Be sure your sin will find you out.
(Numbers 32:23) ✝️

ജീവിതത്തിൽ നാം ചെയ്യുന്ന പാപം നമ്മളെ വേട്ടയാട്ടാറുണ്ട്. പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് ബൈബിൾ കരുതുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും ദൈവത്തിനെതിരായ തെറ്റുമാണ്. ആദവും ഹവ്വയും പാപം ചെയ്തു പാപത്തിന്റെ ഫലമായി അവർ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. പഴയനിയമത്തിൽ സംഖ്യയുടെ പുസ്തകത്തിൽ പാപം ചെയ്യുന്ന വ്യക്തികളുടെ മൂന്നും നാലും തലമുറകളെ ശിക്ഷിക്കുന്ന ദൈവത്തെ ആണ് നാം കാണുന്നത്. ദൈവവുമായി ഉടമ്പടിയിലേര്‍പ്പെട്ടവര്‍, അതിനൊത്ത വിശുദ്ധി ജീവിതത്തില്‍ പാലിക്കാതിരിക്കുകയും ദൈവത്തിനെതിരെ പാപം ചെയ്യുകയും ചെയുമ്പോൾ ശിക്ഷിക്കുന്ന ദൈവത്തെ നിയമാവർത്തനത്തിലും സംഖ്യ പുസ്തകത്തിലും കാണുവാൻ കഴിയും

പുതിയ നിയമത്തിൽ പാപങ്ങൾ ഏറ്റു പറയുമ്പോൾ ക്ഷമിക്കുന്ന ദൈവത്തെ ആണ് നാം കാണുന്നത്. പലപ്പോഴും പാപം മോചിക്കാൻ ദൈവം സന്നദ്ധനല്ലാത്തതിനാലല്ല, മറിച്ച് മോചനം സ്വീകരിക്കാൻ പാപി ഒരുക്കമല്ലാത്തതിനാലാണ് പാപം ക്ഷമിക്കപ്പെടാത്തതായിത്തീരുന്നത്. ഈ അവസ്ഥയിൽ തുടരുന്നിടത്തോളം കാലം മോചനം അസാധ്യമായിരിക്കുന്നു. പാപമോചനം അസാധ്യമാകുന്ന സാഹചര്യത്തെക്കുറിച്ച് ബൈബിളിൽ വേറെയും പരാമർശങ്ങളുണ്ട്. ”ഒരിക്കൽ പ്രകാശം ലഭിക്കുകയും സ്വർഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവിൽ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും അനുഭവിച്ചവർ പാപത്തിൽ വീണുപോവുകയാണെങ്കിൽ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്.(ഹെബ്രാ.6:4-6). എന്നു തിരുവചനം പറയുന്നു.

പുതിയ നിയമത്തിൽ ദൈവം ക്ഷമിക്കാത്ത പാപം പരിശുദ്ധാത്മാവിനെതിരായി ചെയ്യുന്ന പാപമാണ്. പാപമോചനത്തിന്റെ ഉറവിടമായ ദൈവാത്മാവിനെത്തന്നെ നിഷേധിക്കുകയും അശുദ്ധാത്മാവായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഹൃദയം കഠിനമാക്കുന്നതിന്റെ ലക്ഷണമാണ്. ഇപ്രകാരം ഒരവസ്ഥയിൽ പാപമോചനം അസാധ്യമായിത്തീരുന്നു. നാം ഓരോരുത്തർക്കും നമ്മുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുകയും, ക്ഷമ ചോദിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

നിങ്ങൾ വിട്ടുപോയത്