വത്തിക്കാൻ സിറ്റി: വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യത്തിന് വേണ്ടി റോം രൂപത പ്രത്യേക ബലിയർപ്പണം നടത്തും. ഇന്നു ഡിസംബര്‍ 30ന് വൈകിട്ട് 5:30-ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് റോം രൂപതയുടെ വികാറായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.
ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം. റോം രൂപതയിലെ മുഴുവന്‍ ഇടവക സമൂഹങ്ങളെയും ബെനഡിക്ട് പതിനാറാമന്‍ വേണ്ടിയുള്ള വിശുദ്ധ കുർബാനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കുവാന്‍ കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് ക്ഷണിച്ചിട്ടുണ്ട്. ഇന്നത്തേയും വരും ദിവസങ്ങളിലേയും വിശുദ്ധ കുര്‍ബാനകളില്‍ നമ്മുടെ പ്രിയപ്പെട്ട മുന്‍പാപ്പയുടെ സഹനങ്ങളിലും, കഷ്ടതകളിലും നമുക്കും അദ്ദേഹത്തെ അനുഗമിക്കാമെന്നു കര്‍ദ്ദിനാള്‍ ഡൊണാറ്റിസിന്റെ പ്രസ്താവനയിൽ പറയുന്നു.
റോമിന്റെ കത്തീഡ്രലും, റോം മെത്രാൻ കൂടിയായ ഫ്രാന്‍സിസ് പാപ്പയുടെ ഭദ്രാസനവും കൂടിയാണ് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക. ഇക്കഴിഞ്ഞ ബുധനാഴ്ചത്തേ തന്റെ പതിവനുസരിച്ചുള്ള പൊതു അഭിസംബോധനക്കിടെ ഫ്രാന്‍സിസ് പാപ്പ, രോഗബാധിതനും ക്ഷീണിതനുമായ മുന്‍ പാപ്പക്ക് വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. നിശബ്ദമായി സഭയെ നിലനിര്‍ത്തിവരുന്ന മുന്‍പാപ്പയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു പാപ്പ അഭ്യര്‍ത്ഥിച്ചത്.
തൊട്ടുപിന്നാലെ തന്നെ മുന്‍പാപ്പയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അദ്ദേഹം വത്തിക്കാന്‍ സിറ്റി ഗാര്‍ഡന്‍സിലെ മാറ്റര്‍ എക്ളേസിയ ആശ്രമത്തില്‍ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണെന്നും സ്ഥിരീകരിച്ചുകൊണ്ട് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണിയുടെ വാര്‍ത്താക്കുറിപ്പും പുറത്തു വന്നിരുന്നു. ഇതിനിടെ ഇന്നലെ മുന്‍പാപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച പുതിയ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. കഴിഞ്ഞ രാത്രിയില്‍ ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു നല്ലവണ്ണം വിശ്രമിക്കുവാന്‍ കഴിഞ്ഞുവെന്നും ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും മാറ്റിയോ ബ്രൂണി ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.