“ഈ ചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോവുകയില്ലെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞാൻ ആ ആത്മാവിനെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും ഉള്ള സർവ്വ ശത്രുക്കളിൽ നിന്നും രക്ഷിക്കുകയും ചെയ്യും””ഈ ചിത്രം സ്ഥാപിച്ചു വണങ്ങുന്ന കുടുംബങ്ങളെയും നഗരങ്ങളെയും ഞാൻ കാത്തുകൊള്ളാം.”

ദൈവകോപം ശമിപ്പിക്കുന്നതിനായി ഈശോ വിശുദ്ധ ഫൗസ്റ്റീനയെ പഠിപ്പിച്ച പ്രാർത്ഥന: ” നിത്യ പിതാവേ ഞങ്ങളുടെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അവിടുത്തെ വത്സല സുതനും ഞങ്ങളുടെ രാജാവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്ചവയ്ക്കുന്നു.

ഈശോയുടെ ഏറ്റവും വ്യാകുലം നിറഞ്ഞ പീഡാനുഭവങ്ങളുടെ പ്രതി ഞങ്ങളുടെമേലും ലോകം മുഴുവന്റ മേലും കരുണയായിരിക്കേണമേ.ഇപ്പോൾ ലോകത്തിന്റ മേൽ ദൈവകരുണ ഉണ്ടാകുവാൻ നമ്മുക്കു പ്രാർത്ഥിക്കാം. നമ്മുടെ ഭവനങ്ങളിൽ ഈ ചിത്രം സ്ഥാപിച്ചു വണങ്ങുകയും കരുണ കൊന്ത ചൊല്ലി പ്രാർത്ഥിക്കുകയും (പ്രത്യേകിച്ച് മൂന്നു മണി സമയം ) ചെയ്യുന്നത് നല്ലതാണ്.

മൂന്നു മണിയ്ക്ക് പ്രാർത്ഥിക്കേണ്ടതിനെക്കുറിച്ച് ഈശോ വി. ഫൗസ്റ്റീനയോട് പറഞ്ഞത് ഇപ്രകാരമാണ്.

എൻറെ മകളെ ഞാൻ നിന്നെ ഓർമിപ്പിക്കുന്നു ക്ലോക്കിൽ മൂന്നു മണി അടിക്കുന്നത് കേൾക്കുമ്പോഴൊക്കെയും നീ കരുണയിൽ മുഴുകി അതിനെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. ഇതിന്റ സർവ്വശക്തിയെക്കുറിച്ച് നീ ലോകം മുഴുവൻ പ്രത്യേകിച്ച് പാപികളെ അറിയിക്കുക എന്തെന്നാൽ ആ സമയത്താണ് കരുണ ഓരോ ആത്മാവിനായും തുറന്നിടപ്പെട്ടത്. ഈ മണിക്കൂറിൽ നിങ്ങൾ നിങ്ങൾക്കോ മറ്റുള്ളവർക്കോ ആയി ചോദിക്കുന്ന ഏതുകാര്യവും നിവൃത്തിയാക്കപ്പെടും. ലോകം മുഴുവനിലും പ്രസാദവരം ചൊരിയപ്പെട്ട മണിക്കൂറായിരുന്നു അത്. അപ്പോൾ കരുണ നീതിയുടെ മേൽ വിജയം പ്രാപിച്ചു.

ഈശോ വി. ഫൗസ്റ്റീനയോട് പറഞ്ഞു, ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് ഒരു സ്നേഹ തരംഗം ഉയർന്നു വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു .കർത്താവ് അവളോട് പറഞ്ഞു ” ഈശോ മറിയം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ആത്മാക്കളെ രക്ഷിക്കണമെ ” എന്ന് നീ നിരന്തരമായി ചൊല്ലണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതുവരെ ഇത് ചൊല്ലണം. നിന്റ സ്നേഹം എന്നെ ആനന്ദിപ്പിക്കുന്നു.

“ഈശോ മറിയം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമെ ” എന്ന പ്രാർത്ഥന ഒരു പ്രാവശ്യം ചൊല്ലാതിരുന്നാൽ അതിനെ പ്രതി മനസ്തപിക്കുക. സമയം നഷ്ടപ്പെടുത്തരുത്. ഓരോ , “ഈശോ മറിയം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു , ആത്മാക്കളെ രക്ഷിക്കണമെ ” എന്ന പ്രാർത്ഥനയും ഒരു ആത്മാവിന്റ രക്ഷയാകുന്നു. 🙏🙏🙏🙏

ഈശോ 15 പ്രാവശ്യം വിശുദ്ധ ഫൗസ്റ്റീനക്ക് ആവർത്തിച്ചു നൽകിയ സന്ദേശം :-

” എന്റെ മകളെ, ചിന്തക്കതീതമായ എന്റെ കാരുണ്യത്തെ പറ്റി എല്ലാവരോടും പറയുക. ഈ കരുണയുടെ തിരുന്നാൾ എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് പാപികൾക്ക് ഒരു അഭയമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ അത്യഗാധങ്ങൾ തുറക്കപ്പെട്ടിരിക്കും. കരുണയുടെ ആ സ്രോതസ്സിനെ സമീപിക്കുന്ന ആത്മാക്കൾക്ക് ഞാൻ കൃപാസാഗരം തന്നെ തുറക്കാം. അന്ന് കുമ്പസാരിച്ചു കുർബ്ബാന സ്വീകരിക്കുന്നവർക്ക് പാപങ്ങളിൽ നിന്നും ശിക്ഷകളിൽ നിന്നും പൂര്ണമോചനം ലഭിക്കും. കൃപയൊഴുക്കുന്ന എല്ലാ ദൈവിക കവാടങ്ങളും അന്ന് തുറന്നുവെച്ചിരിക്കും. പാപങ്ങൾ കടുത്തതാണെങ്കിലും ആരും എന്നെ സമീപിക്കാൻ ഭയപ്പെടാതിരിക്കട്ടെ. മനുഷ്യന്റെയും മാലാഖമാരുടെയും മനസ്സുകൾക്ക് പോലും നിത്യതയിലൂടെ പൂർണ്ണമായി ഗ്രഹിക്കാൻ പറ്റാത്ത വിധം അത്രക്കും വലുതാണെന്റെ കരുണ. എന്റെ ആർദ്രമായ കാരുണ്യത്തിന്റെ ഉറവിടത്തിൽ നിന്നാണ് അസ്തിത്വമുള്ളതെല്ലാം ഉളവായിരിക്കുന്നത്. എന്നോട് ബന്ധപ്പെടുന്ന എല്ലാ ആത്മാക്കളും എന്റെ സ്‌നേഹവും കരുണയും നിത്യതയിൽ ധ്യാനിക്കും, കരുണയുടെ തിരുന്നാൾ പുതുഞായറാഴ്ച ആഘോഷമായി കൊണ്ടാടപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കരുണയുടെ ഉറവിടത്തിലേക്ക് തിരിയാതെ മാനവകുലത്തിന് ശാന്തി ലഭിക്കില്ല”

എല്ലാവർക്കും ദൈവകരുണയുടെ തിരുന്നാൾ ആശംസകൾ