എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിന്റെയും, അപ്പസ്തോല അഡ്മിനിസ്ട്രേറ്ററുടെയും, 2024 ജൂൺ 9 സർക്കുലറിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ, രണ്ടാമത്തെ നിർദ്ദേശത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടും, അതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വിമത വൈദികർ, നൽകിയ അപ്പീൽ ഹർജി തള്ളി കൊണ്ടും , പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ, മേജർ ആർച്ച് ബിഷപ്പിനോട്, സർക്കുലറിലെ രണ്ടാമത്തെ നിർദ്ദേശം അടിയന്തരമായി നടപ്പിലാക്കേണ്ടതിന്, തടസ്സങ്ങൾ ഒഴിവാക്കിക്കൊണ്ട്, ആവശ്യപ്പെട്ടിരിക്കുന്നു.
2024 നവംബർ 2നാണ് ഈ കത്ത് അപ്പസ്തോലിക് നുൺഷ്യോ, മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകിയിട്ടുള്ളത്. പരിശുദ്ധ സിംഹാസനം, നുൺഷിയേച്ചർ വഴി നൽകിയിട്ടുള്ള ഈ കത്തിന് പ്രാധാന്യം വളരെയേറെയാണ്.
വിമത വൈദികർക്കെതിരെയും, സഭയെ അനുസരിക്കാത്ത വൈദിക -സന്യാസി – സമർപ്പിത – അല്മായ വിഭാഗങ്ങൾക്കെതിരെ, മേജർ ആർച്ച് ബിഷപ്പിന്, കാനോനികമായ ശിക്ഷണ നടപടികൾ, വലിയ മഹറോൻ ശിക്ഷ ഉൾപ്പെടെ, നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ, ഇതോടെ നീക്കപ്പെട്ടിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിൽ 2024 ജൂൺ 9 സർക്കുലറിനെ സംബന്ധിച്ചും, വലിയ മഹറോൻ ശിക്ഷയെ സംബന്ധിച്ചുമുള്ള കാനോനികമായ അപഗ്രഥനം, കാനൻ നിയമപണ്ഡിതൻ ജെയിംസ് പാമ്പാറ CMI അച്ചൻ പ്രസിദ്ധീകരിച്ചതിൽ നിന്നും, രത്ന ചുരുക്കമായി, പ്രസക്തഭാഗങ്ങൾ താഴെ കൊടുക്കുന്നു. (അവലംബം കർമ്മല കുസുമം👇🏽)
2024 മെയ് 15-ാം തീയതി, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരം റോമിൽ വച്ച് നടന്ന സീറോ-മലബാർ സഭയുടെ ഉന്നതാധികാരസമിതി അഥവാ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളാണ് 2024 ജൂൺ ഒമ്പതാം തീയതിയിലെ സംയുക്ത സർക്കുലറിലെ പ്രതിപാദ്യവിഷയം. മാർപാപ്പയുടെ പരമാധികാരം തന്നെയാണ് ഈ ഉന്നതാധികാരസമിതിയും വിനിയോഗിച്ചിരിക്കുന്നത്. മാർപാപ്പയുടെ നിർദ്ദേശപ്രകാരം കുടിയ യോഗത്തിന്റെ തീരുമാനമായതിനാലും, അതിൽ മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിനും പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പിതാവും പൗരസ്ത്യ കാര്യാലയത്തിൻ്റെ പ്രീഫെക്ട് കർദ്ദിനാൾ ക്ലാവുദിയോ ഗുജറോത്തിയും സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും പങ്കെടുത്തതിനാലും, ആ യോഗത്തിന്റെ തീരുമാനങ്ങൾ മാർപാപ്പയുടെ അധികാരമുപയോഗിച്ചെടുത്തിട്ടുള്ള തീരുമാനങ്ങളാ കയാലും ബന്ധപ്പെട്ട കത്തോലിക്കാ വിശ്വാസികളെല്ലാവരും അവ അനുസരിക്കുവാൻ കടപ്പെട്ടിരിക്കുന്നു. ഈ തീരുമാനങ്ങളെ തള്ളിക്കളയുവാനോ തിരുത്തുവാനോ സീറോ-മലബാർ സിനഡിനോ കത്തോലിക്കാ സഭയുടെ പരമോന്നത കോടതി ആയ സിഞ്ഞത്തൂര അപ്പസ്തോലിക്കയ്ക്കോ പോലും സാധ്യവുമല്ല. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ മാർപാപ്പയ്ക്ക് മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ സാധ്യമാവുകയുള്ളു.
ഉന്നതാധികാരസമിതിയുടെ യോഗത്തിലെ തീരുമാനങ്ങൾ 8 നമ്പരുകളിലായി സർക്കുലറിൽ നൽകിയിരിക്കുന്നത് ഇങ്ങനെ സംഗ്രഹിക്കാം:
- സീറോ-മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണത്തിൻ്റെ ഏകീകൃതരൂപം എല്ലായിടത്തും നടപ്പിലാക്കണമെന്ന തീരുമാനത്തിന് യാതൊരു മാറ്റവുമില്ല.
- മാർപാപ്പയുടെയും സിനഡിൻ്റെയും ഇത് സംബന്ധിയായ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർ ശീശ്മയിലാണ് നിപതിക്കുക. അത് കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ നിന്ന് ബഹിഷ്കരിക്കപ്പെടുന്നതിന് ഇടവരുത്തും. അതിനാൽ, ഇതുവരെ അനുസരിക്കാത്തവർക്കുള്ള അന്ത്യശാസനം ഈ സർക്കുലറിലൂടെ നൽകുന്നു: 2024 ജൂലൈ മൂന്നാം തീയതി എങ്കിലും അനുസരിച്ച് ഏകീകൃത ബലിയർപ്പണം ആരംഭിക്കാത്ത സീറോ-മലബാർ സഭാവൈദികരെല്ലാം പിറ്റേദിവസം മുതൽ കത്തോലിക്കാസഭയിൽനിന്ന് സ്വയമേ പുറത്തുപോയവരായി കണക്കാക്കപ്പെടും. അവർക്ക് കത്തോലിക്കാസഭയിൽ വൈദിക ശുശ്രൂഷ ചെയ്യുന്നതിൽനിന്നും വിലക്കേർപ്പെടുത്തും.
- എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളായി പ്രസ്തുത അതിരൂപതയ്ക്ക് പുറത്ത് പഠനത്തിലും
മറ്റു ശുശ്രൂഷകളിലും ഏർപ്പെട്ടിരിക്കുന്നവർ 2024 ജൂലൈ മൂന്നാം തീയതിക്കകം, തങ്ങൾ ഏകീകൃത ബലിയർപ്പണരീതി മാത്രമേ തുടർന്ന് ഉപയോഗിക്കുകയുള്ളു എന്ന സത്യവാങ്മൂലം നൽകാത്തപക്ഷം, അവരെയും കത്തോലിക്കാസഭയിൽ പുരോഹിത ശുശ്രൂഷ ചെയ്യുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുന്നതും അവർ ആയിരിക്കുന്ന സ്ഥലത്തെ അധികാരികളെ പ്രസ്തുത കാര്യം അറിയിക്കുന്നതുമാണ്.
- 2024 ജൂലൈ 3 ന് ശേഷം ഏകീകതരീതിയിലല്ലാതെ വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികന്റെ
കുർബാനയർപ്പണത്തിൽനിന്നും മറ്റ് തിരുക്കർമ്മങ്ങളിൽനിന്നും എല്ലാ വിശ്വാസികളും വിട്ടുനിൽക്കണം.
അങ്ങനെയുള്ള വിശുദ്ധ കുർബാനയിലെ ഭാഗഭാഗിത്വം ഞായറാഴ്ച കടത്തിൽനിന്ന് വിടുതൽ
നൽകുന്നില്ല.
- ശീശ്മയിൽപ്പെട്ട് സഭാശുശ്രൂഷാവിലക്കിൽപ്പെട്ട വൈദികർ ആശീർവദിക്കുന്ന വിവാഹങ്ങൾ സാധുവായി കത്തോലിക്കാസഭ പരിഗണിക്കുകയില്ല. അവർക്ക് കത്തോലിക്കാസഭയിലെ ഒരു ഇടവകയിലും സ്ഥാപനങ്ങളിലും ഭരണനിർവഹണം നടത്താനാകില്ല.
6 . ഏകീകൃത വിശുദ്ധ കുർബാനയർപ്പണം മാത്രമേ നടത്തുകയുള്ളൂ എന്ന് സത്യവാങ്മൂലം നൽകാത്ത വൈദികവിദ്യാർത്ഥികൾക്ക് ഡീക്കൻപട്ടമോ പൗരോഹിത്യപട്ടമോ നൽകുകയില്ല.
7.ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തോട് ഇതുവരെ ചേർന്നുനിന്ന വൈദികരെയും സന്യസ്തരെയും അത്മായരെയും കൃതജ്ഞതയോടെ ഓർക്കുന്നു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയോട് ചേർന്നുനിൽക്കുവാൻ വിശ്വാസസമൂഹം ജാഗ്രത പുലർത്തണം. വിഭാഗീയതയുടെ വിത്തുവിതയ്ക്കുന്ന നിക്ഷിപ്ത താല്പര്യക്കാരുടെ നുണപ്രചരണങ്ങൾ ക്രൈസ്തവമായ രീതിയിൽ പ്രതിരോധിക്കണം.
ശ്രദ്ധേയമായ മറ്റൊരു കാര്യം, അനുസരണക്കേടിലൂടെ ശീശ്മയിൽ നിപതിച്ച, തദ്വാര, കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽനിന്നും പുറത്തുപോയ വൈദികരുടെ വിശുദ്ധ കുർബാന അർപ്പണത്തിൽനിന്നും കത്തോലിക്കാ വിശ്വാസികളായവരെല്ലാവരും വിട്ടുനിൽക്കണമെന്ന നിർദ്ദേശമാണ്. ഇത് അത്മായ വിശ്വാസികളോട് മാത്രമുള്ള നിർദ്ദേശമല്ല; പ്രത്യുത, സന്യാസിനീ- സന്യാസികളോടുമുള്ള നിർദ്ദേശം തന്നെയാണ്. അതിനോടുചേർന്ന് പോകുന്നതാണ്, അങ്ങനെ ശീശ്മയിൽ നിപതിച്ച വൈദികരുടെ വിശുദ്ധ കുർബാനയർപ്പണത്തിൽ പങ്കുചേരുന്നതുകൊണ്ട് ഞായറാഴ്ചകടം വീടുകയില്ല എന്നുള്ള സർക്കുലറിലെ പ്രസ്താവനയും.
💐💐💐
വലിയ മഹറോൻ ശിക്ഷയുടെ ( Major Excommunication ) സ്വഭാവവും പ്രത്യാഘാതങ്ങളും
കത്തോലിക്കാസഭയിലെ അംഗമായ ഒരു വിശ്വാസി കത്തോലിക്കാസഭയുടെ പരമാധികാരിയായ മാർപാപ്പയെയും മാർപാപ്പവഴി നൽകപ്പെട്ട കാനൻ നിയമവും മറ്റ് തീരുമാനങ്ങളും അനുസരിക്കുവാൻ കടപ്പെട്ടിരിക്കുന്നു. മറ്റൊരുവാക്കിൽ പറഞ്ഞാൽ, കത്തോലിക്കാസഭയുടെ വിശ്വാസവും സന്മാർഗപഠനങ്ങളുമനുസരിച്ചാൽ മാത്രം ഒരാൾ കത്തോലിക്കാസഭയിലെ അംഗമാകില്ല; പ്രത്യുത, പ്രസ്തുത സഭയുടെ പരമാധികാരത്തെയും മാർപാപ്പയുടെ കൽപ്പനകളും നിയമങ്ങളുംകൂടി അനുസരിക്കണം. മാർപാപ്പയെ അനുസരിക്കാതിരിക്കുമ്പോൾ ഒരു കത്തോലിക്കാവിശ്വാസി ചെയ്യുന്ന കുറ്റമാണ് ശീശ്മ.
ശീശ്മക്കുള്ള ശിക്ഷ വലിയ മഹറോൻ ശക്ഷയാണെന്ന് പൗരസ്ത്യ കാനോന സംഹിത വ്യക്തമാക്കുന്നു (cf. CCEO c. 1437).
പൗരസ്ത്യ കാനോന സംഹിതയുടെ 1431-ാം ഇങ്ങനെ നിഷ്കർഷിച്ചിരിക്കുന്നു:
ചെറിയ മഹറോൻ ശിക്ഷയിൽപ്പെട്ടിട്ടുള്ളവർ വി. കുർബാന സ്വീകരിക്കുന്നതിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. കൂടാതെ, വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നതിൽനിന്നും, പരസ്യമായി ദൈവാരാധന നടക്കുന്ന സമയത്ത് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നുപോലും, അവരെ ഒഴിവാക്കുവാൻ സാധിക്കും. . ഈ ശിക്ഷ ചുമത്തുന്ന വിധിയോ, കല്പനയോ, ശിക്ഷയുടെ വ്യാപ്തിയും, കാര്യത്തിന്റെ സ്വഭാവവുമനുസരിച്ച് ശിക്ഷയുടെ കാലദൈർഘ്യവും നിശ്ചയിക്കേണ്ടതാണ്.”ചെറിയ മഹറോൻശിക്ഷ പ്രധാനമായും വിശുദ്ധ കുർബാനയുടെ സ്വീകരണത്തിൽ നിന്നുള്ള വിലക്കാ ണെങ്കിൽ, വലിയ മഹറോൻശിക്ഷ, വളരെയധികം പ്രത്യാഘാതങ്ങൾ ഉളവാക്കുന്നവയാണ്.
പൗരസ്ത്യ കാനോന സംഹിതയിലെ 1434-ാം ഇങ്ങനെ വ്യക്തമാക്കുന്നു:
വലിയ മഹറോൻശിക്ഷ ഒരുവനെ കാനോന 1431 (1)ൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും പുറമെ, മറ്റ് കൂദാശകൾ സ്വീകരിക്കുന്നതിൽനിന്നും, കൂദാശകളും കൂദാശാനുകരണങ്ങളും പരികർമ്മം ചെയ്യുന്നതിൽനിന്നും ഏതെങ്കിലും ഉദ്യോഗങ്ങളോ നടത്തുന്നതിൽനിന്നും,
ശുശ്രൂഷകളോ ചുമതലകളോ നിർവഹിക്കുന്നതിൽനിന്നും ഭരണനടപടികൾ വിലക്കുന്നു.
എന്നിരുന്നാലും ഭരണനടപടികൾ നടത്തുകയാണെങ്കിൽ അവ നിയമത്താൽത്തന്നെ
അസാധുവാണ്.
(2.)
വലിയ മഹറോൻ ശിക്ഷയിൽപ്പെട്ടിരിക്കുന്ന ഒരു വ്യക്തി വിശുദ്ധ കുർബാനയിലും
ദൈവാരാധനയുടെ മറ്റ് പരസ്യാഘോഷങ്ങളിലും പങ്കെടുക്കുന്നതിൽനിന്നും അകറ്റി നിർത്തപ്പെടേണ്ടതാണ്.
(3). വലിയ മഹറോൻ ശിക്ഷയിൽപ്പെട്ടിരിക്കുന്ന ഒരു വ്യക്തി തനിക്ക് നേരത്തെ അനുവദിക്കപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽനിന്നും വിലക്കപ്പെട്ടിരിക്കുന്നു. ബഹുമതികളോ, ഉദ്യോഗങ്ങളോ
ശുശ്രൂഷകളോ സഭയിലെ മറ്റേതെങ്കിലും ചുമതലയോ പെൻഷനോ സാധുവായി സ്വീകരിക്കുവാൻ
അദ്ദേഹത്തിന് സാധിക്കുകയില്ല. ഇവയോട് ചേർന്നുള്ള വരുമാനങ്ങളും സ്വന്തമാക്കുവാൻ അദ്ദേഹത്തിന്
സാധിക്കുകയില്ല. കൂടാതെ, തെരഞ്ഞെടുക്കുവാനും തിരഞ്ഞെടുക്കപ്പെടുവാനുമുള്ള അവകാശം
അദ്ദേഹത്തിനില്ലാതാകുന്നു.
മഹറോൻ ശിക്ഷയിൽപ്പെട്ട ഒരു വ്യക്തി അർപ്പിക്കുന്ന വിശുദ്ധ കുർബാനയും പരികർമ്മം ചെയ്യുന്ന മറ്റ് കൂദാശകളും കൂദാശാനുകരണങ്ങളും ഉൾപ്പെടെയുള്ള എല്ലാ ഭരണപരമായ നടപടികളും അസാധുവാണ് എന്നതാണ് മാർപാപ്പായാൽ നൽകപ്പെട്ടിരിക്കുന്ന കാനൻനിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ശീശ്മവഴി കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽനിന്ന് പുറത്തുപോയ ഒരു വ്യക്തി, ആ അവസ്ഥയിൽനിന്ന് മോചിതനാകുന്നതുവരെ കത്തോലിക്കനായി സഭാനിയമം കരുതുന്നില്ല.അങ്ങനെയുള്ള ഒരു അകത്തോലിക്കൻ നിയമവിരുദ്ധമായി ഒരു കത്തോലിക്കാ പള്ളിയിൽ അർപ്പിക്കുന്ന അസാധുവായ വിശുദ്ധ കുർബാനയർപ്പണത്തിൽനിന്നും എല്ലാ കത്തോലിക്കരും വിട്ടുനിൽക്കേണ്ടതുണ്ട്. ഇതുതന്നെയാണ് സംയുക്ത സർക്കുലറിൽ മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ആവശ്യപ്പെട്ടിരിക്കുന്നത്.
അത് അസാധുവായ വിശുദ്ധ കുർബാനയർപ്പണമാ യതുകൊണ്ടാണ്, അങ്ങനെയുള്ള അർപ്പണത്തിൽ പങ്കുചേരുന്നതുകൊണ്ട് ഞായറാഴ്ചകടം വീടില്ല എന്ന് പ്രസ്തുത സർക്കുലർ വ്യക്തമാക്കിയിരിക്കുന്നത്.
കത്തോലിക്കാസഭയുടെ കാനൻ നിയമമനുസരിച്ച് ശീശ്മ, പാഷണ്ഡത എന്നീ കുറ്റങ്ങൾ വൈദികർ
മാത്രം ചെയ്യുന്ന കുറ്റങ്ങളായല്ല കരുതപ്പെട്ടിരിക്കുന്നത്; പ്രത്യുത, സന്യസ്തരും അല്മായരും ഈ കുറ്റങ്ങൾ
ചെയ്യുവാനുള്ള സാധ്യതയുണ്ട്. അതിനാൽത്തന്നെ, സന്യസ്തരെയും അത്മായരെയും മഹറോൻ ശിക്ഷമൂലം
ശിക്ഷിക്കാനുമാകും.
സീറോ-മലബാർ തന്നെ സഭയിൽനിന്നുള്ള പുറത്താക്കൽ കത്തോലിക്കാസഭയിൽനിന്നുള്ള പുറത്താക്കൽ തന്നെയാണ്.
അനുസരിക്കാതെ ശീശ്മയിൽ തുടർന്നുകൊണ്ട് വലിയ മഹറോൻ ശിക്ഷ സ്വീകരിക്കുവാനൊരുങ്ങുന്ന വിമതർ മനസ്സിലാക്കേണ്ട ഒരു കാര്യം, വലിയ മഹറോൻ ശിക്ഷയിലായിരിക്കുന്നിടത്തോളം കാലം അവർ സീറോ-മലബാർ സഭയിൽനിന്ന് മാത്രമല്ല, പ്രത്യുത, കത്തോലിക്കാസഭയിൽനിന്ന് മുഴുവനായും പുറത്താകുമെന്നതാണ്. മറ്റൊരുവാക്കിൽ പറഞ്ഞാൽ, കത്തോലിക്കാസഭയിലെ ഒരു വിശ്വാസിയുടെ അംഗത്വം മാർപാപ്പയാൽ അംഗീകരിച്ച ഏതെങ്കിലും ഒരു സ്വയംഭരണാധികാരസഭയിലൂടെ മാത്രമാണ്. അതിനാൽത്തന്നെ, സീറോ-മലബാർ സഭയിൽനിന്നും വലിയ മഹറോൻ ശിക്ഷയിലൂടെ പുറത്താക്കപ്പെട്ട ഒരു വ്യക്തി, ആ ശിക്ഷയിൽനിന്ന് മോചനം ലഭിക്കുന്നതുവരെ കത്തോലിക്കനായിട്ട് കരുതുവാൻ കാനൻ നിയമം അനുവദിക്കുന്നില്ല.
വലിയ മഹറോൻ ശിക്ഷയിൽപ്പെട്ടവരുടെ സ്ഥാപനങ്ങളിലുമുള്ള അവകാശം കത്തോലിക്കാസഭയിലെ സ്വത്തിലും
ഇടവക ദേവാലയം തുടങ്ങി ഇടവകയുടെ സ്ഥാവരജംഗമ വസ്തുക്കളുടെ ഉടമസ്ഥാവകാശം രൂപതാ മെത്രാനോ മാർപാപ്പയ്ക്കോ അല്ല; പ്രത്യുത, ആ ഇടവകയിലെ കത്തോലിക്കാവിശ്വാസികൾക്കാണ്. ഉടമസ്ഥാവകാശത്തെപ്പറ്റി പറയുമ്പോൾ നാല് കാര്യങ്ങളാണ് പ്രസക്തമായിട്ടുള്ളത്. അവ വസ്തുവിന്റെ വാങ്ങൽ, കൈവശംവയ്ക്കൽ, അവ വിനിയോഗിക്കൽ, അതിൻ്റെ വിൽപ്പന എന്നിവയാണ് (acquire, possess, administer and alienate). ഇടവക ഒരു നൈയാമിക വ്യക്തി ആയതുകൊണ്ട് ഓരോ ഇടവകയുടെയും പൊതുയോഗത്തിന് കാനൻ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിക്കൊണ്ട് ഇടവകയുടെ സ്വത്തിൽ മുകളിൽ പറഞ്ഞ നാല് കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാൽ, കത്തോലിക്കാ സഭയുടെ കാനൻ നിയമമനുസരിച്ച് ഒരു ഇടവകയും ഒരു കമ്പനി അല്ല; അതിനാൽത്തന്നെ, ഇടവകാംഗങ്ങൾ ഷെയർ ഹോൾഡേഴ്സുമല്ല. ഒരു വിശ്വാസി ഒരു ഇടവകയിൽ നിന്ന് മറ്റൊരു ഇടവകയിലേക്ക് മാറി പോകുമ്പോൾ ആദ്യത്തെ ഇടവകയിലെ അംഗത്വം നഷ്ടപ്പെടുന്നതുപോലെ തന്നെ, വലിയ മഹറോൻ ശിക്ഷയിലൂടെ കത്തോലിക്കാസഭയിലെ അംഗത്വം നഷ്ടപ്പെടുമ്പോഴും ഇടവകയിലെ അംഗത്വം നഷ്ടപ്പെടും. കാരണം, ഇടവകയിലെ അംഗത്വം കത്തോലിക്കർക്ക് മാത്രമുള്ളതാണ്. അതിനാൽ തന്നെ, വിമതരുടെ, കത്തോലിക്ക ദൈവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും സ്വത്തും പിടിച്ചെടുക്കാ മെന്നുള്ള, സ്വപ്നം നൈയാമികമായി ഒരിക്കലും നടക്കാത്ത ഒരു വ്യാമോഹം മാത്രമായിരിക്കാനാണ് സാധ്യത. കത്തോലിക്കാസഭയുടെ സ്വത്ത്
കത്തോലിക്കർക്ക് എന്ന് വിധിക്കാനേ സിവിൾ കോടതികൾക്കും സാധിക്കുകയുള്ളു.
ശീശ്മക്കാരോട് ചേർന്നുനിൽക്കുന്ന സന്യസ്തർക്ക് എന്ത് സംഭവിക്കും?
ശീശ്മക്കുറ്റത്തിന് വലിയ മഹറോൻ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വൈദികരുടെ വിശുദ്ധ കുർബാനയർപ്പണത്തിൽ പങ്കെടുക്കുന്നത് നിയമലംഘനം തന്നെയാണ്. കത്തോലിക്കാസഭയിൽനിന്ന് പുറത്താക്കപ്പെട്ടവരെ വിളിച്ച് സ്വന്തം സന്യാസഭവനങ്ങളിൽ ബലിയർപ്പിക്കുവാൻ അനുവദിക്കുന്ന സന്യാസ ഭവനാധികാരികളും ആ വിശുദ്ധ കുർബാനയർപ്പണത്തിൽ പങ്കെടുക്കുന്ന സന്യസ്തരും മറ്റ് അൽമായവിശ്വാസികളും ചെയ്യുന്നത് ഗൗരവതരമായ തെറ്റാണെങ്കിലും അത് ശീശ്മയെന്ന കുറ്റമായി മാറണമെങ്കിൽ മേജർ ആർച്ച് ബിഷപ്പോ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററോ, അങ്ങനെയുള്ള നിയമലംഘനത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും പ്രസ്തുത നിയമലംഘനത്തെ ശീശ്മ എന്ന കുറ്റമായി കണക്കാക്കി വലിയ മഹറോൻ ശിക്ഷകൊണ്ട് ശിക്ഷിക്കുമെന്നുമുള്ള പീനൽ പ്രീസെപ്റ്റ് നൽകേണ്ടതായിട്ടുണ്ട്. എന്നാൽ, അതിൻ്റെ അഭാവത്തിലും ഗൗരവതരമായ നിയമലംഘനത്തിന് സന്യാസസഭയിൽ നിന്നുള്ള ഡിസ്മിസ്സൽ തുടങ്ങിയുള്ള മറ്റ് ശിക്ഷാനടപടികളോ അച്ചടക്ക നടപടികളോ സ്വീകരിക്കുവാൻ സന്യാസസഭയുടെ പൊതു ഭരണാധികാരികൾക്കും പ്രവിശ്യാ ഭരണാധികാരികൾക്കും സാധിക്കും.