ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വൈമനസ്യം കാണിക്കുന്ന വിശ്വാസികളെ മാര്‍ക്കറ്റിന് മുന്നില്‍ ക്ഷണിക്കുന്ന വൈദികന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.
അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയിലെ ഫാ. കാര്‍ലോസ് ലിമോംഗി എന്ന വൈദികനാണ് വിശ്വാസികളെ കണ്ടെത്തുവാന്‍ മാര്‍ക്കറ്റില്‍ പോയത്. “നിങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കുവാനും, ഷോപ്പിംഗ് നടത്തുവാനും വരാമെങ്കില്‍, വിശുദ്ധ കുര്ബാനക്കും വരാം” എന്നെഴുതിയ പ്ലക്കാര്‍ഡുമായി മാര്‍ക്കറ്റില്‍ നില്ക്കുന്ന ഫാ. ലിമോംഗിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. തന്റെ ഈ ശ്രമത്തിന് ശേഷം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നു ഫാ. ലിമോംഗി പറയുന്നു.
വിഭൂതി തിരുനാളിന് മുന്‍പ് ന്യൂയോര്‍ക്കിലെ പലചരക്ക് കടയുടെ മുന്നില്‍ പ്ലക്കാര്‍ഡുമായി നില്ക്കുന്ന ഫാ. ലിമോംഗിയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.ദൈനംദിന ജീവിതവും, ദിനചര്യകളും സാധാരണപോലെ ആയിട്ടും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്ദ്ധിക്കാത്തതിനെക്കുറിച്ച് ആളുകള്‍ ചിന്തിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് ഫാ. ലിമോംഗി പറഞ്ഞു.
പ്രദേശത്തെ ചിലര്‍ ഷോപ്പിംഗിനും, ബാറുകളിലും, ഭക്ഷണശാലകളിലും പോകുന്നുണ്ടെങ്കിലും, വൈറസ് ബാധയുടെ പേര് പറഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാറില്ലായിരിന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തെ കുറിച്ച് ചിന്തിച്ചത്. രസകരവും എന്നാല്‍ ഹൃദയസ്പര്‍ശിയുമായ രീതിയില്‍ എപ്രകാരം ആളുകളെ വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ കൊണ്ടുവരാം എന്ന തന്റെ ആലോചനക്കൊടുവില്‍ ഈ ആശയമാണ് തലയിലുദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ കുര്‍ബാനയില്‍ വരാത്തവരെ കുറ്റപ്പെടുത്തുകയോ, അപമാനിക്കുകയോ, കുറ്റബോധം ഉളവാക്കുകയോ തന്റെ ലക്ഷ്യമല്ലെന്നും, വൈറസിനെക്കുറിച്ച് തന്നോട് സംസാരിച്ചവരോട് ആരോഗ്യ നില തൃപ്തികരമല്ലെങ്കില്‍ സുരക്ഷിതമായി വീട്ടില്‍ കഴിയുവാന്‍ ഉപദേശിക്കുകയാണ് താന്‍ ആദ്യമായി ചെയ്തതെന്നും ഫാ. ലിമോംഗി പറഞ്ഞു. “ചെയ്തുകൊണ്ടിരുന്ന ഭൂരിഭാഗം കാര്യങ്ങളും ഇപ്പോള്‍ ചെയ്യുവാന്‍ എനിക്ക് കഴിയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് എന്റെ ദൈവാരാധനക്കും ഈ പരിഗണന കൊടുത്തുകൂടാ?” എന്ന് ജനങ്ങളേക്കൊണ്ട് ചിന്തിപ്പിക്കുന്നത് തന്റെ പദ്ധതിയുടെ മറ്റൊരു ലക്ഷ്യമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഫാ. ലിമോംഗിയുടെ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ചര്‍ച്ച് പോപ്പ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.(പ്രവാചകശബ്ദം)