ഫ്രാൻസിസ് മാർപാപ്പ 2015 – ൽ ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിൽ ഇറ്റലിക്കാരിയായ ഒരു കന്യാസ്ത്രീയെ കണ്ടുമുട്ടുകയും ആ കന്യാസ്ത്രീയുടെ ജീവിത സാക്ഷ്യം മാർപാപ്പയുടെ ഹൃദയത്തെ വളരെയേറെ സ്പർശിക്കുകയും ചെയ്തു. ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞ് വത്തിക്കാനിൽ തിരിച്ചെത്തിയ ഫ്രാൻസിസ് പാപ്പ സി. മരിയ കൊൺചേത്ത എന്ന സോങ്കോയുടെ മമ്മ മരിയയെ മിഷണറിമാരുടെ മാതൃകയായി ലോകത്തിന് മുമ്പിൽ എടുത്തു കാണിക്കുകയുണ്ടായി.
2019 മാർച്ച് 26 ന് വത്തിക്കാനിൽ നടന്ന വിശ്വാസികളുമായുള്ള പതിവ് കൂടിക്കാഴ്ചയുടെ (ജനറൽ ഓഡിയൻസ്) അവസാനം ഫ്രാൻസിസ് പാപ്പ തന്റെ അരികിലേയ്ക്ക് മമ്മാ മരിയയെ വിളിച്ചു നിർത്തിയിട്ടു ലോകം മുഴുവനോടുമായി പറഞ്ഞു: “നിങ്ങളുടെ വിശുദ്ധി നിറഞ്ഞതും നിശബ്ദവുമായ ജീവിതം ഒരു മാധ്യമങ്ങളും ലോകത്തിന്റെ മുമ്പിൽ വാർത്തയാക്കില്ല. എന്നാൽ ലോകം മുഴുവനിലും സഹോദര സ്നേഹത്തെപ്രതി ദൈവരാജ്യത്തിനുവേണ്ടി ജീവിതം മാറ്റി വച്ചിരിക്കുന്ന അനേകായിരം മിഷണറിമാരോടുള്ള ബഹുമാനത്തിനായി ഞാൻ നിങ്ങൾക്ക് ഈ പുരസ്കാരം നൽകുന്നു”. മെഡലും സർട്ടിഫിക്കറ്റും അടങ്ങുന്ന മാർപാപ്പയുടെ ആ പുരസ്കാരം ഞങ്ങളുടെ സന്യാസ സഭയായ വിശുദ്ധ യൗസേപ്പിതാവിൻ്റെ പുത്രിമാർക്ക് ഒത്തിരി അഭിമാനം ഉളവാക്കി.
ഇറ്റലിയിലെ സർദേഞ്ഞ എന്ന ദ്വീപിൽ വില്ലസ്സോർ എന്ന ചെറിയ ഒരു ഗ്രാമത്തിൽ 1934 – ൽ ഒരു സാധാരണ കുടുംബത്തിലെ 6 മക്കളിൽ 5 മത്തെ കുട്ടിയായി ചെസീറ (സി. മരിയ കൊൺചേത്ത) ഭൂജാതയായി. തികച്ചും ദൈവവിശ്വാസികളായ മാതാപിതാക്കൾ തങ്ങളുടെ ആറു മക്കളെയും ദൈവ വിശ്വാസത്തിൽ വളർത്തിക്കൊണ്ടു വന്നതിനാൽ ദൈവത്തിന്റെ വലിയ അനുഗ്രഹം ആ കുടുംബത്തെ തേടിയെത്തി. 6 മക്കളിൽ 3 മക്കൾ സമർപ്പിത ജീവിതം തിരഞ്ഞെടുത്തു. സി. മരിയയെ കൂടാതെ സഹോദരൻ ജൂലിയോയും, സഹോദരി കർമ്മേലയും ദൈവവിളി സ്വീകരിച്ചു. ചെറുപ്പം മുതൽ സി. മരിയ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ച ഒരു സ്വപ്നമാണ് ഒരു മിഷണറിയായ് തീരണം എന്നത്. അതിനാൽ 24 – മത്തെ വയസ്സിൽ മിഷണറിയായി തീരുക എന്ന തന്റെ ആഗ്രഹം സഫലമാക്കാനായി 1958 – ൽ കോംഗോയിലേയ്ക്ക് യാത്ര തിരിച്ചു. അന്നു മുതൽ ഇന്നലെ വരെ ഒരു മെഴുകുതിരി പോലെ മമ്മ മരിയ തന്റെ ജീവിതം ആഫ്രിക്കൻ ജനതയ്ക്കായി സമർപ്പിച്ചു. ആഫ്രിക്കൻ നാടുകളിൽ അമ്മ എന്ന് വിശേഷിപ്പിക്കുന്നത് “മമ്മ” എന്ന പദം കൊണ്ടാണ്, അതുകൊണ്ടാണ് സി. മരിയയെ ആ ദേശത്തുള്ളവർ മമ്മ മരിയ എന്ന് വിളിക്കുന്നത്.
ലോകം മുഴുവനും അമ്മ എന്നു വിളിയ്ക്കുന്ന ഇന്ത്യയുടെ സ്വന്തം മദർ തെരേസയെപ്പോലെ കോംഗോയുടെ സ്വന്തം അമ്മയാണ് സി. മരിയ കൊൺചേത്ത. മമ്മ മരിയ രൂപത്തിലും ഭാവത്തിലും തീക്ഷ്ണതയിലും മദർ തെരേസയോട് ഒത്തിരി സാമ്യം പുലർത്തുന്നു. പെട്രോളിയത്തിന്റെയും, സ്വർണ്ണത്തിന്റെയും, വജ്രത്തിന്റെയും, കോബാൾട്ടിന്റെയും ഖനികൾ ധാരാളമുള്ള കോംഗോ ലോകത്തിലെ തന്നെ ഏറ്റവും പ്രകൃതി സമ്പന്നമായ ഒരു രാജ്യമാണ്. പക്ഷെ വമ്പൻ വിദേശ രാജ്യങ്ങളുടെ കറുത്ത കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുന്ന ഈ രാജ്യം ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര്യ രാജ്യമായി മാറിയിരിക്കുന്നു. 66 വർഷത്തെ സേവനത്തിനിടയിൽ മമ്മ മരിയ തന്റെ കൈകളെ ഒരു പിള്ളത്തൊട്ടിലായി മാറ്റിയിരിക്കുന്നു. കഴിഞ്ഞ 65 വർഷമായി ഈ ദേശത്തെ പല തലമുറകളിലെയും 40000 – ത്തിൽ പരം കുഞ്ഞുങ്ങൾ ഈ അമ്മയുടെ കരങ്ങളിൽ കൂടിയാണ് ലോകത്തിന്റെ വെളിച്ചത്തിലേക്ക് കടന്നു വന്നത്. ജാതി-മത ഭേദമന്യ രാവോ, പകലോ നോക്കാതെ തങ്ങളുടെ ഭവനത്തിന്റെ വാതിലിൽ വന്നു മുട്ടുന്ന ആരെയും പുഞ്ചിരി തൂകുന്ന മുഖത്തോടെ മമ്മ മരിയ സ്വീകരിക്കും. ആ നാട്ടിലെ 98% സ്ത്രീകളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാൻ സഹായം തേടി വരുന്നത് മമ്മ മരിയയുടെ അടുത്തേക്കായിരുന്നു.
കഴിഞ്ഞ മൂന്നാലു വർഷങ്ങളായി വാർദ്ധക്യ സഹജമായ അസ്വസ്ഥതകളാൽ ബുദ്ധിമുട്ടിയിരുന്ന മമ്മ മരിയ ചികിത്സയുടെ ഭാഗമായി ഏതാനും മാസങ്ങൾ ഇറ്റലിയിലേക്ക് തിരിച്ച് പോന്നുവെങ്കിലും, തൻ്റെ സേവന മേഖലയായ ആഫ്രിക്കയിൽ തന്നെ തനിക്ക് അന്ത്യവിശ്രമം കൊള്ളണം എന്ന് അതിയായി ആഗ്രഹിച്ചു. സി. മരിയ കൊൺച്ചേത്തയുടെ വാക്കുകൾ ഇപ്രകാരം ആയിരുന്നു: “ഞാൻ വീണ്ടും ആഫ്രിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു, കാരണം അവിടെയാണ് ഞാൻ അനേകായിരങ്ങളെ സഹായിക്കാൻ എൻ്റെ ജീവിതം ചെലവഴിച്ചത്. കർത്താവ് എന്നെ വിളിക്കാൻ തീരുമാനിക്കുമ്പോൾ, എൻ്റെ ആളുകൾക്കിടയിൽ ഉണ്ടായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു”. ഫ്രാൻസിസ് പാപ്പായും മമ്മ മരിയയുടെ ഈ ആഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയതിനാൽ സഭാധികാരികൾ മമ്മ മരിയയെ വീണ്ടും ആഫ്രിക്കൻ ഭൂമിയിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ ജൂൺ മാസത്തിൽ 90 ആം പിറന്നാൾ ആഘോഷിച്ച മമ്മ മരിയയുടെ ആരോഗ്യം ഏതാനും ദിവസങ്ങളായി വളരെ മോശമാവുകയും ഇന്നലെ രാവിലെ 11 മണിയോടെ ഈ ലോകത്തോട് വിട പറയുകയുമായിരുന്നു. മമ്മ മരിയയുടെ വേർപാട് വിശുദ്ധ യൗസേപ്പിതാവിൻ്റെ പുത്രിമാർക്കും കത്തോലിക്കാ സഭയ്ക്കും ഒരു തീരാ നഷ്ടം ആണെങ്കിലും ഭാവിയിൽ മമ്മ മരിയ പടിപടിയായി വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറും എന്ന പ്രതീക്ഷയോടെയും ആർക്കും നികത്താനാകാത്ത ഈ വേർപാടിൻ്റെ നീറുന്ന ഓർമ്മകളുമായി ഒരിറ്റു നഷ്ടബോധത്തോടെ…
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്സ്. ജെ