ആൺ-പെൺ വേർതിരിവില്ലാത്ത ഏകീകൃത വസ്ത്രധാരണം നടപ്പിലാക്കി എന്നവകാശവാദം ഉന്നയിക്കുകയും ആ നേട്ടം കൊട്ടിഘോഷിക്കുകയും ചെയ്യുന്നവരോട്: ഈ 21 ആം നൂറ്റാണ്ടിൽ അല്പം കൂടി ഉയർന്നുചിന്തിക്കുന്നത് എത്രയോ നല്ലതാണ്? ആസക്തികളാൽ കലുഷിതമായ ദൃഷ്ടികളെയും വഷളൻ കമൻ്റുകളെയും ഭയക്കാതെ ഒരു സ്ത്രീയ്ക്ക് കേരളത്തിൻ്റെ തെരുവുകളിൽ കൂടി നടന്ന് പോകാൻ സാധിക്കുമ്പോഴും, അല്പനേരത്തെ മനഃസുഖത്തിനായി നീണ്ടുവരുന്ന കൈകൾ ഇല്ല എന്ന ഉറപ്പോടെ സമാധാനമായി തിരക്കുള്ള ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുങ്ങുമ്പോഴുമല്ലേ സത്യത്തിൽ സ്ത്രീ-പുരുഷ സമത്വം നേടി എന്ന് ആർത്ത് വിളിക്കേണ്ടതും സന്തോഷിക്കേണ്ടതും..?

ലോകത്ത് മറ്റൊരിടത്തും കാണാത്ത തരത്തിൽ സോഷ്യൽ മീഡിയയിലും, ഓൺലൈൻ മാധ്യമങ്ങളിലും, വിവിധ ചാനലുകളിലെ അന്ത്യചർച്ചകളിലും സ്ത്രീകളെയും സ്ത്രീത്വത്തെയുംവികലമായി ചിത്രീകരിക്കാൻ മടിക്കാത്ത ഇന്ത്യ എന്ന മഹാരാജ്യത്തും, സമാനമായ സാഹചര്യം നിലനിൽക്കുന്ന കേരളം എന്ന വിദ്യാസമ്പന്നമായ സംസ്ഥാനത്തും ഫലപ്രദമായ ഒരു ഐടി നിയമം പ്രാബല്യത്തിൽ വരുത്താൻ മടിക്കുന്നു എന്നത് പച്ചയായ യാഥാർത്ഥ്യമല്ലേ…?

ജനങ്ങളുടെ നന്മയും വികസനവും ആണ് ഞങ്ങളുടെ ലക്ഷ്യം എന്ന് രാപകലില്ലാതെ ആവർത്തിക്കുമ്പോഴും അനുദിനവും സമൂഹമധ്യത്തിൽ നിന്ദിക്കപ്പെടുകയും ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ട് ജീവിതം തന്നെ തകരുകയും ചെയ്ത സ്ത്രീകളെ കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുന്നു. ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഇത്തരം അവഹേളനങ്ങൾക്കും ബ്ലാക്ക്മെയിൽ ചെയ്യലിനും പിന്നിൽ ചില പുരുഷ കേസരികൾ തന്നെയാണ് എന്നത് നാം ആരും മറന്ന് പോകരുത്. ഇവിടെ എന്ത് സമത്വം ആണുള്ളത്..?

പാർട്ടി പ്രവർത്തകരെയും സിനിമ ഫീൽഡിലുള്ളവരെയും തങ്ങൾക്ക് വേണ്ടപ്പെട്ടവരെയും സംരക്ഷിക്കാനും നിയമത്തിൻ്റെ എല്ലാ പഴുതുകളും അടച്ച് ശത്രുവിനെ കീഴ്പ്പെടുത്താനും സംവിധാനങ്ങൾ ഒരുക്കുന്നവർ തന്നെ ഇവിടെ സ്ത്രീ സമൂഹത്തെ പവർ ഉള്ളവരെന്നും നിസഹായരെന്നും വേർതിരിച്ചില്ലേ..? ഇത്തരം വേർതിരിവുകളാലും അവഹേളനങ്ങളാലും കലുഷിതമായ ഒരു സമൂഹം വെറും വസ്ത്രധാരണത്തിൻ്റെ പേരിൽ സ്ത്രീ- പുരുഷ സമത്വം എന്ന് വാചാലമാകുന്നത് എന്തൊരുവിരോധാഭാസമാണ്..?

ഏകീകൃത വസ്ത്രധാരണത്തിൻ്റെ പേരിൽ ആഘോഷങ്ങളും അവകാശവാദങ്ങളും നടത്തുന്നവർ മറന്ന് പോകരുതാത്ത ഒരു സത്യമുണ്ട്. ജാതിയുടെയും മതത്തിൻ്റെയും പേരിൽ അവർണ്ണർ എന്നും സവർണ്ണർ എന്നും വേർതിരിച്ച് അയിത്തത്തിന് പ്രാധാന്യം നൽകി തമ്മിലടിച്ചിരുന്ന കേരള ജനതയെ വേർതിരിവുകളും അസമത്വ ചിന്തകളുമില്ലാതെ ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കാൻ പരിശീലിപ്പിച്ചതിൽ ബിഷപ്പ് ബച്ചിനെല്ലിയും ചാവറ കുര്യാക്കോസ് അച്ചനും അവരോടൊപ്പം ക്രൈസ്തവ സഭയ്ക്കും ഉള്ള പങ്ക് അതുല്യമാണ് എന്നുള്ളത്!

പള്ളികളോട് ചേർന്ന് ഓരോ സ്കൂൾ എന്ന ആശയം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഇന്ന് കേരളവും ഒരുപക്ഷെ വടക്കേ ഇന്ത്യയുടെ അവസ്ഥയിൽ തന്നെ നിലനിൽക്കുമായിരുന്നു. 19 ആം നൂറ്റാണ്ടിൽ ആരംഭിച്ച പള്ളിക്കൂടങ്ങളിൽ വന്ന് വിദ്യ അഭ്യസിച്ചിരുന്ന നാനാ ജാതി മതസ്ഥരായ കുട്ടികൾക്ക് അവർ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ വേർതിരിവും അയിത്തവും ഉണ്ടാകരുത് എന്ന നിർബന്ധബുദ്ധിയാണ് യൂണിഫോം എന്ന ആശയത്തിലേക്ക് എത്തിച്ചത്. സാരി, വലിയ പാവാടയും – ബ്ലൗസും, മിഡിയും ടോപ്പും, ചുരിദാർ, പാൻ്റ്സും ഷർട്ടും തുടങ്ങിയ യൂണിഫോമുകൾ ഓരോ കാലഘട്ടത്തിനും അനുസരിച്ച് മാറി മാറി വരുന്ന വേഷവിധാനങ്ങൾ ആണ്. 2021 ൽ പാൻ്റ്സും ഷർട്ടും ധരിപ്പിച്ച് ഏകീകൃത വസ്ത്രധാരണം നടപ്പിലാക്കി എന്ന് അവകാശപ്പെടുന്നവരോട് പറയാനുള്ളത് ഇതാണ്: വർഷങ്ങൾക്കു മുമ്പുതന്നെ ഇത്തരം യൂണിഫോമുകൾ കത്തോലിക്കാ മാനേജുമെൻ്റുകളുടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കിയിരുന്നു.

ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തന്നെ മടങ്ങാം. സ്ത്രീ-പുരുഷ സമത്വം എന്ന് പറഞ്ഞ് ഇന്ന് ആഹ്ലാദിക്കാൻ സമയം ആയോ…? ഉത്തരം ഇല്ലേ ഇല്ല… നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലത്തും തെരുവുകളിലും വാഹനങ്ങളിലും മീഡിയകളിലും സോഷ്യൽ മീഡിയകളിലും സ്ത്രീയെ എന്ന് ആദരവോടെ കാണാൻ പഠിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതിനൊപ്പം സ്ത്രീയും പുരുഷനും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ പോലെ പരസ്പരം ഒഴിച്ച് കൂടാനാവാത്ത ഒരു യാഥാർത്ഥ്യമാണെന്ന് തിരിച്ചറിയാൻ പറ്റാത്ത കാലം വെറും നിസാര സന്തോഷങ്ങളെ ഉയർത്തിപ്പിടിച്ച് പൊളളത്തരങ്ങൾ പടച്ചുവിടരുതേ… തുടങ്ങാം ഇന്നു മുതൽ എന്നിൽ നിന്ന് ആ ആദ്യ ചുവടുവയ്പ്പ് ഞാൻ മാറിയാൽ പതിയെ എൻ്റെ ചുറ്റുപാടും പിന്നെ ഈ സമൂഹവും ലോകവും മാറും.

..✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്