കൊച്ചി: കോവിഡിനുശേഷം കൊച്ചി നഗരത്തിൽ അരങ്ങേറിയ നാടകം കാണാൻ നിരവധി കലാസ്വാദകരെത്തി. പാലാരിവട്ടം പി.ഒ.സി.യിൽ കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകമാണ് ഇന്നലെ അവതരിപ്പിച്ചത്. ഈ നാടകാവതരണത്തോടെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മീഡിയ കമ്മീഷൻ ലക്ഷ്യമിടുന്ന കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി.


കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹമനസ്സുകളിൽ ആഹ്ലാദം നിറയ്ക്കാൻ ഇത്തരം സംരംഭങ്ങൾക്കു കഴിയുമെന്നും, ഇത്തരം സാന്ത്വനപദ്ധതികളെ അകമഴിഞ്ഞ് സഹായിക്കുമെന്നും കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പി.ഒ.സി.യിൽ മീഡിയ കമ്മീഷൻ തുടക്കം കുറിച്ചിട്ടുള്ള പ്രതിമാസ കലാഅവതരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ. കെ.പി.എ.സി. ബിയാട്രീസായിരുന്നു മുഖ്യാതിഥി. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ്ബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ഫാ. ഷാജി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്