2000 മാണ്ടിലെ മഹാജൂബിലി വർഷത്തിന്റെ 25ാം വാർഷിക ആഘോഷങ്ങൾക്കായും, വിശുദ്ധവർഷ ആചരണത്തിനായും തിരുസഭ ഒരുങ്ങുമ്പോൾ ജുബിലി ആഘോഷങ്ങളുടെ ലോഗോ രൂപകൽപ്പന ചെയ്യാനായി അപേക്ഷകൾ ക്ഷണിച്ചു.
വത്തിക്കാനിലെ നവസുവിശേഷ വൽക്കരണവുമായി ബന്ധപെട്ട കോൺഗ്രിഗേഷനാണ് ലോഗോകൾക്കായി മത്സരം സംഘടിപ്പിക്കുന്നത്. ചരിത്ര – ദൈവശാസ്ത്ര പരമായ തനിമയുള്ള കാര്യങ്ങൾ ഉൾകൊള്ളിച്ച് വേണം ലോഗോ തയ്യാറാക്കാൻ എന്നാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
ഫെബ്രുവരി 22 മുതൽ ആരംഭിച്ച മത്സരം മെയ് 20 വരെ ആർക്കും ഡിജിറ്റൽ രൂപത്തിലുള്ള മാതൃകകൾ അയക്കാം. 2000 ആണ്ടിലെ ലോഗോ 22 വയസുള്ള ഒരു കലാകാരി രൂപകൽപ്പന ചെയ്തതായിരുന്നു. അതിൽ സഭയുടെ സാർവാത്രികതയും, ആത്മിയ മാനങ്ങളും ഉൾകൊള്ളിച്ചതായിരുന്നു. “പ്രതീക്ഷയുടെ തീർത്ഥാടകർ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി വേണം ലോഗോ രൂപകൽപന ചെയ്യേണ്ടത് എന്നും നിർദ്ദേശം നൽകുന്നുണ്ട്. ഏത് പ്രായക്കാർക്കും, ഏത് ദേശത്ത് നിന്നും ഈ മൽസരത്തിൽ പങ്കെടുക്കാം എന്നും പറയുന്നു. രൂപകൽപ്പന ചെയ്യുന്ന ലോഗോയിൽ 2025 ലെ ജൂബിലി (Jabileam A.D. 2025) എന്നും, പ്രതീക്ഷയുടെ തീർത്ഥാടകരെന്നും (Peregrinates in spem) ലത്തീൻ ഭാഷയിൽ ചേർത്തിരിക്കണം എന്നും, കളർ – ബ്ലാക്ക് ആൻഡ് വൈറ്റ് രീതികളിൽ പ്രദർശിപ്പിക്കാവുന്നതും ആയിരിക്കണം എന്നും പറയുന്നുണ്ട്. വിശ്വാസം പ്രത്യാശ ഉപവി എന്നിവ പരസ്പരം ബന്ധപെട്ടിരിക്കുന്നു എന്നും അത് പടുത്തുയർത്തുന്നതാണ് എന്നും ലോഗോ തയ്യാറാക്കാൻ നൽകിയ മാർഗരേഖയിൽ പറയുന്നു.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ.