സംയുക്ത പ്രസ്താവന
കാട്ടുമൃഗങ്ങളുടെ ആക്രമണത്തെപ്പറ്റി വയനാട്ടിലെ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്മാർ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന
പ്രിയപ്പെട്ടവരേ,
റിസർവ് വനങ്ങളും വന്യജീവിസങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് പോലെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ട് ആന, കടുവ, കരടി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം കൊല്ലപ്പെടുന്ന മനുഷ്യരും നശിപ്പിക്കപ്പെടുന്ന കൃഷികളും എല്ലാം ഒരു തുടർക്കഥയാകുകയാണ്. കടുവയുടെ ആക്രമണത്താൽ കൊല്ലപ്പെട്ട പുതുശ്ശേരി നിവാസിയായ തോമസിൻ്റെയും വാകേരി നിവാസിയായ പ്രജീഷിൻ്റെയും ബന്ധുമിത്രാദികളുടെ കണ്ണീർ ഇനിയും ഉണങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ പടമലയിൽ താമസക്കാരനായ അജി എന്ന യുവകർഷകൻ കാട്ടാനയുടെ കുത്തേറ്റ് അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു.

അജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിൻ്റെ പ്രിയ ഭാര്യക്കും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങൾക്കും രോഗിണിയായ മാതാവിനും ഒന്നും ചെയ്യാനാകാതെ വിറങ്ങലിച്ച് നില്ക്കുന്ന പിതാവിനും ഞങ്ങൾ, കോഴിക്കോട്, ബത്തേരി, മാനന്തവാടി രൂപതകളുടെ അദ്ധ്യക്ഷന്മാർ ഈ രൂപതകളുടെ അംഗങ്ങളായ എല്ലാവരുടെയും പേരിൽ അനുശോചനം രേഖപ്പെടുത്തുകയും അജിയുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ കർത്താവിൻ്റെ കരസ്പർശം അവരുടെ മനസ്സുകൾക്ക് സാന്ത്വനം നൽകട്ടെ.
ഈ സാഹചര്യത്തിൽ കേരള സർക്കാരിനോടും വയനാട് ജില്ലാ ഭരണാധികാരികളോടും വനം വകുപ്പിലെ ഉദ്യോഗസ്ഥരോടും എല്ലാം ഞങ്ങൾക്കഭ്യർത്ഥിക്കാനുള്ളത് ഒന്നു മാത്രം: നിങ്ങളുടെ സത്വരശ്രദ്ധ വയനാട്ടിലെയും അതുപോലെയുള്ള മറ്റിടങ്ങളിലെയും ജനങ്ങൾക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കിക്കൊടുക്കുന്ന കാര്യത്തിൽ പതിയണം; നിങ്ങളുടെ കൃത്യനിർവഹണം ആ രീതിയിൽ നിങ്ങൾ നിർവഹിക്കണം. ഇനിയും ഈ നാട്ടിൽ ഒരു മനുഷ്യജീവനും വളർത്തുമൃഗവും വന്യമൃഗങ്ങൾക്ക് ഇരയാകരുത്. ആരുടെയും കൃഷി നശിപ്പിക്കപ്പെടരുത്.

ഒരു ചാൺ വയർ നിറയ്ക്കാനും തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും പകലന്തിയോളം പറമ്പിൽ പണിയെടുക്കുന്ന പാവപ്പെട്ടവൻ്റെ കൃഷിയും കൃഷിസ്ഥലവും കാട്ടുമൃഗങ്ങളുടെ വിഹാരരംഗമാക്കരുതേ എന്നാണ് ഞങ്ങളുടെ വിനീതമായ അഭ്യർത്ഥന. കാടും നാടും വേർതിരിക്കപ്പെടണം. കാട്ടു മൃഗങ്ങൾക്ക് നാട്ടിലിറങ്ങി വിഹരിക്കാൻ പറ്റാത്ത രീതിയിൽ അതിർത്തി സംവിധാനങ്ങൾ ഒരുക്കണം. അവയ്ക്ക് കാട്ടിൽത്തന്നെ ജീവിക്കാനാവശ്യമായ ആവാസവ്യവസ്ഥ സൃഷിക്കണം. ആ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ പറ്റാത്ത വിധം അവയുടെ എണ്ണം പെരുകിയിട്ടുണ്ടെങ്കിൽ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണം. അല്ലെങ്കിൽ വികസിതരാജ്യങ്ങളിൽ ചെയ്യുന്നതു പോലെ അവയുടെ എണ്ണം നിയന്ത്രിക്കപ്പെടണം. ജീവനും സ്വത്തും നഷ്ടപ്പെടുന്നവർക്ക് നീതിപൂർവകമായ നഷ്ടപരിഹാരം കാലതാമസവും നിയമത്തിൻ്റെ നൂലാമാലകൾ ഇല്ലാതെയും ഉടനടി ലഭ്യമാക്കണം. ഇപ്പോൾ അധികൃതർ വാഗ്ദാനം ചെയ്തിട്ടുള്ള പത്തുലക്ഷം രൂപ ഉടനടി അജിയുടെ കുടുംബത്തിന് ലഭ്യമാക്കുകയും ബാക്കിയുള്ളത് കൂടി എത്രയും വേഗം ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ താത്പര്യമെടുക്കുകയും ചെയ്യണം. ആന ജനവാസ കേന്ദ്രത്തിൽ ഇറങ്ങാനും അതിൻ്റെ സാന്നിദ്ധ്യവും അത് പോകുന്ന വഴികളും തിരിച്ചറിയാൻ സിഗ്നൽ പുറപ്പെടുവിക്കുന്ന റേഡിയോ കോളർ അതിൻ്റെ കഴുത്തിൽ ഉണ്ടായിരുന്നിട്ടും അതിൻ്റെ സാന്നിദ്ധ്യം അറിയാൻ കഴിയാതെ പോയത് ആരുടെ ഭാഗത്തുള്ള പിഴവു കൊണ്ടാണോ അവരെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണം. ഇവിടെ വേണ്ടത് ശാശ്വതമായ പരിഹാരമാണ്, താൽക്കാലികമായ നീക്കുപോക്കുകളല്ല. ഞങ്ങളുടേത് കേവലം വനരോദനമായി അവസാനിക്കാതിരിക്കട്ടെ.

ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ (കോഴിക്കോട് രൂപതാദ്ധ്യക്ഷൻ)
ബിഷപ്പ് ജോസഫ് മാർ തോമസ് ബ്രത്തേരി രൂപതാദ്ധ്യക്ഷൻ)
ബിഷപ്പ് ജോസ് പൊരുന്നേടം (മാനന്തവാടി രൂപതാദ്ധ്യക്ഷൻ)
ഒരു മനുഷ്യ ജീവൻ ആയിരം മൃഗങ്ങളെക്കാൾ വിലയുള്ളതാണ്…

റേഡിയോ കോളർ ഘടിപ്പിച്ച ഒരു ആന ഒരു കർഷകന്റെ ജീവൻ എടുത്തെങ്കിൽ ആ മരണത്തിന്റെ പൂർണ്ണ ഉത്തരവാദി ഫോറസ്റ്റ് ഉദ്യോഗസ്ഥർ തന്നെ. യൂറോപ്യൻ രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിസ്സംഗത പാലിച്ചതു മൂലം ആരുടെയെങ്കിലും ജീവൻ നഷ്ടമായാൽ ആ മരണത്തിന്റെ ഉത്തരവാദിത്വം ആ ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തി അവരെ ശിക്ഷിക്കണം…