“പ്രിയപ്പെട്ട അച്ചാ,

ഈ ദേശത്ത് മോസ്ക് ഉണ്ട്, മാർതോമാ പള്ളിയുണ്ട്, ഓർത്തഡോക്സ് പള്ളിയുണ്ട്, മലങ്കര കത്തോലിക്കാ പള്ളിയുണ്ട്, ക്ഷേത്രമുണ്ട്, സി. എസ്. ഐ. പള്ളിയുണ്ട്. ഇതൊന്നും കാണാതെയും മനസിലാക്കാതെയുമുള്ള ഒരു പൗരോഹിത്യ ശുശ്രൂഷയല്ല അച്ചന്റേത്. ഈ മനുഷ്യരെല്ലാം ഇവിടെ ജീവിക്കുന്നവരാണ്. അവരവരുടെ ദേവാലയത്തിൽ പോകുന്നതിനും വിശ്വാസത്തിൽ ജീവിക്കുന്നതിനും കടപ്പെട്ടവരാണ് ഈ ഭാഗത്തെ ഓരോരുത്തരും…”

കഴിഞ്ഞ ഫെബ്രുവരി 16 ന് തിരുവനന്തപുരം മേജർ അതിരൂപതയിലെ അടൂരിനടുത്തുള്ള ഏനാത്ത് ഇടവകയിൽ സാം മണലുശ്ശേരിലച്ചന്റെ പുത്തൻ കുർബാന മധ്യേ സംസാരിക്കുകയായിരുന്നു ബാവാ തിരുമേനി.

“കീറിമുറിച്ച്, വർഗീയതയിൽ കാര്യങ്ങളെ കാണാനും അപഗ്രഥിക്കാനും ശ്രമിക്കുന്ന ഈ നാളുകളിൽ മനുഷ്യരെ ഒരുമിച്ചു നിർത്താൻ അധികം പേരില്ല എന്നത് അച്ചന്റെ പൗരോഹിത്യത്തിൽ ഒരു സൂചനയായി കാണണം. അകലത്തു നിർത്താനല്ല, ഒരുമിച്ചു നിർത്താനാണ് കർത്താവ് ഈ വിശിഷ്ടദാനം നൽകിയിരിക്കുന്നത്…

എല്ലാറ്റിനും ഉപരിയായി കർത്താവിനെ സ്നേഹിക്കണം. അവന്റെ കീറിമുറിക്കപ്പെട്ട ശരീരത്തിന്റെ സ്നേഹമുദ്രയെക്കാൾ വലുതായി ഒന്നുമില്ല…

ആ സ്നേഹമുദ്രയുടെ പൗരോഹിത്യാടയാളമായി നിൽക്കുമ്പോൾ സകല മനുഷ്യരോടും സ്നേഹവും ബഹുമാനവും ആദരവും പുലർത്തണം. അവരോടുള്ള സ്നേഹപൂർവമായ ഇടപെടലുകൾക്ക് അച്ചന്റെ പൗരോഹിത്യ ശുശ്രൂഷയിൽ ഇടമുണ്ടാകണം. വെറുപ്പിന്റേയും മാറ്റിനിർത്തലിന്റേയും യാതൊരംശവും അച്ചനെ സ്പർശിക്കാതിരിക്കട്ടെ…!”

ഉച്ചവെയിൽ കനത്തിട്ടും ജനം ശ്രദ്ധയോടെ പിതാവിന്റെ വാക്കുകൾക്കു കാതോർത്തിരുന്നു.

“കർത്താവേശുമിശിഹായുടെ മുമ്പിൽ നിൽക്കുമ്പോൾ സകലമനുഷ്യർക്കും അർഹമായതു കൊടുത്തു എന്ന് അച്ചനെക്കുറിച്ച് പറയുന്നതു കേൾക്കാൻ ഞങ്ങൾക്കിടയാകട്ടെ!”

ബാവാ തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ വലിയ സന്തോഷം തോന്നി.

പട്ടം മാത്രമല്ല, ദൈവത്തേയും മനുഷ്യനേയും മാനിക്കണമെന്നുള്ള ചട്ടവും കെട്ടപ്പെട്ടവരാണ് കത്തോലിക്കാ സഭയിലെ പുരോഹിതർ!

❤️കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ

Fr.Sheen Palakkuzhy 

Malankara Catholic Priest – Major Archdiocese of Trivandrum

നിങ്ങൾ വിട്ടുപോയത്