Happy 15th Wedding Anniversary of Love & Life 🤩😍

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം നമ്മെ പഠിപ്പിക്കാൻ വേണ്ടി സ്വർഗം (ബൈബിൾ) ഉപയോഗിക്കുന്ന ഭാഷയാണ് വിവാഹം അഥവാ മണവാളൻ-മണവാട്ടി ബന്ധം. ഈശോയാണ് നമ്മുടെ നിത്യ മണവാളൻ; നമ്മളോരോരുത്തരും അവിടുത്തെ മണവാട്ടിമാരും.

വിവാഹം യുഗാന്ത്യോന്മുഖമായ ഒരു അടയാളമാണ്. ഭൂമിയിൽ നടക്കുന്ന ഓരോ വിവാഹവും സ്വർഗത്തിൽ വച്ച് നടക്കാൻ പോകുന്ന ദൈവവുമായിട്ടുള്ള നിത്യമായ ഒന്നാകലിൻ്റെ മുന്നാസ്വാദനമാണ്. ആദി മാതാപിതാക്കളുടെ പാപം വഴിയായി തനിക്കു നഷ്ടപ്പെട്ടുപോയ ഓരോ മനുഷ്യനെയും ദൈവം വീണ്ടും സ്വന്തമാക്കുന്ന നിമിഷമാണ് കുഞ്ഞാടിന്റെ വിവാഹം.

തിരുവിവാഹമെന്ന കൂദാശയിലൂടെ ഒന്നായിത്തീരുന്ന ഭാര്യാഭർത്താക്കന്മാർ സ്വർഗീയ മണവറയുടെ മുന്നാസ്വാദനമായ ദാമ്പത്യമണവറയിൽ ദൈവത്തെ ആരാധിക്കുമ്പോൾ ത്രിത്വൈകദൈവം അവരുടെ മേൽ ഇറങ്ങിവരികയും അവിടുത്തെ സ്നേഹം പങ്കുവയ്ക്കപ്പെടുകയും പുതുജീവൻ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.

വ്യവസ്ഥകളില്ലാത്ത സ്നേഹവും കരുണയും ബഹുമാനവും ആദരവും അഭിനന്ദനവും പ്രോത്സാഹനവും ജീവിതപങ്കാളിക്കു നൽകാൻ തിരുവിവാഹം എന്ന കൂദാശ ദമ്പതിമാരെ കടപ്പെടുത്തുന്നു. കാൽവരിക്കുരിശിൽ സംഭവിച്ചതിന്റെ സ്ഥിരമായ ഓർമ്മപ്പെടുത്തലാണല്ലോ ഓരോ വിവാഹവും. പരസ്പരവിധേയത്വവും അനുസരണവും പ്രാർഥനയും കൗദാശിക-തിരുവചനാധിഷ്ഠിത ജീവിതവും ഇതോടൊപ്പം ചേരുമ്പോൾ കുടുംബം സ്വർഗത്തിൻ്റെ ഭൂമിയിലെ പതിപ്പായി മാറുന്നു.

കാർമ്മൽമലയിൽ ഏലിയാപ്രവാചകനെന്നപോലെ കുടുംബമാകുന്ന വിശുദ്ധ ഗിരിയിൽ സ്വർഗത്തിൻ്റെ അഭിഷേകം ഇറക്കിക്കൊണ്ടുവരേണ്ടവരാണ് ദമ്പതിമാർ. കുടുംബത്തെ സംബന്ധിക്കുന്ന സകലത്തിൻ്റെയും മേൽ അവർക്ക് അധികാരമുണ്ട്. തോബിയാസിനെപ്പോലെ സാത്താനെ ചവിട്ടിമെതിക്കാനുളള അധികാരം ദൈവം അവർക്ക് നൽകിയിട്ടുണ്ട്.

നിത്യയൗവനത്തിനുടമയായ കർത്താവീശോമിശിഹായുടെ തിരുശരീരരക്തങ്ങൾ അനുദിനം സ്വീകരിക്കുന്ന ദമ്പതിമാർക്ക് അവരുടെ ദാമ്പത്യത്തിൻ്റെ പുതുമയും ആനന്ദവും നിലനിർത്താൻ സാധിക്കുന്നു. ദാമ്പത്യസ്നേഹത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് തിരുവിവാഹമെന്ന കൂദാശയിൽ അവർ സ്വീകരിച്ച കൃപാവരത്തെ നിരന്തരം ഉജ്ജ്വലിപ്പിക്കുന്നു

തിരുവിവാഹമെന്ന കൂദാശയുടെ പ്രവാചകരും പ്രഘോഷകരുമാകാൻ ദൈവം എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഞങ്ങളുടെ 15ാം വിവാഹവാർഷികദിനത്തിൽ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്ന, ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു.🙏

Dr.Reju-Dr.Sonia

നിങ്ങൾ വിട്ടുപോയത്