കാക്കനാട്: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് നിർബന്ധ ബുദ്ധിയോടെ വാശിപിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം). തീരദേശ മേഖലകളിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും ജൈവസമ്പന്നമായ കടൽ മേഖലകളിലൊന്നായ വിഴിഞ്ഞം വികസന പദ്ധതികളുടെ പേരിൽ ഇല്ലായ്മ ചെയ്യരുതെന്നും എസ്. എം. വൈ. എം ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് ഒരു ജനത മുഴുവൻ സമരമുഖത്ത് അണിനിരക്കുമ്പോൾ ഇത്തരത്തിലുള്ള ജനകീയ സമരത്തെ ഇടത് സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്നും അഭിപ്രായപ്പെട്ടു. മനഃപൂർവ്വമായ മാനവികതയുടെ ലംഘനമാണ് വിഴിഞ്ഞത്തെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും നേരിടുന്നതെന്നും ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമരത്തിലൂടെ പ്രകടിപ്പിക്കുന്ന വിയോജിപ്പുകളെ അടിച്ചമർത്തുന്ന സർക്കാർ രീതി സാധാരണ ജനങ്ങളിൽ ഭീതി ഉളവാക്കുന്നതെന്നും ഗ്ലോബൽ സമിതി അഭിപ്രായപ്പെട്ടു.
പ്രതിഷേധയോഗം എസ്. എം. വൈ. എം ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര ഉദ്ഘാടനം ചെയ്തു. എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അരുൺ ഡേവിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ ആനിമേറ്റർ സി. ജിൻസി ചാക്കോ എം.എസ്.എം.ഐ, ജനറൽ സെക്രട്ടറി വിപിൻ പോൾ, സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ രൂപതകളിൽ നിന്നുള്ള എസ്.എം.വൈ.എം ഡയറക്ടേഴ്സ് പ്രതിഷേധ യോഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജീവൻ-മരണ പോരാട്ടത്തെ അസഹിഷ്ണുതയോടെ നേരിടുന്ന സർക്കാർ നടപടികൾ വേദനയുളവാക്കുന്നതാണെന്ന അഭിപ്രായം എസ്.എം.വൈ.എം രേഖപ്പെടുത്തി.