മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് പീടികപ്പാറയച്ചന്‍ (26/08/1941 – 28/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. തലശ്ശേരി അതിരൂപതയിലെ തോമാപുരം സെന്റ് തോമസ് ചര്‍ച്ച് ഇടവകാംഗമായ ജയിംസ് അച്ചന്‍ പരേതരായ തോമസ് – മറിയം ദന്പതികളുടെ മകനും ജോസഫ്, മാത്യു, സി. റോസ, മാമ്മച്ചന്‍, ദേവസ്യ എന്നിവരുടെ സഹോദരനുമാണ്. 1941 ഓഗസ്റ്റ് 26-ന് ഭൂജാതനായ ജെയിംസച്ചന്‍ തുടങ്ങനാട് സെന്‍റ് തോമസ്, കരിങ്കുന്നം സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളുകളിലായി പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും വൈദികപരിശീലനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. കുന്നോത്ത്, തലശ്ശേരി മൈനര്‍ സെമിനാരികളിലും, വടവാതൂര്‍ അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1969 ഡിസംബര്‍ 23-ന് അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്നും തലശ്ശേരി അതിരൂപതക്കു വേണ്ടി തിരുപ്പട്ടം സ്വീകരിച്ച ജെയിംസച്ചന്‍ പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ അതിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്ക് തന്റേതായ സംഭാവനകള്‍ നല്കിക്കൊണ്ട് മാനന്തവാടി രൂപതയുടെ ഭാഗമായിത്തീര്‍ന്നു.

മാനന്തവാടി രൂപതയുടെ മുള്ളന്‍കൊല്ലി പള്ളിയില്‍ (1969-71) അസി. വികാരിയായി സേവനമാരംഭിച്ച അച്ചന്‍ തുടര്‍ന്ന് വഞ്ഞോട് (1971-76), ഏലപ്പീടിക (1976-80) കൊമ്മയാട് (1994-98), ചുണ്ടക്കര (1998-2001), മരകാവ് (2001-2005), ബോയ്സ് ടൗണ്‍ (2005-06) എന്നീ ഇടവകകളിലാണ് അദ്ദേഹം തന്റെ അജപാലനശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുള്ളത്. തന്റെ ശുശ്രൂഷാ ജീവിതത്തിന്റെ വളരെ സുദീര്‍ഘമായ ഒരു കാലഘട്ടം അദ്ദേഹം രൂപതയുടെ സെമിനാരിവില്ല എസ്റ്റേറ്റിന്റെയും (1976-80) മംഗലാപുരത്തുണ്ടായിരുന്ന ജോര്‍ദാനിയ എസ്റ്റേറ്റിന്റെയും (1980-94) സൂക്ഷിപ്പുകാരനും നടത്തിപ്പുകാരനുമായിരുന്നു. അതില്‍ത്തന്നെയും ഏറെക്കാലം ചിലവഴിച്ചത് മംഗലാപുരം ജോര്‍ദാനിയ എസ്റ്റേറ്റിലായിരുന്നു. കഠിനാദ്ധ്വാനിയും തികച്ചും ലളിതമായ ജീവിതശൈലിയുടെ ഉടമയുമായിരുന്ന ജെയിംസച്ചന്‍ രൂപതാധികാരികള്‍ ഏല്പിക്കുന്ന ഏത് ഉത്തരവാദിത്വവും അതിന്റെ പൂര്‍ണതയില്‍ നിര്‍വ്വഹിക്കാന്‍ സന്നദ്ധനായിരുന്നു. 2006 മെയ് മാസത്തില്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ച ജെയിംസച്ചന്‍ വിയാനിഭവനില്‍ കുറച്ചുകാലമായി രോഗബാധിതനായി കഴിയുകയായിരുന്നു.

ബഹുമാനപ്പെട്ട ജെയിംസച്ചന്റെ ഭൗതികശരീരം ഇന്ന് (28 ജൂണ്‍ 2021) വൈകുന്നേരം 4 മണി മുതല്‍ ദ്വാരക പാസ്റ്ററല്‍ സെന്ററിന്റെ ചാപ്പലില്‍ പൊതുദര്‍ശനത്തിനായി വെക്കുന്നതാണ്. മൃതസംസ്കാരശുശ്രൂഷയുടെ അവസാനഭാഗം നാളെ (29 ജൂണ്‍) രാവിലെ 9 മണിക്ക് പാസ്റ്ററല്‍ സെന്ററിന്റെ ചാപ്പലില്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ അഭി. ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയോടു കൂടി ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ അതനുസരിച്ചായിരിക്കും മൃതസംസ്കാരശുശ്രൂഷ നടത്തപ്പെടുന്നത്. കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പരമാവധി 20 പേര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാല്‍ അച്ചന്റെ ഭൗതികദേഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കേണ്ടവര്‍ നാളെ രാവിലെ 8.30-ന് മുന്പായി വന്നു പോകേണ്ടതാണ്.

ബഹുമാനപ്പെട്ട ജെയിംസച്ചന്റെ ശുശ്രൂഷാനിര്‍ഭരമായ ജീവിതത്തെയോര്‍ത്ത് മാനന്തവാടി രൂപത ദൈവസന്നിധിയില്‍ നന്ദി പറയുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

*Fr Jose Kocharackal

*PROEparchy of Mananthavady

നിങ്ങൾ വിട്ടുപോയത്