നിങ്ങളുടെ വിമാനയാത്രയുടെ അവസാനം ഒരു കന്യാസ്ത്രീ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നും ഇറങ്ങി വരുന്നതിനെ കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അഥവാ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ വിമാനം നിയന്ത്രണ വിധേയമാക്കി ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു കത്തോലിക്കാ സന്യാസിനിയുടെ പഠനങ്ങളും നിര്‍ദേശങ്ങളും അതിനു പിന്നില്‍ ഉണ്ടായിരുന്നു എന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ. ഉത്തരം എന്തുതന്നെയാണെങ്കിലും തുടര്‍ന്ന് വായിക്കാം.
ഒരു അമേരിക്കന്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിനി ആയിരുന്നു സിസ്റ്റര്‍ മേരി അക്വിനാസ് കിന്‍സ്‌കി (Sr. Mary Aquinas Kinskey OSF).. എയറോഡൈനാമിക്‌സ്, ഏവിയേഷന്‍ എന്നിവയില്‍ അതിവിദഗ്ധയും അധ്യാപികയുമായിരുന്നു സിസ്റ്റര്‍ മേരി. അല്പം അവിശ്വസനീയമായി തോന്നാമെങ്കിലും ഒരു പൈലറ്റ് കൂടി ആയിരുന്നു ഈ ക്രിസ്തുവിന്റെ മണവാട്ടി. 1926 ല്‍ അമേരിക്കയിലെ കത്തോലിക് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ അധ്യാപികയായി ജോലി ആരംഭിച്ചു. തന്റെ വിദ്യാര്‍ത്ഥികളെ മികച്ച രീതിയില്‍ പഠിപ്പിക്കുന്നതിന് സിസ്റ്റര്‍ 1938ല്‍ മാനിറ്റോവാക്കിലെ വിമാനത്താവളത്തില്‍ നിന്ന് വിദ്യാര്‍ഥി പൈലറ്റിന്റെ ലൈസന്‍സ് നേടി. തുടര്‍ന്ന്,1942ല്‍ സിസ്റ്റര്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1943ല്‍ സിവില്‍ എയറോനോട്ടിക്‌സ് അതോറിറ്റി വഴി അധ്യാപകരെയും മറ്റുള്ളവരെയും സിസ്റ്റര്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഇതോടൊപ്പം വിമാന ഫാക്ടറിളിലും വിമാനത്താവളങ്ങളിലും പരിശോധന, ഡെമോണ്‍സ്ട്രേഷന്‍ ടൂറുകള്‍ എന്നിവയും സിസ്റ്റര്‍ കൈകാര്യം ചെയ്തിരുന്നു.
1960 കളില്‍ മാര്‍ക്വെറ്റ് യൂണിവേഴ്സിറ്റിയിലെ സിസ്റ്റര്‍ മേരിയുടെ, പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കോഴ്സുകളില്‍ നാസയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരും പങ്കെടുത്തിരുന്നു. ”രാജ്യസുരക്ഷക്കും ലോക സമാധാനത്തിനും വേണ്ടി വ്യോമശക്തിയുടെ വളര്‍ച്ചക്ക് നല്‍കിയ നിസ്തുല സംഭാവനകള്‍ക്ക്” 1957ല്‍ സിസ്റ്റര്‍ മേരിക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സില്‍ നിന്ന് പ്രത്യേക അംഗീകാരം നല്‍കുകയുണ്ടായി. വ്യോമമേഖലയിലെ കുതിച്ചു ചാട്ടങ്ങള്‍ കണ്ട് അടുത്ത തവണ അത്ഭുതപ്പെടുമ്പോള്‍ സിസ്റ്റര്‍ മേരിയെപോലെ അനേകരിലൂടെ സഭ ലോകത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന നന്മകള്‍ കൂടി തിരിച്ചറിയാന്‍ നമുക്ക് ഈ ജീവിതം ഒരു പ്രചോദനമാകട്ടെ.
കടപ്പാട്: ചർച്ച് & സയൻസ് മലയാളം
സി. സോണിയ തെരേസ്