പെസഹാ : യൗസേപ്പിതാവ് ആണ്ടുതോറും പങ്കെടുത്തിരുന്ന തിരുനാൾ
ഇന്നു പെസഹാ തിരുനാളാണ്, യൗസേപ്പിതാവ് ആണ്ടുതോറും പങ്കെടുത്തിരുന്നായി സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്ന തിരുനാൾ പെസഹാ തിരുനാൾ ആണ്. “യേശുവിന്റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലെമില്‍ പോയിരുന്നു.” (ലൂക്കാ 2 : 41). ഈശോ അത്യയധികം ആഗ്രഹിച്ച തിരുനാളുമാണിത്. “അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു. “(ലൂക്കാ 22:15). ഈശോയിൽ പെസഹാ തിരുനാളിനോടുള്ള താൽപര്യവും അഭിനിവേശവും നിറച്ചത് യൗസേപ്പിതാവായിരുന്നു എന്നു നിസംശയം പറയാം.
പെസഹാ എന്ന വാക്കിൻ്റെ അർത്ഥം കടന്നു പോകൽ എന്നാണല്ലോ . യൗസേപ്പിതാവും ഒരു പെസഹാ തിരുനാളിൻ ഒരു കടന്നു പോകൽ അനുഭവത്തിനു വിധേയനായ വ്യക്തിയാണ്. ജറുസലേമിൽ പെസഹാ തിരുനാളിനു മാതാപിതാക്കൾക്കൊപ്പം പോയപ്പോഴാണ് ബാലനായ ഈശോയെ കാണാതാകുന്നത്. താൻ ഒരു വളർത്തു പിതാവ് മാത്രമാണ് എന്ന സത്യം “കടന്നു പോകൽ” അനുഭവത്തിലൂടെ യൗസേപ്പിതാവിൽ രൂപം കൊള്ളുന്നത് ഈ പെസഹാ തിരുനാളിനു ശേഷമാണന്നു പറയാം. മൂന്നു ദിവസങ്ങൾക്കു ശേഷം ദൈവാലയത്തിൽ ഈശോയെ വീണ്ടും കണ്ടെത്തുമ്പോൾ മാതാപിതാക്കളോട് ഈശോ പറയുന്നു: “നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?”(ലൂക്കാ 2 : 49)
പിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃതനായിരുന്ന ഈശോ മനുഷ്യരുടെ കാര്യങ്ങളിൽ വ്യാപൃതനാകാൻ വിശുദ്ധ കുർബാനയും പൗരോഹിത്യവും എന്ന രണ്ടു കൂദാശകൾ സ്ഥാപിക്കാൻ തിരഞ്ഞെടുത്ത ദിവസം പെസഹാ സുദിനമായതിൽ യാതൊരു അതിശയോക്തിയുമില്ല. മനുഷ്യ വംശത്തിനു ജീവൻ ഉണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകുവാനും തൻ്റെ ശരീര രക്തങ്ങൾ പങ്കുവച്ചു നൽകുന്ന വിശുദ്ധ കുർബാന ഈശോ സ്ഥാപിക്കുമ്പോൾ ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനായി സ്വയം ആത്മദാനമായ തൻ്റെ വളർത്തു പിതാവ് യൗസേപ്പിതാവിൻ്റെ ഓർമ്മയും മനസ്സിൽ തെളിഞ്ഞട്ടുണ്ടാവാം.
ഈശോയോടൊപ്പമായിരിക്കാൻ എപ്പോഴും ആഗ്രഹച്ചവരായിരുന്നു അവൻ്റെ മാതാപിതാക്കൾ. അവനെ മൂന്നു ദിവസം കാണാതാകുമ്പോൾ യൗസേപ്പിതാവും മാതാവും ഉത്‌കണ്‌ഠയോടെ അവനെ അന്വോഷിക്കുന്നു (ലൂക്കാ 2 : 48) ഈശോയെ നഷ്ടപ്പെടുന്ന അനുഭവം അവൻ്റെ മാതാപിതാക്കൾക്കു ഉത്‌കണ്‌ഠക്കു കാരണമായങ്കിൽ പെസഹാ സുദിനത്തിൽ വിശുദ്ധ കുർബാനയിലെ ഈശോയോടു കൂടെയിരുന്ന് നമ്മുടെ ഉത്‌കണ്‌ഠകൾ അകറ്റാൻ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs