പുതുവർഷത്തിലെ
സങ്കടങ്ങൾ

ഏറെ നാളുകൾക്കു ശേഷമാണ്
ആ സുഹൃത്ത് വിളിച്ചത്.
“ന്യൂയർ ആയിട്ട് എന്താ പരിപാടി?”
ഞാൻ ചോദിച്ചു.

“ഒരു വിഷമം പറയാനാണ്
ഞാൻ വിളിച്ചത്.”

സ്നേഹിതൻ തുടർന്നു:
“എനിക്കും ഭാര്യക്കും കോവിഡ് ആണ്.
മകൾക്ക് ചെറിയൊരു ചുമയുണ്ട്.
കോവിഡ് വന്നതിലല്ല എനിക്ക് വിഷമം.
പുതുവത്സരമായിട്ട് പള്ളിയിൽ
പോകാൻ കഴിയില്ലല്ലോ?
എല്ലാ വർഷവും ന്യൂയറിന് ഞങ്ങളെല്ലാവരും പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതാണ്.
ഇത്തവണ അതിന് കഴിയില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം.”

അദ്ദേഹം പറഞ്ഞു.

ഇന്നർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ
സഹോദരനേയും കുടുംബത്തേയും ഓർക്കാമെന്നു പറഞ്ഞത്
അദ്ദേഹത്തിന് ആശ്വസമായിട്ടുണ്ടാവണം.

വിശുദ്ധ കുർബാനയോട് ഭക്തിയും ആദരവുമുള്ള കുടുംബമാണ്
അദ്ദേഹത്തിന്റേത്. ആദ്യത്തെ മകൻ ഉണ്ടായതിനു ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള മടക്ക യാത്രയിൽ അവർ ദൈവാലയത്തിൽ കയറി പ്രാർത്ഥിച്ച സംഭവം ഞാനോർക്കുന്നു.
കുട്ടികൾക്ക് എന്തസുഖം വന്നാലും മരുന്ന് കൊടുക്കുന്നതോടൊപ്പം
അച്ചനെക്കണ്ട് പ്രാർത്ഥിപ്പിക്കുക
ആ കുടുംബത്തിന്റെ ശീലമായിരുന്നു.
പ്രാർത്ഥനയ്ക്കും ദൈവാലയത്തിനും പ്രാധാന്യം കൊടുക്കുന്ന കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടുക തന്നെ ചെയ്യും.

ഔസേപ്പിതാവിനേയും മാതാവിനേയും നമുക്കോർക്കാം.
“മോശയുടെ നിയമമനുസരിച്ച്‌,
ശുദ്‌ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവരുടെ മകനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി”
(ലൂക്കാ 2 : 22).

കുഞ്ഞുനാൾ മുതൽ തങ്ങളുടെ കുഞ്ഞിനെ ദൈവത്തിന് സമർപ്പിച്ച് ജീവിക്കുവാൻ തിരുക്കുടുംബം പ്രയത്നിച്ചതായി വിശുദ്ധ ഗ്രന്ഥത്തിൽ കാണാൻ കഴിയും. പുതുവത്സരത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ ദൈവത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ജീവിതമാകട്ടെ നമ്മുടേത്.

തിരക്കുകൾ ഏറുമ്പോൾ
വിശുദ്ധ ബലിയും കൂദാശകളും കുടുംബപ്രാർത്ഥനയും ഒഴിവാക്കാതിരിക്കാൻ പുതുവർഷത്തിൽ നമുക്ക് പരിശ്രമിക്കാം.

ഏവർക്കും നവവത്സരാശംസകൾ!

ഫാദർ ജെൻസൺ ലാസലെറ്റ്
ജനുവരി 1 -2022

നിങ്ങൾ വിട്ടുപോയത്