ദൂരെയെങ്ങുമല്ല, തൊട്ടയൽപക്കത്താണ്, മ്യാൻമാറിൽ.

The Lady Christ
കലാപകാരികളെ കൊന്നു തള്ളാൻ കരളുറപ്പോടെ കാത്തു നിന്ന പട്ടാളക്കാരുടെ മുന്നിലേക്കോടിച്ചെന്ന്, നടുറോഡിൽ മുട്ടുകുത്തി, വിരിച്ച കരങ്ങൾ കൊണ്ടും ഉറച്ച ശബ്ദം കൊണ്ടും പ്രതിരോധം തീർത്തവളെ മറ്റെന്തു പേരാണ് വിളിക്കേണ്ടത്! പുകയുന്ന തോക്കിൻ മുനയ്ക്കു മുന്നിൽ നിന്നു കൊണ്ട് ‘അവരെ കൊല്ലരുത്, വേണമെങ്കിൽ അവർക്കു പകരം എന്നെ കൊന്നോളൂ’ എന്നു ചങ്കുറപ്പോടെ പറഞ്ഞവളുടെ സ്നേഹത്തെ മറ്റെന്തു പറഞ്ഞാണ് പരിചയപ്പെടുത്തേണ്ടത്! തെരുവുകൾ പുകഞ്ഞു കത്തുമ്പോൾ ചൊല്ലി മുഴുമിപ്പിക്കാത്ത ഒരു ജപമാലയും കയ്യിൽ പിടിച്ച് മഠത്തിന്റെ ആവൃതി ഭേദിച്ചു പുറത്തെ കലാപഭൂമിയിലേക്കോടിയവളുടെ ധീരമായ തീരുമാനത്തെക്കുറിച്ച് മറ്റെന്തു പറയാനാണ്!

ഇനിയും ഒരു നിമിഷം പോലും സഹിച്ചു നിൽക്കാനാവാത്ത അനീതിയുടേയും അസാമാധാനത്തിന്റേയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പെരുമഴ, മ്യാൻമാറെന്ന അയൽപക്കത്തു പെയ്യാൻ തുടങ്ങിയിട്ട് നാളേറെയായി. പാവപ്പെട്ട മനുഷ്യരുടെ നിലവിളിക്കു ചെവി കൊടുക്കാതെ, ലോകം മുഴുവൻ ക്രൂരമായ നിസംഗത പാലിച്ച ഒരു പുലരിയിൽ, ‘നിർത്തൂ’ എന്നു വാവിട്ടു കരഞ്ഞുകൊണ്ട് തെരുവിലേക്കിറങ്ങിയ ഈ പാവപ്പെട്ട കന്യാസ്ത്രീയുടെ മെല്ലിച്ച ശബ്ദത്തിനു മുന്നിൽ ലോക മനസ്സാക്ഷി തീർച്ചയായും ലജ്ജിക്കണം! ധീരമായ ആ പെൺ കരുത്തിനു മുന്നിൽ തോറ്റുപോയി, മുട്ടുകുത്തി നിലം ചുംബിച്ച ആ രണ്ടു പട്ടാളക്കാർ, ചിലപ്പോൾ ഹൃദയം കല്ലാക്കിയ നമ്മെക്കാൾ ഭേദമായിരിക്കും!


ഇതു മ്യാൻമാറിലെ കത്തോലിക്കാ സന്യാസിനിയായ സിസ്റ്റർ ആൻ റോസ് നു തവങ്ങാണ്. ജനിച്ച നാൾ മുതൽ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ക്രിസ്തുവിനു വേണ്ടി ഒടുവിൽ ജീവിതം തന്നെ കൊടുത്ത അവൾക്ക്, ചുറ്റും നിലവിളിക്കുന്ന മനുഷ്യർക്കു വേണ്ടി, ഇങ്ങനെ കരങ്ങൾ വിരിച്ചു നിൽക്കാൻ ഒരു മടിയുമുണ്ടാവില്ല. മരണത്തിന്റെ നിഴൽ വീണ ഒരു താഴ് വരയിൽ അവൾ ഒരു നിശാഗന്ധിപ്പൂവുപോലെ വിടരുകയാണ്. ചോരയുടെ രൂക്ഷഗന്ധം പരക്കുന്ന തെരുവിൽ അവൾ ദൈവസ്നേഹത്തിന്റെ പരിമളമാവുകയാണ്. നിശ്ചയമായും അവൾ ക്രിസ്തുവിന്റെ മനസ്സും മുഖമുള്ള ഒരു പെണ്ണാണ്! മരിക്കാൻ മടിയില്ലാത്ത പെണ്ണ്!

Fr. Sheen Palakkuzhy