അപ്പോസ്തോലിക സഭ മുഴുവന്‍ വലിയ നോമ്പ് ആചരിക്കുന്നു. പൌരസ്ത്യ സഭകള്‍ നാളെ, തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു.

പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്.

എന്താണ് ഇതിന്റെ കാരണം?

പാശ്ചാത്യ പാരമ്പര്യംപാശ്ചാത്യ പാരമ്പര്യത്തില്‍ വലിയ നോമ്പ് ബുധനാഴ്ച ആരംഭിക്കുന്നു. ‘വിഭൂതി ബുധന്‍ / ചാര ബുധന്‍ ‘ (Ash Wednesday) എന്നാണു ഈ ബുധനെ വിളിക്കുക. മനുഷ്യന്‍ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുന്നു എന്ന സത്യം ഓര്‍മ്മിച്ചുകൊണ്ട് ചാരം കൊണ്ട് കുരിശു രൂപം നെറ്റിയില്‍ അടയാളപ്പെടുത്തി പാശ്ചാത്യ സഭ നോമ്പ് ആരംഭിക്കുന്നു.

പാശ്ചാത്യ പാരമ്പര്യത്തില്‍

വലിയ നോമ്പ് കൃത്യം 40 ദിവസമാണ്. നോമ്പ് ആരംഭിക്കുന്ന ബുധനാഴ്ച മുതല്‍ ദുഃഖശനി വരെ എണ്ണി നോക്കിയാല്‍ കൃത്യം 40 ദിവസം ആയിരിക്കും. എന്നാല്‍ ഞായരാഴ്ചകള്‍ കണക്കു കൂട്ടുന്നില്ല. കാരണം, ഞായരാഴ്ചകള്‍ ചെറിയ ഉയിര്‍പ്പ് പെരുന്നാള്‍ ദിവസങ്ങള്‍ (mini Easter feast days) ആണ്. അതുകൊണ്ട് ഈ ഞായറാഴ്ച്ചകളെ ‘നോമ്പിലെ ഞായറാഴ്ചകള്‍’ (Sundays during the Lent) എന്ന് വിളിക്കുന്നു. അങ്ങനെ ഞായറാഴ്ച്ചകളെ ഒഴിവാക്കിയാല്‍ വിഭൂതി ബുദ്ധന്‍ മുതല്‍ ദുഃഖശനി വരെ കൃത്യം 40 ദിവസം. ഈസ്റ്റര്‍ ദിവസം നോമ്പ് അവസാനിക്കുകയും ചെയ്യും.

പൌരസ്ത്യ പാരമ്പര്യം

സുറിയാനി ഓര്‍ത്തോഡോക്സ് സഭകള്‍ രണ്ടു ദിവസം മുന്‍പേ നോമ്പ്‌ ആരംഭിക്കുന്നു. നിരപ്പിന്റെ ശുശ്രൂഷയോടു (ശുബ്ക്കൊനോ) കൂടിയാണ് ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ നാല്‍പ്പതു ദിവസം ആണ് വലിയ നോമ്പ്. ഞായറാഴ്ച്ചകളും കണക്കു കൂട്ടപ്പെടും. ഞായറാഴ്ച്ചകൾ ‘നോമ്പിന്റെ ഞായറാഴ്ച്ചകൾ’ (Sundays of the Lent) എന്ന് വിളിക്കപ്പെടുന്നു. അങ്ങനെ തിങ്കള്‍ മുതല്‍ നാല്‍പ്പതാം വെള്ളി വരെ 40 ദിവസം പൂര്‍ത്തീകരിക്കുന്നു. എന്നാല്‍ നോമ്പ് അന്ന് അവസാനിക്കുന്നില്ല. പിന്നീട് ഒരാഴ്ച യേശു തമ്പുരാന്റെ പീഡാനുഭവവാരം ആണ്. അതായത് ലാസറിന്റെ ശനി മുതല്‍ ദുഃഖശനി വരെ പീഡാനുഭവ ധ്യാനം ആണ്. ആ ദിവസങ്ങളില്‍ കൂടി നോമ്പ് നീളുന്നു. അങ്ങനെ ആകെ നോമ്പ് ദിവസങ്ങള്‍ 40 + 1+7 = 48 ദിവസം (ഇതോടു കൂടെ പേത്ത്രത്തൊ ഞായറും ഉയിർപ്പു ഞായറും കൂടെ ചേർന്ന് 50 ദിവസം) ശുദ്ധമുള്ള ഉയിര്‍പ്പ് പെരുന്നാളോട് കൂടി നോമ്പ് അവസാനിക്കുന്നു.

ചുരുക്കത്തില്‍ രണ്ടു വത്യസ്ത സഭാപാരമ്പര്യങ്ങള്‍ ആണ് നാം കണ്ടത്. പാശ്ചാത്യ പാരമ്പര്യത്തില്‍ ബുധനാഴ്ച നോമ്പ് ആരംഭിക്കുകയും പൌരസ്ത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം മുന്‍പേ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു.

രണ്ടു പാരമ്പര്യങ്ങളും വത്യസ്ത വീക്ഷണങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ടവയാണ്. രണ്ടും അതാതിൽ ശരിയും പരസ്പര പൂരകങ്ങളും ആണ്. നോമ്പിലേക്ക്‌ പ്രവേശിക്കുന്ന നാം, നമ്മുടെ ജീവിതവിശുദ്ധിയുടെയും വൃതകാല സുകൃതങ്ങളുടെയും അകമ്പടിയോടു കൂടി സ്വയം പരിശോധിച്ച്‌ തിരുശരീര രക്തങ്ങളുടെ അനുഭവത്തിൽ പുതുക്കപ്പെട്ട്‌. നിത്യമണവാളനായവൻ തന്റെ സ്വജനത്തിനായി മാത്രം ഒരുക്കിയിരിക്കുന്ന പുതിയ നിയമത്തിന്റെ പെസഹക്ക്‌ പങ്കുകാരായി പുനരുദ്ധാനത്തിന്റെ വലിയ സന്തോഷത്തിലേക്ക്‌ കടന്നു ചെന്ന്, കാലത്തികവിൽ തന്റെ സത്യ മണവാട്ടിക്കായുള്ള പുനരാഗമനത്തിനായി അവൻ എഴുന്നള്ളുമ്പോൾ അവനെ എതിരേൽക്കുവാനുള്ള ദീപേഷ്ടികളായി തീരണം. ആയതിനു ദൈവം സംഗതിയാക്കട്ടെ.. ആമ്മീൻ.

ക്രിസ്തുവിന്റെ മണവാട്ടിയായ സഭക്ക് നല്ല ഒരു നോമ്പുകാലം ആശംസിക്കുന്നു!ദൈവം അനുഗ്രഹിക്കട്ടെ….

ശുദ്ധമുള്ള വലിയ നോമ്പിന്റെ ആദ്യത്തെ തിങ്കളാഴ്ച്ച; നാളെ, (20/02/2023) മൂന്നാം മണി നമസ്കാരത്തിനു ശേഷം പരി.സുറിയാനി സഭ ശുബ്ക്കോനോ ശുശ്രൂഷ അനുഷ്ടിക്കുന്നു.

അനുരജ്ഞനം അഥവാ reconciliation എനാണു ശുബ്ക്കോനോ എന്ന വാക്കിന്റെ അർത്ഥം. അറിഞ്ഞൊ അറിയാതെയോ ജീവിതത്തിൽ വന്നു പോയിട്ടുള്ള തെറ്റുകൾക്ക്‌ വലിപ്പ ചെറുപ്പമന്യേ ക്ഷമയാചിക്കുന്ന ശുശ്രൂഷയാണിത്‌.

രാജകീയ സ്ഥനിയായ പ്രധാന പട്ടക്കാരൻ മുതൽപേർ ജനത്തിന്റെ മുമ്പാകെ മുട്ടുകുത്തി മൂന്നു തവണ ക്ഷമയാചിക്കുമ്പോൾ ജനം ഒന്നടങ്കം മുട്ടുകുത്തി ക്ഷമിക്കുവാനുള്ള കൃപക്കായി മൂന്നു വട്ടം പ്രാർത്ഥിക്കുന്ന പരിപാവന ശുശ്രൂഷ ഇവിടെ വി.സഭ ആചരിക്കുന്നു.

നമുക്കും വി.സഭയുടെ മഹത്തായ പാരമ്പര്യത്തിൽ പങ്കാളികളാകാം. “പിതാക്കന്മാരേ! സഹോദരന്മാരേ! വത്സലരേ! മിശിഹായെപ്രതി നിങ്ങൾ എന്നോട്‌ ക്ഷമിപ്പിൻ… നമുക്ക്‌ പരസ്പരം രമ്യപ്പെട്ട്‌ ശുദ്ധമുള്ള നോമ്പിലേക്ക്‌ പ്രവേശിക്കാം. പിതാവേ! ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ…”

.(ഷിബു ശെമ്മാശൻ)

നിങ്ങൾ വിട്ടുപോയത്