ജൂലൈ ഒന്നിലെ ‘സമവായം’: വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളും
2024 ജൂലൈ മാസം ഒന്നാം തീയതി മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവും സംയുക്തമായി നല്കിയ അറിയിപ്പിനെക്കുറിച്ച് (Ref.No.6/2024) പലവിധ വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ പ്രസ്തുത അറിയിപ്പിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.
- ‘സമവായം’ എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന ജൂലൈ ഒന്നിലെ അറിയിപ്പ്, 2024 ജൂൺ ഒമ്പതിനു നല്കിയ സർക്കുലറിന്റെ (4/2024) അടിസ്ഥാനത്തിൽ, 2024 ജൂൺ 21നു നല്കിയ സിനഡനന്തര അറിയിപ്പിന്റെ (Ref.No.5/2024) നമ്പർ രണ്ട് നിർദ്ദേശത്തിനു നല്കുന്ന വിശദീകരണമാണ്. അതിനർത്ഥം, ജൂലൈ ഒന്നിലെ അറിയിപ്പ് അതിൽതന്നെ പൂർണമായതോ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചതോ ആയ ഒരു രേഖയല്ലായെന്നതാണ്.
- 2024 ജൂൺ ഒമ്പതിനു നല്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ, ജൂൺ 14നും 19നും കൂടിയ ഓൺലൈൻ സിനഡു സമ്മേളനം ചർച്ച ചെയ്തു നല്കിയ പ്രായോഗിക നിർദ്ദേശങ്ങളാണ് ജൂൺ 21ലെ സിനഡനന്തര അറിയിപ്പ്.
- സിനഡനന്തര അറിയിപ്പിലെ നമ്പർ രണ്ടിൽ പറഞ്ഞിരിക്കുന്ന കാര്യം എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ആരംഭിക്കുന്നത് ലക്ഷ്യമിട്ടും സഭയിൽ ഉണ്ടാകമായിരുന്ന ഒരു പിളർപ്പ് ഒഴിവാക്കുന്നതിനും വേണ്ടി 28.6.2024നും 30.6.2024നും ചേർന്ന പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെയാണ് ജൂലൈ ഒന്നിന്റെ അറിയിപ്പിൽ നല്കിയിട്ടുള്ള ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കണമെന്ന നിർദ്ദേശരൂപത്തിൽ നല്കിയത്.
- സിനഡനന്തര അറിയിപ്പിലെ നമ്പർ രണ്ടിന്റെ അടിസ്ഥാനത്തിൽ, ആ നിർദ്ദേശം പോസിറ്റീവായി നൽകിയാൽ ഏകീകൃതരീതിയിൽ ഒരു കുർബാന ചൊല്ലിത്തുടങ്ങാനുള്ള സന്നദ്ധത മധ്യസ്ഥന്മാർ മുഖേന അതിരൂപതയിലെ വൈദിക-അല്മായ പ്രതിനിധികൾ പ്രകടിപ്പിച്ചതിനാൽ ഇവരുമായി ചർച്ച നടത്തുന്നതിന് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിനെ നിയോഗിച്ചത് 30.6.2024നു ചേർന്ന പെർമനന്റ് സിനഡാണ്.
- ജൂലൈ ഒന്നിന്റെ അറിയിപ്പിനാസ്‌പദമായ ചർച്ചയിൽ പങ്കെടുത്ത് ഒപ്പിട്ടിരിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്നുള്ള വൈദികർ ഏകീകൃതരീതിയിൽ ഒരു വിശുദ്ധ കുർബാനപോലും പരസ്യമായി അർപ്പിച്ചിട്ടില്ല. അതിൽ ഒപ്പിട്ടിരിക്കുന്ന അല്മായർ വിവിധ ഘട്ടങ്ങളിൽ പ്രസ്തുത ചർച്ചയിലെ നിർദ്ദേശങ്ങളെ തള്ളിപ്പറയുകയും തങ്ങൾ അതിൽനിന്നു പിന്മാറുന്നു എന്ന് അറിയിച്ചിട്ടുമുണ്ട്. അതിനാൽ, ‘സമവായം’ എന്ന നിലയിൽ പ്രസ്തുത അറിയിപ്പിനെ വ്യാഖാനിക്കുന്നതിൽ അർഥമില്ല.
- ജൂലൈ ഒന്നിലെ അറിയിപ്പിൽ പറഞ്ഞിരിക്കുന്ന പ്രകാരം പരിശുദ്ധ സിംഹാസനം നല്കിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് അതിരൂപതയിലെ എട്ടു ഡിക്കന്മാർക്കു പുരോഹിതപട്ടം നല്കിയിരിക്കുന്നത്. അവർക്കു ഏകീകൃതരീതിയിൽ മാത്രമേ വിശുദ്ധ കുർബാനയർപ്പിക്കാൻ അനുവാദമുള്ളൂ. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ അതിരൂപതയിലെ മറ്റു വൈദികർ തയ്യാറാകണം.
- ജൂലൈ ഒന്നിന്റെ അറിയിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ, ഓരോരുത്തരും അവരവരുടെ യുക്തികൊണ്ടു പറയുന്ന കാര്യങ്ങൾ നിലനില്ക്കുന്നവയല്ലായെന്നു ഇതിനകം വ്യക്തമാണ്. ധാരണകളിൽനിന്നു പിന്മാറിയവർ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്.
- വിശുദ്ധ കുര്‍ബാനയര്‍പ്പണവുമായി ബന്ധപെട്ടു കോടതികളുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ കോടതി തീരുമാനമാണ് നിലനില്ക്കുന്നത് എന്നത് വ്യക്തമാണ്. അതേസമയം, ഏകീകൃത കുര്‍ബാന തങ്ങളുടെ ഇടവകകളില്‍ അര്‍പ്പിക്കപ്പെടണം എന്ന ആവശ്യവുമായി കോടതികളില്‍ കേസ് കൊടുത്തിരിക്കുന്ന പള്ളികളിലും ജൂലൈ ഒന്നിന്‍റെ അറിയിപ്പുപ്രകാരം ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്.
- സിനഡിന്റെ സെക്രട്ടറിയായ അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിനെ ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു നേതൃത്വം നല്കാൻ നിയോഗിച്ചത് സഭാസിനഡും പെർമനന്റ് സിനഡുമാണ്. സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായതൊന്നും അഭിവന്ദ്യ പാംപ്ലാനി പിതാവ് സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സിനഡുപിതാക്കന്മാർ ഭരമേല്പിച്ച ഉത്തരവാദിത്വം അപ്പസ്തോലിക ധീരതയോടെ നിർവഹിച്ച അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി വിമർശിക്കുന്നതും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തുന്നതും യാതൊരു തരത്തിലും നീതീകരിക്കാനാവാത്തതാണ്. അഭിവന്ദ്യ പാംപ്ലാനി പിതാവ് ചെയ്തിരിക്കുന്നതെല്ലാം സഭയോടു ചേർന്നും സഭയ്ക്കുവേണ്ടിയുമാണ് എന്നും വ്യക്തമാക്കുന്നു.