ലോകത്തിന്റെ കാഴ്ചപ്പാടിൽ പരാജയമായി ചിത്രീകരിക്കപ്പെടുന്ന ജോസഫിന്റെ ജീവിതമാണ് ദൈവതിരുസന്നിധിയിൽ അംഗീകാരമായി, നീതീകരിക്കപ്പെട്ടതായി മാറിയത്. വിജയിക്കാനുള്ള മോഹവുമായുള്ള കുതിപ്പിനിടയിൽ ഇത്തിരി സമയം കർത്താവുമായുള്ള കൂടിയാലോചനയ്ക്കായി മാറ്റിവയ്ക്കാൻ സാധിച്ചാൽ, മനസ്സാക്ഷിയുടെ സ്വരമെന്ന് nനമ്മൾ വിശേഷിപ്പിക്കുന്ന ദൈവസ്വരത്തിന് ഒന്ന് ചെവി കൊടുത്താൽ തീരാവുന്നതേ ഉള്ളു പല പ്രശ്നങ്ങളും. അത് ഒരു പക്ഷേ ലോകത്തിന്റെ വീക്ഷണഗതിയുടെ തകിടം മറിച്ചിലാകാം; ജീവിക്കാനറിയാത്തവൻ എന്ന് സമൂഹം കുറ്റപ്പെടുത്തിയേക്കാം, ചൂണ്ടിക്കാണിക്കാനുള്ള നേട്ടങ്ങളില്ലാത്തതിനാൽ ഒറ്റപ്പെരുത്തപ്പെട്ടേക്കാം . പക്ഷേ,ആ പരാജങ്ങളിൽ ഒരു വിജയമുണ്ട് ; ആ നഷ്ടപ്പെടലിൽ ഒരു നേട്ടമുണ്ട് .
സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ദൈവേഷ്ടത്തിനുമുമ്പിൽ ത്യജിച്ച ജോസഫ് എന്ന തച്ചൻ, നിശ്ശബ്ദതയ്ക്ക് പുതിയ മാനം കൊടുത്തവൻ , ഇന്ന് നമ്മോടും ആവശ്യപ്പെടുന്നത് ഒന്ന് മാത്രമാണ് : ശാന്തനാകുക, ദൈവത്തോട് കൂടിയാലോചന നടത്തുക.
സ്വപ്‌നങ്ങൾ കാണണം – സ്വജീവിതത്തിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾ ദൈവഹിതത്തോട് ചേർന്നുപോകുന്ന സ്വപ്‌നങ്ങൾ.
വിജയിയെ ഹർഷാരവത്തോടെ വരവേൽക്കുമ്പോൾത്തന്നെ പിന്നിലായിപോയവനെ ചേർത്തുനിർത്തുന്ന മാനുഷികമൂല്യവും മാനുഷിക പരിഗണനയും ആകട്ടെ ഉയർത്തിപ്പിടിക്കേണ്ട വിജയമന്ത്രം.
ലോകം തരുന്ന വിജയിയുടെ കിരീടത്തെക്കാൾ അവൻ – സ്വർഗ്ഗീയൻ – തരുന്ന നിത്യകിരീടമാകട്ടെ നമുക്ക് ഓടാനുള്ള പ്രചോദനവും ശക്തിയും.
അന്നും ഇന്നും എന്നും ‘പ്രവർത്തിക്കുന്നവരുടെ’ ഇടയിൽ “പ്രവർത്തിക്കാത്ത ” ജോസഫ് ഒരു വെല്ലുവിളിയാണ്, അനന്യനാണ്
.ബെൻ ജോസഫ്