“ഫ്രാന്‍സിസ് മാര്‍പാപ്പാ വ്യത്യസ്തനാണെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്, എന്നാല്‍ താന്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞിരിക്കുന്നു” ബ്രിട്ടീഷ് ദിനപത്രമായ “ഇന്‍ഡിപെന്‍ഡന്റ്”-ൽ മാര്‍ച്ച് 16ന് കാര്‍ളി പിയേര്‍സണ്‍ എന്ന കോളമിസ്റ്റ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. ലേഖനത്തിന്റെ ആരംഭത്തില്‍ വളരെ മുഴുപ്പില്‍ കൊടുത്തിരിക്കുന്ന വാചകം ഇങ്ങനെയാണ് “കത്തോലിക്കാ സഭയ്ക്ക് വളരെ റിക്കാര്‍ഡ് നിരക്കിലാണ് അംഗങ്ങളെ നഷ്ടപ്പെടുന്നത്. സ്വവര്‍ഗ്ഗരതിക്കാരുടെ വിവാഹം ആശീർവദിക്കില്ല പ്രഖ്യാപിക്കുമ്പോള്‍, മാര്‍പാപ്പായും തന്റെ കൂട്ടാളികളും പ്രതീക്ഷിക്കുന്നതിലും മോശമായ നീക്കമായേക്കാം അത്”.
സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളുടെ വിവാഹത്തെ ആശീര്‍വദിക്കാന്‍ കത്തോലിക്കാ പുരോഹിതന് കഴിയുമോ എന്ന ചോദ്യത്തിന് മാര്‍പാപ്പായുടെ അംഗീകാരത്തോടെ വിശ്വാസതിരുസംഘം (Congregation for the Doctrine of the Faith) പ്രസിദ്ധീകരിച്ചിരിക്കുന്ന ഡിക്രിയിലാണ് “സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ സാധുവല്ല” എന്നു സഭ തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്. “സ്വവര്‍ഗ്ഗാനുരാഗികളോടു സഭ പ്രകടിപ്പിക്കേണ്ട സ്നേഹവും ബഹുമാനവും നിലനിര്‍ത്തണം, എന്നാല്‍ അവരുടെ വിവാഹത്തെ ആശീര്‍വദിക്കാന്‍ കഴിയില്ല. ദൈവം പാപിയെ അനുഗ്രഹിക്കുന്നു, അതിലൂടെ താന്‍ ദൈവത്തിന്റെ സ്നേഹത്തിലും പദ്ധതിയിലും പങ്കാളിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്റെ പാപപ്രകൃതത്തില്‍നിന്ന് മാറുവാന്‍ അവന് സാധിക്കുന്നു; എന്നാല്‍ ദൈവം പാപത്തെയല്ല അനുഗ്രഹിക്കുന്നില്ല” –ഡിക്രി സഭാ നിലപാട് വ്യക്തമാക്കുന്നു.
സ്വവര്‍ഗ്ഗരതിക്കാരുടെ വിവാഹം ആശീര്‍വദിക്കാന്‍ കഴിയില്ലെന്ന വത്തിക്കാന്‍ നിലപാടിനോടുള്ള ഒരു പ്രതികരണം മാത്രമാണ് ”ഇന്‍ഡിപെന്‍ഡൻ്റ്” -ല്‍ നിന്നും ഉദ്ധരിച്ചത്. ഇപ്രകാരം എത്രയോ കൂലിയെഴുത്തുകാരാണ് തങ്ങളുടെ പ്രതിഷേധം ഇതിനോടകം എഴുതിത്തീര്‍ത്തിരിക്കുന്നത്!
സ്വവര്‍ഗ്ഗഭോഗികളെ ഉള്‍ക്കൊണ്ടില്ലെങ്കില്‍ കത്തോലിക്കാ സഭയുടെ മാര്‍ക്കറ്റ് ഇടിയുമെന്നും ക്രമേണ ഈ പാപത്തിന് എതിരേ നില്ക്കുന്ന ക്രൈസ്തവസഭകള്‍ എല്ലാം തകര്‍ന്ന് ഇല്ലാതാകുമെന്നുമാണ് പുരോഗമനവാദികള്‍ വിശ്വസിക്കുന്നത്. ഒരു ധാര്‍മികവിഷയത്തില്‍, ബൈബിളിന്റെയും സഭാ പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ ശക്തമായ നിലപാട് എടുത്തതിന്റെ പേരില്‍ സഭ തകരില്ല എന്ന യാഥാര്‍ത്ഥ്യം അറിയാത്തവരാണ് ഇങ്ങനെ പ്രതികരിക്കുന്നത്. എന്നാല്‍ സ്വവർഗ്ഗ വിവാഹം തുടങ്ങിയ വിഷയങ്ങളെ ലാഘവത്തോടെ കണ്ട ചില ക്രൈസ്തവസഭകള്‍ ഈ നൂറ്റാണ്ടിന്റെ ഒടുവിലോടെ ചരിത്രവിസ്മൃതിയിലേക്ക് മറയും എന്നതാണ് ഇന്നത്തെ അവസ്ഥ. പ്രമുഖ പ്രൊട്ടസ്റ്റന്റ് സഭകളായ ആംഗ്ലിക്കന്‍ കമ്യൂണിയന്‍, ലൂഥറന്‍സ് തുടങ്ങിയവര്‍ സ്വവര്‍ഗ്ഗവിവാഹം, സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതരുടെയും ബിഷപ്പുമാരുടെയും അംഗീകാരം എന്നീ വിഷയങ്ങളില്‍ ഇരുവള്ളങ്ങളിലും കാലുവച്ചാണ് നില്‍ക്കുന്നത്. ഇവരോടൊപ്പം കത്തോലിക്കാ, ഓര്‍ത്തഡോക്സ് സഭകളെയും ചേര്‍ത്തുവയ്ക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഏതാനും വര്‍ഷങ്ങളായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനിടയിലാണ് കത്തോലിക്കാ സഭ ഈ വിഷയത്തില്‍ ശക്തമായ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ പോപ്പ് ഫ്രാന്‍സിസ് പതിനാറാമന്‍ LGBTകളോടു കൂടുതല്‍ ഉദാരമായ സമീപനമായിരുന്നു കൈക്കൊണ്ടിരുന്നതെന്നും “അവരെ (സ്വവര്‍ഗ്ഗാനുരാഗകളെ) വിധിക്കാന്‍ താന്‍ ആർ? ” എന്ന ചോദ്യത്തിലൂടെ അദ്ദേഹം ഈ വിഷയത്തിലുള്ള തന്റെ അനുകൂല നിലപാട് കൂടുതല്‍ വ്യക്തമാക്കുകയായിരുന്നു എന്നും പലരും വ്യാഖ്യാനിച്ചു. എന്നാല്‍ മാര്‍ച്ച് 14ന് പാപ്പായുടെ അംഗീകാരത്തോടെ പുറപ്പെടുവിച്ച ഡിക്രിയിലൂടെ അദ്ദേഹം തന്റെ നിലപാടും കത്തോലിക്കാ സഭയുടെ പാരമ്പര്യ നിലപാടും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാണ് ആഗോള മാധ്യമകൂലിയെഴുത്തുകാരെയും പുരോഗമനവാദികളെയും സഭാവിമര്‍ശകരെയും ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.
വിവാഹം, സ്നേഹം, ലൈംഗികത, ഗര്‍ഭഛിദ്രം, ധാര്‍മികവിഷയങ്ങള്‍ എന്നിങ്ങനെ മനുഷ്യസമൂഹങ്ങള്‍ എന്നും ചര്‍ച്ച ചെയ്തിട്ടുള്ള അടിസ്ഥാന വിഷയങ്ങളില്‍ ദൈവവചനം പരിപാവനമായ നിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രസ്തുത വിഷയങ്ങളില്‍ മാനുഷിക കാഴ്ചപ്പാടുകൾ കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് മാറിവരിക സ്വാഭാവികമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു സാര്‍വ്വലൗകിക നിലപാടാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. ക്രൈസ്തവസഭ മനുഷ്യചരിത്രത്തില്‍ രംഗപ്രവേശം ചെയ്തതുമുതല് പിന്‍പറ്റുന്ന ഈ നിലപാടുകളില്‍ നിന്നും വ്യതിചലിച്ചുള്ള യാതൊരു വ്യാഖ്യാനങ്ങളെയും സഭ അംഗീകരിക്കുന്നില്ല. കൂടാതെ, സാമൂഹിക പുരോഗതിയുടെ പേരില്‍ ദുര്‍വ്യാഖ്യാനങ്ങള്‍കൊണ്ട് വിവാഹത്തെയും ലൈംഗികതയെയും വക്രീകരിക്കുന്നവര്‍ക്കെതിരേയും സഭ എന്നും ജാഗ്രതപുലര്‍ത്തിയിട്ടുമുണ്ട്.
വിവാഹം സ്ത്രീയും പുരുഷനും തമ്മില്‍ ആയിരിക്കണമെന്നും അതിന്റെ ലക്ഷ്യം സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍ എന്ന കല്പ്പനയുടെ നിറവേറല്‍ ആണെന്നും ബൈബിള്‍ പഠിപ്പിക്കുന്നു, സഭ അത് വിശ്വസിക്കുകയും രണ്ട് സഹസ്രാബ്ദങ്ങളായി ഏറ്റുപറയുകയം ചെയ്യുന്നു. ഈ ലക്ഷ്യത്തോടെയാണ് ദൈവം മനുഷ്യരെ അനുഗ്രഹിച്ചുത് എന്നു ഉല്‍പ്പത്തി 1:27 വ്യക്തമാക്കുന്നു. ഇതിനു വിരുദ്ധമായുള്ള എല്ലാ വിവാഹബന്ധങ്ങളെയും ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ നിരാകരിക്കുവാനുള്ള അധികാരം സഭയ്ക്കുണ്ട്. ഈ അധികാരമാണ് ഇവിടെ വിശ്വാസതിരുസംഘം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ഉടമ്പടിയാണ് വിവാഹമെന്നും സ്വവര്‍ഗ്ഗവിവാഹത്തെ ബൈബിള്‍ അംഗീകരിക്കുന്നില്ല എന്നതും ക്രൈസ്തവചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന അടിസ്ഥാനബോധ്യങ്ങളാണ്.
“സ്ത്രീയും പുരുഷനും സൃഷ്ടാവിന്റെ കരത്തില്‍നിന്നു വന്നതുപോലെ അവരുടെ മാനുഷികപ്രകൃതിയില്‍തന്നെ ആലേഖിതമാണ് വിവാഹത്തിനുള്ള വിളി. നൂറ്റാണ്ടുകളിലൂടെ വിവിധ സംസ്കാരങ്ങളിലും സാമൂഹിക സംവിധാനങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും പല മാറ്റങ്ങള്‍ക്കും ലോകം വിധേയമായിട്ടുണ്ടെങ്കിലും വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല. ഈ വൈവിധ്യങ്ങള്‍ വിവാഹത്തിന്റെ പൊതുവും ശാശ്വതവുമായ സവിശേഷതകള്‍ വിസ്മരിക്കാന്‍ കാരണമാകരുത് ” വിവാഹത്തോടുള്ള സഭയുടെ പ്രബോധനം ”കത്തോലിക്കാ മതബോധനം” (CCC 1602) വ്യക്തമാക്കുന്നു.
“പുരുഷന് മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും” (ഉല്‍പ്പത്തി 2:24) എന്ന ഏദെനിലെ പ്രഖ്യാപനത്തെ യേശുക്രിസ്തു ഉദ്ധരിച്ചുകൊണ്ട് പുതിയ നിയമത്തിൽ ഉറപ്പിക്കുന്നതായി മത്തായി 19:5ല്‍ കാണാം. “സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന് പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും” ഇതേകാര്യം എഫേസ്യന്‍ കത്തില്‍ പൗലോസ് സഭയെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. “ഇക്കാരണത്താല്‍ പുരുഷന് പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ് ” (5:31-32). പഴയനിയമത്തിലും പുതിയനിയമത്തിലും ഒരേപോലെ വ്യക്തമാക്കുന്നതാണ് വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലാണെന്ന മഹത്തായ യാഥാര്‍ത്ഥ്യം. ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ ആശീര്‍വദിക്കേണ്ടതും പ്രോത്സാഹിപ്പക്കേണ്ടതും സഭയുടെ ഉത്തരവാദിത്വമാണ്.
വിവാഹത്തെക്കുറിച്ചുള്ള ആദിമസഭയുടെ ബോധ്യം എന്തായിരുന്നുവെന്ന് രണ്ടാം നൂറ്റാണ്ടിലെ സഭാപിതാവായിരുന്ന തെര്‍ത്തുല്യന്റെ ഒരു പ്രസ്താവനയില്‍ കാണാം. വിവാഹത്തിലൂടെ ഒന്നായ പുരുഷനെയും സ്ത്രീയെയും “സഭ സംയോജിപ്പിക്കുകയും സമര്‍പ്പണത്താല്‍ ശക്തിപ്പെടുത്തുകയും ആശീര്‍വാദത്താല്‍ മുദ്രിതമാക്കുകയും മാലാഖമാര്‍ പ്രഘോഷിക്കുകയും പിതാവിനാല്‍ ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിന്റെ ആനന്ദം ഞാന്‍ എങ്ങനെ വിവരിക്കും?” സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന്റെ പരിപാവനതയാണ് ആദിമസസഭയുടെ പ്രതിനിധി എന്ന നിലയില്‍ തെര്‍ത്തുല്യന്റെ വാക്കുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. പഴയനിയമം പ്രഖ്യാപിച്ചതും യേശുക്രിസ്തു പഠിപ്പിച്ചതും അപ്പൊസ്തൊലന്മാര് പ്രസംഗിച്ചതും ആദിമസഭ വിശ്വസിച്ചതുമായ കുടുംബം, വിവാഹം എന്ന ദൈവ വ്യവസ്ഥിതിയുടെ വ്യക്തതയാണ് ഇവിടെയെല്ലാം പ്രകടമാകുന്നത്.
ദൈവികപദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പുരുഷനും സ്ത്രീയും, തങ്ങള്‍ ആയിരിക്കുന്ന വ്യക്തിത്വം എത്രമേൽ മഹത്തരമാണെന്ന് മതബോധനഗ്രന്ഥത്തില്‍ വിവരിക്കുന്നത് കാണുക. “പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടവരാണ്. അതായത് അവര്‍ ദൈവനിശ്ചിതരാണ്. ഒരുഭാഗത്ത് മനുഷ്യവ്യക്തികള്‍ എന്ന നിലയ്ക്ക് അവര്‍ പൂര്‍ണ്ണസമത്വം ഉള്ളവര്‍ ആകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്മകളില് അവര്‍ പുരുഷനും സ്ത്രീയും ആകുന്നു. പുരുഷന് ആയിരിക്കുന്നതും സ്ത്രീ ആയിരിക്കുന്നതും നല്ലതും ദൈവനിശ്ചിതവും ആകുന്നു. പുരുഷനും സ്ത്രീയും എടുത്തുമാറ്റാനാകാത്ത മാഹാത്മ്യത്തിന്റെ ഉടമകളാണ്. ഈ മാഹാത്മ്യം സൃഷ്ടാവായ ദൈവത്തില്‍നിന്നു അവര്‍ക്ക് നേരിട്ട് ലഭിക്കുന്നതാണ്. പുരുഷനും സ്ത്രീയും ദൈവഛായയില്‍ ഒരേ മാഹാത്മ്യമുള്ളവരാണ്. അവരുടെ, “പുരുഷന് ആയിരിക്കലും” “സ്ത്രീ ആയിരിക്കലും” സൃഷ്ടാവിന്റെ നന്മയെ പ്രതിഫലിപ്പിക്കുന്നു (369)
സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം കാലഹരണപ്പെട്ട ആശയമാണെന്നും പുരോഗമനചിന്താഗതിയുടെ ഭാഗമായി രണ്ട് പുരുഷന്മാര് തമ്മിലും രണ്ട് സ്ത്രീകള്‍ തമ്മിലും വിവാഹം കഴിക്കാമെന്നുമുള്ള നിലപാടാണ് പല രാജ്യങ്ങളും ഇന്നു വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ സ്വവര്‍ഗ്ഗത്തോടു വച്ചുപുലര്‍ത്തുന്ന ഈ താല്പര്യം ക്രിസ്തുവിനു മുമ്പ് ഗ്രീസിലും ഏഥെന്‍സിലുമെല്ലാം സര്‍വ്വസാധാരണമായിരുന്നു. മനുഷ്യന് കണ്ടെത്താന്‍ കഴിയുന്ന പൗരാണിക സംസ്കാരങ്ങൾ പലതിലും സ്വവര്‍ഗ്ഗരതിയോടുള്ള അഭിനിവേശവും അതിനെ ന്യായീകരിക്കുന്ന പരമാര്‍ശങ്ങളും കാണാം. മനുഷ്യനില്‍ നിര്‍ലീനമായിരിക്കുന്ന പാപപ്രകൃതമാണ് ഇതിന് അടിസ്ഥാന കാരണമായി ദൈവവചനം വ്യക്തമാക്കുന്നത്. ആദിമാതാപിതാക്കളുടെ ലംഘനത്തിന്റെ ഫലമായി ഉത്ഭവവിശുദ്ധിയും നീതിബോധവും നഷ്ടമായ മനുഷ്യന് കൈമാറിക്കിട്ടിയ പാപംനിറഞ്ഞ ആസക്തിയാണ് സ്വവര്‍ഗ്ഗഭോഗം പോലെയുള്ള ലൈംഗിക മ്ലേഛതകള് മനുഷ്യനില്‍ പ്രവേശിക്കാന്‍ കാരണമാകുന്നത് എന്നു മനസ്സിലാക്കാം.
ക്രൈസ്തവനായ ഒരു വ്യക്തി സ്വവര്‍ഗ്ഗ താല്പര്യം പ്രകടിപ്പിക്കുമ്പോള്‍ അതിനെതിരേ വ്യക്തിയുടെ വീട്ടുകാരുടെയോ ചര്‍ച്ചിന്റെയോ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ വിധ conversion therapy-കളും (പ്രാര്‍ത്ഥന, കൗണ്‍സിലിംഗ്, മരുന്നു നല്‍കിയുളള ചികിത്സ) നിയമംകൊണ്ടു നിരോധിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ സജീവമാണ്. വേനല്‍കാലത്തോടെ “കണ്‍വേര്‍ഷന്‍ തെറാപ്പി” നിരോധിക്കുന്ന നിയമങ്ങള്‍ രൂപപ്പെടും എന്നാണ് കണക്കാക്കുന്നത്. ഇത് യുണൈറ്റഡ് കിംഗ്ഡത്തിലുള്ള എല്ലാ സഭകള്‍ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്താന്‍ പോകുന്നത്. സ്വവര്‍ഗ്ഗ ലൈംഗികതാല്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള പ്രാര്‍ത്ഥനയോ കൗണ്സിലിംഗോ നല്‍കിയതായി ആരെങ്കിലും പരാതിപ്പെട്ടാല്‍ അത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. ഇതിന് നേതൃത്വം നല്കിയ സഭാശുശ്രൂഷകന്‍ കോടതി നടപടികള്‍ നേരിടേണ്ടിവരികയും കുറ്റം തെളിഞ്ഞാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയും വരും. തങ്ങളുടെ വിശ്വാസം ചര്‍ച്ചിനുള്ളില്‍ പോലും പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇനി സംജാതമാകാന്‍ പോകുന്നത് എന്ന ആശങ്കയിലാണ് ഇപ്പോള്‍ ഇവിടെയുള്ള എല്ലാ ക്രൈസ്തവ സഭകളും.
എന്തുകൊണ്ട് ഇപ്പോള്‍ സ്വവര്‍ഗ്ഗരതി ലോകമാസകലം വ്യാപിക്കുന്നു? ഒരു വ്യക്തിക്ക് സ്വവര്‍ഗ്ഗത്തോടു തോന്നുന്നത് “ഒരു സ്വാഭാവിക താല്പര്യമാണ്” ഇതെന്നും ഇത് സ്വാഭാവികമായ “ജീവിതരീതി” (life style) യുടെ സ്വതന്ത്രമായ തെരഞ്ഞെടപ്പാണെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. പുതിയ ഒരു കാര്‍ ഏതെന്നു തെരഞ്ഞെടുക്കുന്നതുപോലെ ലൈംഗികതാല്പര്യവും ശാരീരികമായ ഒരു തെരഞ്ഞെടുപ്പു മാത്രമായിട്ടാണ് സ്വവർഗ്ഗഭോഗിത്തെ ഇന്ന് ശാസ്ത്രലോകം മനസിലാക്കിയിരിക്കുന്നത്.
ബൈബിള്‍ മുന്നോട്ടുവയ്ക്കുന്ന ധാര്‍മിക ബോധത്തെ നിഷേധിച്ചുകൊണ്ട് 1960 കാലഘട്ടം മുതല്‍ വിവാഹമോചനം, വിവാഹപൂര്‍വ്വ ലൈംഗികത, നിയമപരമായി വിവാഹിതരാകാതെ ഒന്നിച്ചു താമസിക്കല്‍, ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗവിവാഹം എന്നിങ്ങനെയുള്ള ആശയങ്ങള്‍ യൂറോപ്പിലെ യൂണിവേർസിറ്റികളിലും വിദ്യാസമ്പന്നരുടെ ഇടയിലും ക്രമാനുഗതമായി വികാസം പ്രാപിച്ചുകൊണ്ടിരുന്നു. ഇതോടെ, ”യൂണിവേഴ്സിറ്റികളുടെ റാണി” എന്നു വിളിച്ചിരുന്ന ബൈബിൾ, നൂറ്റാണ്ടുകളായി ഉയർത്തിപ്പിടിച്ച ക്രൈസ്തവധാര്‍മികത അപ്രത്യക്ഷമായിത്തുടങ്ങി. നഗരവല്‍ക്കരണം, സോഷ്യല്‍മീഡിയാ വിപ്ലവം മനുഷ്യാവകാശങ്ങള്‍ എന്ന പേരില്‍ ഈ ആശയങ്ങള്‍ സാധാരണക്കാരിലേക്കും വ്യാപിച്ചു. ഇതോടെ വിവാഹം, കുടുംബം, ലൈംഗികത എന്നിവയ്ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ രൂപപ്പെട്ടു. 2005 നു ശേഷമാണ് ഈ വിഷയത്തെ പരസ്യമായി പടിഞ്ഞാറൻ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും നിയമനിര്‍മാണങ്ങള്‍ നടത്താനും തുടങ്ങിയത്. ഇതോടെ സ്വവര്‍ഗ്ഗാനുരാഗം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇന്ന് അമേരിക്കന്‍ ജനതയുടെ നാല് ശതമാനത്തോളം LGBT ആണെന്നാണ് UCLA ലോ സ്കൂളിന്റെ “വില്യം ഇന്‍സ്റ്റിറ്റ്യൂട്ട്” പഠനത്തിൽ കണ്ടെത്തിയിട്ടുളളത്. ഇംഗ്ലണ്ടില്‍ മാത്രം 36 ലക്ഷം ഗേ/ലെസ്ബിയന്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ആകെ ജനസംഖ്യയുടെ 6 ശതമാനമാണ്!
LGBT -കളെ ഏതെങ്കിലും വിധത്തില്‍ അവഹേളിച്ചാല്‍, വിമര്‍ശിച്ചാല്‍ പാക്കിസ്ഥാന് മതനിന്ദയെ നേരിടുന്ന വിധത്തിലാണ് നിയമങ്ങള്‍ കർക്കശമായിരിക്കുന്നത്. ഈ പ്രതികൂല പരിത:സ്ഥിതിയിലും കത്തോലിക്കാ സഭയുടെ ശക്തമായ നിലപാട്, സ്വവർഗ്ഗ വിവാഹം എന്ന അക്രൈസ്തവ കാഴ്ചപ്പാടിനോടു വിയോജിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
മാത്യൂ ചെമ്പുകണ്ടത്തില്‍