2018 ജൂലൈ 6 ഒരു വെള്ളിയാഴ്ചയായിരുന്നു. ബ്രസീലിലെ കായിക പ്രേമികൾക്ക് ശരിക്കും അതൊരു ദു:ഖവെള്ളിയാഴ്ചയായിരുന്നു.
2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബ്രസീൽ താരതമ്യേന ദുർബലരായ ബൽജിയത്തോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട് ടൂർണ്ണമെന്റിൽ നിന്നു പുറത്തായ ദിവസമായിരുന്നു അത്. ബ്രസീൽ കളിക്കാർക്കും കാണികൾക്കും ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകർക്കും അതു താങ്ങാനായില്ല. അവർ വലിയ ദു:ഖത്തിലും നിരാശയിലുമായി. പലരും പൊട്ടിക്കരഞ്ഞു.
കാരണം ഫുട്ബോൾ ലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കൻമാരാണ് ബ്രസീൽ. വേൾഡ് കപ്പ് ഫുട്ബോൾ കിരീടം ഉറപ്പായും കൈപ്പിടിയിലൊതുക്കുമെന്ന് പ്രതീക്ഷിച്ച ബ്രസീലിന് അതൊരു വലിയ തിരിച്ചടിയായിരുന്നു.
എല്ലാവരും കടുത്ത നിരാശയിലാണ്ടപ്പോൾ ബ്രസീലിന്റെ സൂപ്പർ താരമായ നെയ്മർ അന്ന് ഫെയ്സ് ബുക്കിൽ കുറിച്ച വരികൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു.”എന്റെ കരിയറിലെ ഏറ്റവും ദു:ഖം നിറഞ്ഞ ഒരു സമയമാണിത്.
ചരിത്രം സൃഷ്ടിക്കാൻ കഴിയുമായിരുന്നിട്ടും ഞങ്ങൾ പരാജയപ്പെട്ടു. തിരിച്ചു പോകാനും ഫുട്ബോൾ കളിക്കാനും ഇനി ശക്തി കണ്ടെത്തുക വളരെ പ്രയാസമാണ്. പക്ഷെ ഞങ്ങളുടെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല. ദൈവം ഞങ്ങൾക്കു ശക്തി തരും.
പരാജയത്തിലും ഞാൻ ദൈവത്തിനു നന്ദി പറയുന്നു. കാരണം ദൈവത്തിന്റെ വഴികൾ എന്റെ വഴികളേക്കാൾ മികച്ചതാണ്.”
ഒടുവിൽ നെയ്മറിന്റെ വാക്ക് പൊന്നായി. ദൈവം അവർക്കു ശക്തി കൊടുത്തു.
ഫുട്ബോളിന്റെ മുഴുവൻ സൗന്ദര്യവുമാവാഹിച്ച റിച്ചാർലിസന്റെ ആ ഗോളിനെ സാക്ഷിയാക്കി അവർ തുടങ്ങിക്കഴിഞ്ഞു. തന്റെ പ്രൊഫസറെ ഉദ്ധരിച്ച് റിച്ചാർലിസൺ പറഞ്ഞ വാക്കുകൾ അന്വർത്ഥമാകട്ടെ:
‘You are smelling goals’, and that’s what’s happening! നിങ്ങളെ ഗോൾ മണക്കുന്നു! നാലാണ്ടുകൾക്കു മുൻപ് കവിളിൽ കണ്ണീരു വീണ ഒരു ദുഃഖവെള്ളിയാഴ്ചയെ ഗാലറിയിലിരുത്തി, മൈതാനത്ത് ഇപ്പോഴവർ ഒരു ഗുഡ് ഫ്രൈഡേ ആഘോഷിക്കുകയാണ്.
ആരാധകരേ ആർത്തുവിളിക്കുവിൻ, ഇതാ കാനറികൾ ഉയിർത്തെഴുനേറ്റിരിക്കുന്നു!
Fr.Sheen Palakkuzhy