പ്രഭാത പ്രാർത്ഥന
“യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.(യോഹന്നാന്‍ 8:12)”സ്നേഹസ്വരൂപനായ ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. സർവ്വത്തിന്റെയും ഉടയവനെ, ഇന്നേ ദിനത്തിൽ അങ്ങ് ഞങ്ങൾക്കാവശ്യമായതു നൽകി പരിപാലിക്കണമേ.
ഹ്ര്വസമായ ഈ ജീവിത കാലയളവിൽ അവിടുത്തെ പാതയിൽ ചരിക്കുവാനും, വിചാരത്തിലും, പ്രവർത്തിയിലും നീതി പൂർവം പ്രവർത്തിക്കുവാനും കൃപ നൽകണമേ. ഈശോയെ, ഇന്ന് പ്രത്യകമായി വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
നാഥാ അവരുടെ ജീവിതങ്ങളിൽ അങ്ങ് ഇടപെടണമേ . മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല അവനു ചേർന്ന ഇണയെ ഞാൻ നൽകുമെന്നു അങ്ങ് അരുളിചെയ്തുവല്ലോ. വിവാഹം ആഗ്രഹിച്ചു കാത്തിരിക്കുന്ന എല്ലാ മക്കൾക്കും അങ്ങയുടെ അനുഗ്രഹത്തെ സ്വീകരിക്കുവാൻ സാധിക്കട്ടെ.
കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന ദമ്പതികളെ സമർപ്പിക്കുന്നു. പിതാവേ അവരോടു കരുണ ആയിരിക്കണമേ. അവരുടെ ജീവിതങ്ങളെ പീഡിപ്പിക്കുന്ന സാത്താനിക അരൂപികളെ ബന്ധിച്ചു കൊണ്ട്, ദൈവിക അരൂപിയെ ആ ജീവിതങ്ങളിൽ നിറയ്ക്കണമേ.
വലിയ മാറ്റം ആ ഭവനങ്ങളിൽ സംഭവിക്കട്ടെ. തകർന്ന കുടുംബങ്ങളിൽ വളരുന്ന കുഞ്ഞുങ്ങളെ ഓർക്കുന്നു. അവർക്ക് ദൈവിക സ്നേഹം അനുഭവവേദ്യമാകുവാൻ ഇടയാക്കണമേ. മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും അടിമത്തത്തിൽ കഴിയുന്നവർക്ക് വിമോചനം നൽകണമേ. പിതാവേ, പാപ സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് വിടുതലും, നന്മയിൽ വളരുവാൻ കൃപയും നൽകി അനുഗ്രഹിക്കണമേ.
പരിശുദ്ധ കന്യക മറിയമേ, അങ്ങ് ദേവസന്നിധിയിൽ എളിമപ്പെട്ടതു പോലെ എളിമയോട് കൂടി ലോകത്തിലും, ദൈവ സന്നിധിയിലും വ്യാപരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തെ ഭയക്കാതെ ദൈവകല്പനകൾ അനുസരിച്ചു ജീവിക്കുവാൻ ഞങ്ങൾക്കായി അമ്മ പ്രാർത്ഥിക്കണമേ. ആമേൻ
വിശുദ്ധ ‘അമ്മ ത്രേസ്സ്യ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.