ക്രിസ്തുമസ് ദിനം.
അമ്മ എട്ടുവയസ്സുള്ള മകനോട് അടുത്തുള്ള പലചരക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പറയുന്നു. ആ കടയിലാണെങ്കിൽ പോകില്ല എന്ന് മകൻ വാശിപിടിക്കുന്നു. അമ്മ വീണ്ടും അവനെ നിർബന്ധിക്കുന്നു. മകൻ കരയുന്നു. എങ്കിലും അമ്മ അവനെ കടയിലേക്ക് വിടുന്നു. കൂടെ അവന്റെ അനുജത്തി കുട്ടിയെയും. പക്ഷേ അമ്മ ഒരു കാര്യം ചെയ്യുന്നു. ഒരു ഫോൺ അനുജത്തി കുട്ടിക്ക് കൊടുത്തു കോൾ മോഡിലാക്കി വിടുന്നു. കുട്ടികൾ കടയിൽ പോകുന്നു. കടക്കാരൻ അവന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നു. അവൻ എതിർക്കുന്നു. അമ്മ അത് ഫോണിൽ കേൾക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. അതുമായി പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുക്കുന്നു. പോലീസുകാർ കടക്കാരനെ വിളിക്കുന്നു. ഒരു പരാതി കിട്ടിയിട്ടുണ്ട് ഞങ്ങൾ നിന്റെ അടുത്തേക്ക് വരുന്നു എന്നു പറയുന്നു. കടക്കാരൻ ഒരുങ്ങി സുന്ദരക്കുട്ടൻ ആയി പോലീസിനെ കാത്തുനിൽക്കുന്നു. പോലീസ് മഫ്തി വേഷത്തിൽ വരുന്നു. അവരുടെ വാഹനം കടയിൽ നിന്നും ദൂരെ പാർക്ക് ചെയ്തു ആരെയും അറിയിക്കാതെ കടക്കാരനെ കൊണ്ടുപോകുന്നു.
കുട്ടി പീഡനത്തിന് വിധേയനായിട്ടുണ്ട്. ഒരു പ്രാവശ്യമല്ല. പല പ്രാവശ്യം. കടക്കാരന് വേണ്ടി മഹല്ല് കമ്മിറ്റിയുടെ ആൾക്കാർ കുട്ടിയുടെ അമ്മയെ വിളിക്കുന്നു. രണ്ട് ലക്ഷം തരാം എല്ലാം കോംപ്രമൈസ് ആക്കണം എന്ന് പറയുന്നു. പീഡകനു വേണ്ടി വക്കാലത്ത് പറയാൻ മതവും മഹല്ല് കമ്മിറ്റിയും. ബെസ്റ്റ്. നവോത്ഥാനം പ്രസംഗിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയുടെ ചില ആൾക്കാർ കുട്ടിയുടെ വീട്ടിൽ കയറിയിറങ്ങുന്നു. കുട്ടിയുടെ ഭാവിയോർത്ത് കാര്യങ്ങൾ കോംപ്രമൈസ് ആക്കണം എന്നു പറയുന്നു. കേസ് പിൻവലിക്കണമെന്നും അഭ്യർത്ഥിക്കുന്നു. നവോത്ഥാനം പുതിയൊരു വേർഷൻ. അതും ബെസ്റ്റ്. അയൽവക്കത്തെ ചില ആൾക്കാർ കടക്കാരനെതിരെ ഫ്ലക്സുകൾ വയ്ക്കുന്നു. രാത്രിക്ക് രായ്മാനം കടക്കാരന്റെ വീട്ടുകാർ അതെല്ലാം കീറി കളയുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ കുട്ടിയുടെ വീട്ടുകാരോടൊപ്പം കട്ടയ്ക്കു നിൽക്കുന്നു. നവോത്ഥാനത്തെക്കുറിച്ച് ഒരു അറിവും ഇല്ലാത്ത ഒരു സാധാരണ മീൻപിടുത്തക്കാരൻ.
ഇതാണ് ചില നാട്ടുവാർത്തകൾ.
കുഞ്ഞിപൈതങ്ങളുടെ തിരുനാളായിരുന്നു ഇന്നലെ. ഒരു ബാലൻ അവന്റെ അച്ഛന് വേണ്ടി ശവക്കുഴി തോണ്ടുന്ന ചിത്രം ഇന്നലെ കണ്ടു. ചില കുഞ്ഞുങ്ങളുടെ ബാല്യങ്ങളെ കഴുകന്മാർ വന്നു റാഞ്ചിക്കൊണ്ടു പോകുന്നു.
എന്താണ് ഫീലിങ് എന്ന് എന്നോട് ചോദിക്കരുത്. അസ്വസ്ഥനാണ്. അത്രതന്നെ.
///മാർട്ടിൻ N ആന്റണി///