പ്രത്യേക ട്രൈബ്യൂണല്‍ ജഡ്ജിയായഫാദര്‍ ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. യുമായി കര്‍മ്മലകുസുമം പത്രാധിപര്‍ 31 ഡിസംബർ 2024-ഇൽ നടത്തിയ അഭിമുഖം

ആമുഖം
പ്രിയ ബഹുമാനപ്പെട്ട ജെയിംസ് പാമ്പാറയച്ചാ,
സി.എം.ഐ. സഭയുടെ മേജര്‍ സെമിനാരിയായ ബാംഗ്ലൂരിലെ ധര്‍മ്മാരാമില്‍ അച്ചന്‍റെ ജൂണിയറായി പഠിച്ചിരുന്ന ഞാനും എന്‍റെ സഹപാഠികളും അച്ചനെ വലിയ ആദരവോടും അതിശയത്തോടുംകൂടിയാണ് അക്കാലത്ത് നോക്കിക്കണ്ടിരുന്നത്. തത്വശാസ്ത്രത്തില്‍ ഒന്നാം റാങ്കോടുകൂടിയ ബിരുദം, ഗാന്ധി യൂണിവേഴ്സിറ്റിയില്‍നിന്നും ഒന്നാം റാങ്കും റെക്കോര്‍ഡ് മാര്‍ക്കുമായി ബി.എസ്.സി. സുവോളജിയില്‍ ബിരുദം, വീണ്ടും ദൈവശാസ്ത്രപഠനത്തില്‍ ഒന്നാം റാങ്ക്, പട്ടമേല്ക്കുന്നതിനുമുമ്പുതന്നെ റോമില്‍ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കപ്പെടുക; റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പൗരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസെന്‍ഷ്യേറ്റ്, ഡോക്ടറേറ്റ് എന്നിവ നേടിയതിന് പുറമേ, ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, പാരീസിലെ കാത്തലിക് യൂണിവേഴ്സിറ്റി, വത്തിക്കാനിലെ റോട്ടാ റൊമാന കോടതി എന്നിവിടങ്ങളിലും പഠനം; റോമില്‍ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ത്തന്നെ, പുണ്യശ്ലോകനായ പ്ലാസിഡ് പൊടിപ്പാറയച്ചനും ലൂക്കാസ് വിത്തുവട്ടിക്കലച്ചനും ശേഷം വെറും 39-ാം വയസ്സില്‍ സി.എം.ഐ. സഭയുടെ പോസ്റ്റുലേറ്റര്‍ ജനറലായി നിയമനം; പഠനശേഷം തിരിച്ച് നാട്ടിലെത്തി അധികം താമസിയാതെ ബാംഗ്ലൂര്‍ ധര്‍മ്മാരാമില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്‍റല്‍ കാനന്‍ ലോയില്‍ ഡയറക്ടറായി നിയമനം; വീണ്ടും ഇതാ ഇപ്പോള്‍ സിറോ-മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വലിയ പ്രതിസന്ധി ഘട്ടത്തില്‍, സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അങ്ങയെ നേരിട്ട് പ്രത്യേക ട്രൈബ്യൂണലിന്‍റെ പ്രസിഡന്‍റായി നിയമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷവും അഭിമാനവും പ്രത്യാശയും നല്കുന്നുണ്ട് ഈ നിയമനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കര്‍മ്മലകുസുമത്തിലെ അച്ചന്‍റെ പ്രൗഢഗംഭീരമായ കാനന്‍ നിയമസംബന്ധിയായ ലേഖനങ്ങളിലൂടെ സാധാരണ വിശ്വാസികളുടെ കാനന്‍ നിയമസംബന്ധിയായ നിരവധി സംശയങ്ങള്‍ ദുരീകരിക്കുകയും കാനന്‍ നിയമം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ തികച്ചും ആധികാരികവും വ്യക്തവുമായി വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അങ്ങേയ്ക്ക്, കര്‍മ്മലകുസുമം പത്രാധിപസമിതിയുടെയും അതിന്‍റെ അനുവാചകരുടെയും പേരില്‍ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍.
പ്രത്യേക ട്രൈബ്യൂണലിന്‍റെ സ്ഥാപനത്തെപ്പറ്റി കേട്ടപ്പോള്‍ മുതല്‍ എന്‍റെ മനസ്സിലുണ്ടായതും കര്‍മ്മലകുസുമത്തിന്‍റെ വായനക്കാര്‍ എന്നോട് ചോദിച്ചതുമായ കുറെ ചോദ്യങ്ങളുമായാണ് ഇന്ന് ഞാന്‍ അച്ചന്‍റെ മുമ്പില്‍ എത്തിയിട്ടുള്ളത്.

ചോദ്യം 1 : എന്താണ് ഈ പ്രത്യേക ട്രൈബ്യൂണലിന്‍റെ ലക്ഷ്യം, ഘടന, പ്രവര്‍ത്തനശൈലി? എന്തിനുവേണ്ടിയാണിത്? സാധാരണയുള്ള രൂപതാ/അതിരൂപതാ കോടതിയും ഈ പ്രത്യേക ട്രൈബ്യൂണലും തമ്മിലുള്ള വ്യത്യാസമെന്താണ്? ആര്‍ക്കൊക്കെയാണ് ഈ ട്രൈബ്യൂണലില്‍ പരാതി നല്കുവാനാകുക?
ഉത്തരം: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുറ്റകരമായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത രൂപതയിലെ വൈദികരും സന്യസ്തരും അത്മായരും ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങളെ സംബന്ധിച്ച് പൗരസ്ത്യ കാനോന സംഹിതയിലെ ശിക്ഷകള്‍ ചുമത്തുന്നതിനുള്ള നടപടിക്രമത്തിലെ ജുഡീഷ്യല്‍ വിചാരണയ്ക്കായി, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരിന്‍റെ അഭ്യര്‍ത്ഥനപ്രകാരവും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിന്‍റെ അധികാരപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലും, സിറോ-മലബാര്‍ സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സ്ഥാപിച്ചതാണ്, കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ സിറോ-മലബാര്‍ സഭാകാര്യാലയത്തില്‍ 2024 ഡിസംബര്‍ 18 ന് പ്രവര്‍ത്തനമാരംഭിച്ച ഈ പ്രത്യേക ട്രൈബ്യൂണല്‍. സാധാരണ രൂപതാ കോടതികളില്‍ കൂടുതലായും വിവാഹം അസാധുവായി കിട്ടുന്നതിനുള്ള വ്യവഹാരങ്ങളാണ് നടക്കുന്നത്. എന്നാല്‍, അങ്ങനെയുള്ള സഭാട്രൈബ്യൂണലുകള്‍ക്കും ശിക്ഷാനടപടിക്രമങ്ങളനുസരിച്ച് കുറ്റാരോപിതരെ വിചാരണ ചെയ്ത് കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ ശിക്ഷിക്കുവാനുള്ള അധികാരമുണ്ടെങ്കിലും സാധാരണഗതിയില്‍ പ്രത്യേക ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചാണ് അങ്ങനെയുള്ള കേസുകള്‍ തീര്‍പ്പാക്കുക.
ഇവിടെ പ്രത്യേകം സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ‘രൂപതാകോടതി’ എന്ന് നാം വിളിക്കുന്ന സംവിധാനം രാജ്യത്തിന്‍റെ കോടതികളില്‍ നിന്നും തുലോം വ്യത്യസ്തമാണ് എന്നതാണ്. സത്യത്തില്‍ കോടതി (court) എന്ന പദം കാനന്‍ നിയമത്തിലില്ല. ട്രൈബ്യൂണല്‍ എന്ന പദം മാത്രമേ ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തിലും പൗരസ്ത്യ കാനോന സംഹിതയിലും ഉപയോഗിച്ചിട്ടുള്ളൂ. നാം സൗകര്യാര്‍ത്ഥം രൂപതാകോടതി എന്ന് വിളിക്കുന്നു എന്നേയുള്ളൂ. പ്രത്യേക ട്രൈബ്യൂണല്‍ എന്ന് വിശേഷിപ്പിക്കുവാന്‍ കാരണം, ഇത് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഭാട്രൈബ്യൂണല്‍ അഥവാ രൂപതാകോടതിക്ക് പകരമുള്ളതല്ല എന്നതുകൊണ്ടും ഈ ട്രൈബ്യൂണല്‍, എറണാകുളം- അങ്കമാലി അതിരൂപതയ്ക്കകത്ത് സംഭവിക്കുന്ന കുറ്റങ്ങളെപ്പറ്റി തീര്‍പ്പ് കല്‍പ്പിക്കുവാന്‍ മാത്രമായി രൂപീകരിച്ചിട്ടുള്ളതുമായതുകൊണ്ടാണ്.

നിയമവാഴ്ചയില്ലാതെ ഒരു പ്രസ്ഥാനത്തിനും ഒരു സംഘടനയ്ക്കും ഒരു മതത്തിനും നിലനില്‍ക്കുവാനാവില്ല. രാഷ്ട്രീയപാര്‍ട്ടികളില്‍, പാര്‍ട്ടിയുടെ ഭരണഘടനയെയോ പാര്‍ട്ടിയുടെ അധികാരികളുടെ കാലാകാലങ്ങളിലെ നിര്‍ദ്ദേശങ്ങളെയോ നിരസിക്കുന്നവരെ പുറത്താക്കുവാനുള്ള സംവിധാനമുണ്ട്. അതുപോലെ, കത്തോലിക്കാസഭയിലും അതിലെ അംഗങ്ങളെ അനുസരണത്തിലേക്ക് നിര്‍ബന്ധിക്കുവാനുള്ള സംവിധാനങ്ങളുണ്ട്. അതില്‍പ്പെട്ടതുതന്നെയാണ് കാനന്‍ നിയമത്തിലെ ശിക്ഷാനിയമവും ശിക്ഷാനടപടിക്രമങ്ങളും. ഒരു ശിക്ഷാനിയമമോ, തുടര്‍ന്നും നിയമലംഘനമുണ്ടായാല്‍ ശിക്ഷിക്കുമെന്നുള്ള താക്കീതോടുകൂടിയ ഒരു മുന്നറിയിപ്പോ (penal precept), ഒരു വിശ്വാസി ലംഘിക്കുമ്പോഴാണ് ഒരു നിയമലംഘനം ശിക്ഷാര്‍ഹമായ കുറ്റമായിത്തീരുന്നത്. എന്നാല്‍, കത്തോലിക്കാ സഭ എക്കാലവും സ്വയം പ്രതിരോധിക്കുവാനുള്ള (self-defense) ഒരു വ്യക്തിയുടെ മനുഷ്യാവകാശത്തെ വളരെ ഉയര്‍ന്ന മൂല്യമായി കരുതിക്കൊണ്ടിരിക്കുന്നതിനാല്‍ മഹറോന്‍ ശിക്ഷ, പൗരോഹിത്യ അന്തസ്സില്‍ നിന്നുള്ള ഡിസ്മിസ്സല്‍ തുടങ്ങിയ ശിക്ഷകള്‍ വിധിക്കുന്നത് മൂന്ന് ജഡ്ജിമാരെങ്കിലുമുള്ള ഒരു ബെഞ്ചിന്‍റെ ജുഡീഷ്യല്‍ വിചാരണയിലൂടെയായിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു. അങ്ങനെയുള്ള മൂന്ന് ജഡ്ജിമാര്‍ അംഗങ്ങളായിട്ടുള്ള ഒന്നാണ് ഈ പ്രത്യേക ട്രൈബ്യൂണലും. മൂന്ന് ജഡ്ജിമാരെ കൂടാതെ ഒരു നോട്ടറിയും ഒരു നീതിസംരക്ഷകനും അടങ്ങിയതാണ് ഈ പ്രത്യേക ട്രൈബ്യൂണല്‍. അതുകൂടാതെ മൂന്ന് അഭിഭാഷകരെയും ഈ ട്രൈബ്യൂണലിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. കുറ്റാരോപിതര്‍ക്ക് അവര്‍ക്കിഷ്ടമുള്ള, കാനന്‍ നിയമത്തില്‍ ബിരുദമുള്ള ഏത് വൈദികനെ വേണമെങ്കിലും അവര്‍ക്കുവേണ്ടി വാദിക്കുവാനായി നിയമിക്കുവാനാകും. എന്നാല്‍, സ്വയമായി വക്കീലിനെ വയ്ക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ട്രൈബ്യൂണലിലെ ഈ മൂന്ന് അഭിഭാഷകരില്‍ ആരുടെയും സേവനം സൗജന്യമായി ലഭിക്കുവാനുള്ള സാധ്യതയുമുണ്ട്. കുറ്റവിചാരണയില്‍, കുറ്റാരോപിതര്‍ സ്വന്തം അഭിഭാഷകനെ വയ്ക്കാതിരുന്നാല്‍, ട്രൈബ്യൂണല്‍ തന്നെ, ഈ മൂന്ന് പേരില്‍ ഒരാളെ ഔദ്യോഗികമായി (ex-officio) ആ കുറ്റാരോപിതനെ സഹായിക്കുവാനായി നിയമിക്കുവാന്‍ കാനന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുമുണ്ട്.
പ്രത്യേക ട്രൈബ്യൂണല്‍ 2024 ഡിസംബര്‍ 18-ാം തീയതി സ്ഥാപിക്കപ്പെട്ടു. അംഗങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തുവെങ്കിലും, ട്രൈബ്യൂണല്‍ ശരിക്കും പ്രവര്‍ത്തനമാരംഭിക്കുന്നത് ട്രൈബ്യൂണലിലെ നീതിസംരക്ഷകന്‍ ഏതെങ്കിലുമൊരു കുറ്റാരോപിതനെതിരെ പരാതി സമര്‍പ്പിക്കുമ്പോഴാണ്.”Nemo iudex sine actore” എന്നാണ് ചൊല്ല്. അതിന്‍റെയര്‍ത്ഥം “പരാതിയില്ലാതെ ജഡ്ജി ഇല്ല” എന്നതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, പ്രത്യേക ട്രൈബ്യൂണലിന് സ്വയമായി ഒരു കേസും എടുക്കുവാനാവില്ല എന്നതുതന്നെ. രാജ്യത്തിന്‍റെ നിയമമനുസരിച്ചുള്ള ക്രിമിനല്‍ വിചാരണക്കോടതിക്ക് സമാനമാണ് ഈ പ്രത്യേക ട്രൈബ്യൂണല്‍. ക്രിമിനല്‍ വിചാരണയ്ക്ക് പബ്ലിക് പ്രോസിക്യൂട്ടര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യേണ്ടതായിട്ടുണ്ട്. അതുപോലെ, പ്രത്യേക ട്രൈബ്യൂണലില്‍, നീതിസംരക്ഷകന്‍ ഒരു പരാതി സമര്‍പ്പിച്ച് കഴിയുമ്പോള്‍, ആ പരാതി ഫയലില്‍ സ്വീകരിച്ച ശേഷം മാത്രമേ തുടര്‍ന്നുള്ള നടപടിക്രമങ്ങളിലേക്ക് ട്രൈബ്യൂണല്‍ കടക്കുകയുള്ളൂ. ഇനി, നീതിസംരക്ഷകന് ഒരു പരാതി സമര്‍പ്പിക്കുന്നതിന്, അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്‍റെ രേഖാമൂലമുള്ള നിര്‍ദ്ദേശവും ആവശ്യമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പ്രത്യേക ട്രൈബ്യൂണല്‍ നീതിസംരക്ഷകന്‍റെ പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. എന്നാല്‍, ഏതൊരു വിശ്വാസിക്കും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററോട് അവര്‍ക്ക് അറിവുള്ള കുറ്റങ്ങളെയും കുറ്റാരോപിതരെയുംപറ്റി പരാതിയും തെളിവുകളും സമര്‍പ്പിക്കുവാന്‍ സാധിക്കും. അങ്ങനെ വരുന്ന പരാതികളില്‍ പൗരസ്ത്യ കാനോന സംഹിതയിലെ 1468 മുതല്‍ 1470 വരെയുള്ള കാനോനകള്‍ പ്രകാരമുള്ള പ്രാരംഭ അന്വേഷണത്തിനുശേഷം പ്രസ്തുത പരാതി ഒരു ഡിക്രിവഴി കുറ്റവിചാര ണയ്ക്കായി ഈ പ്രത്യേക ട്രൈബ്യൂണലിന് വിട്ടശേഷം തത്സംബന്ധമായ ഫയല്‍ നീതിസംരക്ഷകനെ ഏല്‍പ്പിക്കുവാനും സാധിക്കും. ഒരു കുറ്റം ചെയ്യപ്പെടുമ്പോള്‍ സഭാഗാത്രമാണ് മുറിവേല്‍ക്കുന്നതെന്നും അതിനാല്‍ത്തന്നെ പരാതിക്കാരന്‍ തിരുസഭയാണ് എന്നുമുള്ള ദര്‍ശനമാണ് നീതിസംരക്ഷകന്‍ തന്നെ പരാതി സമര്‍പ്പിക്കണമെന്നുള്ള നിഷ്കര്‍ഷയ്ക്ക് നിദാനം. എന്നാല്‍, ഒരു പരാതി ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, മൂന്നാം കക്ഷിയായി മറ്റ് വിശ്വാസികള്‍ക്ക് കേസില്‍ കക്ഷി ചേരുവാനും തെളിവ് സമര്‍പ്പിക്കുവാനും സാധ്യതയുണ്ട്.

പ്രത്യേക ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനശൈലിയെപ്പറ്റി ചുരുക്കമായി ഇങ്ങനെ വിവരിക്കുവാന്‍ സാധിക്കും. നീതിസംരക്ഷകന്‍റെ പരാതി ഫയലില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ കുറ്റാരോപിതനെ പ്രസ്തുത വിവരം അറിയിച്ചുകൊണ്ട് ഒരു നിശ്ചിത ദിവസത്തിലും സമയത്തിലും ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാകുവാന്‍ ട്രൈബ്യൂണല്‍ സമണ്‍സ് അയയ്ക്കുക എന്നതാണ് ആദ്യപടി. സ്വന്തം അഭിഭാഷകനോടു കൂടിയോ അല്ലാതെയോ ഹാജരായി കഴിഞ്ഞാല്‍ പിന്നീട് തെളിവെടുപ്പിന്‍റെ ഭാഗത്തേക്ക് കടക്കും. അതില്‍ കുറ്റാരോപിതന്‍, സാക്ഷികള്‍ എന്നിവരുടെ വിചാരണയാണ് ആദ്യഭാഗം. മറ്റ് രേഖാമൂലമുള്ള തെളിവെടുപ്പുകള്‍ ഉള്‍പ്പെടെ എല്ലാം കഴിയുമ്പോള്‍ നടപടിക്രമങ്ങളുടെ പ്രസിദ്ധീകരണം എന്നൊരു ഭാഗമുണ്ട്. അതുവരെ ട്രൈബ്യൂണലിന്‍റെ പക്കല്‍ എത്തിയ എല്ലാ തെളിവുകളും കുറ്റാരോപിതനും അദ്ദേഹത്തിന്‍റെ വക്കീലിനും അതുപോലെ നീതിസംരക്ഷകനും ട്രൈബ്യൂണല്‍ ഓഫീസില്‍ വന്നു കണ്ട് വായിച്ചു പഠിക്കുവാനുള്ള അവസരമാണിത്. അതിനുശേഷമുള്ള ഘട്ടം വാദപ്രതിവാദങ്ങളുടേതാണ്. നീതിസംരക്ഷകനും കുറ്റാരോപിതനും തങ്ങളുടെ വാദങ്ങള്‍ ട്രൈബ്യൂണലിന് എഴുതി അറിയിക്കുന്നതിനുള്ള അവസരമാണിത്. അതിനുശേഷം ഒരു വാചിക ചര്‍ച്ച (oral discussion) മൂന്ന് ജഡ്ജിമാരുമടങ്ങുന്ന ബെഞ്ചിന് മുമ്പാകെ നടക്കണം. അതില്‍ നീതിസംരക്ഷകനും കുറ്റാരോപിതനും തങ്ങളുടെ ഭാഗം വാദിക്കുവാനുള്ള അവസരമുണ്ട്. അതില്‍ അവസാനം സംസാരിക്കുന്നത് കുറ്റാരോപിതനോ അദ്ദേഹത്തിന്‍റെ വക്കീലോ ആയിരിക്കും. പിന്നീട് ജഡ്ജിമാര്‍ ഒന്നിച്ചു കൂടുകയും വിധിയിലേക്ക് എത്തുകയും ചെയ്യുന്നു. പ്രിസൈഡിംഗ് ജഡ്ജിയോ അദ്ദേഹം ഏല്‍പ്പിക്കുന്ന ബെഞ്ചിലെ മറ്റൊരു ജഡ്ജിയോ ആയിരിക്കും വിധി എഴുതുക. ഏകകണ്ഠമായോ ഭൂരിപക്ഷാഭിപ്രായത്തോടുകൂടിയോ ഉള്ള വിധിക്കെതിരെ ശിക്ഷിക്കപ്പെട്ട വ്യക്തിക്കോ അല്ലെങ്കില്‍ നീതി സംരക്ഷകനോ അപ്പീലിനുള്ള അവസരവുമുണ്ട്.
ചോദ്യം 2 : പ്രത്യേക ട്രൈബ്യൂണലിന്‍റെ വിധിക്കെതിരെയുള്ള അപ്പീല്‍ കോടതി ഏതാണ്?
ഉത്തരം: സാധാരണഗതിയില്‍, അത് കാക്കനാട് മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ കാര്യാലയത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സാധാരണ ട്രൈബ്യൂണല്‍ (ordinary tribunal) ആണ്. എന്നാല്‍, അതിനുപകരം കുറ്റക്കാരനായി വിധിക്കപ്പെട്ട വ്യക്തിക്ക് ശ്ലൈഹീക സിംഹാസനത്തിന്‍റെ ഉന്നത കോടതിയായ റോട്ട റൊമാന (Rota Romana) യേയും സമീപിക്കുവാന്‍ സാധിക്കും. ഏറ്റവും അവസാനത്തെ അപ്പീലുമായി വത്തിക്കാനിലെ പരമോന്നത കോടതിയായ സിഞ്ഞത്തൂര അപ്പസ്തോലിക്കയിലും എത്താവുന്നതാണ്. സിഞ്ഞത്തൂര അപ്പസ്തോലിക്കയുടെ “കോണ്‍ഗ്രേസ്സോ” എന്ന് പറയുന്ന ഫുള്‍ ബെഞ്ചിന്‍റെ വിധി അന്തിമമായിരിക്കും. അതിനുശേഷവും മാര്‍പാപ്പയ്ക്ക് ദയാ ഹര്‍ജി കൊടുക്കുവാനും സാധിക്കും.

ചോദ്യം 3 : പ്രത്യേക ട്രൈബ്യൂണലിന് കൊടുക്കുവാന്‍ സാധിക്കുന്ന ശിക്ഷകള്‍ ഏതൊക്കെയാണ്? ഒന്ന് വിശദീകരിക്കാമോ?
ഉത്തരം: പൗരസ്ത്യ കാനോന സംഹിതയനുസരിച്ചു മൂന്ന് ന്യായാധിപന്മാരടങ്ങുന്ന ഒരു ട്രൈബ്യൂണലിന് കാനന്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള ഏത് ശിക്ഷയും കുറ്റത്തിന്‍റെ ഗൗരവമനുസരിച്ച് വിധിക്കാനാവും. ആദ്യമായി സൂചിപ്പിക്കുവാനാഗ്രഹിക്കുന്ന ഒരു കാര്യം സഭാട്രൈബ്യൂണലുകള്‍ രാജ്യത്തെ കോടതികളില്‍നിന്നും തുലോം വ്യത്യസ്തമാണ് എന്നതാണ്. സഭയുടെ ട്രൈബ്യൂണലുകള്‍ മതകോടതികളല്ല. രാജ്യത്തിന്‍റെ കോടതികള്‍ക്ക് മരണശിക്ഷ, കാരാഗൃഹവാസം തുടങ്ങിയ മനുഷ്യാവകാശങ്ങളെ പരിമിതപ്പെടുത്തുന്ന ശിക്ഷകള്‍ വിധിക്കുവാനാകുമ്പോള്‍, കത്തോലിക്കാസഭയുടെ ട്രൈബ്യൂണലുകളുടെ ഏറ്റവും വലിയ ശിക്ഷ എന്നുപറയുന്നത് കത്തോലിക്കാസഭയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുക, അഥവാ വലിയ മഹറോന്‍ ശിക്ഷ വിധിക്കുക എന്നതാണ്. ഏത് സംഘടനയിലെ അംഗവും ആ സംഘടനയുടെ നിയമാവലി അനുസരിക്കുന്നവര്‍ക്കായി മാത്രം പരിമിത പ്പെടുത്തിയിട്ടുള്ളതുപോലെ, കത്തോലിക്കാസഭയിലെ അംഗങ്ങളെല്ലാം ആ സഭയുടെ നിയമാവലിയായ കാനന്‍ നിയമം അനുസരിക്കുവാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍ത്തന്നെ, ഗൗരവതരമായ രീതിയില്‍, തിരുത്താന്‍ കൂട്ടാക്കാതെ, ഒരു കത്തോലിക്കാവിശ്വാസി കാനന്‍ നിയമലംഘനത്തോടെ കുറ്റത്തില്‍ തുടരുമ്പോള്‍ വലിയ മഹറോന്‍ ശിക്ഷയിലൂടെ ആ വ്യക്തിയെ സഭാസമൂഹത്തില്‍ നിന്ന് പുറത്താക്കുന്ന വിധി പ്രഖ്യാപിക്കുവാന്‍ ഈ പ്രത്യേക ട്രൈബ്യൂണലിന് സാധിക്കും. അതുപോലെ വൈദികരെ, കുറ്റത്തിന്‍റെ ഗൗരവമനുസരിച്ച് സസ്പെന്‍ഷന്‍, ഡിസ്മിസ്സല്‍ തുടങ്ങിയ ശിക്ഷകള്‍ക്ക് വിധേയരാക്കു വാനും ഈ ട്രൈബ്യൂണലിന് അധികാരമുണ്ട്. എന്നാല്‍, വൈദികരല്ലാത്ത വിശ്വാസികളെ, അതായത്, സന്യസ്തരും അത്മായരുമായവരെ, വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നും വിലക്കുന്ന ചെറിയ മഹറോന്‍ ശിക്ഷ തുടങ്ങി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നതില്‍നിന്നും പരസ്യമായി ദൈവാരാധന നടക്കുന്ന സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നുപോലും വിലക്കുവാന്‍ സാധിക്കും (cf. CCEO c.1431).
ഇതിനൊക്കെപുറമേ, ചെറിയ കുറ്റങ്ങള്‍ക്ക് ധ്യാനം, ഉപവാസം, തീര്‍ത്ഥാടനം, പ്രത്യേക പ്രാര്‍ത്ഥന തുടങ്ങിയ പുണ്യപ്രവര്‍ത്തികളോ, ഭക്താഭ്യാസമോ, ഉപവിപ്രവര്‍ത്തനങ്ങളോ ശിക്ഷയായി കുറ്റവാളിയുടെ സമ്മതത്തോടെ നല്‍കാവുന്നതാണ് (cf. CCEO c. 1426). അതുപോലെ പരസ്യശാസന എന്ന ശിക്ഷയും ലഘുവായ ഒരു ശിക്ഷയായി കാനന്‍ നിയമത്തിലുണ്ട് (cf. CCEO c. 1427). സ്ഥിരം കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി ഒരു അധികാരിയുടെ നിരീക്ഷണത്തിന്‍ കീഴിലാക്കുക (supervision) എന്നുള്ളതാണ് മറ്റൊരു ശിക്ഷാരീതി (cf. CCEO c. 1428). അതുപോലെ ഒരു പ്രത്യേക സ്ഥലത്ത് ജീവിക്കുവാനുള്ള കല്‍പ്പനയോ ഒരു പ്രത്യേക സ്ഥലത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്ക് ഏര്‍പ്പെടുത്തുകയോ (cf. CCEO c.1429, §1) ചെയ്യുന്നതായ ഒരു ശിക്ഷ അല്‍മായര്‍ക്ക് ഒഴിച്ച് മറ്റെല്ലാവര്‍ക്കും നല്‍കുവാനും ഈ ട്രൈബ്യൂണലിന് സാധിക്കും. സഭയിലെ ഉദ്യോഗങ്ങളില്‍ നിന്ന് ഉദ്യോഗഭൃഷ്ടനാക്കുക (cf. CCEO c.978) എന്നതും കുറ്റത്തിനുള്ള ശിക്ഷകളിലൊന്നാണ്. അതുപോലെ സഭയുടെ ഔദ്യോഗിക പദവികളില്‍നിന്നും ഔദ്യോഗിക സമിതികളില്‍നിന്നും ഒഴിവാക്കുന്നത് കൂടാതെ തുടര്‍ന്ന് ആ കാലഘട്ടത്തിലേക്കോ ജീവിതകാലം മുഴുവനുമോ അങ്ങനെയുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍നിന്നും വിലക്കേര്‍പ്പെടുത്തുവാനും പ്രത്യേക ട്രൈബ്യൂണലിന് സാധിക്കും. അതുപോലെ ഒരു വൈദികനെ ഡീക്കന്‍ പദവിയിലേക്ക് തരംതാഴ്ത്തുന്ന ശിക്ഷാവിധിയും (cf. CCEO c.1433, §1) സാധ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍, കത്തോലിക്കാസഭയിലെ അംഗത്വത്തില്‍നിന്നോ, അംഗങ്ങള്‍ക്കുള്ള ചില അവകാശങ്ങളില്‍നിന്നോ ഒഴിവാക്കുകയോ കുറവ് വരുത്തുകയോ ചെയ്യുന്ന ശിക്ഷകള്‍ മാത്രമേ കത്തോലിക്കാസഭയുടെ ട്രൈബ്യൂണലുകള്‍ക്ക് നല്‍കുവാന്‍ കാനന്‍ നിയമത്തില്‍ വ്യവസ്ഥയുള്ളൂ. ഏതൊരു സംഘടനയിലേതുംപോലെ കത്തോലിക്കാസഭയിലെ അംഗത്വവും അവകാശങ്ങളും കടമകളും നിറഞ്ഞതാണ്. എന്‍റെ അവകാശങ്ങളെല്ലാം എനിക്ക് വേണം, എന്നാല്‍ എന്‍റെ കടമകളൊന്നും നിര്‍വഹിക്കുവാന്‍ ഞാന്‍ തയ്യാറല്ല എന്ന മനോഭാവം സ്വീകാര്യമല്ല. എനിക്ക് സിറോ-മലബാര്‍ സഭയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്യണം, എന്നാല്‍ അങ്ങനെ സേവനമനുഷ്ഠി ക്കുന്നവര്‍ക്കായി സഭ നിര്‍ദ്ദേശിക്കുന്ന കാനന്‍ നിയമത്തിലെ നിബന്ധനകള്‍ പാലിക്കുവാന്‍ ഞാന്‍ തയ്യാറല്ല എന്ന് പറയുന്നതും ശരിയല്ല. അവകാശങ്ങളും കടമകളും പരസ്പരപൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റേതില്ല.

ചോദ്യം 4 : അച്ചാ, അച്ചന്‍ വലിയ മഹറോന്‍ ശിക്ഷയെപ്പറ്റി പറഞ്ഞുവല്ലോ. അത് എന്താണ്?
2024 ജൂണ്‍ 13-ാം തീയതിയില്‍ സിറോ-മലബാര്‍ സിനഡിലെ അഞ്ച് മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് സമര്‍പ്പിച്ച വിയോജനക്കുറിപ്പില്‍ “പരിശുദ്ധ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭയില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ് മഹറോന്‍ ചൊല്ലല്‍” എന്ന് രേഖപ്പെടുത്തിയതായി വായിച്ചത് ഓര്‍ക്കുന്നു. അത് ശരിയാണോ? അതുപോലെ, അതേ വിയോജനക്കുറിപ്പില്‍ത്തന്നെ തുടര്‍ന്ന് ഇങ്ങനെ കാണുന്നു: “മാത്രവുമല്ല, പൗരസ്ത്യ കാനന്‍ നിയമസംഹിത (CCEO) സ്വയമേവയുള്ള പുറത്താകല്‍ അഥവാ ഓട്ടോമാറ്റിക് മഹറോന്‍ ചൊല്ലല്‍ വിഭാവനം ചെയ്യുന്നില്ല.” അത് ശരിയാണോ? അതിന്‍റെ അര്‍ത്ഥമെന്താണ്?
ഉത്തരം: അച്ചന്‍ മൂന്ന് ചോദ്യങ്ങളാണ് ഒന്നിച്ച് ചോദിച്ചിരിക്കുന്നത്. ഓരോ ചോദ്യവും വിശദമായ മറുപടിയാവശ്യമുള്ളതുമാണ്. ഒന്നാമതായി, മഹറോന്‍ ശിക്ഷയെപ്പറ്റി പറയാം . മഹറോന്‍ ശിക്ഷ എന്ന് മലയാളത്തില്‍ തര്‍ജ്ജിമ ചെയ്തിരിക്കുന്നത് Excommunication എന്ന ഇംഗ്ലീഷ് പദമാണ്. പൗരസ്ത്യ കാനോന സംഹിതയില്‍ ചെറിയ മഹറോന്‍ ശിക്ഷ (minor excommunication), വലിയ മഹറോന്‍ ശിക്ഷ (major excommunication) എന്നിങ്ങനെ മഹറോന്‍ ശിക്ഷയെത്തന്നെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തില്‍ മഹറോന്‍ ശിക്ഷ എന്ന് പറയുന്നത് തന്നെയാണ് പൗരസ്ത്യ കാനോന സംഹിതയിലെ വലിയ മഹറോന്‍ ശിക്ഷ. ചെറിയ മഹറോന്‍ ശിക്ഷ എന്ന് പറയുന്നത് പ്രധാനമായും കുര്‍ബാന സ്വീകരണത്തിനുള്ള വിലക്കാണ് (cf. CCEO c.1431, §1). എന്നാല്‍ വലിയ മഹറോന്‍ ശിക്ഷ എന്ന് പറയുന്നത് കത്തോലിക്കാസഭയില്‍നിന്ന് പുറത്താക്കല്‍ തന്നെയാണെന്ന് പറയാം. ആ ശിക്ഷയില്‍പ്പെട്ടവര്‍ “കൂദാശകള്‍ സ്വീകരിക്കുന്നതില്‍നിന്നും, കൂദാശകളും കൂദാശാനുകരണങ്ങളും പരികര്‍മ്മം ചെയ്യുന്നതില്‍നിന്നും ഏതെങ്കിലും ഉദ്യോഗങ്ങളോ ശുശ്രൂഷകളോ ചുമതലകളോ നിര്‍വഹിക്കുന്നതില്‍നിന്നും ഭരണനടപടികള്‍ നടത്തുന്നതില്‍നിന്നും വിലക്കപ്പെട്ടിരിക്കുന്നു” എന്നും പ്രസ്തുത വിലക്ക് ലംഘിച്ച് എന്തെങ്കിലും “ഭരണനടപടികള്‍ നടത്തുകയാണെങ്കില്‍ അവ നിയമത്താല്‍ തന്നെ അസാധുവായിരിക്കു”മെന്നും 1434-ാം കാനോനയുടെ ഒന്നാം ഖണ്ഡിക വ്യക്തമാക്കുന്നു. അതേ കാനോനയുടെ രണ്ടാം ഖണ്ഡിക ഇങ്ങനെയാണ്: “വലിയ മഹറോന്‍ ശിക്ഷയിലേര്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തി വിശുദ്ധ കുര്‍ബാനയിലും ദൈവാരാധനയുടെ മറ്റ് പരസ്യാഘോഷങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടേണ്ടതാണ്.” ചുരുക്കിപ്പറഞ്ഞാല്‍, ലത്തീന്‍ കാനന്‍ നിയമത്തില്‍ മഹറോന്‍ ശിക്ഷ എന്ന് പറയുന്നതും പൗരസ്ത്യ കാനോന സംഹിത വലിയ മഹറോന്‍ ശിക്ഷ എന്ന് പറയുന്നതും കൊണ്ട് ഉദ്ദേശിക്കുന്നത് ശിക്ഷാര്‍ഹനായ വ്യക്തിയെ സഭാഗാത്രത്തില്‍നിന്നും, പശ്ചാത്തപിച്ച് തിരിച്ചുവരികയും ഉണ്ടാക്കിയ ഉതപ്പിനും ഉപദ്രവത്തിനും പരിഹാരം ചെയ്യുവാന്‍ ഏര്‍പ്പാടാക്കുന്നതുവരെ (cf. CCEO c.1403, §1), പുറത്താക്കുകയും ചെയ്യുന്ന ശിക്ഷയാണ്. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ മഹറോന്‍ ശിക്ഷയില്‍ നിന്ന് മോചനം സാധ്യമാണ്. പ്രസ്തുത ശിക്ഷയെ രോഗത്തിനുള്ള ഒരു മരുന്നായോ അഥവാ ഒരു സര്‍ജറിയായോ ആണ് തിരുസ്സഭ കരുതുന്നത്.
ഒരു കാര്യം കൂടി ഇതിനോട് ചേര്‍ത്ത് പറയുവാന്‍ ആഗ്രഹിക്കുന്നു. എല്ലാം മതങ്ങളിലുമുണ്ട് അതാത് മതങ്ങളില്‍നിന്ന് പുറത്താക്കുന്നതിനുള്ള നടപടിക്രമം. ഇസ്ലാം മതത്തില്‍ ഫത്വകളുണ്ട്; ഹൈന്ദവ മതത്തില്‍ പടിയടച്ച് പിണ്ഡം വയ്ക്കുന്ന രീതിയുണ്ട്. യഹൂദരുടെ താല്‍മുദില്‍ (Talmud) ഹെറെം (herem) എന്നൊരു ശിക്ഷയുണ്ടായിരുന്നു. അത് ശിക്ഷാവിധേയനായുള്ള വ്യക്തിയുമായുള്ള സമൂഹത്തിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായിരുന്നു. ഇതുതന്നെയാണ് ഈശോ ആവശ്യപ്പെടുന്നതായി മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നതും (cf. മത്താ 18:15-17)). പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലും ഇതേ ആശയങ്ങള്‍ കാണുന്നുണ്ട് (cf. 2 തെസ 3:6; തീത്തോ 3:10-11)). പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: “ഇങ്ങനെ ചെയ്തവനെ നിങ്ങളുടെ സമൂഹത്തില്‍ നിന്നും ഉടനെ മാറ്റിക്കളയുവിന്‍” (1 കോറി 5:2). തുടര്‍ന്ന് പറയുന്നത് അവനെ സാത്താന് ഏല്‍പ്പിച്ചുകൊടുക്കുവാനാണ് (v.5).
ഇനി രണ്ടാമത്തെ ചോദ്യത്തിലേക്ക് വരാം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം കത്തോലിക്കാസഭയില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ് മഹറോന്‍ ശിക്ഷ എന്ന അഞ്ച് മെത്രാന്മാരുടെ വിയോജനക്കുറിപ്പിലെ വാദം വസ്തുതാവിരുദ്ധമാണ്. ഞാന്‍ 1995 ലാണ് റോമില്‍ കാനന്‍ നിയമപഠനത്തിനായി എത്തുന്നത്. അതിനുശേഷം സംഭവിച്ച ചില മഹറോന്‍ ശിക്ഷകളൊന്ന് സൂചിപ്പിച്ചുകൊള്ളട്ടെ: ആദ്യത്തേത്, ശ്രീലങ്കയില്‍ നിന്നുള്ള ദൈവശാസ്ത്രജ്ഞനായ ടിസ്സ ബാലസൂര്യ (Tissa Balasurya OMI)) മഹറോന്‍ ശിക്ഷയിലാണെന്ന് വത്തിക്കാനിലെ വിശ്വാസകാര്യാലയത്തിന്‍റെ അന്നത്തെ പ്രീഫെക്ട് ആയിരുന്ന, പിന്നീട് മാര്‍പാപ്പയായ, കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗറിന്‍റെ 1997 ജനുവരി രണ്ടാം തീയതിയിലെ പ്രഖ്യാപനമാണ്. അതുപോലെ മഹറോന്‍ ശിക്ഷയ്ക്ക് വിധേയനായ ഒരു വ്യക്തിയാണ് സാംബിയയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് എമ്മാനുവേല്‍ മിലിന്‍ഗോ (Emmanuel Milingo). അദ്ദേഹത്തെ വത്തിക്കാന്‍ 2006 ല്‍ മഹറോന്‍ ചൊല്ലുകയും 2009 ല്‍ അദ്ദേഹത്തിന്‍റെ പൗരോഹിത്യം എടുത്തുകളയുകയും ചെയ്തു. 2023 ഡിസംബര്‍ 31-ാം തീയതി തന്‍റെ വിശുദ്ധ കുര്‍ബാന മധ്യത്തിലുള്ള പ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അധിക്ഷേപിച്ച് സംസാരിച്ച 48 വയസ്സുകാരനായ ഇറ്റാലിയന്‍ വൈദികനായ റാമോണ്‍ ഗ്വിദെത്തി (Ramon Guideti) യെ പിറ്റേദിവസം തന്നെ, അതായത് 2024 ജനുവരി 1-ാം തീയതി, അദ്ദേഹത്തിന്‍റെ മെത്രാനായ സിമോണെ ജൂസ്തി (Simone Giusti) മഹറോന്‍ ശിക്ഷയ്ക്ക് വിധേയനാക്കിയത് ലോകം മുഴുവന്‍ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ്. 2024 ജൂലൈ 4-ാം തീയതി ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വീഗനോ (Karlo Maria Vigano) യെ വത്തിക്കാനിലെ വിശ്വാസകാര്യാലയം മഹറോന്‍ ചൊല്ലിയത് ശീശ്മ എന്ന കുറ്റം അദ്ദേഹത്തില്‍ തെളിഞ്ഞതുകൊണ്ടാണ്. അതുപോലെ തന്നെ, 2024 ജൂണില്‍ സ്പെയിനിലെ ബുര്‍ഗോസ് രൂപതയില്‍പ്പെട്ട 10 സന്യാസിനികളെ രൂപതാമെത്രാന്‍ മരിയ ഇച്ചെത്ത (Maria Iceta) മഹറോന്‍ ശിക്ഷയ്ക്ക് വിധേയമാക്കുകയുണ്ടായി. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, excommunication അഥവാ മഹറോന്‍ ശിക്ഷ കര്‍ത്താവിന്‍റെ കാലത്തിനുമുമ്പും കര്‍ത്താവിന്‍റെ മരണത്തിനും ഉയര്‍പ്പിനും ശേഷവും കത്തോലിക്കാ സഭയുടെ തുടക്കം മുതല്‍ ഇന്നുവരെ ഈ സഭയിലുണ്ട്.
അച്ചന്‍റെ മൂന്നാമത്തെ ചോദ്യം, അഞ്ച് മെത്രാന്മാരുടെ വിയോജനക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന “പൗരസ്ത്യ കാനന്‍ നിയമസംഹിതയില്‍ സ്വയമേവയുള്ള പുറത്താക്കല്‍ അഥവാ ഓട്ടോമാറ്റിക് മഹറോന്‍ ശിക്ഷ”യെക്കുറിച്ചുള്ളതാണ്. ആ വിഷയത്തെപ്പറ്റിയുള്ള അഞ്ച് വൈദിക മേലദ്ധ്യക്ഷന്മാരുടെ പരാമര്‍ശം ശരിയാണ്. ലത്തീന്‍ സഭയില്‍ ലാത്തേ സെന്‍ന്‍റേന്‍സിയ (latae sententiae) എന്ന പേരിലറിയപ്പെടുന്ന ഓട്ടോമാറ്റിക് മഹറോന്‍ ശിക്ഷ നിലവിലുണ്ട്. എന്നാല്‍ പൗരസ്ത്യ കാനോന സംഹിതയില്‍ അങ്ങനെയൊരു ശിക്ഷാരീതിയില്ല. പൗരസ്ത്യ കാനോന സംഹിതയിലെ 1408-ാം കാനോനപ്രകാരം “ഒരു വിധിയോ കല്‍പ്പനയോ വഴി ശിക്ഷ ചുമത്തുന്നതിനുമുമ്പ് ശിക്ഷ തെറ്റുകാരനായ കക്ഷിയെ ബാധിക്കുന്നില്ല.” മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ശീശ്മയിലായിരുന്ന ഒരാളെ വത്തിക്കാന്‍ ഒരു ഡിക്രി വഴിയോ, അല്ലെങ്കില്‍ മൂന്ന് ന്യായാധിപന്മാരടങ്ങുന്ന ഒരു സഭാട്രൈബ്യൂണല്‍ ഒരു അന്തിമവിധി വഴിയോ അയാളെ മഹറോന്‍ ചൊല്ലുന്നതുവരെ സിറോ-മലബാര്‍ സഭയുള്‍പ്പെടെയുള്ള ഒരു പൗരസ്ത്യ കത്തോലിക്കാസഭയിലെ അംഗവും മഹറോന്‍ ശിക്ഷയില്‍പ്പെട്ടതായി നിയമം കരുതുകയില്ല.

ചോദ്യം 5 : അച്ചാ, തങ്ങള്‍ക്ക് കാനന്‍ നിയമം ബാധകമല്ലെന്ന് ഒരു കൂട്ടം വൈദികര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. അവര്‍ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ മാത്രമേ അനുസരിക്കുകയുള്ളൂ എന്നാണ് പറയുന്നത്. അതിനെപ്പറ്റി അച്ചന് എന്താണ് പറയുവാനുള്ളത്?
ഉത്തരം: എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യയില്‍ വസിക്കുന്ന എല്ലാവരും ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ അനുസരിക്കുവാന്‍ കടപ്പെട്ടവരാണ്. കത്തോലിക്കാസഭയുടെ കാനന്‍ നിയമം ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷന് പകരമുള്ളതോ അതിന് വിരുദ്ധമോ അല്ല. പ്രത്യുത, അതിനെ പരിപൂരകമാക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് കത്തോലിക്കാസഭയില്‍ എങ്ങനെയാണ് ഒരാള്‍ അംഗമാകുന്നതെന്ന് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ വായിച്ചാല്‍ മനസ്സിലാവുകയില്ല. അതുപോലെ, കത്തോലിക്കാസഭയില്‍ ഒരാള്‍ വൈദികാന്തസ്സിലേക്ക് എങ്ങനെയാണ് ഉയര്‍ത്തപ്പെടുന്നതെന്നും ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷനില്‍ നോക്കിയാല്‍ കാണില്ല. ഇനി, കത്തോലിക്കാസഭയുടെ കാനന്‍ നിയമം ആരൊക്കെ അനുസരിക്കണമെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ വ്യക്തം. കത്തോലിക്കര്‍ മാത്രം. ഒരു കത്തോലിക്കാവിശ്വാസി, അയാള്‍ വൈദികനോ, സന്യസ്തനോ, അത്മായനോ ആയിക്കൊള്ളട്ടെ, കത്തോലിക്കാവിശ്വാസവും കത്തോലിക്കാ സഭയുമായുള്ള ബന്ധവും ഉപേക്ഷിച്ച് സഭ വിട്ടുപോയശേഷം തീര്‍ച്ചയായും പ്രഖ്യാപിക്കുവാന്‍ സാധിക്കും തനിക്ക് കത്തോലിക്കാസഭയുടെ കാനന്‍ നിയമം ബാധകമല്ല എന്ന്. മാര്‍പാപ്പയുടെ അധികാരത്തില്‍നിന്ന് തന്നെത്തന്നെ ഒഴിവാക്കുന്നവര്‍ ശീശ്മയിലാണെന്ന് മാത്രം. കത്തോലിക്കാസഭയുടെ കാനന്‍ നിയമം മാര്‍പാപ്പ തന്നതാണെന്ന വസ്തുത നാം മറന്നുകൂടാ.
ചോദ്യം 6 : കത്തോലിക്കാസഭയുടെ കാനന്‍ നിയമം വെറും ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന് പറയുന്ന വാദത്തെപ്പറ്റി ഒന്ന് പ്രതികരിക്കാമോ?
ഉത്തരം: മുകളില്‍ പറഞ്ഞത് തന്നെയാണ് അതിനുള്ള ഉത്തരം. കത്തോലിക്കാസഭയ്ക്ക് ഒരു പരമാധികാരിയുണ്ട്: മാര്‍പാപ്പ. അദ്ദേഹം സഭാവിശ്വാസികള്‍ക്ക് അനുസരിക്കുവാനായി തന്നിരിക്കുന്ന നിയമാവലിയാണ് കാനന്‍ നിയമം. കത്തോലിക്കാസഭയിലെ അംഗത്വം ആരുടെയും ജന്മാവകാശമല്ല. മാമ്മോദീസായിലൂടെയാണ് ഒരാള്‍ ഈ സഭയില്‍ അംഗത്വം സാധാരണഗതിയില്‍ സ്വീകരിക്കുന്നത്. മറ്റ് ക്രിസ്തീയ സഭകളില്‍ മാമ്മോദീസ സ്വീകരിച്ചവര്‍ക്കും കത്തോലിക്കാസഭയില്‍ അംഗത്വം സ്വീകരിക്കുവാനാകും. ഒറ്റ നിബന്ധന മാത്രം: സഭയുടെ നിയമങ്ങളനുസരിച്ച് ജീവിക്കണം. അനുസരിക്കുവാന്‍ പറ്റാത്തവരെ വലിയ മഹറോന്‍ ശിക്ഷയിലൂടെ പുറത്താക്കുവാന്‍ കത്തോലിക്കാ സഭയില്‍ നിയതമായ ഒരു സംവിധാനമുണ്ട്. എന്നാല്‍, സ്വയം കത്തോലിക്കാസഭയില്‍നിന്ന് പുറത്തുപോയ വരെ സംബന്ധിച്ചിടത്തോളം കത്തോലിക്കാസഭയുടെ കാനന്‍ നിയമം ഒരു വീര്‍പ്പിച്ച ബലൂണ്‍ പോലെ തോന്നും. അവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം: തങ്ങള്‍ കത്തോലിക്കാസഭയില്‍നിന്ന് സ്വമേധയാ പുറത്തേക്കിറങ്ങി എന്ന് പ്രഖ്യാപിച്ചാല്‍ മാത്രം മതി. അപ്പോള്‍ മറ്റ് വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടാവുകയില്ല.
ചോദ്യം 7 : അച്ചാ, അച്ചന്‍ പ്രസിഡന്‍റായിരിക്കുന്ന പ്രത്യേക ട്രൈബ്യൂണലിനോട് കുറ്റാരോപിതര്‍ സഹകരിക്കുമെന്ന് അച്ചന് പ്രതീക്ഷയുണ്ടോ? പകരം അവര്‍ രാജ്യത്തിന്‍റെ കോടതിയില്‍ പോയാല്‍ എന്ത് ചെയ്യുവാന്‍ പറ്റും?
ഉത്തരം: നാം ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. പ്രത്യാശയുടെ തീര്‍ത്ഥാടകരാണ് നമ്മള്‍. അതിനാല്‍ നാം പ്രത്യാശ കൈവിടരുത്. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് കത്തോലിക്കര്‍ എല്ലാവരും കാനന്‍ നിയമമനുസരിച്ച് ഒരു സഭാട്രൈബ്യൂണലിന്‍റെ സമണ്‍സ് കിട്ടിയാല്‍ ആ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കും എന്നുതന്നെയാണ്. രാജ്യത്തെ കോടതികള്‍ക്ക് തീര്‍ച്ചയായും സഭാട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനത്തില്‍ രാജ്യത്തിന്‍റെ നിയമലംഘനമോ മനുഷ്യാവകാശ ലംഘനമോ ഉണ്ടോ എന്ന് പരിശോധിക്കുവാന്‍ സാധിക്കും. എന്നാല്‍, കാനന്‍ നിയമം കൃത്യമായി അനുസരിച്ചാണ് ഒരു സഭാട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെടുന്ന ഒരു കോടതിയും സഭാട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു വിധി പ്രഖ്യാപിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍, ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചശേഷം വിവരം കത്തോലിക്കാസഭയുടെ പരമോന്നത കോടതിയായ സിഞ്ഞത്തൂര അപ്പസ്തോലിക്കയെ അറിയിക്കാനുള്ള കടമ ഈ പ്രത്യേക ട്രൈബ്യൂണലിനുണ്ട്. അങ്ങനെ സംഭവിച്ചാല്‍, പിന്നീട് സിഞ്ഞത്തൂര അപ്പസ്തോലിക്കയും വത്തിക്കാന്‍ കാര്യാലയങ്ങളും അതിനുള്ള പ്രതിവിധി കണ്ടുകൊള്ളും. സിറോ-മലബാര്‍ സഭ ഒരു സ്വയാധികാര സഭ ആയതുകൊണ്ടാണ് വത്തിക്കാന്‍ ഇങ്ങനെയൊരു ട്രൈബ്യൂണല്‍ സ്ഥാപിച്ച്, ആവര്‍ത്തിച്ചുള്ള നിയമനിരാസങ്ങളുടെ കുറ്റങ്ങള്‍ ഇവിടെത്തന്നെ വിധി തീര്‍പ്പാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിലും എളുപ്പമുള്ള മറ്റ് നിരവധി മാര്‍ഗങ്ങള്‍ ഇത്തരത്തിലുള്ള കുറ്റവാളികളെ ശിക്ഷിക്കുവാന്‍ വത്തിക്കാന്‍റെ പക്കലുണ്ട്. കേരളത്തിലെ തന്നെയുള്ള ഒരു സിറോ-മലബാര്‍ വൈദികനെതിരെയുള്ള ഒരു പരാതിയില്‍ വിധി പറയുവാനുണ്ടാക്കിയ ഒരു പ്രത്യേക ട്രൈബ്യൂണലിനെതിരെ കുറ്റാരോപിതന്‍ സിവിള്‍ കോടതിയെ സമീപിച്ചപ്പോള്‍ ആ ട്രൈബ്യൂണല്‍ വിവരം വത്തിക്കാനിലെ വിശ്വാസതിരുസംഘത്തെ അറിയിക്കുകയുംٹവിശ്വാസ തിരുസംഘം ആ വൈദികനെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതിന്‍റെ വിവരങ്ങള്‍ എന്‍റെ കൈവശമുണ്ട്. അതുപോലെ, കാനന്‍ നിയമഗ്രന്ഥങ്ങളിലില്ലാത്ത ചില special faculties പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2009 ഏപ്രില്‍ 18 ന് പുറപ്പെടുവിച്ചതനുസരിച്ച് നീങ്ങുവാനും വത്തിക്കാന് സാധിക്കും. മൂന്നാമതായി, വിചാരണ വത്തിക്കാന്‍റെ ഉന്നതകോടതിയായ റോട്ട റോമാനയിലേക്ക് മാറ്റുവാനും സിഞ്ഞത്തൂര അപ്പസ്തോലിക്കയ്ക്ക് സാധിക്കും. ഇതില്‍ തങ്ങള്‍ക്ക് ഏറ്റവും അനുകൂലം പ്രത്യേക ട്രൈബ്യൂണല്‍ തന്നെയാണെന്ന നിഗമനത്തിലേക്ക് കുറ്റാരോപിതര്‍ എത്തുമെന്ന് തന്നെയാണ് ഇപ്പോഴും എന്‍റെ വിശ്വാസം.
ചോദ്യം 8 : ഒരു ഇടവകയില്‍ ഒരു വികാരിയച്ചന്‍ ഉള്ളിടത്തോളംകാലം അവിടെ ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കുവാന്‍ നിയമം അനുവദിക്കുന്നില്ല എന്ന് ചിലര്‍, പാലാരിവട്ടം, മാതാനഗര്‍, തൃപ്പൂണിത്തുറ ഇടവകകളില്‍ അഡ്മിനിസ്ട്രേറ്ററച്ചന്മാരെ നിയമിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വാദിക്കുന്നു. അത് ശരിയാണോ?
ഉത്തരം: ആ വാദം തെറ്റാണ്. പൗരസ്ത്യ കാനോന സംഹിതയിലെ 298-ാം കാനോന ഇങ്ങനെ നിഷ്കര്‍ഷിച്ചിരിക്കുന്നു: “ഇടവക വികാരിസ്ഥാനം ഒഴിവാകുകയോ ഇടവകയില്‍ അജപാലനകര്‍മ്മം നിര്‍വഹിക്കുന്നതില്‍നിന്ന് ഇടവക വികാരി ഏതെങ്കിലും കാരണത്താല്‍ തടസ്സപ്പെട്ടിരിക്കുകയോ ആണെങ്കില്‍ എത്രയും പെട്ടെന്ന് ഒരു വൈദികനെ ഇടവക അഡ്മിനിസ്ട്രേറ്ററായി രൂപതാ മെത്രാന്‍ നിയമിക്കേണ്ടതാണ്.” ഇടവകയില്‍ നൈയാമികമായി ബലിയര്‍പ്പണം നടത്തുക എന്നത് വികാരിയുടെ അജപാലനകര്‍മ്മത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗം തന്നെയാണ്. അക്കാര്യത്തില്‍, “ഇടവക വികാരി ഏതെങ്കിലും കാരണത്താല്‍ തടസ്സപ്പെട്ടിരിക്കുന്ന” അവസരങ്ങളില്‍ രൂപതാമെത്രാന്‍റെ ഉത്തരവാദിത്വം തന്നെയാണ് അഡ്മിനിസ്ട്രേറ്ററുടെ നിയമനം.
ചോദ്യം 9 : അഡ്മിനിസ്ട്രേറ്ററായി ഒരാള്‍ക്ക് അധികാരം കിട്ടണമെങ്കില്‍ ആ വ്യക്തി കാനോനികമായി ചാര്‍ജ്ജ് എടുക്കണമെന്നും നിയമിച്ചാല്‍ മാത്രം പോരാ എന്നും ചിലര്‍ നവമാധ്യമങ്ങളില്‍ വാദിക്കുന്നു. അതിനെപ്പറ്റി അങ്ങയുടെ സുചിന്തിതമായ അഭിപ്രായം എന്താണ്?
ഉത്തരം: സുചിന്തിതമെന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്നതുകൊണ്ടുതന്നെ, ഞാന്‍ ആധികാരിക രേഖകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയണമല്ലോ. പൗരസ്ത്യ കാനോന സംഹിതയിലെ 288-ാം കാനോന ഇങ്ങനെയാണ്: “നിയമന കല്‍പ്പന വഴിയായി ഇടവക വികാരിക്ക് ആത്മാക്കളുടെ സംരക്ഷണം ലഭിക്കുന്നു. എന്നിരുന്നാലും, പ്രത്യേക നിയമത്തിന്‍റെ മാനദണ്ഡപ്രകാരം ഇടവകയില്‍ കാനോനികമായി അധികാരം ഏറ്റെടുക്കാത്ത പക്ഷം തന്‍റെ ചുമതല നിര്‍വഹിക്കുവാന്‍ അദ്ദേഹത്തിന് അധികാരമില്ല.” ഇനി നോക്കേണ്ടത് ഈ വിഷയസംബന്ധിയായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക നിയമത്തില്‍ എന്താണ് നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നതാണ്. പ്രത്യേകം നിയമം, ആര്‍ട്ടിക്കിള്‍ 26 ന്‍റെ രണ്ടും മൂന്നും ഖണ്ഡികകള്‍ ഇങ്ങനെയാണ്: (ii) “വികാരിയായി നിയമിക്കപ്പെട്ടിരിക്കുന്ന വൈദികന് ഇടവകയില്‍ തന്‍റെ ചുമതല നിര്‍വഹിക്കുവാന്‍ ഔദ്യോഗികമായി സ്ഥാനം ഏല്‍ക്കേണ്ടതുണ്ട്” (CCEO c.288). (iii) “നിയമന ഉത്തരവില്‍ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളില്‍ ഓരോ വികാരിയും നിര്‍ദിഷ്ട ഇടവകയില്‍ ചെന്ന് മെത്രാപ്പോലീത്ത നിശ്ചയിച്ചിട്ടുള്ള ക്രമപ്രകാരം ഔദ്യോഗികമായി ചാര്‍ജ്ജ് എടുക്കണം.” ഇവിടെ മെത്രാപ്പോലീത്ത നിശ്ചയിച്ചിട്ടുള്ള പ്രകാരം എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാല്‍ത്തന്നെ ചാര്‍ജ്ജെടുത്ത രീതി, മെത്രാപ്പോലീത്തയുടെ സ്ഥാനം വഹിക്കുന്ന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ അംഗീകരിച്ചാല്‍ പിന്നെ, ആ വിഷയത്തില്‍ ഒരു തര്‍ക്കത്തിന് നിയമസാധുതയില്ല.
ചോദ്യം 10 : ഈ പ്രത്യേക ട്രൈബ്യൂണല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്‍റെയും കീഴിലാണല്ലോ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ അവര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഈ ട്രൈബ്യൂണല്‍ അനുസരിക്കേണ്ടതല്ലേ? അപ്പോള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുവാന്‍ ഈ ട്രൈബ്യൂണലിന് സാധിക്കുമോ? അവര്‍ക്ക് ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുവാനാകും?
ഉത്തരം: ആദ്യമായിട്ട് പറയുവാനുള്ളത് രൂപതാദ്ധ്യക്ഷന് നിയമനിര്‍മ്മാണ അധികാരവും (legislative) ഭരണനിര്‍വഹണപരവും (executive power) നീതിന്യായപരവും (judicial power) ആയ എല്ലാ അധികാരങ്ങളുമുണ്ടെങ്കിലും അതില്‍ നീതിന്യായപരമായ അധികാരം പൊതുവേ പറഞ്ഞാല്‍ ന്യായാധിപന്മാരിലൂടെയാണ് നിര്‍വഹിക്കുക. ഇപ്രകാരം ഒരു ട്രൈബ്യൂണലിനെ രൂപീകരിച്ച് ന്യായാധിപന്മാരെ നിയമിച്ചുകഴിഞ്ഞാല്‍ പിന്നെ, പ്രസ്തുത ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം കാനന്‍ നിയമമനുസരിച്ച് സ്വതന്ത്രമാണ്. ട്രൈബ്യൂണലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെയും പ്രതിനിധീകരിക്കുന്നത് നീതിസംരക്ഷകനാണ്; രാജ്യത്തിന്‍റെ ക്രിമിനല്‍ കോടതികളില്‍ പബ്ലിക് പ്രോസിക്യൂട്ടറെപ്പോലെ. അതിനാല്‍ത്തന്നെ, നീതിസംരക്ഷകനോട് പരാതി അഥവാ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുവാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കഴിയും. അതുപോലെതന്നെ, സമര്‍പ്പിച്ച പരാതി പിന്‍വലിക്കുവാനും ഇവര്‍ക്ക് നീതിസംരക്ഷകനോട് ആവശ്യപ്പെടുവാന്‍ സാധിക്കും. എന്നാല്‍ ഫയലില്‍ സ്വീകരിച്ച് വിചാരണ ആരംഭിച്ച ഒരു കേസ് പിന്‍വലിക്കണമെങ്കില്‍ കുറ്റാരോപിതരുടെ സമ്മതം കൂടി ആവശ്യമാണ്. അല്ലാതെ, ട്രൈബ്യൂണലിലെ ന്യായാധിപന്മാരോട് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ഭരണനിര്‍വഹണപരമായുള്ള ഉന്നതാധികാരമുള്ളവര്‍ക്ക് സാധ്യമല്ല. എന്നാല്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയമപരമായാണോ പോകുന്നതെന്ന് നിരീക്ഷിക്കുവാന്‍ സിഞ്ഞത്തൂര അപ്പസ്തോലിക്ക തുടങ്ങി ജുഡീഷ്യല്‍ അധികാരമുള്ള ഘടകങ്ങള്‍ കാനന്‍ നിയമത്തിലുണ്ടുതാനും. അതിലൊന്നാണ് പൗരസ്ത്യ കാനോന സംഹിതയിലെ 1062-ാം കാനോനയില്‍ കാണുന്ന മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയിലെ ഉന്നത കോടതി (superior tribunal) യുടെ ജനറല്‍ മോഡറേറ്റര്‍. 1062-ാം കാനോനയുടെ അഞ്ചാം ഖണ്ഡിക ഇങ്ങനെ വ്യക്തമാക്കുന്നു: “പാത്രിയാര്‍ക്കല്‍ സഭാതിര്‍ത്തിക്കുള്ളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കോടതികളിന്മേല്‍ മേല്‍നോട്ടത്തിനുള്ള അവകാശം നീതിനിര്‍വഹണത്തിനായുള്ള ജനറല്‍ മോഡറേറ്റര്‍മാര്‍ക്കുണ്ട്.”
ചോദ്യം 11 : സിറോ-മലബാര്‍ സഭയുടെ പിതാക്കന്മാരില്‍ത്തന്നെ സഭയുടെ ഏകീകൃത കുര്‍ബാനയ്ക്കെതിരെയും പരിശുദ്ധ സിംഹാസനത്തിന്‍റെ തീരുമാനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നവരുണ്ട് എന്ന ഒരു ആരോപണം ശക്തമാണ്. അവര്‍ക്കെതിരെ ഈ ട്രൈബ്യൂണലില്‍ പരാതിപ്പെടാന്‍ സാധിക്കുമോ? ഈ ട്രൈബ്യൂണലിന് മെത്രാന്മാര്‍ക്കെതിരെ നടപടികള്‍ ശുപാര്‍ശ ചെയ്യുവാന്‍ സാധിക്കുമോ?
ഉത്തരം: പൗരസ്ത്യ കാനോന സംഹിതയിലെ 1060-ാം കാനോനയുടെ ഒന്നാം ഖണ്ഡിക പ്രകാരം മാര്‍പാപ്പയ്ക്ക് മാത്രമേ മെത്രാന്മാര്‍ക്കെതിരായ പീനല്‍കേസുകള്‍ കൈകാര്യം ചെയ്യുവാനാവുകയുള്ളൂ. അതിനാല്‍ ഉത്തരം, ഈ പ്രത്യേക ട്രൈബ്യൂണലിന്‍റെ അധികാരപരിധിയില്‍ മെത്രാന്മാര്‍ക്കെതിരായ കുറ്റങ്ങള്‍ ഒന്നും വരില്ല എന്നതാണ്. അങ്ങനെയുള്ള പരാതിയുള്ളവര്‍ തങ്ങളുടെ പരാതി, തെളിവുകള്‍ സഹിതം, പൗരസ്ത്യ കാര്യാലയത്തെയോ, സെക്രട്ടറി ഓഫ് സ്റ്റേറ്റിനെയോ, നേരിട്ട് മാര്‍പാപ്പയെ തന്നെയോ എഴുതി അറിയിക്കുകയാണ് വേണ്ടത്.
ചോദ്യം 12 : മാര്‍പാപ്പയും സിനഡും പറഞ്ഞിട്ടും അനുസരിക്കാത്തവര്‍ മുറയ്ക്ക് ശീശ്മയിലുമാണ്. മഹറോന്‍ ശിക്ഷയിലുമാണ്. ശരിയല്ലേ? അങ്ങനെയാണെങ്കില്‍ അവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്നതല്ലേ വേണ്ടത്? അതോ, വീണ്ടും ഒരു ട്രൈബ്യൂണല്‍ വച്ച് എന്തിനീ മെനക്കേട് കാണിക്കുന്നത് എന്നാണ് ഒരു കര്‍മ്മലകുസുമം വായനക്കാരന്‍ എന്നോട് എഴുതി ചോദിച്ച ഒരു ചോദ്യം. ഇക്കാര്യത്തില്‍ അല്പം വ്യക്തത വരുത്താമോ?
ഉത്തരം: തീര്‍ച്ചയായും. ഒരുദാഹരണത്തിലൂടെ അത് വിശദീകരിക്കുവാന്‍ ശ്രമിക്കാം. 2008 ലെ ബോംബെയിലെ ഭീകരാക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ച അജ്മല്‍ കസബിന്‍റെ കാര്യമെടുക്കാം. 166 പേര്‍ കൊല്ലപ്പെടുകയും 300-ല്‍പ്പരം ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ ഭീകരാക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ച കസബിനെ 2008 നവംബര്‍ 26-ാം തീയതി മുംബൈ പോലീസ് അക്രമമദ്ധ്യേതന്നെ അറസ്റ്റ് ചെയ്തതാണ്. എന്നാല്‍ അദ്ദേഹത്തെ ഉടനെ തൂക്കിലേറ്റുകയല്ല ചെയ്തത്. 2010 മെയ് 6-ാം തീയതി അദ്ദേഹത്തെ മുംബൈ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2012 നവംബര്‍ 21-ാം തീയതിയാണ് പൂനെയിലെ യെരാവാദാ സെന്‍ട്രല്‍ ജയിലില്‍ വച്ച് അദ്ദേഹത്തിന് മരണശിക്ഷ നല്‍കുന്നത്. അതുപോലെ പരസ്യമായി ശീശ്മയില്‍ തുടരുന്നവരെയും പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച്, ഒരു ട്രൈബ്യൂണലിലെ കുറ്റവിചാരണയ്ക്കുശേഷം മാത്രമേ മഹറോന്‍ ശിക്ഷയ്ക്ക് വിധേയനാക്കുവാന്‍ നിയമം അനുവദിക്കുന്നുള്ളൂ.വ്യത്യസ്തമായി ചെയ്യുവാനുള്ള അധികാരം മാര്‍പാപ്പയ്ക്കും പരിശുദ്ധ സിംഹാസനത്തിനും മാത്രം.
ചോദ്യം 13 : രാജ്യത്തിന്‍റെ കോടതികളും സഭയുടെ ഈ പ്രത്യേക ട്രൈബ്യൂണലും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ ഏതൊക്കെയാണ്?
ഉത്തരം: രാജ്യത്തിന്‍റെ കോടതികളെയും കത്തോലിക്കാസഭയുടെ നീതിന്യായ വ്യവസ്ഥയെയും ബാധിക്കുന്ന പൊതുവായുള്ള തത്വങ്ങള്‍ ഒന്നുതന്നെയാണെന്ന് പറയുവാന്‍ സാധിക്കും. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം ഇവയാണ്: 1) ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നീതിമാന്‍പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല; 2) ആകാശം അഥവാ സ്വര്‍ഗം ഇടിഞ്ഞുവീണാലും നീതി നടത്തപ്പെടണം (Ruat caelum fiat iustitia). എന്നാല്‍ കത്തോലിക്കാസഭയുടെ ജുഡീഷ്യറിയെ സഹായിക്കുവാന്‍ പോലീസും പട്ടാളവും ഒന്നുമില്ലാത്തതിനാല്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്ത കുറ്റാരോപിതരെ ബലം പ്രയോഗിച്ച് ട്രൈബ്യൂണല്‍ മുമ്പാകെ കൊണ്ടുവന്ന് നിര്‍ബന്ധിത വിചാരണ സാധ്യമല്ല. സമണ്‍സ് അയയ്ക്കുക. വന്നില്ലെങ്കില്‍ വീണ്ടും സമണ്‍സ് അയയ്ക്കുക. വീണ്ടും വന്നില്ലെങ്കില്‍ കുറ്റാരോപിതനെ പ്രതിനിധീകരിക്കുവാന്‍ ഔദ്യോഗികമായി അഭിഭാഷകനെ നിയമിച്ചശേഷം ട്രൈബ്യൂണല്‍ “പ്രസ്തുത കക്ഷി വിചാരണയില്‍ നിന്ന് മാറി നില്‍ക്കുന്നതായി പ്രഖ്യാപിച്ച” ശേഷം കേസ് വിചാരണ നടത്തി വിധി പ്രഖ്യാപിക്കുകയാണ് ചെയ്യുക (cf. CCEO c. 1272). ഇങ്ങനെ സഹകരിക്കാതിരിക്കുന്ന കുറ്റാരോപിതര്‍ക്ക് വിചാരണയുടെ ഏത് ഘട്ടത്തിലും കേസില്‍ വീണ്ടും ഭാഗഭാക്കാകുവാനും 1273-ാം കാനോന അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ആ കാനോന ഇങ്ങനെ തുടര്‍ന്ന് നിര്‍ദ്ദേശിക്കുന്നു: “എന്നിരുന്നാലും ദീര്‍ഘവും അനാവശ്യവുമായ കാലതാമസത്തിലൂടെ വിചാരണ മനഃപൂര്‍വം നീട്ടിക്കൊണ്ടുപോകുന്നില്ല എന്ന് ജഡ്ജി ഉറപ്പുവരുത്തേണ്ടതാണ്.” മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഓരോ കുറ്റത്തിന്‍റെ സ്വഭാവവും വ്യാപ്തിയുമനുസരിച്ച് ഒരു കേസിന്‍റെ അന്തിമവിധിയ്ക്കുള്ള കാലതാമസത്തില്‍ സാരമായ വ്യത്യാസത്തിനുള്ള സാധ്യതയുണ്ടെങ്കില്‍ക്കൂടി, പ്രത്യേക ട്രൈബ്യൂണലില്‍ നീതിസംരക്ഷകന്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ആറ് മാസത്തിനുള്ളില്‍ സാമാന്യഗതിയില്‍ വിചാരണക്കോടതിക്ക് തത്തുല്യമായ ഈ പ്രത്യേക ട്രൈബ്യൂണലിന്‍റെ അന്തിമ വിധിക്കുള്ള സാധ്യതയുണ്ട്. നീതി താമസിക്കുന്നത് നീതിനിഷേധം തന്നെയായാണല്ലോ സമൂഹം വിലയിരുത്തുക (Justice delayed is justice denied).
രണ്ടാമത്തെ പ്രധാന വ്യത്യാസം, രാജ്യത്തിന്‍റെ കോടതികളില്‍ കുറ്റാരോപിതരെയും സാക്ഷികളെ യുമെല്ലാം ചോദ്യം ചെയ്യുന്നത് അഭിഭാഷകരാണെങ്കില്‍, കത്തോലിക്കാസഭയുടെ ട്രൈബ്യൂണലുകളില്‍ ഈ ചോദ്യംചെയ്യല്‍ ജഡ്ജിയുടെ ഉത്തരവാദിത്വമാണ് എന്നതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, വക്കീലന്മാരുടെ വിസ്താരവും ക്രോസ്സ് വിസ്താരവുമൊന്നും കത്തോലിക്കാസഭയുടെ ട്രൈബ്യൂണലുകളിലുണ്ടാവില്ല. കുറ്റാരോപിതന്‍റെ അഭിഭാഷകന് തീര്‍ച്ചയായും ട്രൈബ്യൂണല്‍ നടപടികളില്‍ പങ്കെടുക്കുവാനാവും. എല്ലാ വിസ്താരവേളകളിലും പങ്കെടുത്ത്, ചോദിക്കേണ്ടണ്ട ചോദ്യങ്ങള്‍ ജഡ്ജിക്ക് എഴുതി നല്‍കുവാനും അദ്ദേഹത്തിന് അനുവാദവും അവകാശവുമുണ്ട്. എന്നാല്‍ കുറ്റാരോപിതന്‍റെ അഭിഭാഷകനോ അഥവാ നീതിസംരക്ഷകനോ എഴുതി നല്‍കുന്ന ചോദ്യങ്ങളെല്ലാം ചോദിക്കണമോയെന്ന് നിശ്ചയിക്കുന്നതുപോലും ചോദ്യം ചെയ്യുവാന്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന ജഡ്ജിയാണ്. ജഡ്ജിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം അന്തിമവുമാണ്. കേസില്‍ തെളിവ് സംഭരിക്കുന്ന ഘട്ടത്തിലുള്ള വിചാരണാസമയത്ത് സംഘാത കോടതിയിലെ മൂന്ന് ജഡ്ജിമാരും ഉണ്ടായിരിക്കണമെന്ന് കാനന്‍ നിയമം നിര്‍ബന്ധം പിടിക്കുന്നില്ല. അതിലെ പ്രിസൈഡിംഗ് ജഡ്ജിക്ക്, അഥവാ അദ്ദേഹം ദൗത്യം ഭരമേല്‍പ്പിച്ച ഏതെങ്കിലും ഒരു വ്യക്തിക്ക്, ഒരു ന്യായാധിപന്‍റെ അധികാരത്തോടുകൂടി പ്രസ്തുത വിസ്താരം നടത്താവുന്നതാണ്. നോട്ടറി നിര്‍ബന്ധമായും പങ്കെടുക്കണമെന്നത് മാത്രമാണ് കാനന്‍ നിയമത്തിലെ തത്സംബന്ധിയായ നിബന്ധന. വിസ്താരത്തിലെ ചോദ്യോത്തരങ്ങള്‍ അതേപടി പകര്‍ത്തിയെഴുതി ജഡ്ജിയുടെയും വിസ്തരിക്കപ്പെട്ടയാളുടെയും ഒപ്പ് വാങ്ങി സ്വയം ഒപ്പിട്ട് ട്രൈബ്യൂണല്‍ ഓഫീസില്‍ ഫയല്‍ ചെയ്യുവാനുള്ള ക്ലേശകരമായ ദൗത്യം നോട്ടറിയുടെതാണ്.
മൂന്നാമത്തെ പ്രത്യേകത, ഒരു പരാതി ഫയലില്‍ സ്വീകരിച്ചുകഴിഞ്ഞ് കക്ഷികളെ തര്‍ക്കവിഷയ നിര്‍ണയത്തിനായി ട്രൈബ്യൂണലിലേക്ക് സമണ്‍സയച്ച് വിളിപ്പിച്ച് കേസ് ആരംഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ സഭാട്രൈബ്യൂണലിലെ ജഡ്ജിമാര്‍ക്ക്, കക്ഷികള്‍ തെളിവ് നല്‍കാന്‍ ഉദാസീനത കാണിക്കുന്നപക്ഷം, തെളിവുകള്‍ അടങ്ങുന്നതെന്ന് കരുതുന്ന രേഖകള്‍ ഉത്തരവിലൂടെ വിളിച്ചുവരുത്തുവാനും കുറ്റകൃത്യം നടന്ന സ്ഥലം തന്നെ നേരിട്ട് പരിശോധിക്കുവാനും കക്ഷികള്‍ നല്‍കിയ പേരുകള്‍ക്ക് പുറമേ ഔദ്യോഗികമായി മറ്റ് സാക്ഷികളെ വിസ്താരത്തിനായും തെളിവെടുപ്പിനുമായും ട്രൈബ്യൂണലില്‍ വിളിച്ച് വരുത്തുവാനും സാധിക്കും. ട്രൈബ്യൂണലിന്‍റെ വിധി, ട്രൈബ്യൂണലിന്‍റെ പക്കലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പാടുള്ളൂ. അത് ജഡ്ജിമാര്‍ക്ക് മറ്റുവഴികളില്‍ കിട്ടിയ അറിവുകളുടെ അടിസ്ഥാനത്തിലാകുവാന്‍ പാടില്ല. ‘Ex actis et probatis’ ആകണം അന്തിമവിധി എന്നാണ് നിയമം അനുശാസിക്കുന്നത്. അതായത് ട്രൈബ്യൂണലിന് അതിന്‍റെ പക്കലുള്ള ഫയലിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ശിക്ഷിക്കാനാവൂ. അതിനാല്‍ത്തന്നെ, കുറ്റാരോപിതനായ വ്യക്തിയെപ്പറ്റിയോ ആരോപിക്കപ്പെട്ട കുറ്റത്തെപ്പറ്റിയോ കൂടുതല്‍ അറിവ് മറ്റൊരു വ്യക്തിക്ക്, അഥവാ ഒരു മൂന്നാം കക്ഷിക്ക് ഉണ്ടെന്ന് കണ്ടാല്‍, ആ വ്യക്തി നീതിസംരക്ഷകന്‍റെയോ കുറ്റാരോപിതന്‍റെയോ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍പോലും പ്രിസൈഡിങ് ജഡ്ജിക്ക് അങ്ങനെയുള്ളവരില്‍നിന്നും തെളിവ് ശേഖരിക്കുവാനാവും. ഇതേ സ്വാതന്ത്ര്യവും അധികാരവും സിവിള്‍, ക്രിമിനല്‍ കോടതികള്‍ക്കും എല്ലാ രാജ്യങ്ങളിലുംതന്നെ ഉണ്ടെങ്കിലും അവ പലപ്പോഴും ഉപയോഗിക്കുന്നതായി കാണപ്പെടുന്നില്ല. എന്നാല്‍ സഭാട്രൈബ്യൂണലുകളില്‍, സത്യം കണ്ടുപിടിക്കുന്നതിനും നീതി നടപ്പിലാക്കുന്നതിനുമായുള്ള പരിശ്രമങ്ങളില്‍ ജഡ്ജിമാര്‍ കക്ഷികളുടെ താല്പര്യത്തെമാത്രം ആശ്രയിച്ച് നില്‍ക്കുന്നില്ല പലപ്പോഴും.
മറ്റൊരു പ്രധാനപ്പെട്ട വ്യത്യാസം, പൗരസ്ത്യ കാനോനസംഹിതയില്‍, ഒരു കുറ്റവിചാരണയ്ക്കവസാന മുള്ള അന്തിമവിധി മൂന്ന് തരത്തിലുള്ളതായിരിക്കാം എന്നതാണ്: 1) കുറ്റാരോപിതന്‍ നിരപരാധിയാണ്; 2)കുറ്റാരോപിതനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം തെളിയിക്കുവാന്‍ പരാതിക്കാരനായ നീതി സംരക്ഷകന് സാധിക്കാത്തതിനാല്‍ കുറ്റാരോപിതനെ വെറുതെ വിട്ടിരിക്കുന്നു; 3) കുറ്റാരോപിതനില്‍ ആരോപിച്ചിരിക്കുന്ന കുറ്റം തെളിഞ്ഞിരിക്കുന്നു; അതിനാല്‍ അയാളെ ഇന്ന ശിക്ഷയ്ക്ക് വിധേയനാക്കിയിരിക്കുന്നു. ഇതില്‍ കുറ്റാരോപിതന്‍ നിരപരാധിയാണ് എന്നുള്ള വിധി (CCEO c. 1482; CIC c. 1726) പൊതുവേ രാജ്യത്തിന്‍റെ കോടതികളില്‍ കാണാറില്ല. തെളിവില്ല എന്നുള്ള വിധിയില്‍ നിന്നുള്ള അനുമാനം മാത്രമാണ് അവിടെ കുറ്റാരോപിതന്‍റെ നിരപരാധിത്വം. എന്നാല്‍ കാനന്‍ നിയമത്തില്‍ കാണുന്ന ഈ സാധ്യത ഒരു വ്യക്തിയുടെ സല്‍പ്പേരിനുള്ള മനുഷ്യാവകാശത്തിന്‍റെ സംരക്ഷണത്തിന്‍റെ ഭാഗമായി കണക്കാക്കാവുന്നതാണ് (cf. CCEO c. 23; CIC c. 220).
ചോദ്യം 14 : അവസാനമായി ഒരു ചോദ്യം കൂടി. ഇത് എന്‍റെ മാത്രം ചോദ്യമല്ല; കര്‍മ്മലകുസുമത്തിന്‍റെ വരിക്കാരായ പലരും എന്നോട് എഴുതി ചോദിച്ച ചോദ്യം തന്നെയാണ്. വന്ന ചോദ്യം അതേപടി ഞാന്‍ വായിക്കാം: “വിമതര്‍ ഈ ട്രൈബ്യൂണലിനെ ബഹിഷ്കരിക്കും എന്ന് കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, അടുത്ത പടി എന്തായിരിക്കും? ഇങ്ങനെ സമയം കൊല്ലാന്‍ ഒരു ഏര്‍പ്പാടായി തീരുമോ ഈ ട്രൈബ്യൂണല്‍?
ഉത്തരം: പൗരസ്ത്യ കാനോന സംഹിതയിലെ ശിക്ഷാനിയമത്തിലും ശിക്ഷാനടപടിക്രമത്തിലും ആദ്യമായി പ്രത്യേക പഠനം നടത്തി ലൈസന്‍ഷ്യേറ്റ് നേടി 1997 മുതല്‍ ഇങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയോ ഇങ്ങനെയുള്ള കേസുകളില്‍ നിയമോപദേശം കൊടുത്തുകൊണ്ടിരിക്കുകയോ ചെയ്യുന്ന ഒരു സീനിയര്‍ കാനന്‍ നിയമജ്ഞന്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് കത്തോലിക്കാ സഭയില്‍ തുടരാനാഗ്രഹിക്കുന്ന ഒരു വിശ്വാസിയും, പ്രത്യേകിച്ച് ഒരു വൈദികനും, നിയമപ്രകാരമുള്ള ഒരു സമണ്‍സ് കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ ട്രൈബ്യൂണലുമായി സഹകരിക്കാതിരിക്കില്ല എന്നതാണ്. അങ്ങനെ ചെയ്താല്‍ അതിന്‍റെ ഭവിഷ്യത്ത് അവര്‍ക്ക് തന്നെയായിരിക്കുമെന്ന് സുബോധമുള്ള ആര്‍ക്കും മനസ്സിലാകുമല്ലോ. ശിക്ഷിക്കുന്നതുവരെ ഒരു വ്യക്തി നിരപരാധിയായി കരുതപ്പെടണ (CCEO c. 1414, §1) മെന്നാണ് നിയമം (Innocent until proven guilty). എന്നാല്‍ ഒരു മേലധികാരി, ഒരാള്‍ കുറ്റവിചാരണ നേരിടണമെന്ന് ഒരു ഡിക്രി വഴി തീരുമാനമെടുത്തുകഴിയുമ്പോള്‍ മുതല്‍ ആ വ്യക്തി സംശയത്തിന്‍റെ മുള്‍മുനയിലാണ്; അയാള്‍ കുറ്റാരോപിതനാണ് (accused). എത്രയും വേഗം തന്‍റെ കുറ്റവിചാരണ പൂര്‍ത്തിയാക്കി താന്‍ നിരപരാധിയാണെന്ന് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചുകാണുവാനാണ് അയാള്‍ സ്വാഭാവികമായും ആഗ്രഹിക്കുക. കൂടാതെ 1473-ാം കാനോന അനുസരിച്ചുള്ള ചില നിയന്ത്രണങ്ങളും നിരോധനങ്ങളും സാമാന്യഗതിയില്‍ മേലധികാരി ഇതിനകം കുറ്റാരോപിതന്‍റെമേല്‍ വച്ചിട്ടുമുണ്ടാകും. ആ നിയന്ത്രണങ്ങളും നിരോധനങ്ങളും നിയമത്താല്‍തന്നെ ഇല്ലാതാകുന്നത് കേസിന്‍റെ അന്തിമവിധി വന്നുകഴിയുമ്പോള്‍ മാത്രമാണുതാനും. അതിനാല്‍, ഒരു നല്ല നിയമോപദേശം കിട്ടിയ ഒരാളും പ്രത്യേക കോടതിയോട് സഹകരിക്കുന്നതില്‍ വൈമുഖ്യം കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
ഇതിന്‍റെ കൂട്ടത്തില്‍ ചേര്‍ത്തുപറയുവാനാഗ്രഹിക്കുന്ന മറ്റൊരു കാര്യം, സിറോ-മലബാര്‍ സഭയില്‍ ശിക്ഷാനിയമവും ശിക്ഷാനടപടിക്രമവുമനുസരിച്ച് പ്രവര്‍ത്തിക്കുവാനായി രൂപംകൊണ്ട സഭാകോടതികള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് എന്നതാണ്. അപ്പോഴെല്ലാം കുറ്റാരോപിതര്‍ അങ്ങനെയുള്ള പ്രത്യേക സഭാ ട്രൈബ്യൂണലുമായി സഹകരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള പ്രത്യേക ട്രൈബ്യൂണലുകളിലെ വിധികളിലൂടെ പൗരോഹിത്യത്തില്‍നിന്ന് പിരിച്ചുവിടപ്പെട്ട പല വ്യക്തികളും ഇന്നും സിറോ-മലബാര്‍ സഭയില്‍ അത്മായവിശ്വാസികളായി ജീവിക്കുന്നുമുണ്ട്. അങ്ങനെയുള്ള കേസുകള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ത്തന്നെ നടന്നതിന്‍റെ രേഖകള്‍ ഞാന്‍ കണ്ടിട്ടുമുണ്ട്. അതുപോലെ, കാക്കനാട് മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ കാര്യാലയത്തില്‍ രൂപീകൃതമായ ഒരു പ്രത്യേക ട്രൈബ്യൂണല്‍, വൈദികാന്തസ്സില്‍നിന്ന് പിരിച്ചുവിടാന്‍ വിധിച്ച വിധി, അപ്പീല്‍ ട്രൈബ്യൂണലില്‍ നടന്ന മൂന്നര വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിന്‍റെ അവസാനം അസാധുവായി പ്രഖ്യാപിക്കുന്നതില്‍ എത്തുകയും ആ വൈദികന്‍ ഇപ്പോഴും വൈദികനെന്ന നിലയില്‍ തന്‍റെ ശുശ്രൂഷ തുടരുകയും ചെയ്യുന്നത് എനിക്ക് നേരിട്ടറിയാവുന്നതാണ്. അതിനാല്‍ കത്തോലിക്കാസഭയിലെ നീതിന്യായ വ്യവസ്ഥയെ ആരും സംശയിക്കേണ്ടതില്ല. വിചാരണ കോടതിക്ക് മുകളില്‍ അപ്പീല്‍ കോടതിയും അതിനുമുകളില്‍ കത്തോലിക്കാസഭയുടെ പരമോന്നത കോടതിയുമുള്ള വളരെ സുസജ്ജമായ ഒരു നീതിന്യായ സംവിധാനമാണ് കത്തോലിക്കാസഭയ്ക്കുള്ളത്. അതിനാല്‍ത്തന്നെയാണ് കാനന്‍ നിയമത്തില്‍ 1460-ാം കാനോന ഇങ്ങനെ അനുശാസിക്കുന്നത്: “ഒരു സിവിള്‍ അധികാരിയുടെ സ്വാധീനത്തിലൂടെ തിരുപ്പട്ടമോ, ഒരുദ്യോഗമോ, ശുശ്രൂഷയോ, സഭയിലെ മറ്റൊരു ചുമതലയോ ലഭിക്കുവാനായി സിവിള്‍ അധികാരിയെ പ്രത്യക്ഷമായോ, പരോക്ഷമായോ സമീപിക്കുന്ന ഒരു വ്യക്തി വലിയ മഹറോന്‍ ശിക്ഷ – വൈദികശുശ്രൂഷിയുടെ കാര്യത്തില്‍ തരംതാഴ്ത്തലോ പോലും – ഒഴിവാക്കാതെ തന്നെ അനുയോജ്യമായി ശിക്ഷിക്കപ്പെടേണ്ടതാണ്.” അതായത്, കത്തോലിക്കാസഭയില്‍ കാനന്‍ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ജുഡീഷ്യല്‍ സംവിധാനമുണ്ട്. കത്തോലിക്കാസഭാംഗ ങ്ങളുടെ സഭയ്ക്കകത്തെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ അകത്തുള്ളപ്പോള്‍ പിന്നെ ആരും ആ സംവിധാനത്തിന് പുറത്ത് രാജ്യത്തിന്‍റെ കോടതികളില്‍ പോകേണ്ടതില്ല. അങ്ങനെ പോയാല്‍പോലും സിവിള്‍ കോടതി പരിശോധിക്കുന്നത് കത്തോലിക്കാസഭാധികാരികള്‍ കാനന്‍ നിയമമനുസരിച്ചാണോ പ്രവര്‍ത്തിച്ചത് എന്നതായിരിക്കും. അതിനാല്‍ പ്രത്യേക ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം നിയമാനുസൃതവും നിയമസാധ്യതയുള്ളതും രാജ്യത്തിന്‍റെ കോടതികള്‍ അംഗീകരിക്കുന്നതും തന്നെയാണ്.
ചോദ്യം 15 : പാമ്പാറയച്ചാ, അതുപോലെ വ്യക്തത ആവശ്യമായ മറ്റൊരു കാര്യം, പൗരസ്ത്യ കാനോന സംഹിതയിലെ 253-ാം കാനോന ഉദ്ധരിച്ചുകൊണ്ട് എറണാകുളം വിമതരില്‍ ചിലര്‍ അതിരൂപത കൂരിയായിലെ ചാന്‍സലറച്ചന്‍റെ നിയമനം മയ ab initio അസാധുവാണെന്നും അതിനാല്‍ത്തന്നെ അദ്ദേഹം ചാന്‍സലറെന്ന നിലയില്‍ ഒപ്പുവച്ച എല്ലാ രേഖകളും അസാധുവായിരിക്കുമെന്നും വാദിക്കുന്നു. അദ്ദേഹം ആരോപണ വിധേയനായതിനാലാണ് നിയമനം അസാധുവാണെന്ന് അവര്‍ വാദിക്കുന്നത്. ഈ വാദത്തെ അച്ചന്‍ എങ്ങനെയാണ് അപഗ്രഥിക്കുന്നത്?
ഉത്തരം: രണ്ട് കാര്യങ്ങളാണ് ഈ വിഷയസംബന്ധിയായി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഒന്നാമതായി, നിയമവ്യാഖ്യാന സംബന്ധിയായ തത്വങ്ങള്‍ പൗരസ്ത്യ ലത്തീന്‍ കാനന്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യമാണ്. പൗരസ്ത്യ കാനോന സംഹിതയിലെ 1495-ാം കാനോനയിലും 1496-ാം കാനോനയിലും ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തിലെ 10-ഉം 14-ഉം കാനോനകളിലുമാണ് ഇതിനാധാരമായ നിയമവ്യാഖ്യാന തത്വങ്ങള്‍ (Hermeneutical principles) കാണുന്നത്. 1495-ാം കാനോന ഇപ്രകാരം വ്യക്തമാക്കുന്നു: “ഒരു നടപടി അസാധുവാണെന്നോ ഒരു വ്യക്തി എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ അയോഗ്യനാണെന്നോ പറയുന്ന നിയമങ്ങളെ മാത്രമേ അസാധുവാക്കുന്നതോ അയോഗ്യനാക്കുന്നതോ ആയ നിയമങ്ങളായി പരിഗണിക്കാറുള്ളൂ.” അതായത്, നിയമത്തില്‍ ചിലയിടത്ത് ചില നിബന്ധനകള്‍ നിയമദാതാവ് വയ്ക്കാറുണ്ട്. ഈ നിബന്ധനകളുടെ ലംഘനം അസാധുവാക്കു ന്നതാണെന്ന് നിയമദാതാവ് ആ നിയമത്തോട് ചേര്‍ന്ന് വിശദീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ, ആ നിബന്ധനയുടെ ലംഘനം ഒരു നൈയാമിക പ്രവൃത്തിയെ അസാധുവാക്കുകയുള്ളൂ. അങ്ങനെയുള്ള നിയമങ്ങളെ Leges irritantes എന്നാണ് വിശേഷിപ്പിക്കുക. അങ്ങനെ പൗരസ്ത്യ കാനോന സംഹിതയിലുള്ള നിയമങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ പൗരസ്ത്യ കാനോന സംഹിതയിലെ 932, 954, 951, 952, 931, 1537 എന്നീ കാനോനകളാണ്. ഈ കാനോനകളിലെല്ലാം സാധുവായി ഒരു നൈയാമിക പ്രവൃത്തി ചെയ്യുന്നതിനുള്ള നിബന്ധനയെപ്പറ്റിയാണ് പരാമര്‍ശം. എന്നാല്‍, മുകളില്‍ കൊടുത്തിരിക്കുന്ന കാനോനകളില്‍ മാത്രമല്ല സാധുതയെപ്പറ്റിയുള്ള പരാമര്‍ശങ്ങളുള്ളത്.
ഇനി നമുക്ക് നോക്കുവാനുള്ളത് 253-ാം കാനോനയുടെ രണ്ടാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന നിബന്ധന, ചാന്‍സലറിന്‍റെ നിയമനത്തിനുള്ള സാധുത സംബന്ധിയായതാണോ എന്നതാണ്. പ്രസ്തുത കാനോനയുടെ മലയാളപരിഭാഷ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “നോട്ടറിമാര്‍ നല്ല സ്വഭാവ ഗുണമുള്ളവരും ആക്ഷേപങ്ങള്‍ക്ക് അതീതരുമായിരിക്കണം.” അതേ കാനോനയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഇങ്ങനെയാണ്: “Notaries are to be of unblemished reputation and above all suspicion”. ഈ നിബന്ധന നോട്ടറിമാരുടെ കാര്യത്തില്‍ മാത്രമല്ല കാനന്‍ നിയമത്തിലുള്ളത്. പൗരസ്ത്യ കാനോന സംഹിതയിലെ 180-ാം കാനോനയില്‍ ഒരു വ്യക്തി മെത്രാന്‍ പദവിയിലേക്ക് യോഗ്യനായി കണക്കാക്ക പ്പെടുന്നതിന് അയാള്‍ സല്‍സ്വഭാവവും (good morals) ആദരണീയനും (have a good reputation) ഉള്ളവനായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നു. അതുപോലെ തന്നെ, പൗരസ്ത്യ കാനോനസംഹിതയിലെ 285-ാം കാനോനയുടെ ഒന്നാം ഖണ്ഡികയില്‍, ഒരു വൈദികനെ ഇടവക വികാരിയായി നിയമിക്കുന്നതിനുള്ള യോഗ്യതയായി നിഷ്കര്‍ഷിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സല്‍സ്വഭാവവും സത്യവിശ്വാസവും: “ഒരു വൈദികന്‍ ഇടവക വികാരിയായി നിയമിക്കപ്പെടണമെങ്കില്‍ അദ്ദേഹം സല്‍സ്വഭാവവും സത്യവിശ്വാസവും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള തീക്ഷ്ണതയും വിവേകവും ഇടവകശുശ്രൂഷ സ്തുത്യര്‍ഹമായി നിറവേറ്റുന്നതിന് നിയമം ആവശ്യപ്പെടുന്ന മറ്റ് ഗുണങ്ങളും കഴിവുകളും ഉള്ളവനായിരിക്കുക ആവശ്യമാണ്” (cf. CCEO c.285, §1). ഈ മൂന്ന് കാനോനകളിലും പറയുന്ന നിബന്ധനകള്‍ അസാധുവാക്കുന്നതോ അയോഗ്യനാക്കുന്നതോ (leges irritantes or inabilitantes) അല്ല. അതിനാല്‍ത്തന്നെ, ആ നിബന്ധനകള്‍ പാലിക്കാതെ നടത്തുന്ന ഒരു നൈയാമിക പ്രവൃത്തി ആരംഭത്തില്‍ തന്നെ (ab initio) അസാധുവല്ലതാനും.

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടണ്ട ഒരു കാനോനയാണ് CCEO c.1496. അതിന്‍റെ പ്രസക്തമായ ആദ്യഭാഗം ഇങ്ങനെയാണ്: “അസാധുവാക്കുന്നതോ അയോഗ്യനാക്കുന്നതോ ആയ നിയമമാണെങ്കില്‍ പോലും, നിയമത്തെക്കുറിച്ച് സംശയമുള്ളപ്പോള്‍ നിയമങ്ങള്‍ ബാധകമാകുന്നില്ല. വസ്തുതയെക്കുറിച്ച് സംശയമുണ്ടെങ്കില്‍ മേലദ്ധ്യക്ഷന്മാര്‍ക്ക് അവയില്‍നിന്ന് ഒഴിവ് കൊടുക്കാവുന്നതാണ്.” മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഒരു വ്യക്തിയുടെ അനുയോജ്യതയെപ്പറ്റി, അതായത്, ആ വ്യക്തിക്ക് നിര്‍ദ്ദിഷ്ട യോഗ്യതകളുണ്ടോ എന്ന വസ്തുതയെപ്പറ്റി സംശയമുള്ളപ്പോള്‍, മേലദ്ധ്യക്ഷന്മാര്‍ക്ക് ആ നിബന്ധന കളില്‍നിന്ന് ഒഴിവുകൊടുക്കുവാനുള്ള അധികാരമുണ്ടെന്നതാണ് ഈ കാനോന വ്യക്തമാക്കുന്നത്. എന്നാല്‍ നിയമത്തെക്കുറിച്ചുള്ള അജ്ഞത നിയമാനുസരണത്തില്‍നിന്ന് ആര്‍ക്കും ഒഴിവുകഴിവ് നല്‍കുന്നില്ല എന്ന 1497-ാം കാനോനയും ഇക്കൂട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാല്‍, 253-ാം കാനോനയുടെ രണ്ടാം ഖണ്ഡികയിലെ നിബന്ധനയുടെ ലംഘനം, ചാന്‍സലര്‍ നിയമനത്തെ അസാധുവാ ക്കുന്നില്ല.

ഇനി രണ്ടാമത്തെ ശ്രദ്ധേയമായ കാര്യം കാനന്‍ നിയമം എപ്പോഴാണ് ഒരു വ്യക്തിയെ ആരോപണ വിധേയനായി കണക്കാക്കുന്നത് എന്നതാണ്. ആര്‍ക്കും ആര്‍ക്കെതിരെയും ഏത് ദുരാരോപണവും നടത്തുവാന്‍ കഴിയുന്ന ഈ ലോകത്തില്‍ പഴയനിയമത്തിലെ ഡാനിയേലിന്‍റെ പുസ്തകത്തിലെ സൂസന്ന തുടങ്ങി (Daniel 13) വ്യക്തിഹത്യയ്ക്ക് പാത്രമാകുന്നവര്‍ അനവധിയാണ്. എന്നാല്‍ നിയമത്തിന്‍റെ ദൃഷ്ടിയില്‍ ഒരാള്‍ കുറ്റാരോപിതനാകുന്നത് പോലീസ് FIR ഇട്ട് കേസെടുത്ത് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കഴിയുമ്പോള്‍ മാത്രമാണെന്ന് പറയുന്നതുപോലെ, കാനന്‍ നിയമമനുസരിച്ച് ഒരു വ്യക്തിക്കെതിരെ മേലധികാരി ശിക്ഷാനടപടിക്രമങ്ങള്‍ ആരംഭിച്ച് പ്രാഥമിക അന്വേഷണത്തിന് ഒരു ഡിക്രി വഴി ഉത്തരവെങ്കിലും ഇട്ടിട്ടുണ്ടായിരിക്കണം, ആ വ്യക്തിയെ കുറ്റാരോപിതന്‍ (accused) ആയി കരുതുവാന്‍. ഇക്കൂട്ടത്തില്‍ ചേര്‍ത്തുവായിക്കേണ്ടണ്ടപൗരസ്ത്യ കാനോന സംഹിതയില്‍ 1414-ാം കാനോനയുടെ ഒന്നാം ഖണ്ഡികയായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തിരിക്കുന്ന “ഒരാള്‍ കുറ്റക്കാരനായി വിധിക്കപ്പെടുന്നതുവരെ അയാളെ നിരപരാധിയായി കരുതണം” (innocent until proven guilty) എന്ന നിയമം. ചുരുക്കിപ്പറഞ്ഞാല്‍, എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ ചാന്‍സലറായി നിയമതനായിരിക്കുന്ന വൈദികന്‍ കാനന്‍ നിയമമനുസരിച്ച് കുറ്റാരോപിതന്‍ പോലുമല്ല എന്നതാണ് വസ്തുത.