വത്തിക്കാനിലെ വിശ്വാസതിരുസംഘം വിശ്വാസികൾക്ക് ഉണ്ടാകുന്ന വ്യക്തിപരമായ വെളിപ്പെടുത്തലുകളും, ദർശനങ്ങളും സകല ജനത്തിനും വേണ്ടിയുള്ള ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മയുടെ പേരിൽ ആരോപിക്കരുത് എന്ന് ആംസ്റ്റർഡാം മെത്രാനോട് നിർദേശിച്ചു. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മ തങ്ങൾക്കും പ്രത്യക്ഷപ്പെട്ട് ദർശനങ്ങളും, വെളിപ്പെടുത്തലുകളും എന്നൊക്കെ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ആംസ്റ്റർഡാം മെത്രാൻ യോഹന്നസ് ഹെൻട്രിക്സിന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം നിർദേശം നൽകിയത്. അതെ തുടർന്ന് രൂപത വെബ്സൈറ്റിൽ അതിനുവേണ്ട നിർദേശങ്ങളും, തിരുത്തലുകളും ഔദ്യോഗികമായി നൽകി.
ആംസ്റ്റർഡാമിൽ താമസിക്കുന്ന ഇഡ പീർഡ്മാൻ എന്ന വ്യക്തിക്ക് 1945 – 1959 കാലഘട്ടത്തിൽ പരി. മാതാവ് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തലുകൾ നൽകി എന്ന് പറയുന്നതെല്ലാം ഈ പ്രകാരം വിശ്വാസികളിൽ അകാരണമായ ഭയം തോന്നിപ്പിക്കുന്നു, അത് വിശ്വാസ – ദൈവശാസ്ത്രപരമായ തെറ്റുകൾക്ക് വഴി തെളിയിക്കുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രദേശിക അധികാരിയായ ആംസ്റ്റർഡാം ബിഷപ്പ് ഹെൻ്റ്റിക്സിനോട് ഇക്കാര്യങ്ങളിൽ വേണ്ട ജാഗ്രത പുലർത്തണം എന്ന് വത്തിക്കാൻ വ്യക്തമാക്കി. ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ട പരി. അമ്മയെ സകല ജനതിൻ്റെയും മാതാവ് എന്ന് വിളിക്കുന്നത് ദൈവശാസ്ത്ര പരമായി തെറ്റില്ല എന്നും വിശ്വാസതിരുസംഘം പറഞ്ഞു. വത്തിക്കാൻ നൽകിയ വിശദീകരണങ്ങൾ ചേർത്ത് 5 പ്രധാന യൂറോപ്യൻ ഭാഷകളിൽ ആംസ്റ്റർഡാം രൂപത ഔദ്യാഗിക വെബ്സൈറ്റിലൂടെ അറിയിപ്പ് കൊടുത്തിട്ടുണ്ട്.
1974ൽ പോൾ ആറാമൻ പാപ്പയുടെ കാലഘട്ടത്തിൽ വത്തിക്കാനിൽ നിന്ന് നൽകിയ നിർദേശങ്ങൾ തന്നെയാണ് ഈ വെളിപ്പെടുത്തലുകളെയും ദർശനങ്ങളെയും സംബന്ധിച്ചു ഇപ്പോഴും നൽകിയിരിക്കുന്നത്. 1905ൽ ജനിച്ച പീർദ്മന് 1945 മാർച്ച് 25 ന് ആണ് പരി. അമ്മയുടെ ആദ്യ ദർശനം ഉണ്ടാകുന്നത്. മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ അമ്മ, സ്ത്രീ എന്നൊക്കെ അഭിസംബോധന ചെയ്തു എന്നാണ് പറയുന്നത്. 1951ൽ പ്രത്യക്ഷ പെട്ടപ്പോൾ സകല ജനത്തിൻ്റെയും മാതാവ് എന്ന് വിളിക്കണം എന്ന് പരി. കന്യക മറിയം ആവശ്യപെട്ടു എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ദർശനം അനുസരിച്ച് ഭൂഗോളതിൻ്റെ മുകളിൽ കുരിശിന് പുറകിലായി നിൽക്കുന്ന പരി. അമ്മയുടെ ചിത്രം ചിത്രകാരൻ വരച്ചു. 1956 മേയ് 31 വരെ ഏകദേശം 56 ദർശനങ്ങൾ നൽകി എന്നാണ് പറയുന്നത്. എന്നാൽ അന്നത്തെ സ്ഥലത്തെ മെത്രാൻ ദൈവികമായ ദർശനങ്ങൾക്ക് തെളിവുകൾ ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞതാണ്. ഇത് 1972 ലും, 1974 ലും വത്തിക്കാൻ സ്ഥിരീകരിച്ചതാണ്. ലോകത്തിൻ്റെ നന്മക്കായും, ലോകജനത തിൻ്റെ കൂട്ടായ്മക്കായും പരിശുദ്ധ അമ്മയെ വിളിച്ച് മധ്യസ്ഥം അപേക്ഷിക്കാം എന്നാൽ ജനത്തിൻ്റെ ഇടയിൽ അത് ഭയം ജനിപ്പിക്കാൻ വേണ്ടി ആകരുത് എന്ന് ബിഷപ്പ് ഹെൻട്രിക്സ് വിശദീകരിക്കുന്നുണ്ട്.
ഫാ ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോമാ.