തിരുവനന്തപുരം: സാഹിതി ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ മികച്ച പുസ്തകത്തിനുള്ള വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം ദീപിക ബാലസഖ്യം ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സിഎംഐ ഏറ്റുവാങ്ങി. തിരുവനന്തപുരം മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ ബി ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫാ. റോയി കണ്ണന്‍ചിറ രചിച്ച പ്രപഞ്ചമാനസം എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത്. സാഹിതി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ബിന്നി സാഹിതി സ്വാഗതം ആശംസിച്ച ചടങ്ങില്‍ അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി ഉണ്ണി അമ്മയന്പലം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.

വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ. ജയിംസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സാഹിതിയുടെ സാഹിത്യശ്രേഷ്ഠ പുരസ്‌കാരം ഡോ.ജോര്‍ജ് ഓണക്കൂറിനു സമ്മാനിച്ചു. ടി.ബി. ലാല്‍, ലേഖ കാക്കനാട്, റെജി മലയാലപ്പുഴ, റജില ഷെറിന്‍, ഡോ.സി.പി. രഘുനാഥന്‍ നായര്‍, കെ.എം. ഹാജറ, പനവിള രാജീവ്, സ്മിത ദാസ്, ഫാ.ജോസ് മുണ്ടപ്ലാവിള, സ്‌റ്റെല്ല മാത്യു, സെട്രിക് മാത്യു ആന്റണി എന്നിവരും സാഹിതി സാഹിത്യ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, സാഹിതി ചെയര്‍മാന്‍ വി.സി. കബീര്‍ മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ പഴകുളം മധു, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ദീപിക റെസിഡന്റ് മാനേജര്‍ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400