ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മാത്രം കേരളത്തിൽ പഠിക്കുന്ന ആകെ കുട്ടികൾ 37 ലക്ഷത്തിലധികം വരും. അതിൽ പത്തുശതമാനം കുട്ടികളാണ് അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നത്. ബാക്കിയുള്ള കുട്ടികളിൽ പതിനൊന്ന് ലക്ഷത്തോളം സർക്കാർ സ്‌കൂളുകളിലും അതിന്റെ ഇരട്ടി കുട്ടികൾ, അതായത് 22 ലക്ഷത്തോളം കുട്ടികൾ എയ്ഡഡ് സ്‌കൂളുകളിലുമാണ് പഠിക്കുന്നത്.

22 ലക്ഷം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്കും അനുബന്ധ സ്റ്റാഫിനും സർക്കാർ ശമ്പളം കൊടുത്തുവരുന്നു. 7200ലേറെ സ്‌കൂളുകളിലായി ഒരു ലക്ഷത്തിനടുത്ത് അധ്യാപകർക്കാണ് കേരള സർക്കാർ ശമ്പളം കൊടുക്കുന്നത്. അനധ്യാപകർ വേറെയും. ഇത്തരത്തിൽ പ്രതിമാസം അഞ്ഞൂറ് കോടിയോളം രൂപ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിക്കപ്പെടുന്നു. ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്ത് ഇങ്ങനെ പണം ചെലവഴിക്കുമ്പോൾ പോസ്റ്റിങ് നടത്തേണ്ടതും സർക്കാറല്ലേ എന്നാണ് കുറേപ്പേരുടെ ചോദ്യം. ചോദ്യം ന്യായമാണ്. എന്നാൽ ഇതുകൂടി ചിന്തിക്കണം… സ്‌കൂൾ കെട്ടിടം, അനുബന്ധ സൗകര്യങ്ങൾ, സ്ഥലം തുടങ്ങിയവയെല്ലാം മാനേജ്‌മെന്റുകളുടെ പരിപൂർണ്ണ ഉത്തരവാദിത്തമാണ്.

പലരീതിയിലും പിന്തുണനൽകാൻ സർക്കാരിന് കഴിയുമെങ്കിലും പ്രായോഗിക തലത്തിൽ മറ്റു യാതൊരുവിധ സാമ്പത്തിക സഹായങ്ങളും മിക്കവാറും സ്‌കൂളുകൾക്കും കിട്ടാറില്ല. കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ, ആധുനികവൽക്കരണം നടത്താൻ, ലാബുകളും കോർട്ടുകളും പണിയാൻ ഇതിനൊക്കെയുള്ള വലിയ മുതൽമുടക്ക് മാനേജ്‌മെന്റുകളുടെ മാത്രം ചുമതലയാണ്. മറ്റു വരുമാനങ്ങളിൽനിന്ന് ഇതിനാവശ്യമുള്ള പണം കണ്ടെത്തുന്ന മാനേജ്‌മെന്റുകൾ പലതുണ്ട് എന്നാൽ പലർക്കും അതിന് കഴിയണമെന്നില്ല. പരിമിതമായെങ്കിലും ഫണ്ട് കണ്ടെത്താൻ കഴിയുന്നത് ജോലി ഒഴിവുകൾ വരുമ്പോൾ ഡൊണേഷൻ വാങ്ങുന്നതിലൂടെയാണ്. “കാശുള്ളവർക്ക് ജോലി” എന്ന എന്ന വിമർശനത്തെ പൂർണ്ണമായി തള്ളുന്നില്ല, എന്നാൽ കഴിവില്ലാത്തവരെയല്ല ഒരു വിദ്യാലയവും മാനേജ്‌മെന്റും നിയമിക്കുക. കൂടുതൽ കാശ് തരുന്നവർക്ക് ജോലി എന്ന നയവുമില്ല. ചില പോളിസികൾക്കനുസരിച്ചും സുതാര്യമായുമാണ് നിയമനങ്ങൾ നടക്കുക.

നല്ലൊരുശതമാനം എയ്ഡഡ് സ്‌കൂളുകൾ കേരളത്തിൽ നടത്തിവരുന്നത് കത്തോലിക്കാ സഭയും മറ്റ് ക്രൈസ്തവ സഭകളുമാണ് (അതിനാലാണ് എയ്ഡഡ് വിദ്യാഭ്യാസമേഖല ഇത്രമാത്രം കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വരുന്നതും). വിലപിടിപ്പും കച്ചവട സാധ്യതകളുമുള്ള പതിനായിരക്കണക്കിന് ഏക്കറുകൾ സ്ഥലവും, കണക്കില്ലാത്ത പണവും പൊതുവിദ്യാഭ്യാസത്തിനും സാമൂഹിക സേവനത്തിനും മാറ്റിവയ്ക്കാൻ ക്രൈസ്തവർക്ക് ഇന്നോളം ഒരുമടിയും ഉണ്ടായിട്ടില്ല. മതബോധനത്തിന് വലിയ പ്രാമുഖ്യം നൽകുന്നുണ്ടായിട്ടും, അതിനുവേണ്ടി വിരലിലെണ്ണാവുന്നതിൽ കൂടുതൽ കെട്ടിടങ്ങളോ സൗകര്യങ്ങളോ കത്തോലിക്കാ സമൂഹം കേരളത്തിൽ ഇന്നോളം പണിതിട്ടില്ല. ക്രൈസ്തവ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മറ്റുള്ളവർക്ക് വേലികളും പ്രത്യേക നിയമങ്ങളും ഇന്നോളമില്ല. ക്രൈസ്തവ മാനേജ്‌മെന്റുകളുടെ വിദ്യാലയങ്ങളിൽ പഠിച്ചിറങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം വരുന്ന അന്യ മതസ്ഥരും സ്നേഹത്തോടെയും ബഹുമാനത്തോടെയുമല്ലാതെ തങ്ങൾ പഠിച്ച വിദ്യാലയങ്ങളെക്കുറിച്ചും പഠിപ്പിച്ച അധ്യാപകരെക്കുറിച്ചും പറഞ്ഞുകേട്ടിട്ടില്ല. അത്തരം വിദ്യാലയങ്ങളിൽ കഴിവതും തങ്ങളുടെ കുട്ടികളെ വിടാൻ ആഗ്രഹിക്കുന്നവരാണ് ഇന്നും അക്രൈസ്തവരായ ഭൂരിപക്ഷം മാതാപിതാക്കളും. ക്രൈസ്തവ മാനേജ്‌മെന്റുകൾ നടത്തുന്ന വിദ്യാലയങ്ങളിൽ കാത്തുസൂക്ഷിക്കപ്പെടുന്ന മികച്ച സംസ്കാരവും, മൂല്യങ്ങൾക്ക് പ്രഥമ സ്ഥാനം കൊടുക്കുന്ന രീതിയും മാത്രമല്ല, മാനേജ്‌മെന്റുകൾ കഴിവുറ്റവരും മികച്ചവരുമായ നല്ല വ്യക്തിത്വങ്ങളെ അധ്യാപകരും അനധ്യാപകരുമായി തിരഞ്ഞെടുക്കുന്നതും അത്തരം സ്‌കൂളുകളുടെ മാറ്റ് കൂട്ടുന്നു. മെറിറ്റ് മാത്രം നോക്കിയല്ല കത്തോലിക്കാ മാനേജ്‌മെന്റുകളും കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസികളും അധ്യാപകരെ നിയമിക്കുന്നത്. അവരുടെ വ്യക്തിത്വവും മറ്റു ക്വാളിറ്റികളും കൂടി പരിഗണിച്ചുതന്നെയാണ്. അക്കാരണങ്ങളാലാണ് എയ്ഡഡ് സ്‌കൂളുകളെ കേരളജനത എന്നും സ്നേഹിച്ചിട്ടുള്ളത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, വിദ്യാഭ്യാസം എന്ന വലിയ ഉത്തരവാദിത്തം പൂർണ്ണമായി സർക്കാർ ഏറ്റെടുക്കുന്നെങ്കിൽ അത് നല്ലതുതന്നെയാണ്. അതിനായി ഇപ്പോൾ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന 22 ലക്ഷം വിദ്യാർത്ഥികൾക്കും അഞ്ചുലക്ഷത്തോളം ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം. ഏകദേശം ഒന്ന് കണക്കുകൂട്ടി നോക്കാം. ഹയർ സെക്കണ്ടറി ഉൾപ്പെടെ 8000 ത്തിലേറെ എയ്ഡഡ് സ്‌കൂളുകളാണ് ഇന്ന് കേരളത്തിലുള്ളത്. ഏകദേശം 50000 ഏക്കർ സ്ഥലം ഇതിനായി ഉപയോഗിക്കപ്പെടുന്നു. കൃത്യമായി കണക്കാക്കുക എളുപ്പമല്ലെങ്കിലും അത്രയും സ്ഥലം ഇക്കാലത്ത് ഏറ്റെടുക്കണമെങ്കിൽ ഒരു ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് കരുതാം. അറുപത്തിനായിരത്തിൽ കുറയാത്ത ക്‌ളാസ് റൂമുകൾ, ലാബുകൾ, കോർട്ടുകൾ, വാഹനങ്ങൾ മറ്റു സംവിധാനങ്ങൾ… വലിയ തുക അതിനായും കണ്ടെത്തേണ്ടതായി വരും, കൂടാതെ 200 – 300 കോടിയിൽ ഒതുങ്ങി നിൽക്കുന്ന ബഡ്ജറ്റിലെ വിദ്യാഭ്യാസത്തിനായുള്ള വകയിരുത്തൽ ഗണ്യമായി വർധിപ്പിക്കേണ്ടതായും വരും.

ആറായിരം കോടിയുടെ കൊച്ചി മെട്രോയ്ക്കും, 60000 കോടിയുടെ സിൽവർ ലൈനിനും ശേഷം, രണ്ടോ മൂന്നോ ലക്ഷം കോടി മുടക്കിയുള്ള പുതിയൊരു പദ്ധതി ഇത്തരത്തിൽ നടപ്പായേക്കുമെന്ന് പ്രതീക്ഷിക്കാം… അപ്പോൾപിന്നെ എങ്ങനെയാ, എയ്ഡഡ് സ്‌കൂളുകൾ പൂട്ടിക്കുകയല്ലേ?

– the Vigilant Catholic

നിങ്ങൾ വിട്ടുപോയത്