ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു.
സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിൻ്റെ നിർമ്മിതി സാധ്യമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സോഷ്യലിസത്തിൽ ആകൃഷ്ടനായിരുന്ന നെഹ്റു സോവിയറ്റ് മാതൃകയെ പിന്തുടർന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു. കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്.
നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്. നെഹ്റുവിൻ്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നൽകിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയിൽ ഊർജമാക്കുമെന്ന് നമുക്ക് ആവർത്തിച്ച് തീരുമാനിക്കാം. ഏവർക്കും ശിശു ദിന ആശംസകൾ.
മുഖ്യമന്ത്രി പിണറായി വിജയൻ