കൊച്ചി: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയെ നയിക്കാൻ ആദ്യമായി ഒരു മലയാളി സിസ്റ്റർക്കു ദൈവനിയോഗം ലഭിച്ചപ്പോൾ എറണാകുളം റീജണൽ ഹൗസിലെ സിസ്റ്റേഴ്സിനും ഇത് ധന്യനിമിഷം.
കഴിഞ്ഞ ഒന്നര വർഷമായി എസ്ആർഎം റോഡിലുള്ള ഈ റീജണൽ ഹൗസിൽ റീജണൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ചുവരുന്പോഴാണ് സിസ്റ്റർ മേരി ജോസഫിനെ തേടി പുതിയ നിയോഗമെത്തുന്നത്.
ജനുവരിയിലാണ് ജനറൽ ചാപ്റ്ററിൽ പങ്കെടുക്കാൻ സിസ്റ്റർ കോൽക്കത്തയ്ക്കു പുറപ്പെട്ടത്.2014 മുതൽ 19 വരെ അസിസ്റ്റന്റ് ജനറാളായി കോൽക്കത്തയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദർ ജനറാളാകുമെന്ന പ്രതീക്ഷ ഇവിടത്തെ മറ്റു സിസ്റ്റർമാർക്ക് ഉണ്ടായിരുന്നില്ലെങ്കിലും കൗണ്സിലറാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മുന്പ് പോളണ്ടിൽ റീജണൽ സുപ്പീരിയർ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ച അറുപത്തിയെട്ടുകാരിയായ സിസ്റ്റർ മേരി ജോസഫിന്റെ സമർപ്പിതജീവിതത്തിന്റെ ഏറിയ പങ്കും യൂറോപ്യൻ രാജ്യങ്ങളിലായിരുന്നു. ആത്മീയ സേവനത്തിന്റെ പാതയിൽ വിവിധ രാജ്യങ്ങളിൽ ഫോർമേറ്റർ ഉൾപ്പെടെയുള്ള പദവികളും വഹിച്ചിട്ടുണ്ട്.കേരളത്തിൽ കഴിഞ്ഞ ഒന്നര വർഷം മാത്രമാണ് ഉണ്ടായിരുന്നത്.
തൃശൂർ പൊയ്യ പാറയിൽ ദേവസി-കൊച്ചുത്രേസ്യ ദന്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെയാളാണ് സിസ്റ്റർ മേരി ജോസഫ്.