ഭാരതസഭ ജന്മം നല്കിയ സഭാപണ്ഡിതരില്‍ അവിസ്മരണനീയനായ പ്ലാസിഡ് പൊടിപാറ അച്ചന്റെ 36-ാം ചരമവാര്‍ഷികമാണിന്ന്.
“ആചാര്യേശാ മിശിഹാ കൂദാശകളർപ്പിച്ചോരാ ചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം”
പ്ലാസിഡച്ചന്: ശ്ലൈഹിക സഭയുടെ കെടാവിളക്ക്.
ഭാരതസഭയെ സംബന്ധിച്ച്, പ്രത്യേകിച്ച് മാര്‍ത്തോമ്മ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിസ്മൃതിയില്‍ തള്ളാവുന്ന ഒരു വ്യക്തിത്വമല്ല പ്ലാസിഡച്ചന്റേത്. ഒരു കര്‍മലീത്ത സന്യാസ വൈദികന് എന്ന നിലയില്‍ സഭയ്ക്കുവേണ്ടി പൂര്‍ണമായി സമര്‍പ്പിതമായിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സന്യാസത്തിന്റെ അരൂപിയില്‍ നിന്നുകൊണ്ട് ഭാരതത്തിലെ മാര്‍ത്തോമ്മ കൈസ്ത്രവ സമൂഹത്തിന് വ്യക്തമായ ബോധ്യങ്ങള്‍ പകര്ന്നുനല്കാനുള്ള ദൗത്യം കര്നധീരനായ പ്ലാസിഡച്ചന് ഏറ്റെടുത്തു.
സഭാചരിത്രം, ആരാധനാക്രമം, സഭാനിയമം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം അഗാധ പണ്ഡിതനായിരുന്നു അദ്ദേഹം. നിരവധി ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും തലമുറകള്‍ക്ക് ആത്മീയവും ദൈവശാസ്ത്രപരവുമായ ഉള്‍ക്കാഴ്ചകള്‍ പകര്ന്നുനല്കാന് അദ്ദേഹത്തിനായി. സഭാവിജ്ഞാനീയത്തില്‍ അടിസ്ഥാനമിട്ടുകൊണ്ടു സഭയെ കൂടുതല്‍ അടുത്തറിഞ്ഞ് ശരിയായ പാതയിലൂടെ മുന്നേറാന്‍ സഭാതനയര്‍ക്ക് ഉത്തേജനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍. പ്ലാസിഡച്ചന്റെ രചനകളുടേയും പ്രഭാഷണങ്ങളുടെയും ആന്തരികമായ ചൈതന്യവും അടിസ്ഥാനവും സഭാചരിത്രമാണ്. സഭയുടെ ചരിത്രം എത്ര കൂടുതല്‍ അദ്ദേഹം അടുത്തറിഞ്ഞോ അത്ര കൂടുതല്‍ അതിനെ സ്നേഹിച്ച് വളര്‍ത്താന്‍ അദ്ദേഹത്തിനായി.
സഭാചരിത്രത്തിന്റെ ഉള്‍ക്കാഴ്ചകളിലൂടെ സഭാസ്നേഹം പകര്ന്നുനല്കാന് പ്ലാസിഡച്ചനെപ്പോലെ പരിശ്രമിച്ച മറ്റൊരു സഭാചാര്യന്‍ ഉണ്ടാവില്ല. ഓരോ ശ്ലൈഹിക സഭയുടെയും ചരിത്രം സുവിശേത്തിന് ജന്മം കൊടുത്തതിന്റെയും സുവിശേഷം ജീവിച്ചതിന്റെയും ചരിത്രമാണ്. ഈ ശ്ലൈഹികമായ ചരിത്രത്തെ വിസ്മൃതിയിലാക്കി ഒരു സഭയ്ക്കും വളര്‍ച്ചയുടെ പാതയില്‍ സഞ്ചരിക്കാനാവില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ജീവിതകാലം മുഴുവന്‍ ഭാരതസഭയുടെ ചരിത്രവും അതിന് മറ്റ് അപ്പസ്തോലിക സഭകളുമായുള്ള ബന്ധവും ഓരോ ശ്ലൈഹിക സഭയുടെയും വ്യക്തിത്വവും തനിമയുമൊക്കെ അദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളായി. ഭാരതത്തിലെ മാര്‍ത്തോമ്മ നസ്രാണിസഭ സംസ്കാരത്തില്‍ ഭാരതീയവും ആരാധനയില്‍ പൗരസ്ത്യവും വിശ്വാസത്തില്‍ കാതോലികവുമാണ് എന്ന പ്ലാസിഡച്ചന്റെ ഉള്‍കാഴ്ച അദ്ദേഹത്തിന്റെ സഭാവിജ്ഞാനീയത്തെ മനോഹരമായി പ്രകാശിപ്പിക്കുന്നു. തന്റെ മാതൃസഭയോട് അത്യധികമായ സ്നേഹവും ഭക്തിയും പുലര്‍ത്തിയപ്പോഴും സാര്‍വത്രിക സഭയുടെ വിശ്വാസത്തോടും കൂട്ടായ്മയോടുമുള്ള പ്രതിബന്ധതയ്ക്ക് ഒരു കുറവും വരാതെ അദ്ദേഹം ശ്രദ്ധിച്ചു.
ഓരോ ശ്ലൈഹിക സഭയുടെയും നിലനില്‍പ്പും വളര്‍ച്ചയും സാര്‍വത്രിക സഭയുടെ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമാണ് എന്ന് അദ്ദേഹം വാദിച്ചു. ഈ ബോധ്യത്തിലുറച്ചു നിന്നുകൊണ്ടാണ് മലങ്കര സഭയുടെ പുനരൈക്യത്തിനും കത്തോലിക്കാ സഭയിലുള്ള കൂട്ടായ്മയ്ക്കും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചത്. സാര്‍വത്രിക സഭയുടെ കൂട്ടായ്മയില്‍ ഒരു ശ്ലൈഹിക സഭയെന്ന നിലയില്‍ മലങ്കര കത്തോലിക്കാ സഭയ്ക്ക് അതിന്റെ പ്രാരംഭ ദശയില്‍ പ്ലാസിഡച്ചന് നല്കിയ സേവനങ്ങള്‍ അതുല്യങ്ങളാണ് എന്നത് മലങ്കര സഭയുടെ ഇന്നത്തെ ചരിത്രം വ്യക്തമാക്കുന്നു.
ശ്ലൈഹിക സഭകളുടെ ദൈവശാസ്ത്രപരമായ വളര്‍ച്ചയ്ക്ക് സഭാചരിത്രത്തിലും പാരന്പര്യത്തിലും വേരൂന്നിക്കൊണ്ട് അടിസ്ഥാനമിടാന്‍ പ്ലാസിഡച്ചന് കഴിഞ്ഞിട്ടുണ്ട്. പൗരസ്ത്യ സഭകളിലെ ആരാധനക്രമ ദൈവശാസ്ത്രത്തിന്റെ ആഴങ്ങളിലേക്കും വിശിഷ്യ അതിന്റെ തനിമയും നവീകരണവും പ്ലാസിഡച്ചന്റെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. ആരാധനക്രമം ശ്ലൈഹിക സഭയുടെ വിശ്വാസജീവിതത്തിന്റെ ഉറവിടവും പ്രകാശനവുമായി അദ്ദേഹം കരുതുകയും സ്നേഹിക്കുകയും ചെയ്തു.
ഇന്നത്തെ സീറോ മലബാര്‍ സഭയുടെ പുതിയ പുതിയ മേഖലകളിലേക്കുള്ള വളര്‍ച്ചയിലും പ്ലാസിഡച്ചന്റെ ദീര്‍ഘവീക്ഷണവും രചനകളും നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. ഭാരതത്തിനകത്തും പുറത്തുമുള്ള സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളുടെയും അജപാലന പ്രവര്‍ത്തനങ്ങളുടെയും സാധ്യതയും ആവശ്യകതയും ഈ ശ്ലൈഹികസഭയെ സംബന്ധിച്ചിടത്തോളം എത്രമാത്രം അര്‍ഹതപ്പെട്ടതാണ് എന്നു ബോധ്യപ്പെടുത്താനും അത് നേടിയെടുക്കാനും അദ്ദേഹം അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്.
ഏതൊരു ശ്ലൈഹിക സഭയും സ്വഭാവത്താലെ മിഷണറിയാണ് എന്ന വത്തിക്കാന്‍ കൗണ്‍സില്‍ പഠനം മാര്‍ത്തോമ്മ നസ്രാണി സഭയെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യത്തിലെത്തിക്കാന്‍ അടിസ്ഥാനമിട്ടത് പ്ലാസിഡച്ചന്റെ രചനകള്‍ തന്നെയെന്നു നിസംശയം പറയാം. പ്ലാസിഡച്ചന്റെ ജീവിതത്തെ നിര്‍വചിച്ചാല്‍ അത് സഭയ്ക്കുവേണ്ടി പൂര്‍ണമായി സമര്‍പ്പിതമായ സന്യാസജീവിതം എന്നതായിരിക്കും.
ഡോ. വര്‍ഗീസ് കൊച്ചുപറന്പിൽ