സത്യം സുന്ദരമായി പറയുന്നതാണ് കലയെങ്കിൽ, കലയുടെ സത്യ-സൗന്ദര്യങ്ങൾ ഏറ്റവുമധികം വെളിപ്പെടുന്നത് സിനിമയിലാണ്. സാമൂഹിക-ധാർമിക മൂല്യങ്ങൾ ഉന്നതമായ കലാമൂല്യത്തോടെ വലിയ സ്ക്രീനിൽ കാണുക അപൂർവമായ ഒരു സിനിമാനുഭവമാണ്. പ്രത്യേകിച്ച്, കണ്മുമ്പിലൂടെ കടന്നുപോയതും കടന്നു പോകുന്നതുമായ വ്യക്തിത്വങ്ങളെയാണ് വെള്ളിത്തിരയിൽ കാണുന്നതെങ്കിൽ അതുളവാക്കുന്ന വൈകാരികാനുഭവങ്ങൾ പറഞ്ഞറിയിക്കാവുന്നതുമല്ല.
മാനവികതയെ സംബന്ധിച്ച് വിരുദ്ധധ്രുവങ്ങളിൽ നില്ക്കുന്ന രണ്ടു സിനിമകൾ തികച്ചും യാദൃശ്ചികമായി കേരളത്തിൽ ഈ ആഴ്ചയിൽ റിലീസു ചെയ്യപ്പെട്ടു.
അവ രണ്ടും കാണാൻ സന്ദർഭവശാൽ എനിക്കിടയായി. ആ കാഴ്ച ഏറെ അർത്ഥവത്തായി തോന്നിയതിനാൽ രണ്ടിനും ഒന്നിച്ച് ഒരു കുറിപ്പ് ആകാം എന്നു കരുതി.
- Mother Teresa & Me
ആദ്യത്തെ സിനിമാനുഭവം അല്പം വിചിത്രമായിരുന്നു: ആകപ്പാടെ നാലു പേർ സെൻട്രൽ സ്ക്വയർ മാളിലെ അതിസുന്ദരമായ ഒരു തിയേറ്ററിലിരുന്ന് അതിനെക്കാൾ സുന്ദരമായ ഒരു സിനിമ കാണുന്നു!
‘കറി വെസ്റ്റേൺ’, ‘മില്യൺസ് ക്യാൻ വോക്ക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ കമാൽ മ്യൂസെലിൻ്റെ തിരക്കഥയിലും സംവിധാനത്തിലും രൂപംകൊണ്ട Mother Teresa & Me ആയിരുന്നു ആംഗലേയ ഭാഷയിലുള്ള ഈ സിനിമ.
സാമാന്യജനത്തിന് അത്ര പരിചിതമല്ലാത്ത മദർ തെരേസയുടെ ആന്തരികസംഘർഷം മറയില്ലാതെ ചിത്രീകരിക്കുന്നതോടൊപ്പം മദറിൻ്റെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും പുതുതലമുറയിലുള്ള പ്രസക്തിയും സ്വാധീനവും സിനിമ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.
രണ്ട് തലമുറകളിലെ രണ്ടു സ്ത്രീകളുടെ പ്രശ്നകലുഷിതമായ ജീവിതങ്ങൾ സമാന്തരമായി അവതരിപ്പിച്ച് അവരുടെ പാരസ്പര്യവും ജീവിതസമാനതയും വെളിപ്പെടുത്തി പുതുതലമുറയ്ക്ക് അങ്ങേയറ്റം ഭാവാത്മകമായ സന്ദേശം നല്കി അവസാനിപ്പിക്കുന്ന ആഖ്യാനരീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്.
ചരിത്രത്തോടുള്ള പ്രതിബദ്ധതയാലും അഭിനയമികവിനാലും മാസ്മരിക സംഗീതത്താലും ദൃശ്യഭംഗിയാലും ഓസ്കാറിനുപോലും പരിഗണിക്കപ്പെട്ടേക്കാവുന്ന ഒരു സിനിമയാണിത്.
ഇത്രയ്ക്കു മികച്ച ഒരു തിരക്കഥ ഈയിടെയൊന്നും ഞാൻ കണ്ടിട്ടില്ല. സ്വിറ്റ്സർലണ്ടുകാരി ജാക്വിലിൻ ഫ്രിഷി കോർനസ് മദർ തെരേസയായും ബനീത സന്ധു കവിതയായും വേഷമിട്ടിരിക്കുന്നു.
ആത്മീയോത്കർഷം സമ്മാനിച്ച സിനിമ
സിനിമ കണ്ടുകൊണ്ടിരിക്കേ, കഴിഞ്ഞ കാലങ്ങൾ മനസ്സിലേക്ക് ഇരമ്പിക്കയറി വന്നു… 1984-ൽ കൊച്ചിയിൽ എത്തിയ മദർ തെരേസ സെമിനാരിക്കാരായിരുന്ന ഞങ്ങളുടെയെല്ലാം ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച നിമിഷങ്ങൾ ഞാൻ ഒരിക്കൽക്കൂടി കോരിത്തരിപ്പോടെ ജീവിച്ചു. എനിക്ക് വലിയ ഒരാത്മീയാനുഭവമായി ഈ സിനിമ മാറി എന്നു പറയാതെ വയ്യാ. ഇറ്റലിയിലെ ടൂറിൻനഗരത്തിലെ ‘ദൈവപരിപാലനയുടെ ചെറുഭവനം’ എന്നു പേരുള്ള കൊത്തലെംഗോ സന്യാസസമൂഹത്തിൽ ഒരാഴ്ച കിടപ്പുരോഗികളെ പരിചരിക്കാൻ കൂടിയതിൻ്റെ ഓർമകളിലൂടെയും കടന്നുപോയി. മദർ തെരേസയിലെ ജീവകാരുണ്യ പ്രവർത്തകയെ മാത്രമല്ല, മിസ്റ്റിക്കിനെയും കണ്ടുമുട്ടാൻ സഹായിക്കുന്ന സിനിമയാണിത് എന്നതിൽ സംശയമേതുമില്ല.
- The Kerala Story
തികച്ചും വ്യത്യസ്തമായിരുന്നു രണ്ടാമത്തെ സിനിമ. ഒബറോൺ മാളിലെ PVR-ൽ നിറഞ്ഞ സദസ്സിനോടൊപ്പമാണ് ‘ദ കേരള സ്റ്റോറി’ എന്ന ഹിന്ദി ചലച്ചിത്രം കണ്ടത്. മലയാളികൾക്കെല്ലാം പരിചിതയായ, ജന്മനാട്ടിലേക്ക് തിരികെവരാനാകാതെ അഫ്ഗാൻജയിലിൽ കഴിയുന്ന, നിമിഷയുടെ അഥവാ ഫാത്തിമയുടെ ജീവിതമാണ് ദേശീയവും അന്തർദ്ദേശീയവുമായ ഏഴോളം ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള സുദീപ്തോ സെൻ അഭ്രപാളിയിലാക്കിയിരിക്കുന്നത്.
‘കാഷ്മീർ ഫയൽസി’ൽ നിന്നു വിഭിന്നമായി ഈ സിനിമയിൽ ഞാൻ ശ്രദ്ധിച്ചത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തിരുകിക്കയറ്റാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നതാണ്. ഒരു മതത്തെയും ഇടിച്ചുതാഴ്ത്താനും ഇതിൽ ശ്രമങ്ങളില്ല.
ഇവിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതു പോലെ, ഇസ്ലാം മതത്തെ ഇകഴ്ത്തിക്കാണിക്കുന്ന ഒരു രംഗവും ഇതിലില്ല; മറിച്ച്, ISIS ഭീകരവാദികളുടെ കേരളത്തിലെ സ്ലീപ്പിങ് സെല്ലുകൾ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ള പ്രേമച്ചതിക്കെണികളും ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ടു ചെയ്ത സംഭവങ്ങളും മറയില്ലാതെയും ഫലപ്രദമായും അവതരിപ്പിച്ചിരിക്കുന്നു.
കേരളത്തിൽ എല്ലാവരും, പ്രത്യേകിച്ച് പെൺകുട്ടികൾ, ഈ സിനിമ കാണണം. 18 വയസ്സായവർക്കേ പ്രവേശനമുള്ളൂ എന്നത് വല്ലാത്ത ഒരു പരിമിതി തന്നെയാണ്!
നടുക്കമുളവാക്കുന്ന ഒരു തിരിച്ചറിവ്
സിനിമ കണ്ടിറങ്ങിയപ്പോൾ ഈ ദിവസങ്ങളിൽ ഇതിൻ്റെ പേരിൽ ഇവിടെയുണ്ടായ കോലാഹലങ്ങളോർത്ത് ഉള്ളിൽ ചിരി വന്നു. കേരളത്തിൽ വേരോടിയിരിക്കുന്ന ഭീകരവാദപ്രസ്ഥാനങ്ങളെ തുറന്നുകാട്ടുന്നതിൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും മുസ്ലീം ലീഗുകാരും SDPlക്കാരും സാംസ്കാരിക നായകരും മുഖ്യധാരാ മാധ്യമങ്ങളുമെല്ലാം ഇത്രയേറെ ബഹളം വച്ചത് എന്തിനായിരുന്നു?
ഭീകരവാദികൾ നമ്മുടെ രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ മേഖലകളിൽ അത്രമാത്രം പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നോ?!!
ഫാ. ജോഷി മയ്യാറ്റിൽ