടിയെറിഞ്ഞു കളഞ്ഞത്, ഇനിയങ്ങോട്ടുള്ള രാഷ്ട്രീയ കേരളത്തിന്റെ മനസ്സാക്ഷിയിലെ തീക്കനലായിരിക്കും!
‘വഖഫ് നിയമം’ അഖിലേന്ത്യാ തലത്തിൽ ചർച്ചയാകുമ്പോൾ,
ഇന്ത്യയിലെ സാധാരണ ജനങ്ങളുടേയും, പൗരാവകാശങ്ങളുടെയും
രാജ്യത്തിന്റെ പൈതൃകങ്ങളുടേയുംമേൽ, വഖഫ് നിയമ പരിഷ്കരണങ്ങളിലൂടെ, അന്നത്തെ സർക്കാരുകൾ നടത്തിയ കടന്നുകയറ്റവും വിലയിരുത്തപ്പെടും!
ഇത്തരം യഥാർത്ഥ്യങ്ങളെ രാഷ്ട്രീയ മുട്ടാപ്പോക്കുകളിലൂടെ അതിജീവിക്കാനാവില്ല! തിരുത്തൽ വരുത്തി പരിഹാരം ചെയ്യാൻ മുന്നിട്ടിറങ്ങാനുള്ള സത്യസന്ധതയാണു വേണ്ടത്. പകരം, “ഭേദഗതി പാടില്ല” എന്നു പ്രമേയം പാസ്സാക്കി സ്വയം പരിഹാസ്യരാകുന്നവർക്കുമുഖം രക്ഷിക്കാൻ പ്രയാസമാണ്!
ഫാ വർഗീസ് വള്ളിക്കാട്ട്