കൊച്ചി: കേരളത്തിന്റെ വികസന സാധ്യതകളെ ആഴത്തില്‍ അപഗ്രഥിക്കാനുതകുന്ന പഠന ശിബിരത്തിന് കേരളകത്തോലിക്കാ മെത്രാന് സമിതിയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ അരങ്ങൊരുങ്ങുന്നു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍, ഹൈബി ഈഡന് എംപി തുടങ്ങിയവരും ഒട്ടനവധി പ്രമുഖരും പഠനശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നു. കെസിബിസിയുടെ വിവിധ കമ്മീഷനുകള്ക്കായിരിക്കും പ്രോഗ്രാമുകളുടെ ഏകോപന ഉത്തരവാദിത്തം.
ഫെബ്രുവരി ഇരുപത് ശനിയാഴ്ച കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പഠനശിബിരത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കും. കെസിബിസി വനിതാകമ്മീഷന് ചെയര്മാന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ഇക്കാലഘട്ടത്തില്‍ കേരളത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഏഴ് പ്രധാന വിഷയങ്ങളില്‍ സമഗ്രമായ വിശകലനങ്ങള്‍ക്ക് വേദിയൊരുക്കുന്ന കേരള പഠനശിബിരത്തില്‍ വിഷയാവതരണങ്ങള്‍ നടത്തുകയും പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യാനെത്തുന്നത് സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ പ്രഗത്ഭരും അറിയപ്പെടുന്നവരുമായ വിദഗ്ധരാണ്.