ദിവസേന ശരാശരി മൂന്ന് ദേവാലയങ്ങള്‍ വീതം കൂദാശ ചെയ്തുകൊണ്ടാണ്, ക്രിസ്ത്യാനിറ്റിയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ കമ്യൂണിസ്റ്റ് വരട്ടുവാദത്തോട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ഇന്ന് പ്രതികാരം ചെയ്യുന്നത്. ക്രൈസ്തവ സഭയുടെ രണ്ടായിരം കൊല്ലത്തെ ചരിത്രത്തിൽ ഇത് അത്യന്തം അത്ഭുതാവഹമായ കാര്യമായി റഷ്യൻ സഭ കരുതുന്നത്.
ഒരു കാലത്ത് നിരീശ്വരവാദത്തിന്റെയും കമ്യൂണിസ്റ്റ് ഭൗതികവാദത്തിന്റെയും വിളനിലമായി അറിയപ്പെട്ട രാജ്യമായിരുന്നു റഷ്യയെങ്കിൽ ഇന്നത് തികഞ്ഞ ക്രൈസ്തവരാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഏറെ ശ്രദ്ധേയനും സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിലും ആദിമസഭാ ചരിത്രത്തിലും തത്വശാസ്ത്രത്തിലും അഗാധ പണ്ഡിതനായ ഹിലാരിയോന് അല്‍ഫെയാവ് മെത്രാപ്പോലീത്ത ഡിസംബർ 22നു റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദർശിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് സിറില്‍ ഓഫ് മോസ്കോയുടെ പ്രതിനിധിയായാണ് ക്രിസ്തുമസിനോട് അനുബന്ധിച്ച് ഹിലാരിയോന് മെത്രാപ്പോലീത്താ മാര്‍പ്പാപ്പായെ സന്ദര്‍ശിച്ചതും അദ്ദേഹത്തിന് ക്രിസ്തുമസ് സമ്മാനം കൈമാറിയതും.
ഇരു സഭകളും തമ്മിലുള്ള ഊഷ്മളബന്ധം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം റഷ്യ – യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താനും ഇരു സഭാതലവന്മാരുടെയും കൂടിക്കാഴ്ചകള്‍ ഉപകരിക്കും എന്നു കരുതുന്നു.
“റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് 35,000 ദേവാലയങ്ങളുണ്ട്. ദിവസേന മൂന്നു ദേവാലയങ്ങള്‍ എന്ന കണക്കില്‍ വര്‍ഷംതോറും ആയിരം ദേവാലയങ്ങള്‍ പുതുതായി നിർമ്മിക്കുന്നു. പുതുതായി 29,000 ദേവാലയങ്ങളാണ് കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചത്. വെറും മൂന്നു തിയോളജിക്കല്‍ സെമിനാരികള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അമ്പതിലേറെ സെമിനാരികളും അക്കാദമിക് സ്ഥാപനങ്ങളുമുണ്ട്” ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റഷ്യ സന്ദര്‍ശിക്കാനെത്തിയ ജസ്യൂട്ട് വിദ്യാര്‍ത്ഥികളോടു ഹിലാരിയോന് മെത്രാപ്പോലീത്ത പങ്കുവച്ച ഈ വിവരങ്ങള്‍ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
“ദിവസേന മൂന്നു പള്ളികള്‍ വീതം, ഒരാണ്ടില്‍ 1000 പള്ളികളാണ് ഇപ്പോള്‍ റഷ്യയില്‍ നിർമ്മിക്കുന്നത്. ചരിത്രത്തില്‍ (വ്ലാദിമിർ പുട്ടിൻ ഒഴികെ) ഒരു ഭരണാധികാരിയുടെ കാലത്തും ക്രൈസ്തവ വിശ്വാസത്തിന് ഇപ്രകാരമൊരു വളര്‍ച്ച ലോകത്ത് അനുഭവപ്പെട്ടിട്ടില്ല. വിശുദ്ധ കോണ്‍സ്റ്റന്റൈന്റെ കാലത്ത് ഇതുപോലൊരു വളര്‍ച്ച നടന്നതായി ചരിത്രത്തിലുണ്ട്. എന്നാല്‍ അതിനു വേണ്ട സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റാകള്‍ ലഭ്യമല്ല. എന്നാല്‍ ഇന്ന് നമുക്ക് വ്യക്തമായ രേഖകളുണ്ട്” ഹിലാരിയോന് മെത്രാപ്പോലീത്താ പറഞ്ഞു.
“1988 മുതല്‍ റഷ്യയിൽ മാമ്മോദീസ ആരംഭിച്ചു. ജനക്കൂട്ടങ്ങളാണ് ഇക്കാലത്ത് ഇവിടെ മാമ്മോദീസ സ്വീകരിക്കാനും ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമാകുവാനും മുന്നോട്ടു വന്നത്. ക്രിസ്തീയ വിശ്വാസത്തിന്റെ ശക്തിയെയാണ് ഇത് വിളിച്ചുപറയുന്നത്” “ക്രിസ്തുവിശ്വാസം മനുഷ്യജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിന് ഇന്ന് ഞങ്ങള്‍ സാക്ഷികളാണ്. ഈ കാലഘട്ടത്തില്‍ ക്രിസ്തുവിനും അവിടുത്തെ പഠിപ്പിക്കലുകള്‍ക്കും മനുഷ്യനു മേൽ എത്ര വലിയ സ്വാധീനമുണ്ട് എന്നതും നാം അറിയുന്നു”
70 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് നിരീശ്വരവാദ ഭരണത്തിന്റെ ഫലമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ഏറെ ശുഷ്കിച്ചുപോയിരുന്നു. എന്നാല്‍ 1991ലെ യു.എസ്.എസ്.ആറിന്റെ തകര്‍ച്ചയ്ക്കു ശേഷം റഷ്യന്‍ ജനത ക്രിസ്തുവിശ്വാസത്തിലേക്ക് മടങ്ങിവരികയായിരുന്നു. ജനസംഖ്യയിലെ 71% ശതമാനം പേരും പള്ളികളിലേക്ക് മടങ്ങിയെത്തിയതാണ് പുതിയ ദേവാലയങ്ങള്‍ നിര്‍മിക്കാന്‍ സഭയെ പ്രേരിപ്പിച്ചത്.
ടെലിവിഷനില്‍ ബൈബിള്‍ സന്ദേശങ്ങള്‍ നല്കുന്ന പുരോഹിതരും സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ തിരുനാള്‍ പ്രദക്ഷിണങ്ങളും പതിവുദൃശ്യങ്ങളാണ്. മോസ്കോയില്‍ കമ്യൂണിസ്റ്റ് ഭരണകാലത്ത് സ്ഥാപിതമായ “ഡാര്വിന് മ്യൂസിയ”ത്തില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചതായി “റിലിജിയന്‍ ആന്‍ഡ് പൊളിറ്റിക്സ്” മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിൻ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസിയും സഭയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്യുന്ന വ്യക്തിയുമാണ്. 2019ല്‍ 43.4 മില്യന്‍ ഡോളറാണ് (2.8 ബില്യണ്‍ റൂബിള്‍) പുടിന് ഭരണകൂടം പാത്രിയാര്‍ക്കിസ് സിറിലിന്റെ 6.1 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ നവീകരണത്തിനും മോഡിപിടിപ്പിക്കലിനുമായി ചെലവഴിച്ചതായി “മോസ്കോ ടൈംസ്” റിപ്പോര്‍ട്ട് ചെയ്തത്.
മാത്യൂ ചെമ്പുകണ്ടത്തിൽ