നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും; ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണ്‍ തുടരും; വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം.
മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ഇപ്പോൾ സ്ഥിതിയിൽ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കും. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിപിആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ടിപിആർ 20ന് മുകളിലാണെങ്കിൽ സമ്പൂർണ ലോക്ഡൗൺ. 8നും 20നും ഇടയിൽ ടിപിആർ ആണെങ്കിൽ ഭാഗിക നിയന്ത്രണം. എട്ടിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും.
അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. ബെവ്കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ.
ഷോപ്പിങ് മാളുകൾ തുറക്കില്ല. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം. സെക്രട്ടേറിയറ്റിൽ 50 ജീവനക്കാർ ഹാജരാകണം. വിവാഹത്തിനും മരണാന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.
ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരും. മറ്റു ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. കാർഷിക-വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും.
ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. ഡെൽറ്റ അടക്കമുള്ള വൈറസ് വകഭേദം നിലനിൽക്കുന്നിനാൽ കുറച്ചു ദിവസം കൂടി ജാഗ്രതവേണം.
പൊതുപരീക്ഷകൾ അനുവദിക്കും. റെസ്റ്റോറൻ്റുകളിൽ ടേക്ക് എവേയും ഓൺലൈൻ ഡെലിവറിയും തുടരും. ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മാളുകളും ഈ ഘട്ടത്തിൽ തുറക്കാൻ പാടില്ല. എല്ലാ ബുധനാഴ്ചയും ആഴ്ചയിലെ തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആർ പരിശോധിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങൾ നിർവഹിക്കും.
തദ്ദേശ സ്ഥാപനം ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് പരസ്യപ്പെടുത്തും. വ്യാപനത്തോത് നോക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് പരിശോധനയ്ക്കു ടാർഗറ്റ് നൽകും. ഓരോ വീട്ടിലും ആദ്യം പോസിറ്റീവാകുന്ന വ്യക്തി കരുതൽ വാസ കേന്ദ്രത്തിൽ ക്വാറന്റീൻ ചെയ്യണം. വീടുകളിൽ സൗകര്യമുള്ളവർ മാത്രമേ വീടുകളിൽ ക്വാറൻറീനിൽ കഴിയാൻ പാടുള്ളൂ.
ടിപിആർ എട്ട് ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ എല്ലാ കടകളും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാം. അൻപത് ശതമാനം ജീവനക്കാരുമായി വേണം പ്രവർത്തിക്കാൻ. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അൻപത് ശതമാനം ജീവനക്കാരുമായി ജൂൺ 17 മുതൽ ആരംഭിക്കാം.
എട്ട് മുതൽ 20 ശതമാനം വരെ ടിപിആർ ഉള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരേയും മറ്റുള്ള വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അൻപത് ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും അൻപത് ശതമാനം ജീവനക്കാരുമായി ഈ ദിവസങ്ങളിൽ പ്രവർത്തിക്കാം.
ടിപിആർ 20 ശതമാനത്തിന് മുകളിലുള്ള അതിവ്യാപന മേഖലകളിൽ അവശ്യസർവ്വീസുകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം ഏഴ് മുതൽ ഏഴ് വരെ പകുതി ജീവനക്കാരുമായി തുറക്കാം. ടിപിആർ മുപ്പതിന് മേലെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും.
ടിപിആർ എട്ടിന് താഴെയുള്ള 147 തദ്ദേശസ്ഥാപനങ്ങൾ ഇന്നത്തെ കണക്ക് അനുസരിച്ച് കേരളത്തിലുണ്ട്. എട്ടിനും ഇരുപതിനും ഇടയിൽ 716 തദ്ദേശസ്ഥാപനങ്ങളാണ്. 20നും 30നും ഇടയിൽ 146 തദ്ദേശസ്ഥാപനങ്ങളാണ്. മുപ്പതിന് മുകളിൽ ടിപിആർ ഉള്ളത് 25 തദ്ദേശ സ്ഥാപനങ്ങളാണ്.
. ഇളവുകള്‍ അനുവദിച്ചുവെന്ന് കരുതി എല്ലാ മേഖലയിലും ഇളവാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് നമ്മുടെ കൂടെയുണ്ട്. വ്യാപനം തടയാന്‍ കഴിഞ്ഞാല്‍ മാത്രമെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാവൂ. അതിനാല്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.