സ്വർഗ്ഗം”

എന്റെ നാട്ടുകാരനായ സംവിധായകൻ

റെജിസ് ആന്റണിയുടെ സിനിമ എന്നതുകൊണ്ടാണ് “സ്വർഗ്ഗം” കാണാൻ പോയത്.

നിരാശപ്പെടുത്തിയില്ല.

മധ്യതിരുവിതാംകൂറിലെ ക്രൈസ്തവപശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമയാണിത്. അൻപത് വർഷങ്ങൾക്ക് മുൻപുള്ള എന്റെ നാടിന്റെ ഓർമ്മകളുണർത്തിയ ചിത്രം.

അതേ രീതികൾ ഇന്നും തുടരുന്നവരും തുടരാൻ ശ്രമിക്കുന്നവരും തുടർന്നെങ്കിലെന്ന് സ്വപ്നം കാണുന്നവരും ഇന്നിവിടുണ്ട്.

അതേസമയം മാറിയ രീതികളും ഇന്ന് ദൃശ്യം. അവയും ചിത്രീകരിച്ചിരിക്കുന്നു.

ആഖ്യാനശൈലി കൊള്ളാം; തിരക്കഥയും സംഭാഷണവും തരക്കേടില്ല.

ഗാനങ്ങളും നല്ലത്.

പഴയകാല നാടൻ രീതികളും ai-യുടെയും റോബോട്ടിന്റെയും യുഗത്തിന്റെ “ഗുണങ്ങളും” ദോഷങ്ങളും ഒരുപോലെ സമന്വയിപ്പിക്കുന്ന അവതരണം.

എഡിറ്റിങ്ങിലും പ്രൊഫഷണലിസം ഫീൽ ചെയ്യും.

മഞ്ജു പിള്ള, ലിസി ഫെർണാണ്ടസ്,‌ അഞ്ചു വർഗീസ്,‌ ജോണി ആന്റണി തുടങ്ങി എല്ലാ നടീനടന്മരും നല്ല അഭിനയം കാഴ്ച വച്ചു. പുതുമുഖങ്ങളെ പ്രത്യേകം അഭിനന്ദിക്കണം.

പരിണമിക്കുന്ന സംസ്കാരത്തിന്റെ പ്രതിഫലനം സിനിമയിൽ പ്രകടമാണ്.

വൃദ്ധസദനങ്ങൾ എന്തോ ശരിയല്ലെന്നുള്ള സന്ദേശം നൽകുന്നുണ്ടോ എന്നൊരു സംശയം തോന്നി;

ഉപകാരപ്രദം എന്നും അവിടെ കിട്ടുന്ന പരിചരണം മറ്റൊരിടത്തും കിട്ടില്ല എന്നും പറയുന്നുണ്ടെങ്കിലും അതൊന്നും അത്ര ബോധ്യപ്പെടുത്തുന്നില്ല.

വൃദ്ധസദനം അനാഥാലയങ്ങളല്ല; പരസഹായം ആവശ്യമുള്ളവരുടെ സംരക്ഷണകേന്ദ്രങ്ങളാണ്; പണം ചിലവുള്ളതും ആയുസ് നീട്ടിക്കിട്ടുന്നതുമായ കേന്ദ്രങ്ങൾ.

അവ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

എല്ലാ കാലഘട്ടത്തിലേയും രീതികളിൽ അതതിന്റെതായ നന്മകളും ദോഷങ്ങളും ഉണ്ട്. പണ്ടെല്ലാം നന്നായിരുന്നു എന്നോ പണ്ടത്തെ രീതികൾ മെച്ചമായിരുന്നു എന്നോ ഇന്ന് പറയാനാകില്ല.

മതിലുകളില്ലാത്ത കാലം കഴിഞ്ഞു.

കാലത്തെയും രീതികളെയും പിറകോട്ടടിക്കാനാവില്ല. ഏതാണ്ട് അൻപത് വർഷങ്ങൾ മുൻപുള്ള രീതികളും ഇന്നത്തെ രീതികളും തമ്മിലുള്ള സങ്കർഷം സിനിമയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോഴത്തെ പോക്കിലെ ചില പിഴവുകൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സംസ്ക്കാരത്തിലൂം രീതികളിലും നന്മകളുണ്ട്.

എന്നിരുന്നാലും സ്വർഗ്ഗം നല്ല സിനിമയാണ്;

സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരോട് ശുപാർശ ചെയ്യാവുന്ന സിനിമ.

നിർമ്മാതാവിന് അഭിനന്ദനങ്ങൾ.

ജോസഫ് പാണ്ടിയപ്പള്ളിൽ

നിങ്ങൾ വിട്ടുപോയത്