ഭാരതത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ദേശീയ കമ്മീഷന് നിലവില്‍ വന്നത് 1992 – ലാണ്. മുസ്ലീം, ക്രിസ്റ്റ്യന്‍, സിക്ക്, ബുദ്ധ പാഴ്സി മതവിശ്വാസികളെയാണ് ഈ വിഭാഗത്തില്‍ അന്നു പരിഗണിച്ചിരുന്നത്. 2014-ല്‍ ജൈനവിഭാഗത്തേയും മതന്യൂനപക്ഷമായി പ്രഖ്യാപിച്ചതോടെ, രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ എണ്ണം ആറായി.
2006-ല്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് 2008-ല്‍ പൊതുഭരണ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും താമസിയാതെ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന് നിലവില്‍ വന്നത് 2014-ലാണ്.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുസ്ഥിതിയും വികസനവും ലക്ഷ്യം വെച്ച് വര്‍ഷം തോറും 5000 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ സംവിധാനങ്ങളിലെ ഔദ്യോഗിക അംഗങ്ങളുടെ കാര്യത്തിലും, ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിയമനത്തിലുമൊക്കെ എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹമായ പ്രാധിനിധ്യം തുടക്കം മുതലെ ലഭിക്കുന്നില്ല. സഭാ നേതൃത്വവും, സമുദായ നേതൃത്വവും ഇക്കാര്യത്തില്‍ പരാധികള്‍ ഉയര്‍ത്തിയിരുന്നെങ്കിലും അവയെല്ലാം നിഷ്കരുണം അവഗണിക്കപ്പെടുകയായിരുന്നു.
മാറ്റത്തിന്റെ കാറ്റ്
പരമ്പരാഗതമായി ന്യൂനപക്ഷാവകാശങ്ങളെല്ലാം മുസ്ലീം സമൂദായത്തിന്റെ മാത്രം കുത്തകയായി പരിഗണിച്ചുവന്ന അവസ്ഥക്ക് തെല്ലൊരു മാറ്റമുണ്ടായത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്.
തുടക്കം മുതലേ മുസ്ലീങ്ങള്‍ മാത്രം അംഗങ്ങളായിരുന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും യോഗ്യരായ രണ്ടു പേരെ ചരിത്രത്തിലാദ്യമായി ഉള്‍പ്പെടുത്തിയത് പിണറായി വിജയന്റെ സര്‍ക്കാരാണ്. മാറ്റത്തിന്റെ ഈ കാറ്റ് കൊടുംകാറ്റായി മാറാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിതന്നെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതിന്റെ പിന്നിലും. 2021 മേയ് 28ന്, ഐതിഹാസികമായ ഉത്തരവിലൂടെ ആനുകൂല്യ വിതരണത്തിലെ വിവേചനാപരമായ അനുപാതം റദ്ദാക്കിയ കേരള ഹൈകോടതി വിധി, ദീര്‍ഘകാലമായി നിലനിന്നിരുന്ന കടുത്ത ഒരനീതിയെ ഇല്ലായ്മ ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതില്‍ ചില കേന്ദ്രങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്, നാളിതുവരെ അന്യായമായി തങ്ങള്‍ സ്വന്തമാക്കിയിരുന്നത് നഷ്ടമാകുമെന്ന ഭീതിയിലായിരിക്കാം.
ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ, ജനസംഖ്യാനുപാതികമായി ആനുകൂല്യ വിതരണം നടത്തുമ്പോള്‍, ഓരോ മതവിഭാഗങ്ങള്‍ക്കും അര്‍ഹമായതു ലഭിക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയുടെ നിര്‍വഹണത്തിലൂടെ, ന്യുനപക്ഷ സുസ്ഥിതി എളുപ്പത്തില്‍ കൈവരിക്കാനുമാകും.
2011-ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 54.73 ഹിന്ദുക്കളും, 26.56 മുസ്ലീങ്ങളും, 18.38 ക്രിസ്ത്യാനികളും, 0.03 സിക്കുകാരും, 0.01 ബുദ്ധമതക്കാരും, 0.01 ജൈനമതക്കാരുമാണ്. ഈ ജനസംഖ്യാനുപാതം ആനുകൂല്യ വിതരണത്തില്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ മാത്രമേ നീതി ഉറപ്പാക്കാനാവൂ. ഉദാഹരണത്തിന്, 100 സ്കോളര്‍ഷിപ്പുകളാണ് വിതരണത്തിനുള്ളതെങ്കില് ജനസംഖ്യാനുപാതികമായി, 55 എണ്ണം മുസ്ലിം കുട്ടികള്‍ക്കും 44 എണ്ണം ക്രിസ്ത്യന്‍ കുട്ടികള്‍ക്കും ഒരെണ്ണം ഇതരമത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി വിതരണം ചെയ്യപ്പെടണം. ഇപ്പോള്‍ നടക്കുന്നത് തികച്ചും അനീതിപരവും ഭരണഘടനാ വിരുദ്ധവുമായ രീതിയിലാണെന്ന് ബഹുമാനപ്പെട്ട കേരള ഹൈകോടതി പറഞ്ഞു കഴിഞ്ഞു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രിയുടെ കൈപ്പിടിയിലായതോടെ, ന്യൂനപക്ഷ ക്ഷേമത്തിന്റെ കാര്യത്തില്‍ ക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ഓരോന്നായി പുനസ്ഥാപിക്കപ്പെടുമെന്നു തന്നെയാണ് സഭയും സമുദായവും പ്രതീക്ഷിക്കുന്നത്.
കുടില തന്ത്രം
ന്യൂനപക്ഷ കമ്മീഷന് സ്ഥാപിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ “ഒരു ന്യൂനപക്ഷ സമുദായംഗം ചെയര്‍ പേഴ്സണായും, “മറ്റൊരു” ന്യൂനപക്ഷാംഗം, അംഗമായും, ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ത്രീ വനിതാംഗമായും കമ്മീഷന് രൂപികരിക്കുന്നു” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിത താല്പര്യക്കാര് നടത്തിയ കളിയില്‍, മുന്‍പു സൂചിപ്പിച്ച ഉത്തരവില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കുകയും തുടര്‍ന്ന് നിയമസഭയില്‍ പാസ്സാക്കിയെടുക്കുകയും ചെയ്തു. നിയമത്തിലെ മറ്റൊരു എന്നതിനെ “ഒരു” എന്നാക്കിയ തിരുത്തിനെ കയ്യടിച്ചു പാസ്സാക്കിയവര്‍ സഭയിലെ ക്രൈസ്തവ ന്യൂനപക്ഷാംഗങ്ങള്‍ അടക്കം – ഈ മാറ്റത്തില്‍ ഒളിഞ്ഞിരുന്ന ഗൂഢോദ്ദേശം കണ്ടില്ലെന്നു നടിച്ചു. കാലക്രമത്തില്‍ കമ്മീഷനിലെ അംഗങ്ങളെല്ലാവരും ഒരു മതത്തില്‍ പെട്ടവര്‍ തന്നെയായാലും അത് നിയമാസൃതം ആക്കാനുള്ള കുടിലതന്ത്രമായിരുന്നു അത്. വീണ്ടുമൊരു നിയമ ഭേദഗതിയിലൂടെ ഇതിനു പരിഹാരം ഉണ്ടാക്കേണ്ടിയിരിക്കുന്നു.
103-ാം ഭരണഘടനാ ഭേദഗതി
2018-ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് 10% സംവരണം 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍, അതിനെതിരെ പ്രതിരോധവുമായി ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗും മറ്റു ചില മുസ്ലീം നേതാക്കളും രംഗത്തുവന്നത് ആരും മറന്നിട്ടുണ്ടാവില്ല. രാഷ്ട്രീയമായും, നിയമപരമായും ഈ ഭേദഗതിയെ തുടര്‍ന്നും അവര്‍ എതിര്ക്കുമെന്നതും ഉറപ്പാണ്. എന്നാല്‍ പൊതുസമൂഹം അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കേരളത്തിലെ മുസ്ലീങ്ങള്‍ മുഴുവനും ഓ.ബി.സി വിഭാഗത്തില്‍ പെട്ടവരാണെന്നും ഓ.ബി.സി സംവരണാനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി വാങ്ങുന്നവരുമാണ് എന്ന സത്യമാണ്. ഇവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ മുസ്ലീം എന്ന ഒറ്റ യോഗ്യതാ മാനദഢ്ഢത്തിലാണ് ഓ.ബി.സി ആനുകൂല്യങ്ങള്‍ അവരിലേക്ക് എത്തുന്നത്. നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈ രീതി നിലവിലില്ല. ഇതിനു പുറമേയാണ് മത ന്യൂനപക്ഷമെന്ന നിലയില്‍ ഇവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍. ഓ.ബി.സി സംവരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ജോലിയില്‍ 12 ശതമാനവും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 8% സംവരണവും ഇസ്ലാം വിശ്വാസികള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. ഓ.ബി.സി സംവരണമുള്ളവരാണ് ലത്തീന്‍ കത്തോലിക്കരും. ഇവരുടെ സംവരണം കേവലം 4% മാത്രമാണ്. സംവരണേതര വിഭാഗങ്ങള്‍ക്കുള്ള ഈ പുതിയ ആനുകൂല്യം തങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്ന അടിസ്ഥാന രഹിതമായ ഭയമാണ് ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്. പട്ടിക ജാതിക്കാര്‍ക്ക് 8% ഉം പട്ടിക വര്‍ഗ്ഗത്തിന് 2% ഉം മാത്രം ജോലി സംവരണമുള്ളപ്പോഴാണ് ഓ.ബി.സി വിഭാഗത്തില്‍ 12% സംവരണം മുസ്ലീങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്നത് എന്നും നാം അറിയണം.
വേണം ധവളപത്രം
ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ 80 – 20 അനുപാതത്തിലാക്കി വലിയപങ്ക് മുസ്ലീങ്ങള്‍ക്കും ചെറുത് ബാക്കിയുള്ള അഞ്ചു മതന്യൂനപക്ഷങ്ങള്ക്കുമായി സംവരണം ചെയ്തിരിക്കുന്നു എന്നു തോന്നുമാറ് നാളിതുവരെ നിര്‍ബാധം വിതരണം ചെയ്തുപോന്നത് കടുത്ത നീതി നിഷേധവും നിയമലംഘനവുമായിരുന്നുവെന്ന് വിലയിരുത്തി കോടതി അസാധുവാക്കിയിരിക്കുന്നു. കുറെ നാളുകളായി ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഭരണചക്രം തിരിക്കുന്നവര്‍ക്ക് കുലുക്കം തട്ടിയിരുന്നില്ല. അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഇടതുപക്ഷ ഭരണത്തിനുമാത്രമേ ഗൂഡതന്ത്രങ്ങളേയും മറഞ്ഞിരിക്കുന്ന അനീതികളെയും വേണ്ട രീതിയില്‍ പ്രതിരോധിക്കാനാവൂ എന്ന് ക്രൈസ്തവ ന്യൂനപക്ഷം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. വോട്ടുബാങ്കു രാഷ്ട്രീയം അന്ധമായി പിന്തുടരുന്നവരില് നിന്നും ഏറെയൊന്നും പ്രതീക്ഷിക്കാനില്ലെന്ന് വിവേചനത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവരതു പ്രകടമാക്കുകയും ചെയ്തു.
നിലവിലുള്ള സഹായ പദ്ധതികളിലെ പ്രകടമായ വൈരുദ്ധ്യങ്ങളും നീതിനിഷേധങ്ങളും പരാമര്‍ശിക്കാതെ പറ്റില്ല.
അതിലൊന്ന് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനാണ്. ഇതിന്റെ ആസ്ഥാനം കോഴിക്കോടാണ്. 100 കോടി ഓഹരി മൂലധനത്തോടെ, പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലും, സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുമാണിത് പ്രവര്‍ത്തിക്കുന്നത്. സ്വയം തൊഴില്‍, വ്യാപാര വികസനം, ഉന്നതവിദ്യാഭ്യാസം എന്നിവക്കെല്ലാം ലളിതമായ വ്യവസ്ഥകളോടെ ചുരുങ്ങിയ പലിശ നിരക്കില്‍ ഈ സ്ഥാപനം ലോണ്‍ നല്കുന്നു.
കോര്‍പ്പറേഷന്റെ തുടക്കം മുതല്‍ ഇന്നോളം ആനുകൂല്യത്തിനായി അപേക്ഷ നല്കിയവരുടെയും, സഹായം ലഭിച്ചവരുടെയും, ലഭിച്ച സഹായത്തിന്റെയും മതാടിസ്ഥാനത്തിലുള്ള ഒരു കണക്കെടുപ്പ് നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്ത് വരിക എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില സന്ദേശങ്ങളിലൂടെ മനസ്സിലാകുന്നത്. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അനര്‍ഹരായ പലരും അവിഹിത വഴികളിലൂടെ കോര്‍പ്പറേഷനില്‍ നിന്നും ആനുകൂല്യം കൈപ്പറ്റുകയും തിരിച്ചടവില്‍ വീഴ്ചവരുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുടക്കം മുതല്‍ ഇന്നോളം വിതരണം ചെയ്തിട്ടുള്ള വിവിധതരം വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പുകളിലും വിവേചനപരമായ സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കോടതി തന്നെ ഇപ്പോള്‍ അസന്നിഗ്ദമായി പറഞ്ഞുകഴിഞ്ഞു. ഇതേക്കുറിച്ചെല്ലാം ഗൗരവമായ അന്വേഷണം നടത്തി സംസ്ഥാന സര്‍ക്കാര്‍ ഒരു ധവളപത്രം അടിയന്തിരമായി പുറത്തിറക്കണം.
കോച്ചിംഗ് സെന്ററുകള്പ്രകടമായ വിവേചനം ദൃശ്യമായ മറ്റുപല ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ഉണ്ട്. അതിലൊന്ന് കോച്ചിംഗ് സെന്ററുകളാണ്.
ഇന്നിപ്പോള്‍ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് എന്ന പേരില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം 24 കേന്ദ്രങ്ങളും 32 ഉപകേന്ദ്രങ്ങളുമുണ്ട്.
ഇതെല്ലാം സര്‍ക്കാര്‍ ചെലവില്‍ മുസ്ലീം മാനേജുമെന്റുകള്‍ നടത്തുന്നവയാണ്. ഈ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന ക്രിസ്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അവഗണിക്കപ്പെടുകയാണ്. മേല്‍ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് 20% മാത്രമേ അമുസ്ലീം വിഭാഗങ്ങള്‍ക്ക് നല്‍കൂ എന്നവര്‍ വാശി പിടിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം രണ്ടുപ്രാവശ്യം സ്ഥാപനത്തിന്റെ ബോര്‍ഡില്‍ പേരുമാറിയതും കേരള സമൂഹം ശ്രദ്ധിച്ചതേയില്ല. “മൈനോരിറ്റി കോച്ചിംഗ് സെന്റര്‍” എന്നപേരില്‍ വര്‍ഷങ്ങളായി നടത്തിയിരുന്ന സ്ഥാപനത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നാമമാത്രമായേ പ്രവേശനം ലഭിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞ് അന്നത്തെ വകുപ്പ് മന്ത്രി (മഞ്ഞളാംകുഴി അലി) ക്ക് വയനാട്ടില്‍ നിന്നും ഒരു സംഘടന പരാതി നല്‍കിയതിനു പിന്നാലെയാണ് കേരളത്തിലെ മൈനോരിറ്റി കോച്ചിംഗ് സെന്ററുകളുടെ പേരില്‍ ആദ്യമാറ്റം വന്നത്.
“മൈനോരിറ്റി കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലീം യൂത്ത്” എന്നായിരുന്നു പുതിയ പേര്. പൊതുജനങ്ങളില്‍ നിന്നുംപരാതി ഉയര്‍ന്നപ്പോള്‍ പേര് വീണ്ടും മാറ്റി. “കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്” എന്നാണ് ഇപ്പോള്‍ ഇവ അറിയപ്പെടുന്നത്. പേരുകള്‍ മാറിയപ്പോഴും പ്രവേശന മാനദണ്ഡം പഴയതുപോലെ തുടര്‍ന്നു.
ഈ സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും മദ്രസകളോട് ചേര്‍ന്നോ അല്ലെങ്കില്‍ മുസ്ലീം കേന്ദ്രീകൃത പ്രദേശങ്ങളിലോ ആയതിനാല്‍ അമുസ്ലീം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ അവിടേക്ക് പോകാന്‍ താല്‍പ്പര്യമെടുക്കുന്നില്ല. 40 മുതല്‍ 100 വരെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്ഥാപനങ്ങളില്‍ സൗജന്യ പരിശീലനം നല്കപ്പെടുന്നത്. കേരളത്തിലെ ചില കത്തോലിക്ക രൂപതകള്‍ മൈനോരിറ്റി കോച്ചിംഗ് സെന്ററുകള്‍ക്കു വേണ്ടി കാലാകാലങ്ങളില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇടതു വലതു സര്‍ക്കാരുകള്‍ സൗകര്യപൂര്‍വ്വം അവയെല്ലാം അവഗണിച്ചു. അടുത്തുവന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള കോച്ചിംഗ് സെന്ററുകളുടെ എണ്ണത്തിന് ആനുപാതികമായി മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും അടിയന്തിരമായി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ഒരു മതേതര രാഷ്ട്രമായ ഭാരതത്തില്‍, പൊതു ഖജനാവിലെ പണമെടുത്ത് ഹജ്ജ് യാത്രക്കും, മദ്രസ അദ്ധ്യാപകരുടെ ശമ്പളത്തിനും, പെന്‍ഷനും മറ്റുമായി വിനിയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഒരു മത സമൂഹത്തില്‍ പെട്ടവര്ക്കുമാത്രമായി ഇതു പരിമിതപ്പെടുത്തിയിരിക്കുന്നതിലെ വിവേചനവും അനൗചിത്യവും ഇനിയും കണ്ടില്ലെന്നു നടിക്കാനാവുമോ?
ഉണരണം, ഉണര്‍ത്തണം
ക്രൈസ്തവ സമുദായത്തിന്റെ അവകാശ നിഷേധങ്ങള്‍ക്കെതിരെ സമുദായ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
സ്കോളര്‍ഷിപ്പ് വിതരണത്തിലെ അനീതിപരമായ അനുപാതം മാത്രമല്ല ഇവിടെ പ്രശ്നം. കോടതിവിധിയില്‍ ഈ വിഷയം മാത്രമേ പരാമര്ശിക്കപ്പെട്ടിട്ടുള്ളു എന്നത് ശരിയാണ്. സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ 2011 ലെ ഒരു ഗവണ്മെന്റ് ഉത്തരവെങ്കിലും ഉണ്ടെങ്കില്‍ മറ്റു ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ഏതെങ്കിലും നിയമത്തിന്റേയോ ഭരണപരമായ ഉത്തരവിന്റെയോ അടിസ്ഥാനത്തിലല്ല 80:20 അനുപാതം നിര്‍ബാധം തുടര്‍ന്നുപോരുന്നത്.
ഇന്നിപ്പോള്‍ ഇത് അലിഖിത നിയമം പോലായിട്ടുണ്ട്. കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന എല്ലാ പരിപാടികളിലും ഈ അനുപാതമാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. കേവലം ഒരു സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ 2008-ലും 2011-ലും പുറത്തുവന്ന സര്‍ക്കാര്‍ ഉത്തരവ് (ഇപ്പോള്‍ കോടതി അസാധുവായി പ്രഖ്യാപിച്ചത്) നിലവിലുള്ള മുഴുവന്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലേക്കും തന്ത്രപൂര്‍വ്വം വ്യാപിപ്പിച്ച് കേരളത്തിന്റെയും, ന്യൂനപക്ഷ സമുദായങ്ങളുടെയും പൊതുബോധത്തില്‍ അതിനു നിയമപരിവേഷം നല്കി അരക്കിട്ടുറപ്പിക്കാന്‍ ഇവയുടെയെല്ലാം നടത്തിപ്പുക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥരും നാളിതുവരെ വിജയിച്ചു. എല്ലാവരെയും കുറച്ചുകാലത്തേക്കും, കുറച്ചുപേരെ എല്ലാകാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനായേക്കാം. എന്നാല്‍ എല്ലാവരെയും എല്ലാകാലത്തേക്കും തെറ്റിദ്ധരിപ്പിച്ചു നിര്‍ത്താനാവില്ല എന്ന് ബന്ധപെട്ടവരെ ഓര്മ്മപ്പെടുത്തേണ്ടതായിട്ടുണ്ട്.
ന്യൂനപക്ഷ പുനര്‍നിര്‍വ്വചനം
സ്വാതന്ത്ര്യാനന്തരകാലത്തുണ്ടായിരുന്ന ജനസംഖ്യ കണക്കിലെടുത്താണല്ലോ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആരെല്ലാമെന്ന് നിര്ണ്ണിയിക്കപ്പെട്ടത്.
ഐക്യരാഷ്ട്രസഭ 1977-ല്‍ ന്യൂനപക്ഷത്തിന് നല്കിയ നിര്‍വ്വചനം ഇപ്രകാരമാണ്. “ഒരു രാജ്യത്തെ ജനസംഖ്യയില്‍ എണ്ണത്തില്‍ കുറവുള്ളവരും, പൊതുസമൂഹവുമായി വംശീയമോ, മതപരമോ, ഭാഷാപരമോ ആയ വ്യത്യസ്ഥതകളുള്ളവരും, തങ്ങളുടെ അനന്യത സംരക്ഷിക്കുന്നതിനായി തങ്ങള്‍ക്കിടയില്‍ ഐക്യവും, കൂട്ടായ്മയും പുലര്‍ത്തുന്നവരുമാണ് അവിടത്തെ ന്യൂനപക്ഷം” ഇതില്‍ നിന്നും ന്യൂനപക്ഷ നിര്‍ണ്ണയത്തില്‍ ജനസംഖ്യ പ്രധാനപ്പെട്ട പരിഗണനാവിഷയമാണെന്നു കാണാം.
അങ്ങിനെ നോക്കുമ്പോള്‍ ഭാരതത്തിലെ വിജ്ഞാപിത ന്യൂനപക്ഷങ്ങളെല്ലാം ഈ പദ്ധതിക്ക് അര്‍ഹരാണോ എന്നുള്ള പുനര്‍ചിന്ത അനിവാര്യമായിവരും. ലഭ്യമായ ജനസംഖ്യാ കണക്കുപ്രകാരം 2020-ല്‍ ഭാരതത്തിലെ മുസ്ലീം ജനസംഖ്യ17.22 കോടിയാണ്. അതായത് മൊത്തം ജനസംഖ്യയുടെ 14.23% വരുമിത്. മതന്യൂനപക്ഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ക്രൈസ്തവരുടെ എണ്ണം 2.78 കോടിയും മൊത്തം ജനസംഖ്യയുടെ 2.3%-വുമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 5% ല്‍ താഴെ വരുന്നവര്‍ക്കു മാത്രം ന്യൂനപക്ഷ പദവി നല്കിയാല് മതി എന്ന തരത്തിലുള്ള ഒരു നയ സമീപനം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളതായി കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ഏകപക്ഷീയ തീരുമാനത്തേക്കാള്‍ നന്ന് ദേശീയ തലത്തില്‍ സമവായമായിരിക്കും.
സംവരണം എത്രനാള്‍?
ഇന്നത്തെ രീതിയിലുള്ള സംവരണത്തെ ഒരു താത്കാലിക സംവിധാനം മാത്രമായാണ് ഭരണഘടനാശില്പികള് വിഭാവനം ചെയ്തിരുന്നത്. തുടക്കത്തില്‍ പത്തുവര്‍ഷത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുടര്‍ച്ചയായി കാലാവധി പുതുക്കുന്ന നടപടികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. 2020-ല്‍ കഴിഞ്ഞ കാലാവധി, 104-ാം ഭരണഘടനാ ഭേദഗതിയിലൂടെ 2030 വരെ ഇപ്പോള്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു. 2020 ജനുവരിയിലാണ് ഇതു പ്രാബല്യത്തല് വന്നത്. ഈ രീതിയില്‍ ഇനിയും സംവരണം തുടരേണ്ടതുണ്ടോ? ഒരാളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ സംവരണ മാനദണ്ഡമായി നമുക്ക് അംഗീകരിച്ചുകൂടെ? ശതകോടീശ്വരനായ യൂസഫ് അലിക്ക് ഓ.ബി.സി സംവരണത്തിനും, ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്കും നിലവിലുള്ള അര്‍ഹത തുടരുന്നതില്‍ ഒരു ഭംഗി കേടില്ലേ? അത്താഴ പട്ടിണിക്കാരനായി ചെറ്റക്കുടിലില്‍ കഴിയുന്ന ഒരു കുടുംബം, അവരുടേതല്ലാത്ത കുറ്റത്താല്‍, മേല്‍ ജാതിയില്‍ ജനിച്ചു പോയതിനാല്‍ പ്രത്യേകാനുകൂല്യങ്ങള്‍ തുടര്‍ന്നും നിഷേധിക്കപ്പെടുന്ന ഇപ്പോഴത്തെ സമീപനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ?
ഇനി നാം ചെയ്യേണ്ടത്
ഭാരതത്തിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഒന്നാണ് തങ്ങളെന്നും, ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളവരാണന്നും ക്രൈസ്തവര്‍ സ്വയം ബോധ്യപ്പെടണം, അംഗീകരിക്കണം.
നിലവിലുള്ള വിവിധങ്ങളായ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആരുടെയും ഔദാര്യമല്ലെന്നും, അതു ഭരണഘടനാപരമായ അവകാശമാണെന്നും അവരറിയണം. ഇതിനായി വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് സഭയും സമുദായ നേതൃത്വവും തുടക്കം കുറിക്കാന്‍ വൈകരുത്.
എപ്പിസ്കോപ്പല്‍ സഭകളില്‍ രൂപത, ഫെറോന, ഇടവക സംവിധാനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താവുന്നതേയുള്ളു. ചില സംവിധാനങ്ങള്‍ക്ക് (ഉദാ: ഹെല്‍പ്പ് ഡെസ്ക് അഥവാ സഹായകേന്ദ്രങ്ങള്‍) നാം രൂപം നല്‍കണം (ചുരുക്കം ചിലയിടങ്ങളില്‍ ഇത് നിലവിലുണ്ട്). മേല്‍ സംവിധാനങ്ങളുടെ ഒരു കോര്‍ഡിനേറ്റിംഗ് ബോഡി ഇന്റര്‍ ചര്‍ച്ച് തലത്തിലും കെ.സി.ബി.സി. തലത്തിലും ഉണ്ടാക്കണം.
അവരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍, ജോലി സാധ്യതകള്‍, സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയെ സംബന്ധിച്ചെല്ലാം ലഭ്യമായ വിവരങ്ങള്‍ സമാഹരിച്ച് ഇടവകാടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡെസ്കില്‍ ലഭ്യമാക്കുകയും, ഓരോന്നിനും യോഗ്യതയനുസരിച്ച് അര്‍ഹരായ കുട്ടികളെ/കുടുംബങ്ങളെ വ്യക്തിപരമായി ബന്ധപ്പെട്ട് സഹായ കേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തി ആവശ്യമായ മേല്‍ നടപടികള്‍ സ്വീകരിക്കണം. കേവലം ഇന്‍ഫര്‍മേഷന്‍ നല്കുന്നതുകൊണ്ടുമാത്രം അവര്‍ തുടര്‍ നടപടികള്‍ എടുക്കണമെന്നില്ല. അപേക്ഷകളും രേഖകളുമൊക്കെ ഓണ്‍ലൈനില്‍ കൃത്യമായി സമര്‍പ്പിക്കാന്‍ വേണ്ട അറിവും, സംവിധാനങ്ങളുമെല്ലാം അര്‍ഹത കൂടുതലുള്ളവരെ സംബന്ധിച്ചേടത്തോളം പലപ്പോഴും കയ്യെത്തും ദൂരത്തല്ല.
ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതത്വം വളര്‍ത്താനോ അവരുടെ പരസ്പര വിശ്വാസവും സഹിഷ്ണുതാഭാവവും ഏതെങ്കിലും തരത്തില്‍ നഷ്ടമാക്കാനോ ഇടയാക്കാവുന്ന യാതൊരു നീക്കങ്ങളും ആരുടെയും ഭാഗത്തുനിന്നം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ട്. അതേ സമയം, ഭരണഘടനാ മൂല്യങ്ങള്‍ക്കും, നൈതികതക്കും ഏറ്റം അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണകര്ത്താക്കള്ക്കാകണം. എങ്കിലേ ഒരൊറ്റ രജ്യം ഒരൊറ്റ ജനത എന്നനിലയില്‍ ലോകരാഷ്ട്രങ്ങളുടെ മുന്നിരയിലെത്താന് നമുക്കാവുകയുള്ളു.
ഡോ.റ്റിജെ തേരകം