ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നാണ്. രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്‍വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില്‍ തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്‍ കഴിഞ്ഞ 20 വര്‍ഷമായി വിശുദ്ധ കുര്‍ബാനയെക്കുറിച്ച്
മാ്രതമാണ് ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്.

‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം
ഇത്ര സ്‌നേഹിക്കാന്‍ എന്തുവേണം.’ മലയാളികള്‍ ഹൃദയംകൊണ്ട് ഏറ്റെടുത്ത ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഫാ. ജോയി ചെഞ്ചേരിയില്‍ എംസിബിഎസിന്റെ സംഗീത ജീവിതത്തിനും ഏതാണ്ട് ഇതേ പ്രായമാണ്. ഇത്ര ചെറുതാകാന്‍ എത്ര വളരേണം എന്ന വരി ആലോചിച്ചിരുന്നു എഴുതിയ ഒന്നായിരുന്നില്ല. ദൈവികമായൊരു വെളിപ്പെടുത്തലിന്റെ പശ്ചാത്തലമുണ്ട് ആ ഗാനത്തിന്. അതുകൊണ്ടുതന്നെയാകാം ഓരോ പ്രാവശ്യവും കേള്‍ക്കുമ്പോഴും മനസില്‍ വിശുദ്ധിയുടെ കുളിര്‍മഞ്ഞ് പെയ്യുന്ന അനുഭവം സമ്മാനിക്കുന്നത്.
വിശുദ്ധ കുര്‍ബനയെ കത്തോലിക്ക സഭ രണ്ടായിരം വര്‍ഷങ്ങള്‍ക്കൊണ്ട് നിര്‍വചിക്കാന്‍ ശ്രമിച്ചത് രണ്ടു വരികളില്‍ സംഗ്രഹിച്ചിരിക്കുന്നു എന്നാണ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ 20 വര്‍ഷമായി ഫാ. ജോയി ചെഞ്ചേരിയില്‍ എഴുതിയ ഗാനങ്ങള്‍ എല്ലാം വിശുദ്ധ കുര്‍ബാനയെക്കുറിച്ച് മാത്രമാണ്. ഇത്ര ചെറുതാകാന്‍ എത്ര വളരേണം എന്ന ഗാനം പിന്നീട് ഇറ്റാലിയന്‍, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.

പൊടിമഞ്ഞില്‍നിന്നും ഒരു വിളിപ്പാടകലെയിലേക്ക്
ഗാനങ്ങള്‍ മാത്രമല്ല വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നായിരുന്നു. വിശുദ്ധ കുര്‍ബാന ഏതെല്ലാം വിധത്തില്‍ പങ്കുവയ്ക്കാമെന്ന അന്വേഷണമാണ് തന്റെ സംഗീത ജീവിതമെന്നാണ് ഫാ. ജോയി ചെഞ്ചേരിയില്‍ പറയുന്നത്. ‘ഒരു വിളിപ്പാടകലെ’ എന്ന കാസറ്റിലൂടെയാണ് ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പുറത്തുവന്നത്. ‘പൊടിമഞ്ഞ്’ എന്നായിരുന്നു ആ കാസറ്റിന് പേരു നല്‍കാന്‍ ആദ്യം തീരുമാനിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ ഒരു ദൈവിക സംരക്ഷണമാണ് ‘ഒരു വിളിപ്പാടകലെ’ എന്ന പേരിലേക്ക് എത്തിച്ചത്.

ഫാ. ജോയി ചെഞ്ചേരിയില്‍ എറണാകുളത്ത് സൗണ്ട് എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലം. ആലുവയില്‍നിന്നും എറണാകുളത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു. ചാറ്റല്‍ മഴ ഉണ്ടായിരുന്നു. ആലുവ കാര്‍മല്‍ ഹോസ്പിറ്റലിന്റെ അടുത്ത് എത്തിയപ്പോള്‍ മുമ്പില്‍ പോയിരുന്ന ബസ് പെട്ടെന്ന് നിര്‍ത്തി. ബസിനെ മറികടക്കാന്‍ ശ്രമിച്ച സമയത്തായിരുന്നു ബസില്‍ ഉണ്ടായിരുന്ന ഒരു കുട്ടിയുടെ കയ്യില്‍നിന്നും പഴവും തൊലിയും കൂടി താഴേക്ക് വീണത്. മുമ്പിലേക്ക് പഴത്തൊലി വീണപ്പോള്‍ ബൈക്ക് പെട്ടെന്നു വെട്ടിച്ചു. ബൈക്ക് തെന്നിമറിഞ്ഞ് നിരങ്ങിനീങ്ങിയത് പിന്നില്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ അടിയിലേക്കായിരുന്നു. ടയറിന്റെ അടിയില്‍ കിടന്നുകൊണ്ടു നോക്കുമ്പോള്‍ അശോകപുരം പള്ളിയാണ് ആദ്യം കണ്ടത്. മരണത്തിനും ജീവിതത്തിനും തമ്മിലുള്ള അകലം ഒരു വിളിപ്പാടുമാത്രമായിരുന്നു. ഏതു പ്രതിസന്ധിയുടെ നടുവിലും വിളിപ്പാടകലെ ദൈവം ഉണ്ടെന്ന ബോധ്യമായിരുന്നു ഫാ. ജോയിക്ക് അതു നല്‍കിയത്.

കമ്പനികള്‍ മുഖംതിരിച്ച കാസറ്റ്
ജാതിമതഭേദമന്യേ മലയാളികള്‍ ഏറ്റെടുത്ത ഇത്ര ചെറുതാകാന്‍ എത്ര വളരേണം എന്ന ഗാനം കാസറ്റായി ഇറക്കാന്‍ കമ്പനികളൊന്നും തയാറായില്ല (സിഡികള്‍ക്ക് മുമ്പുള്ള കാസറ്റുകളുടെ കാലമായിരുന്നത്). ഗാനങ്ങള്‍ക്ക് പുതുമ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാവരും മുഖംതിരിച്ചു. ഭക്തിഗാനത്തെ സിനിമാ സംഗീതവുമായി കൂട്ടിച്ചേര്‍ത്തുകൊണ്ടുപോകുന്നതായിരുന്നു അക്കാലത്തെ പ്രവണത. ഫാ. ജോയി ചെഞ്ചേരി സൗണ്ട് എഞ്ചിനീയറിംഗ് പഠിച്ചതുകൊണ്ട് വ്യത്യസ്തമായ ഒരു ശൈലി ഓര്‍ക്കസ്‌ട്രേഷനിലും മിക്‌സിംഗിലും സ്വീകരിച്ചിരുന്നു. ഈ ഗാനങ്ങള്‍ ദൈവാലയത്തില്‍ എല്ലാവര്‍ക്കും ചേര്‍ന്ന് ആലപിക്കാന്‍ കഴിയുന്നതാകണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. അടിച്ചുപൊളി ഗാനമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ നിരസിച്ചത്. അവസാനം എംസിബിഎസ് സഭ പണം മുടക്കിയാണ് കാസറ്റ് വെളിച്ചംകണ്ടത്. ജേക്കബ് കൊരട്ടി സംഗീതം നല്‍കിയ ഗാനം ആലപിച്ചത് കെസ്റ്ററാണ്. എന്നാല്‍, ഒരിക്കല്‍ മുഖംതിരിച്ചവര്‍ ആ കാസറ്റിന്റെ വിതരണത്തിനുവേണ്ടി ക്യൂ നിന്നു എന്നു മാത്രമല്ല, അക്കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാസറ്റും ‘ഒരു വിളിപ്പാടകലെ’യായിരുന്നു. ‘പരമ ദിവ്യകാരുണ്യത്തില്‍ ബലിവേദിയില്‍’ എന്നു തുടങ്ങുന്ന ഗാനവും ഈ കാസറ്റിലൂടെ മലയാളക്കരക്ക് ലഭിച്ചതാണ്. ദൈവാലയ ഗാനങ്ങള്‍ എപ്പോഴും കോറല്‍ സംഗീതമായിരിക്കണമെന്നാണ് ഫാ. ജോയി ചെഞ്ചേരി പറയുന്നത്. എല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് ആലപിക്കാന്‍ സാധിക്കണം.

ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവിക്കുന്ന ചില അനുഭവങ്ങളോ സംഭവങ്ങളോ പാട്ടിന്റെ വരികളായി മാറുന്നതാണ് ഈ വൈദികന്റെ എഴുത്ത് ജീവിതത്തിന്റെ പ്രത്യേകത. ഇത്ര ചെറുതാകാന്‍ എന്ന വരികള്‍ മുതല്‍ പല ഗാനങ്ങള്‍ക്കും അങ്ങനെയൊരു പശ്ചാത്തലമുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയുടെ അഡ്മിഷനുവേണ്ടി രാത്രിക്ക് കോട്ടയത്തുനിന്നും ബസ് കയറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തി. അന്നു ദിവ്യബലി അര്‍പ്പിക്കാന്‍ പറ്റിയില്ല. ബസ് ഇറങ്ങി അല്പം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പള്ളിയില്‍നിന്നും വിശുദ്ധ കുര്‍ബാനയ്ക്കായി മണിമുഴങ്ങി. ജനങ്ങളുടെ കൂടെത്തന്നെ നിന്നു ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. പുരോഹിതന്‍ തിരുവോസ്തി കൈയിലേക്കു നല്‍കിയപ്പോള്‍ ഒരു നിമിഷം അതിലേക്കൊന്നു നോക്കി. വൈദികനായതിനുശേഷം ആദ്യമായിട്ടായിരുന്നു ചെറിയ തിരുവോസ്തി സ്വീകരിക്കുന്നത്. പെട്ടെന്ന് മനസിലേക്കു വന്ന ചിന്തയാണ് ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്നത്. പിന്നീടതൊരു ഗാനമായി രൂപംകൊള്ളുകയായിരുന്നു.

ഇത്ര ചെറുതാകാന്‍ എന്ന ഗാനം ആശ്വാസവും പ്രത്യാശയുമായി മാറിയ അനുഭവങ്ങള്‍ അനേകര്‍ പങ്കുവച്ചിട്ടുണ്ട്. ചിലര്‍ക്ക് ആത്മീയ അനുഭവം പകര്‍ന്നപ്പോള്‍ മറ്റുചിലര്‍ക്ക് അതു രോഗസൗഖ്യമേകി. നിയന്ത്രിക്കാന്‍ കഴിയാത്ത കോപത്തിന്റെ അടിമകളായിരുന്ന ചിലര്‍ക്ക് അതിനെ മറികടക്കാനുള്ള ഔഷധമായി ഈ വരികള്‍ മാറിയിട്ടുണ്ട്. അനിയന്ത്രിതമായ ദേഷ്യം വരുമ്പോള്‍ ഇത്ര ചെറുതാകാന്‍ എത്ര വളരേണം എന്ന വരികള്‍ ധ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ ദേഷ്യം അലിഞ്ഞ് ഇല്ലാതാകുന്ന അനുഭവം പങ്കുവച്ചവരും ധാരാളമുണ്ട്. യൂ-ട്യൂബിലെ കമന്റ് ബോക്‌സില്‍ ഒരാള്‍ എഴുതിയത് ഇങ്ങനെയായിരുന്നു: ‘എന്റെ പപ്പക്ക് വളരെ ഇഷ്ടമുള്ള പാട്ടായിരുന്നു. ഈ പാട്ട് എന്നും കേള്‍ക്കുമായിരുന്നു.’ അതെ, പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മകളിലേക്കുവരെ അനേകരെ ഈ ഗാനം കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

ബസ് ഇറങ്ങി അല്പം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പള്ളിയില്‍നിന്നും
വിശുദ്ധ കുര്‍ബാനയ്ക്കായി മണി മുഴങ്ങി. ജനങ്ങളുടെ കൂടെത്തന്നെ
നിന്നു ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. പുരോഹിതന്‍ തിരുവോസ്തി
കൈയിലേക്കു നല്‍കിയപ്പോള്‍ ഒരു നിമിഷം അതിലേക്കൊന്നു
നോക്കി. വൈദികനായതിനുശേഷം ആദ്യമായിട്ടായിരുന്നു ചെറിയ
തിരുവോസ്തി സ്വീകരിക്കുന്നത്. പെട്ടെന്ന് മനസിലേക്കു വന്ന
ചിന്തയായിരുന്നു ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം.’

ആത്മഹത്യ തടഞ്ഞ ഗാനം
കടംകയറി നില്ക്കക്കള്ളി ഇല്ലാതായ ഒരു കുടുംബം ഫാ. ജോയി ചെഞ്ചേരിയെ കാണാനെത്തി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ സൂചനകളായിരുന്നു അവരുടെ വാക്കുകളില്‍ നിറയുന്നതെന്ന് അദ്ദേഹത്തിന് മനസിലായി. അവരോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മനസിലേക്കുവന്ന വരികളാണ്-
”കാല്‍വരി കാണാത്ത ദുഃഖമുണ്ടോ
ക്രൂശിതന് ഏല്ക്കാത്ത നൊമ്പരമുണ്ടോ.” ഈ വരികള്‍ പറഞ്ഞാണ് അവരെ ആശ്വസിപ്പിച്ചുവിട്ടത്. ആ കുടുംബം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ ഫാ. ജോയി ചെഞ്ചേരിയുടെ മുഖത്ത് വിരിയുന്നത് ആത്മസംതൃപ്തിയുടെ ഭാവമാണ്. എല്‍റോയ് എന്ന കാസറ്റിലൂടെ പുറത്തുവന്ന,
”ദിവ്യകാരുണ്യമേ ദൈവസ്‌നഹമേ
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത” എന്നു തുടങ്ങുന്ന ഗാനം വിശുദ്ധ കുര്‍ബാനയുടെ മാതൃഭാവമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
മാതാവിലൂടെ വിശുദ്ധ കുര്‍ബാനയിലേക്ക്
ദൈവം നല്‍കിയ കൃപയായിട്ടാണ് ഈ വൈദികന്‍ തന്റെ കലാജീവിതത്തെ കാണുന്നത്. ഫാ. ജോയി ചെഞ്ചേരിയുടെ സംഗീതലോക പ്രവേശനത്തെ അപ്രതീക്ഷിതമെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുതുകയോ പാടുകയോ ചെയ്തിട്ടില്ല. പൗരോഹിത്യ സ്വീകരണത്തിനുശേഷം കാലടി ദിവ്യകാരുണ്യ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്യുന്ന കാലം. 2002-ലെ മരിയന്‍ വര്‍ഷത്തോടനുബന്ധിച്ച് എംസിബിഎസ് സഭ ഒരു ഓഡിയോ കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. അതിലേക്ക് നാലു ഗാനങ്ങളുടെ കുറവു വന്നു. അവിടെയുള്ള വൈദികരോട് എഴുതാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫാ. ജോയി ചെഞ്ചേരിയില്‍ നാല് ഗാനങ്ങള്‍ എഴുതി. ‘അമ്മേ’ എന്ന പേരിലിറങ്ങിയ കാസറ്റിലെ ഫാ. ജോയി ചെഞ്ചേരിയുടെ രണ്ട് ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
‘കര്‍മ്മലാംബികേ അമ്മേ’ എന്ന ഗാനവും താരാഗണങ്ങളെ താമരപൊയ്‌കെ എന്നു തുടങ്ങുന്ന ഗാനത്തിലെ ”കാലം മറക്കാത്ത ത്യാഗമല്ലേ നീ
കാരുണ്യം കുടികൊള്ളും കോവിലു നീ”
എന്ന വരികള്‍ പാടിയിട്ടു കണ്ണുതുടച്ചുകൊണ്ടാണ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍നിന്നും പ്രശസ്ത ഗായിക മിന്‍മിനി ഇറങ്ങിവന്നത്.

ദിവ്യകാരുണ്യ ചരിതം കഥകളി
ദിവ്യകാരുണ്യ ചരിതമെന്ന ചരിത്ര പ്രസിദ്ധമായ കഥകളി രൂപമെടുത്തതിന്റെ പിന്നില്‍ ഏറെ ത്യാഗങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോടുള്ള വെണ്‍മണി ഇല്ലത്തെ രാധാമാധവനെയാണ് ഇതിന് സമീപിച്ചത്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കഥകളി 33 സ്റ്റേജുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥകളി കണ്ട അറിയപ്പെടുന്ന സിനിമാ താരത്തിന്റെ കത്ത് ഒരിക്കല്‍ ഫാ. ജോയി ചെഞ്ചേരിക്ക് ലഭിച്ചു. അതില്‍ ഇങ്ങനെയായിരുന്നു കുറിച്ചിരുന്നത്. ക്രിസ്തു യൂദാസിന്റെ പാദം കഴുകുന്നതു കണ്ടപ്പോള്‍ അറിയാതെ എന്റെ കണ്ണു നിറഞ്ഞു.” വിശദ്ധ കുര്‍ബാനയുടെ അനുഭവം പുറംലോകത്തിന് കലകളിലൂടെ നല്‍കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് അതു സമ്മാനിച്ചത്. വിശദ്ധ ബൈബിളില്‍ ഇത്രയും ആഴമുള്ള ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നോ എന്നു ചോദിച്ചവര്‍ നിരവധി. കഥകളി എന്ന കലാരൂപത്തില്‍ ഒരു മാറ്റവും വരുത്താതെയാണ് അവതരിപ്പിച്ചത്.

കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലമായ പിഒസില്‍വച്ച് 2010-ല്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് കഥകളി ഉദ്ഘാടനം ചെയ്തത്. ഡോ. ബാബുപോള്‍ ഐഎഎസ് അവലോകനവും നടത്തി. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ ക്ലബിന്റെ ഏറ്റവും നല്ല കഥകളിക്കുള്ള 2011 ലെ അവാര്‍ഡ് ലഭിച്ചിരുന്നു. കഥകളി അന്വേഷിച്ചുവരുന്ന വിദേശികള്‍ക്ക് പല ഹോട്ടലുകളും ഈ കഥകളി അവതരിപ്പിച്ചിരുന്നു. ക്ലിപ്പിംഗുകള്‍ ഇപ്പോഴും കാണിക്കാറുണ്ട്. ക്രിസ്തുവിനെക്കുറിച്ച് അറിയാവുന്നതിനാല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏറെ ഇഷ്ടമാകുകയും ചെയ്തു. എന്തു ചെയ്താലും ദികാരുണ്യവുമായി ബന്ധപ്പെടുത്തണമെന്നാണ് താന്‍ അംഗമായിരിക്കുന്ന ദിവ്യകാരുണ്യ സഭയിലെ പിതാക്കന്മാര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശുദ്ധ കുര്‍ബാന ഏതൊക്കെ വിധത്തില്‍ നല്‍കാമെന്ന അന്വേഷണമാണ് തന്റെ കലാജീവിതമെന്ന് ഫാ. ജോയി ചെഞ്ചേരിയില്‍ പറയുന്നു.

വേദനകളുടെ നടുവിലെ നിലാവെളിച്ചം

ജീവിതത്തിലെ വേദനകളുടെ നടുവില്‍ എന്തു ചെയ്യണമെന്നറിയാതെ നില്ക്കുമ്പോള്‍ നിലാവെളിച്ചംപോലെ പെട്ടെന്നു മനസിലേക്കു വന്ന വരികളുണ്ട്. ”ഇതു നിന്റെ ഹിതമെങ്കില്‍ പരിഭവമില്ല, ഇതു നിന്റെ വഴിയെങ്കില്‍ പിണക്കമില്ല” എന്ന ഗാനം പിറന്നത് അങ്ങനെയാണ്. അത് അനേകര്‍ക്ക് അതിജീവനത്തിനുള്ള മരുന്നായി മാറുകയും ചെയ്തു. തന്റെ പിതാവിന് കാന്‍സറാണെന്ന് സ്ഥീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും വാങ്ങി ഡോക്ടറുടെ മുറിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ഫാ. ജോയിക്ക് തന്റെ കണ്ണുകളില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. നേരെ കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററിലെ ടെലിഫോണ്‍ ബൂത്തിലേക്കാണ് കയറിയത്. കയ്യില്‍ ഉണ്ടായിരുന്ന പേപ്പറില്‍ ആ സമയത്ത് കുത്തിക്കുറിച്ച വരികളാണ് അനേകര്‍ക്ക് ആശ്വാസം പകര്‍ന്ന ഗാനമായി മാറിയത്. വരികള്‍ എഴുതിക്കഴിഞ്ഞ് സംഗീതം നല്‍കുന്നതിനായി ഫാ. ആന്റണി ഉരുളിയാനിക്കല്‍ സിഎംഐയെ വിളിച്ചു. ഗാനം രചിച്ച വഴി അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ഈ ഗാനത്തിന് ട്യൂണ്‍ നല്‍കാന്‍ യോഗ്യതയുള്ള ആള്‍ ഞാന്‍ തന്നെയാണ്. കാരണം ഞാനും ഒരു കാന്‍സര്‍ രോഗിയാണ്.
ഒരു ദിവസം രാവിലെ കുട്ടനാട്ടിലെയൊരു ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനായി ചെന്നതായിരുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ കപ്യാര്‍ തിരി കത്തിക്കാന്‍ ഗ്ലോബ് മാറ്റി. തിരി കത്തിച്ച ഉടനെ കാറ്റുവന്ന് തിരികെട്ടു. ആ സമയം മനസിലേക്ക് വന്ന ചിന്തയായിരുന്നു- ‘കാറ്റില്‍ കെടാതെ നീ കാത്തുകൊള്ളണേ, കാറ്റിനെ ശാസിച്ച തമ്പുരാനെ.’ അതില്‍നിന്നാണ്
”കരുണതന്‍ അള്‍ത്താരയില്‍ എന്റെ മോഹങ്ങള്‍ തിരിതെളിച്ചു
കാറ്റില്‍ കെടാതെ നീ കാത്തുകൊള്ളണേ
കാറ്റിനെ ശാസിച്ച തമ്പുരാനെ” എന്ന വരികള്‍ പിറന്നത്. ഒരു വിളിപ്പാടകലെ എന്ന കാസറ്റിലെ മറ്റൊരു ശ്രദ്ധേയമായ ഗാനമായിരുന്നു ഇത്.

കവിതയുടെ പിന്നിലെ ചോദ്യം
വിശുദ്ധ കുര്‍ബാനയെ കവിതാരൂപത്തില്‍ അവതരിപ്പിക്കാന്‍ കാരണമായത് കേരളത്തില്‍ അറിയപ്പെടുന്ന ഗാനരചയിതാവും ഉന്നതോദ്യഗസ്ഥനുമായിരുന്ന ഒരാളുടെ ചോദ്യമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസം ശക്തിപ്പെടാന്‍ കാരണം എന്താണെന്ന് അറിയാമോ എന്നതായിരുന്നു ചോദ്യം. പല ഉത്തരങ്ങള്‍ പറഞ്ഞെങ്കിലും അതൊന്നുമല്ല കാരണം കവിതകളായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വയലാറിന്റെ വിപ്ലവ ഗാനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന മറുപടി മനസില്‍ തീപ്പൊരിയായി കിടന്നു. സ്‌നേഹ വിപ്ലവമായ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് എന്തുകൊണ്ട് കവിത എഴുതിക്കൂടാ എന്നൊരു ചിന്തവന്നു. അങ്ങനെയാണ് കവി മുരുകന്‍ കാട്ടാക്കട ആലപിച്ച ‘ഇതു നിനക്കായ്’ എന്ന പേരില്‍ കാസറ്റായി പുറത്തിറക്കിയ കവിതയുടെ ജനനം. ആ കാലത്ത് ഈ കവിതകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
”ചങ്കിലെ ചോരയാല്‍ പ്രാണന്‍
ഒരു ചെറുകാറ്റില്‍ പറക്കുവാന്‍ പോന്ന
ഗോതമ്പപ്പതുണ്ടില്‍ കൊടുങ്കാറ്റുകള്‍ ഉണ്ടെന്നു തിരിച്ചറിയുക.” യുവജനങ്ങള്‍ തുടങ്ങി മുതിര്‍ന്നവര്‍ക്കുവരെയുള്ള ധ്യാനങ്ങളില്‍ ആരാധനയ്ക്കായി ഈ കവിതകള്‍ വച്ചുകൊടുത്തപ്പോള്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് കണ്ടതെന്ന് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ. ജോയി ചെഞ്ചേരി പറയുന്നു. കവിതയെക്കുറച്ച് കേട്ടപ്പോഴും ആദ്യം ഒരുപാട് നിരുത്സാഹപ്പെടുത്തലുകള്‍ ഉണ്ടായി. പാട്ടുകേള്‍ക്കാന്‍ സമയമില്ല, പിന്നെപ്പോഴാണ് കവിത കേള്‍ക്കുന്നതെന്നായിരുന്നു ചോദ്യം. എന്നാല്‍, അത്തരം സംശയങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നതിന്റെ തെളിവായി മാറി കാസറ്റിന് ലഭിച്ച സ്വീകാര്യത.

രാഷ്ട്രപതിഭവനിലെ ക്രിസ്മസ്
‘കുര്‍ബാന എന്നാല്‍ എന്താണമ്മേ’ യൂ-ട്യൂബില്‍ ലക്ഷങ്ങള്‍ കണ്ട ഫാ. ജോയി ചെഞ്ചേരിയുടെ ഒരു ഗാനമാണ്. വിശുദ്ധ കുര്‍ബാന എന്താണെന്നു സമൂഹത്തിന് മനസിലാക്കി കൊടുക്കാനുള്ള ശ്രമമാണ് ഇത്. ഫാ. ജോയി ചെഞ്ചേരി എഴുതിയ ‘ദിവ്യകാരുണ്യമേ ദൈവസ്‌നേഹമേ’ എന്ന പാട്ടുപാടി വൈറലായ കൊച്ചുസഹോദരങ്ങളാണ് കാത്തുകുട്ടിയും കേഥാര്‍നാഥും. കാത്തുകുട്ടിയും ചിത്രാ അരുണും ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. കുഞ്ഞിന്റെ ചുണ്ടില്‍ ചോദ്യങ്ങള്‍ വച്ചുകൊടുക്കുകയും അമ്മയിലൂടെ അതിന് ഉത്തരം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
2012-ല്‍ രാഷ്ട്രപതി ഭവനിലെ ക്രിസ്മസ് പ്രോഗ്രാമുകള്‍ ഡയറക്ട് ചെയ്യാനുള്ള അവസരം ഫാ. ജോയി ചെഞ്ചേരിയെ തേടിയെത്തിയത് ജീവിതത്തിലെ ഒരു അവിസ്മരണീയ അനുഭവമായി. അന്നത്തെ രാഷ്ട്രപതി പ്രതീഭാ പാട്ടീലിന്റെ കയ്യില്‍നിന്നും മെമന്റോയും ലഭിച്ചു. ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ഒരു സിനിമ ഈ വൈദികന്റെ സ്വപ്‌നമാണ്. വിശുദ്ധ കുര്‍ബാനയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയാണ് അതിന്റെ ലക്ഷ്യം. സുവിശേഷം ജാതി-മതഭേദമന്യേ എല്ലാവരിലേക്കും എത്തിക്കണമെങ്കില്‍ കലാരൂപങ്ങളെ നമ്മള്‍ കൂട്ടുപിടിക്കണമെന്നാണ് ഫാ. ജോയി ചെഞ്ചേരിയുടെ പക്ഷം.

കോട്ടയം ജില്ലയിലെ മാന്നാറില്‍ പരേതരായ തോമസ്-മേരി ദമ്പതികളുടെ ആറ് മക്കളില്‍ ഇളയവനാണ് ഫാ. ജോയി. മലയാളം, ജേര്‍ണലിസം&കമ്മ്യൂണിക്കേഷന്‍, ദൈവശാസ്ത്രം എന്നിവയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഈ വൈദികന്‍ റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ലൈസന്‍ഷിയേറ്റു ചെയ്തു. അര്‍ണോസ് പാതിരിയുടെ മരിയന്‍ കാവ്യങ്ങളെപ്പറ്റി ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുന്ന ഫാ. ജോയി ചെഞ്ചേരിയുടെ 20-ാമത്തെ പുസ്തകമായ അര്‍ത്ഥോസ് (അപ്പം എന്നാണ് ആ ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം) ഉടന്‍ പുറത്തിറങ്ങും. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ജീവന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ചര്‍ച്ചചെയ്യുന്നത്. ഗവേഷണത്തിന്റെ തിരക്കുകള്‍ക്കിടയിലും വിശുദ്ധ കുര്‍ബാന കേന്ദ്രീകൃത ധ്യാനങ്ങളും നടത്തുന്നുണ്ട്.
ഫാ. ജോയി ചെഞ്ചേരിയുടെ ഒടുവില്‍ ഇറങ്ങിയ ഗാനത്തിലെ വരികള്‍ ഇങ്ങനെയാണ്:
”എന്നിട്ടുമെന്തേ ഞാന്‍ കുര്‍ബാനയായില്ല
എന്നിട്ടുമെന്തേ ഞാന്‍ തിരുവോസ്തിയായില്ല.” ഈ വരികള്‍ ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ വിശുദ്ധിയുടെ വഴികളിലൂടെയുള്ള യാത്ര ആരംഭിക്കുകയാണ്. അനേകരെ പുണ്യപാതയിലൂടെ നയിക്കാന്‍ കലകളെ ഉപകരണങ്ങളാക്കുകയാണ് ഈ വൈദികന്‍.

ജോസഫ് മൈക്കിള്‍

കടപ്പാട് സൺഡേ ശാലോം

നിങ്ങൾ വിട്ടുപോയത്