”He himself bore our sins in his body upon the tree. (1 Peter 2:24) ✝️
യേശുക്രിസ്തുവിനെ ക്രൂശിച്ചത് യേശു ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് ആണ് യേശു കുരിശിലേറിയത്. പീലാത്തോസ് , ഹെറോദോസ് എന്നീ രാജാക്കൻമാർ മുതൽ സമൂഹത്തിലെ അധികാരികൾ, സാധാരണ ജനങ്ങൾവരെ യേശുവിനെ വിചാരണ ചെയ്തു. അവർക്ക് ആർക്കും യേശുവിൽ ഒരു പാപവും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. എങ്കിലും അവർ യേശുവിനെ കുരിശിൽ തറച്ചു. ഏറ്റവും നിഷ്ഠൂരവും ഭയാനകവുമായി കണക്കാക്കിയിരുന്ന ശിക്ഷാവിധിയാണു കുരിശില്‍ തറയ്ക്കുക എന്നത്.
പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത വരെ കുരിശും വഹിച്ചുകൊണ്ടുള്ള ഈശോയുടെ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റം വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും അവിടുന്ന് കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. ഒടുവില്‍ അവിടുന്ന് മരിച്ചു. ഇംഗ്ലീഷില്‍ ഈ ദിനം ‘ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളില്‍ നിന്നു രക്ഷിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്.
റോമൻ പടയാളികളാൽ യേശുവിനെ ശിക്ഷിച്ചെങ്കിലും പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു പറഞ്ഞ് സ്വർഗീയ പിതാവിന്റെ കരങ്ങളിൽ സ്വന്തം ആൽമാവിനെ സമർപ്പിച്ചപ്പോൾ ആണ് യേശു മരിച്ചത്. യേശുവിന്റെ കുരിശുമരണം അപ്രതിക്ഷിതമായി ലോകത്തിൽ സംഭവിച്ച ഒരത്യാഹിതമല്ല. അത് മാനവ കുലത്തെ പാപത്തിൽ നിന്ന് രക്ഷിക്കാനായി ദൈവിക പദ്ധതിയുടെ തന്നെ ഭാഗമായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ യേശു ക്രിസ്തു കുരിശിൽ പൂര്‍ത്തിയാക്കി. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.