തീരാത്ത കടപ്പാടുണ്ട്, ആ ജീവിതത്തോട്. …
1984 ൽ ഞങ്ങൾ സെമിനാരിയിൽ ചേർന്നവർഷം അദ്ദേഹം കൊച്ചിയിൽ നടത്തിയ ലോക മത സമ്മേളനത്തിൻ്റെ വാർത്ത ദീപിക പത്രത്തിൽ നിന്നും വായിക്കുമ്പോൾ, അന്ന് ഒന്നും മനസ്സിലായില്ലങ്കിലും , ആ സമ്മേളനം എൻ്റെ ചിന്തകളെയും കാഴ്ചപ്പാടുകളേയും ഏറെ സ്വാധീനിച്ചതായി പിന്നീട് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്…..

പിന്നെ, എല്ലാം ഒരു നിയോഗം പോലെ ഭവിക്കുകയായിരുന്നു … !
2005-ൽ അദ്ദേഹം സ്ഥാപക ഡയറക്ടറായിരുന്ന കൊച്ചിയിലെ ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ചുമതല സഭ എന്നെ ഏൽപ്പിക്കുമ്പോൾ അത് എൻ്റെ ജീവിതത്തിൻ്റെ ഗതി തന്നെ മാറ്റുമെന്ന് ഞാൻ കരുതിയതേയില്ല…..!
2002-ൽ കൊച്ചിയിൽ നടന്ന മത സമ്മേളനത്തിനു ശേഷം , പങ്കെടുത്തവരെയും കൂട്ടി കൊരണ്ടക്കാട് അദ്ദേഹം സ്ഥാപിച്ച ‘സംഗമ’ത്തിലെത്തിയപ്പോൾ അവരെ പരിചയപ്പെടുവാൻ അവസരം നൽകിയതും ,2007-ൽ ഇഗ്ലണ്ടിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന ലോക മത സമ്മേളനത്തിൽ, അദ്ദേഹത്തോടൊപ്പം ,എന്നെക്കൂടി കൊണ്ടു പോയതും, തുടർന്ന് യൂറോപ്പു മുഴുവനുമുള്ള യാത്രകളിൽ കൂടെ കൂട്ടിയതും, വിവിധ രാജ്യങ്ങളിലുള്ള സഹപ്രവർത്തകരെ പരിചയപ്പെടാൻ അവസരം ഒരുക്കിയതും ……. മതാന്തര സംവാദ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ മുന്നിൽ നിർത്തിയതും .. പാട്ടുകൾ ( “വി ഷാൽ ഓവർ കം സം ഡെ” ) ചൊല്ലിത്തന്നതും… സ്നേഹത്തോടെ കലഹിച്ചതും ….എല്ലാമെല്ലാം നന്ദിയോടെ ഓർമ്മിക്കുന്നു……
അത് എൻ്റെ മതാന്തര സംവാദ വഴിയിലെ നാഴികക്കല്ലുകളായിരുന്നു …
2005 മുതൽ അദ്ദേഹം ഈ ലോകത്തോട് വിട പറയും വരെ ചാവറ കൾച്ചറൽ സെൻ്ററിൻ്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുവാൻ അദ്ദേഹത്തിന് അവസരം ഒരുക്കുവാൻ കഴിഞ്ഞു എന്നത് തികച്ചും സംതൃപ്തി നൽകുന്നു.
2019 -ൽ ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് – ആൻഡ് സോഷ്യൽ കൗൺസിലിൻ്റെ (ECOSOC ) സ്പെഷ്യൽ കൺസൾട്ടേറ്റീവ് പദവി ലഭിച്ച സി.എം.ഐ.സഭയിലെ ആദ്യ സ്ഥാപനമായ കൊച്ചിയിലെ ചാവറ കൾച്ചറൽ സെൻറർ, സഭയുടെയും നാടിൻ്റെയും സാംസ്കാരിക മുഖമായി മാറുകയും, ഇതേ പേരിൽത്തന്നെ രാജ്യ തലസ്ഥാനത്ത് – ഡൽഹിയിൽ – ഒരു മത സൗഹാർദ്ദ – സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുവാൻ ഇപ്പോൾ സി.എം.ഐ.സഭ തീരുമാനിക്കുകയും ചെയ്യുമ്പോൾ പ്രീയപ്പെട്ട ആൽബർട്ടച്ചൻ സമ്മാനിച്ച മതാന്തര-സംവാദ സംസ്കൃതി ,ഇനി വരുംകാലം ഏറെ ആവേശത്തോടെ ഹൃദയത്തിലേറ്റും എന്ന് എനിക്ക് നല്ല ബോധ്യവും ഉറപ്പുമുണ്ട്.
…………………………….
വിശുദ്ധ ചാവറ പിതാവ് മെനഞ്ഞ സി.എം.ഐ. സിദ്ധിയുടെ അടിത്തറയിൽ
ആൽബർട്ടച്ചൻ അടുക്കി വച്ച കല്ലുകളിൽ ഞാൻ എൻ്റെ സ്വപ്നങ്ങൾ ചേർത്തു വയ്ക്കകയാണ്. …..
ആ ജീവിതത്തിൽ നിന്നും പാഠങ്ങൾ പഠിക്കുകയാണ്.
എൻ്റേതായ ദർശനങ്ങൾ രൂപപ്പെടുത്തുകയാണ് ….
സ്വന്തം മതവിശ്വാസത്തിൽ അടിയുറച്ചു നിന്നു കൊണ്ടു തന്നെ, തന്നിൽ നിന്നും വ്യത്യസ്ഥമായ ഇതര മത വിശ്വാസങ്ങളെ ആദരിക്കുവാനും അംഗീകരിക്കുവാനും ആഘോഷിക്കുവാനും കഴിയുന്ന ഒരു സംസ്കാരം …..
“വ്യത്യസ്ഥതകൾ ആഘോഷിക്കുക എന്നാൽ ഭാരതീയതയെ ആഘോഷിക്കുക ” എന്ന ദേശീയോദ്ഗ്രദനത്തിൻ്റെ ഹൃദയഭാഷ സ്വന്തമാക്കുന്ന ഒരു സംസ്കാരം ……
എല്ലാ മനുഷ്യനിലും നന്മയുണ്ടെന്നും ,ജാതി-മത-വർഗ്ഗ-വർണ്ണ – ഭാഷാ-വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു ചേരുമ്പോൾ മനുഷ്യനിലുള്ള ഈ നന്മ ആഘോഷമായി മാറുമെന്നും, ആ ആഘോഷം, സത്യത്തിൻ്റേയും സ്നേഹത്തിൻ്റേയും നന്മയുടേയും, സാഹോദര്യത്തിൻ്റേയും, തുല്യതയുടേതുമായ ഒരു സംസ്കാരം – ഭാരതം ഇന്ന് കൊതിക്കുന്ന സംസ്കാരം – ഈ നാടിനു സമ്മാനിക്കുമെന്നുമുളള സമ്പന്നമായ ദർശനം…..!
ആൽബർട്ടച്ചനിലൂടെ ദൈവം എനിക്കും സി.എം.ഐ സഭയ്ക്കും ഈ ലോകത്തിനും നൽകിയ എല്ലാ നന്മകൾക്കും നല്ലദൈവത്തിന് സ്തുതി..!
ആയിരങ്ങളെ പ്രചോദിപ്പിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ദർശനങ്ങൾ,
ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക്, നൂറ്റാണ്ടു കളിൽ നിന്നും നൂറ്റാണ്ടുകളിലേക്ക്, കാലാതീതമായി സഞ്ചരിച്ചു കൊണ്ടേയിരിക്കും….. തീർച്ച.
ഫെബ്രുവരി ഒന്നു മുതൽ ഏഴുവരെ ഐക്യരാഷ്ട്രസഭ എല്ലാ വർഷവും “ലോക മത സൗഹാർദ്ദ വാരം” ആഘോഷിക്കുകയാണ്.
ലോകം മുഴുവൻ സാർവ്വ സാഹോദര്യത്തിൻ്റെ അലയൊലികൾ നിറഞ്ഞു നിന്നിരുന്ന 2017 ഫെബ്രുവരിയിലെ ആ സ്നേഹവാരത്തിൽത്തന്നെ ഈ വിശ്വ സാഹോദര്യത്തിൻ്റെ പ്രവാചകൻ പ്രപഞ്ചസൃഷ്ടാവിൽ വിലയം പ്രാപിച്ചത് യാകശ്ചികമാണന്ന് കരുതാനാവില്ല.
കൊച്ചിയിലെ ചാവറ കൾച്ചറൽ സെൻ്ററിനൊപ്പം തൊടുപുഴ ഉപാസനയും അടിമാലി സോപാനവും മൂന്നാർ – കൊരണ്ടക്കാട് സംഗമവും ആൽബർട്ടച്ചൻ്റെ ജീവിതം എഴുതിയ ദാർശനിക ഗരിമയുടെ സാക്ഷ്യ കൂടാരങ്ങളായി ചരിത്രത്താളുകളിൽ തലയുയർത്തി നിൽക്കും!

ഫാ: റോബി കണ്ണൻചിറ സി.എം.ഐ.